Monday, January 28, 2019

ദ്രൗപദിയുടെ ജനനം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പാഞ്ചാല രാജാവായ ദ്രുപദന്റെ ഒരു പ്രതികാര ശപഥത്തിൽ നിന്നാണ് ദ്രൗപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാൻവേണ്ടി ഒരു പുത്രനും, വീരശൂരപരാക്രമിയായ അർജ്ജുനനുനല്കാൻ ഒരു പുത്രിയും വേണമെന്ന സങ്കല്പത്തോടെ പഞ്ചാഗ്നി മധ്യത്തിൽ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൗപദി, കൃഷ്ണവർണയും മുഗ്ധാപാംഗിയും ആയിരുന്നു.
യജ്ഞസേനൻ എന്ന ദ്രുപദൻ പാഞ്ചാലദേശത്തെ സോമകരാജാവിന്റെ പുത്രനായിരുന്നു. ആയുധവിദ്യ അഭ്യസിക്കാനായി അദ്ദേഹം ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തുന്നു. അവിടെവച്ചാണ് സുപ്രസിദ്ധനായ ദ്രോണരുമായി ദ്രുപദൻ പരിചയപ്പെടുന്നത് . അവർ അടുത്ത സ്നേഹിതന്മാരായിത്തീര്ന്നു. വിദ്യാഭ്യാസകാലത്ത് ദ്രുപദൻ ദ്രോണരോട് ഇങ്ങനെ പറഞ്ഞിരുന്നു. " സുഹൃത്തേ നീ എന്റെ ആത്മാവിന്റെ അംശമാണ്. വിദ്യാഭ്യാസത്തിനു ശേഷം എന്റെ പിതാവ് എന്നെ പാഞ്ചാലത്തിന്റെ അടുത്ത രാജാവായി അവരോധിക്കുന്നതാണ്. അപ്പോൾ എന്റെ രാജ്യത്തിന്റെ സമ്പത്ത് നിന്റെ സ്വന്തമെന്നു നീ ധരിക്കുക. നിന്റെ ദാരിദ്ര്യം തീരുന്നതും രാജബന്ധുവായി നീ സുഖിക്കുന്നതുമാണ് ".
വിദ്യാഭ്യാസ ശേഷം അവർ പിരിയുകയും, ദ്രോണർ ഉടനെ തന്നെ കൃപിയെ വിവാഹംചെയ്തു അവളിൽ അശ്വത്ഥാമാവ് എന്ന തേജസ്വിയായ പുത്രൻ ജനിക്കുകയും ചെയ്തു. ദ്രുപദനാകട്ടെ പാഞ്ചാലത്തിന്റെയും കൌശ്യത്തിന്റെയും അനിഷേധ്യ നേതാവും രാജാവുമായിത്തീർന്നു. ദ്രോണർ ദാരിദ്രനായിരുന്നു. അതിനാൽ കുട്ടിക്ക് പാല് വാങ്ങിക്കൊടുക്കാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അശ്വത്ഥാമാവിന്റെ കൂട്ടുകാരായ ബാലന്മാർ ഒരിക്കൽ അവനു അരിമാവ് കലക്കി കൊടുത്തു. അത് കുടിച്ചശേഷം താൻ ശക്തിമാനായി എന്ന ഭാവത്തിൽ അവൻ ഓടുവാൻ തുടങ്ങി. അപ്പോൾ സുഹൃത്തുക്കൾ അവനെ കളിയാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. " വിഡ്ഢീ നീ കുടിച്ചത് പാലല്ല . അരിമാവാണ്. നിന്റെ അച്ഛന് പാല് വാങ്ങാൻ പണമില്ല . വിദ്യയുള്ളവന് ധനദേവതയായ ലക്ഷ്മി ശത്രുവായിത്തീരും." അശ്വത്ഥാമാവ് കരഞ്ഞുകൊണ്ട് ഈ വിവരം പിതാവിനെ അറിയിച്ചു. ദ്രോണർക്കു ഇതുകേട്ട് വലിയ വിഷമമായി. അപ്പോൾ അദ്ദേഹത്തിനു ദ്രുപദന്റെ പഴയ വാക്കുകൾ ഓർമ്മ വന്നു .
ദ്രുപദൻ യാഗാദികളും മറ്റും നടത്തി കുരുക്കൾക്കു തുല്യം ഐശ്വര്യത്തോടെ വസിക്കുകയാണ്. അപ്പോഴാണ്‌ ദ്രോണരും പത്നിയും ദ്രുപദന്റെ അടുക്കൽ പോയത് . പഴയ മൈത്രിയെപ്പറ്റി ദ്രോണരെ ഓർമ്മപ്പെടുത്തിയെങ്കിലും ദ്രുപദൻ അറിഞ്ഞഭാവം പോലും കാണിച്ചില്ല. വാസ്തവത്തിൽ ദ്രോണരെ കണ്ടപ്പോൾ തന്നെ ദ്രുപദന് ആളെ മനസ്സിലായിരുന്നു . എന്നാൽ വെറുമൊരു യാചകന്റെ സുഹൃത്താണ് താനെന്നതു രാജാവായ തന്റെ യശസ്സിനു കളങ്കമാകുമല്ലോ എന്ന ദുരഭിമാനമാണ് ദ്രുപദനെ അപ്പോൾ ബാധിച്ചത് . അതുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "എന്തേ സ്വാമീ വിളിച്ചത് ? സുഹൃത്തെന്നോ ? സൌഹൃദവും ശത്രുത്വവുമെല്ലാം തുല്യന്മാർ തമ്മിലാണ് വേണ്ടത്. ദരിദ്രൻ ധനവാനും, യാചകൻ രാജാവിനും , ഭീരു ധീരനും , മൂഡൻ പണ്ഡിതനും എങ്ങനെ മിത്രമാകും ?. എനിക്ക് മുൻപ് വിദ്യ അഭ്യസിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു . അതുകൊണ്ടാണ് ഗുരുകുലത്തിൽ വസിച്ചതും നിന്റെ സുഹൃത്തായതും . ഇപ്പോൾ ഞാൻ രാജാവും നീ ദരിദ്രനായ യാചകനുമാണ്. അങ്ങനെയുള്ള നീ എങ്ങനെ എന്റെ മിത്രമാകും ? അല്ലെങ്കിലും കുട്ടിക്കാലത്ത് അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതൊക്കെ ആരാണ് മനസ്സിൽ വെയ്ക്കുന്നത് ? . എന്തായാലും വന്ന സ്ഥിതിക്ക് ഒരു നേരത്തെ ഭക്ഷണം കഴിച്ചിട്ട് പോകാം ."
ദ്രുപദന്റെ വാക്കുകൾ രാജോചിതമെങ്കിലും ക്രൂരമായിരുന്നു . ദ്രോണർ അതുകേട്ടു കുപിതനാവുകയും താൻ ഇതിനു പക വീട്ടുമെന്ന് ശപഥം ചെയ്ത ശേഷം പത്നിയോടും പുത്രനോടുമൊത്തു അവിടെനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. നേരെ പോയ ദ്രോണർ പിന്നീട് ഹസ്തിനപുരിയിലെത്തുകയും ഭീഷ്മരുടെ ആവശ്യപ്രകാരം പാണ്ഡവരുടെയും കൌരവരുടെയും ഗുരുവായിത്തീരുകയും ചെയ്തു . വിദ്യാഭ്യാസം കഴിഞ്ഞു ഗുരുദക്ഷിണ നല്കേണ്ട സമയമായപ്പോൾ ദ്രോണർ രാജകുമാരന്മാരോട് ആവശ്യപ്പെട്ടത് ശത്രുവായ ദ്രുപദനെ ആക്രമിക്കുവാനും അവനെ പിടിച്ചുകെട്ടി തന്റെ കാൽക്കൽ കൊണ്ടിടുവാനുമായിരുന്നു. ഗുരുവിന്റെ നിര്ദ്ദേശപ്രകാരം അർജുനനും സഹോദരങ്ങളും ദ്രുപദനെ യുദ്ധത്തിൽ തോല്പ്പിക്കുകയും, തുടർന്ന് അദ്ദേഹത്തെ പിടിച്ചുകെട്ടി ദ്രോണരുടെ കാൽക്കൽ കൊണ്ടിടുകയും ചെയ്തു . അപ്പോൾ ദ്രോണർ ദ്രുപദനെ കണക്കിന് പരിഹസിക്കുകയും , അദ്ദേഹത്തിൻറെ രാജ്യത്തെ പാതിയായി പകുത്തു ദക്ഷിണ പാഞ്ചാലം സ്വന്തമാക്കി അതിനെ ഭരിക്കുകയും ചെയ്തു . തുടർന്ന് മരണംവരെ ദ്രോണരായിരുന്നു ദക്ഷിണപാഞ്ചാലത്തിന്റെ രാജാവ് . (ഈ കഥ ഗ്രൂപ്പിൽ മുമ്പ് പറഞ്ഞിരുന്നത് ശ്രദ്ധിക്കുമല്ലോ)
ദ്രുപദൻ ദ്രോണരോട് മാപ്പിരന്നു തല്ക്കാലം വൈരം അവസാനിപ്പിച്ചെങ്കിലും ചവിട്ടേറ്റ സർപ്പത്തെപ്പോലെ ആ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു . ദ്രോണരെ കൊല്ലുവാൻ ശക്തിയുള്ള ഒരു പുത്രനും , വീരന്മാരിൽ വീരനായ അർജുനന് നല്കുവാൻ യോഗ്യയായ ഒരു മകളും തനിക്കുണ്ടാകണമെന്നു ദ്രുപദൻ ആഗ്രഹിച്ചു . അതിനായി ആഭിചാരം പോലെയുള്ള കർമ്മം ചെയ്യാൻ അറിയാവുന്ന ആചാര്യന്മാരെ തിരക്കി ദ്രുപദന്റെ ദൂതന്മാരായ ബ്രാഹ്മണർ ഓടിനടന്നു . അപ്പോഴാണ്‌ അഗ്നിയുടെ ഉപാസകനായ ഉപയാജൻ എന്നൊരു മുനിയെ ഗംഗാതീരത്തിൽ രാജാവ് കണ്ടെത്തിയത് . അദ്ദേഹത്തിനു യാജൻ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു . ഉപയാജനോട് ദ്രുപദൻ തന്റെ ആവശ്യം പറഞ്ഞെങ്കിലും , ഈ നീചകർമ്മം ചെയ്യാൻ ആദ്യം ഉപയാജൻ സമ്മതിച്ചില്ല . ദ്രുപദൻ ഒരു വർഷം ഉപയാജനെ ശുശ്രൂഷിച്ചു. പ്രസന്നനായ ഉപയാജൻ തന്റെ ജ്യേഷ്ഠനും മഹാമാന്ത്രികനുമായ യാജനെ കണ്ടാൽ കാര്യം സാധിക്കുമെന്ന് രാജാവിനെ അറിയിച്ചു . ഒടുവിൽ മുനി സഹോദരന്മാരായ യാജനും ഉപയാജനും രാജാവിന് വേണ്ടി വലിയൊരു യാഗം നടത്തി . യാഗം 18 മാസം നീണ്ടു നിന്നു. യാഗാവസാനം അഗ്നിയിൽ നിന്നും ആയുധങ്ങൾ ധരിച്ചുകൊണ്ട് ധൃഷ്ടദ്യുമ്നൻ എന്ന പുരുഷനും , "കൃഷ്ണ" എന്ന സ്ത്രീരത്നവും ഉയർന്നുവന്നു . ധൃഷ്ടദ്യുമ്നൻ അഗ്നിയിൽ നിന്നും സംഭൂതനായ സമയത്ത് , " ഈ വീരൻ യുദ്ധത്തിൽ ദ്രോണരെ വധിക്കും" എന്നൊരു അശരീരി യുണ്ടായി. കൃഷ്ണയാണ് പാഞ്ചാലി അഥവാ ദ്രൗപദി. ഇവൾ അഷ്ടലക്ഷ്മികളിൽ ഒരാളായ വിജയലക്ഷ്മിയുടെ അംശമായിരുന്നു.

കരിമുട്ടം ദേവി ക്ഷേത്രം


No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...