Tuesday, September 25, 2018

നന്ദികേശ്വര പത്നി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്‌നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

 നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയ മുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പക വിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാ നൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്.

 ശിവക്ഷേത്രങ്ങളില്‍  ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

കരിമുട്ടം ദേവി ക്ഷേത്രം

പ്രദീപൻ :

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 മഹാഭാരതത്തിലെ ഭീഷ്മരുടെ പിതാവായ ശന്തനു മഹാരാജാവിന്റെ പിതാവാണ് പ്രതീപ മഹാരാജാവ്.

ഇദ്ദേഹത്തിന്റെ ഭാര്യ ശിബിദേശത്തെ രാജകുമാരിയായ സുനന്ദയാണ്‌.

പ്രതീപന് സുനന്ദയിൽ ദേവാപി , ശന്തനു , ബാൽഹീകൻ എന്നീ മൂന്നു പുത്രന്മാരുണ്ടായി .

ദേവാപി ചർമ്മ രോഗിയായിരുന്നതിനാൽ രാജ്യാവകാശം ലഭിചിച്ചില്ല. പകരം ഇളയവനായ ശന്തനു രാജാവായി. ശന്തനുവിന്റെ മകനാണ് കുരുവംശത്തിന്റെ നെടുംതൂണായ ഭീഷ്മർ.

ബാൽഹീകൻ മാതൃഭവനത്തിൽ വസിച്ചു.

ദേവാപി വനത്തിൽ പോയി തപസ്സു ചെയ്തു.

ഇത്തരത്തിൽ കുരുവംശം വികസിച്ചു.

കരിമുട്ടം ദേവി ക്ഷേത്രം

അനസൂയ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപ കര്‍മ്മത്തിന്റെ ഫലമെന്ന പോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷ യാചിക്കാന്‍ തുടങ്ങി. ഒരുനാള്‍ ഉഗ്രശ്രവസ്സ്‌ ഒരു വേശ്യാഗൃഹത്തെ കാണുകയുണ്ടായി. അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നു രാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ 'സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ' എന്ന്‌ ശിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി 'നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ' എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ദത്താത്രേയന്‌ പേരുണ്ട്‌. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത്‌ ദത്താത്രേയന്‍ എന്നുവിളിക്കുന്നു.

        ദത്താത്രേയന്റെ അവതാരം സംബന്ധിച്ച്‌ മറ്റൊരു പുരാണകഥയും കൂടിയുണ്ട്‌. അത്രി മഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ പാതിവ്രത്യം കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍ക്ക്‌ വലുതായ അസൂയ തോന്നിയത്രേ. ഒരിക്കല്‍ ഭൂമിയില്‍ പത്തു വര്‍ഷത്തോളം മഴ ലഭിക്കാതിരുന്നു. അതിന്റെ ഫലമായി ഭൂമി വരണ്ടുണങ്ങുകയും സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ നശിച്ചുപോവുകയും ചെയ്തു. ഈ സമയത്ത്‌ അനസൂയ തന്റെ തപശക്തികൊണ്ട്‌ ഭൂമിയില്‍ സസ്യലതാദികളെ സൃഷ്ടിക്കുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത്രയും മാഹാത്മ്യത്തോടു കൂടിയ അനസൂയയെ പരീക്ഷിക്കുന്നതിനായി ലക്ഷ്മി, സരസ്വതി തുടങ്ങിയവര്‍ സ്വപതിമാരെ തന്നെ അവരുടെ അടുക്കലേക്കയച്ചു. അത്രി മര്‍ഷി ആശ്രമത്തില്‍ ഇല്ലാത്തനേരം നോക്കി ത്രിമൂര്‍ത്തികള്‍ ബ്രാഹ്മണവേഷത്തില്‍ അനസൂയയുടെ മുമ്പിലെത്തി ഒരു വരം ചോദിച്ചു. അനസൂയ വരം നല്‍കാമെന്ന്‌ പറഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞു. അവിടുന്ന്‌ പരിപൂര്‍ണ നഗ്നയായി ഞങ്ങള്‍ക്ക്‌ ആഹാരം തരണം. ഇതുകേട്ട്‌ അനസൂയ പുഞ്ചിരിയോടു കൂടി അപ്രകാരമുള്ള വരം നല്‍കണമെന്ന്‌ പറഞ്ഞു. അനന്തരം അനസൂയ ത്രിമൂര്‍ത്തികളെ മാതൃ ഭാവത്തോടു കൂടി വീക്ഷിച്ചു. അനസൂയയുടെ തപസ്സിന്റെയും പാതിവ്രത്യത്തിന്റെയും ഫലമായി ത്രിമൂര്‍ത്തികള്‍ മുലകുടി മാറാത്ത ശിശുക്കളായി ഭവിച്ചു. പിന്നെ അനസൂയ ത്രിമൂര്‍ത്തികള്‍ക്ക്‌ വിവസ്ത്രയായി തന്നെ ആഹാരം നല്‍കി. തങ്ങളുടെ പതിമാരുടെ ഈ അവസ്ഥ കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാര്‍ അനസൂയയോട്‌ അവരെ പൂര്‍വാസ്ഥയിലാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അനസൂയ അതിനെ അംഗീകരിക്കുകയും ചെയ്തു. ഇതിന്‌ ശേഷം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട്‌ ദത്തായത്രേയന്‍ എന്ന നാമധേയത്തില്‍ അനസൂയയുടെ പുത്രനായി ജനിച്ചു. ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്‌. അതായത്‌ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന്‌ ശിരസ്സുകളോടും ആറ്‌ കൈകളോടും കൂടിയാണ്‌. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ്‌ ദത്താത്രേയനെ ഉപാസിക്കാറുള്ളത്‌. അതുപോലെ തന്നെ ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്‌. ദത്താത്രേയനെക്കുറിച്ച്‌ പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്‌. കാര്‍ത്ത വീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച്‌ ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്‌. ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക്‌ വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസ പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ദത്താത്രേയന്റെ നാമധേയത്തില്‍ പ്രസിദ്ധമായ പുരാണമാണ്‌ ദത്തപുരാണം.

കരിമുട്ടം ദേവി ക്ഷേത്രം

ശകുന്തളയുടെ മാതാവ്

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 ഹിന്ദു പുരാണങ്ങൾ പ്രകാരം ഗന്ധർവ്വ പത്നിമാരും, അഭൗമ സൗന്ദ്യര്യവതികളും, നിത്യയൗവ്വനവതി കളുമാണ് അപ്സരസ്സുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ, ഉർവ്വശി, മേനക, തിലോത്തമ എന്നിവരാണ് ഏറ്റവും പ്രശസ്തകളായ അപ്സരസ്സുകൾ.
ദേവൻമാരുടെ രാജാവായ ഇന്ദ്രന്റെ സദസ്സിലെ നർത്തകികളായ ഇവരെ ഋഷിമാരുടെ തപസ്സുമുടക്കാൻ ഇന്ദ്രൻ അയച്ച സന്ദർഭങ്ങൾ പലതും പുരാണേതിഹാസങ്ങളിൽ കാണാം. ഇതിൽ ഏറ്റവും പ്രസിദ്ധം വിശ്വാമിത്രന്റെ തപസ്സു മേനക മുടക്കിയതാണ്.

കൊടും തപസ്സിലേർപ്പെട്ട വിശ്വാമിത്രന്റെ തപശ്ശക്തിയിൽ ഭീതിപൂണ്ട ഇന്ദ്രൻ ഏതു വിധവും തപസ്സു മുടക്കണമെന്ന നിർദ്ദേശത്തോടെ മേനകയെ അയച്ചു. ഇന്ദ്രന്റെ ആജ്ഞ ധിക്കരിക്കാൻ സാധിക്കാത്തതു കൊണ്ടു മാത്രമാണ് ശാപമേൽക്കുമെന്ന ഭയത്തോടെ മേനക വിശ്വാമിത്രനെ സമീപിച്ചത്. ആ സമയത്ത് വായുദേവനായ മാരുതൻ ഒരു കുസൃതിയൊപ്പിച്ചു. കാറ്റിൽ മേനകയുടെ വസ്ത്രങ്ങളൊക്കെ പറപ്പിച്ചുകളഞ്ഞു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി തപസ്സുപേക്ഷിച്ച് മേനകയൊടൊത്തു രമിച്ചു. ഇവരുടെ സംഗമത്തിന്റെ ഫലമായാണ് ശകുന്തള പിറവിയെടുത്തത്.

( ദേവൻമാരും അസുരൻമാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽനിന്നുയർന്നുവന്നവരാണ് അപ്സരസ്സുകൾ എന്ന് വാല്മീകി രാമായണം ബാല കാണ്ഡത്തിൽ (സർഗ്ഗം-45, ശ്ലോകം- 33) പറയുന്നു. പ്രശസ്തരായ അപ്സരസ്സുകൾ ഉർവ്വശി, മേനക, രംഭ, തിലോത്തമ എന്നിവരാണ്. അപ്സരസ്സുകൾ 60 കോടി വരുമെന്നാണ് പുരാണങ്ങൾ പറയുന്നത്. തിരസ്കരിണീ വിദ്യ വശമുള്ള ഇവർക്ക് ഇഷ്ടാനുസരണം രൂപം മാറാൻ കഴിവുണ്ട്. ആകാശസഞ്ചാരവും ഇവർക്കു വശമാണ്.  ഋഗ്വേദത്തിൽ അപ്സരസ്സുകളെപ്പറ്റി പരാമർശമുണ്ട്. ഉർവ്വശിയും മർത്യലോകത്തെ അവളുടെ ഭർത്താവായ പുരൂരവസ്സും തമ്മിലുള്ള സംഭാഷണമാണ് ഒരു സൂക്തത്തിലെ പ്രതിപാദ്യവിഷയം. (ഋഗ്വേദം, അദ്ധ്യായം 10, സൂക്തം 95.)
ബുദ്ധ മിഥോളജിയിലും അപ്സരസ്സുകളെ പരാമർശിക്കുന്നുണ്ട്. അങ്കോറയിലെ (ഇപ്പോൾ കംബോഡിയ) ബുദ്ധക്ഷേത്രങ്ങളിൽ കാണുന്ന കല്ലിൽകൊത്തിയ ശില്പങ്ങളിൽ അപ്സരസ്സുകൾ പ്രാധാന്യപൂർവ്വം വിഷയീഭവിച്ചിരിക്കുന്നു. അങ്കോറയിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാട്ടിൽ ശിലയിൽ കൊത്തിയ അപ്സരസ്സുകൾ സാധാരണമാണ്. ചുവരിലും തൂണിലും ഗോപുരത്തിലുമായി 1860-ലധികം അപ്സരസ്സുകളെ ഈ ക്ഷേത്രത്തിൽ കാണാം. കംബോഡിയയിലെ പരമ്പരാഗതമായ ഒരു നൃത്തത്തെ അപ്സരനൃത്തം എന്നും വിളിക്കുന്നു.)

കരിമുട്ടം ദേവി ക്ഷേത്രം

ബലയും അതിബലയും

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 സരയൂ നദിയുടെ തെക്കേക്കരയില്‍ വെച്ച് വിശ്വാമിത്രന്‍ രാമനെ വിളിച്ച് മധുരമായി പറഞ്ഞു ''ഹേ പ്രിയവത്സാ, വേഗം വെള്ളമെടുത്ത് ബല അതിബല എന്നീ മന്ത്രങ്ങള്‍ സ്വീകരിക്കൂ. ഇതു ജപിച്ചാല്‍ ശരീരത്തിനു ക്ഷീണമോ വിശപ്പോ ദാഹമോ വിഷമങ്ങളോ ഉണ്ടാകുകയില്ല. ഉറങ്ങുമ്പോഴോ അശ്രദ്ധമായിരിക്കുമ്പോഴോ രാക്ഷസന്മാര്‍ക്ക് ആക്രമിക്കാന്‍ സാധിക്കുകയില്ല. കൈയ്യൂക്കിലോ വീര്യത്തിലോ സൗഭാഗ്യത്തിലോ ദാക്ഷിണ്യത്തിലോ അറിവിലോ മനഃസ്ഥൈര്യത്തിലോ നിന്നോടു തുല്യനായി ഈ ഭൂമിയില്‍ ആരും തന്നെയുണ്ടായിരിക്കുകയില്ല. ഈ രണ്ടു വിദ്യകളും സ്വായത്തമായാല്‍ നിന്നോടു സമനായി ആരും തന്നെയുണ്ടാകുകയില്ല. ബലയും അതിബലയും എല്ലാ ജ്ഞാനങ്ങളുടെയും അമ്മമാരാണ്. ഇവ ബ്രഹ്മാവിന്റെ പുത്രിമാരാണ്.

 വാല്മീകി ഈ മന്ത്രങ്ങള്‍ ശ്രീരാമനുപദേശിച്ചിതായിട്ടാണു പറഞ്ഞിരിക്കുന്നത്. അദ്ധ്യാത്മരാമായണത്തില്‍ കോമളകുമാരന്മാരായ രാമനും ലക്ഷ്മണനും വിശപ്പും ദാഹവും ഉണ്ടാകാതിരിക്കാനായി മാഹാത്മ്യമേറുന്നതും ദേവനിര്‍മ്മിതവുമായ ഈ വിദ്യകള്‍ ഉപദേശിച്ചുവെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ രാമായണങ്ങളിലൊന്നും ഈ മന്ത്രം നല്‍കിയിട്ടില്ല. ഇങ്ങനെ രണ്ടു മന്ത്രങ്ങള്‍ ഉപദേശിച്ചതായി എല്ലാ രാമായണങ്ങളിലും വിവരിക്കുന്നുണ്ടു താനും.
 ഈ മന്ത്രങ്ങളുടെ ഉറവിടം അന്വേഷിച്ചാൽ എത്തിച്ചേരുന്നത് സാമവേദ ത്തിലേയ്ക്കാണ്.

 സാമവേദത്തിലെ സാവിത്രോപനിഷത്തില്‍ ബല അതിബല എന്നീ മന്ത്രങ്ങള്‍ കണ്ടെത്താം. ഋഷി- വിരാട് പുരുഷം ഛന്ദസ്സ്- ഗായത്രി,
ദേവത- ഗായത്രി,
ബീജം- അകാരം,
ശക്തി- ഉകാരം,
കീലകം- മ കാരം, വിനിയോഗഃ ക്ഷുധാദി നിരസനേ.
ഷഡംഗന്യാസം- 1. ഓം ക്ലീം ഹൃദയായ നമഃ 2. ഓം ക്ലീം ശിരസേ സ്വാഹാ. 3. ഓം ക്ലീം ശിഖായൈ വഷട്. 4. ഓം ക്ലീം കവചായ ഹും. 5. ഓം ക്ലീം നേത്രായ വൗഷട്. 6.ഓം ക്ലീം അസ്ത്രായ ഫട്

ധ്യാനം:-

 അമൃതകരതലാഗ്രൗ സര്‍വ്വ സംജീവാനാഢ്യാ- വഘഹരണ സദക്ഷൗ വേദസാരേ മയൂഖേ പ്രണവമയ വികാരൗ ഭാസ്‌കാര ദേഹൗ സതത മനുഭവേ ള ഹം തൗ ബലാതീബലാന്തൗ (കരതലത്തില്‍ അമൃതത്തെ ധരിക്കുന്നവനും സര്‍വ്വവിധ സംജീവനശക്തിക്കും ഇരിപ്പിടമായവനും പാപങ്ങളെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥന്മാരും വേദസ്വരൂപികളും മയൂഖാവലികളോടു കൂടിവരുമായ ആ ബലാതിബലകളാകുന്ന വിദ്യകളുടെ ദേവന്മാരെ ഞാന്‍ സദാ അനുഭവിക്കുന്നു)

മന്ത്രം:- ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ ക്ലീം ചതുര്‍വ്വിധ പുരുഷാര്‍ത്ഥ സിദ്ധിപ്രദേ തത് സവിതുര്‍ വരദാത്മികേ, ഹ്രീം വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ വരദാത്മികേ, അതിബലേ സര്‍വ്വദയാമൂര്‍ത്തേ ബലേ സര്‍വ്വക്ഷുദ്രമാപനാശിനി ധീമഹി ധിയോ യോനജാതേ പ്രചുര്യാ ധീമഹി പ്രചേദാത്മികേ പ്രണവ ശിരസ്സാത്മികേ ഹും ഫട് സ്വാഹാ

(മന്ത്രം സ്വീകരിച്ചതോടെ ശ്രീരാമലക്ഷ്മണന്മാര്‍ വിശ്വാമിത്ര മഹര്‍ഷിയെ ഗുരുവായി സ്വീകരിച്ചു.)

കരിമുട്ടം ദേവി ക്ഷേത്രം

വ്യത്യസ്ഥ രാമായണങ്ങൾ

രാമന്റെ അയനമാണല്ലോ രാമായണം. എന്നാൽ രാമായണങ്ങൾ പലത് ഉണ്ട്. “രാമായണങ്ങൾ പലതും കപിവര രാമമോദമോടു പറഞ്ഞു കേൾപ്പുണ്ട് “.
വാത്മീകി രാമായണം, വ്യാസ രാമായണം, കമ്പരാമായണം, തുളസിദാസ രാമായണം, ഹനുമത് രാമായണം, അദ്ധ്യാത്മ രാമായണം, അത്ഭുത രാമായണം, ആനന്ദ രാമായണം, പാതാള രാമായണം, ശതമുഖ രാമായണം എന്നിങ്ങനെ പലതും. ഓരോ രാമായാണത്തിന്റെയും മാഹാത്മ്യം ഓരോ പ്രകാരത്തിലാണ്. വർണ്ണനയും കവിതാരസവും വാത്മീകി രാമായണത്തിൽ കൂടുതലുണ്ടെങ്കിൽ, ഭക്തിയും ലാളിത്വവും ആദ്ധ്യാത്മ രാമായണത്തിലുള്ളതുപോലെ മറ്റെങ്ങുമില്ല. വിശ്വാമിത്രൻ മുപ്പത്തിരണ്ട് കൊല്ലത്തെ രാമചരിതമെ വിവരിച്ചിട്ടുള്ളൂവെങ്കിലും, അതിലധികം കാലത്തെ കഥകളും ഏതാനും
 അത്ഭുതസംഭവങ്ങളും ആനന്ദ രാമായണത്തിൽ കാണാം. തുളസിദാസ രാമായണത്തിൽ ഭരതകുമാര മാഹാത്മ്യമാണ് വർണ്ണിച്ചിരിക്കുന്നതെങ്കിൽ, അത്ഭുത രാമായണത്തിൽ വിവരിച്ചിട്ടുള്ളത് സീതാദേവിയുടെ മാഹാത്മ്യമാണ്. എന്നാൽ അഗസ്ത്യ രാമായണത്തിനുള്ളതുപോലെയുള്ള പൂർണ്ണതയും ആസ്വാദ്യതയും മറ്റൊന്നിനും ഇല്ലതന്നെ.
അഗസ്ത്യൻ താരകമാകുന്ന രാമമന്ത്രം ഉപദേശിച്ചുകൊടുത്ത താരകമന്ത്രാചാര്യനാണ്. വാത്മീകിയാകട്ടെ, ബ്രഹ്മാവിൽ നിന്ന് പുറപ്പെട്ട് നാരദൻ മുഖേന വന്നുചേർന്ന അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് രാമായണം നിർമ്മിച്ചിട്ടുള്ളത്. വാത്മീകിയെ അപേക്ഷിച്ച് അഗസ്ത്യമുനിയാകട്ടെ ദ്രാവിഡഗോത്രജ്ഞനാണ്. ദ്രാവിഡരെപ്പറ്റിയും
ദ്രാവിഡദേശാചാരങ്ങളെപ്പറ്റിയും കൂടുതൽ കണ്ടറിഞ്ഞ അനുഭവസ്ഥൻ.
കാര്യകാരണങ്ങളെ സംഘടിപ്പിച്ചാണ് അഗസ്ത്യമഹർഷി തന്റെ രാമായണം
ചമച്ചിട്ടുള്ളത്. ലോകത്തിൽ സംഭവിക്കുന്ന ഓരോ സംഭവത്തിനും തക്കതായ കാരണം ഉണ്ട്. അതിനുദാഹരണമായി രാമനായി ജനിക്കുവാൻ മഹാവിഷ്ണുവിനും, സീതയായി ജനിക്കുവാൻ ലക്ഷ്മീദേവിക്കും കിട്ടിയ ശാപങ്ങൽ, മണ്ഡോദരിക്കും സീതാദേ വിക്കും രൂപ സാദ്രുശ്യമുണ്ടാകുവാനുള്ള കാരണം തുടങ്ങി പല സംഗതികളും അഗസ്ത്യ രാമായണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ശ്രീരാമൻ ബാലിയെ ഒളി അമ്പെയ്തു കൊന്നത് നന്നായോ, വട്ടത്തിൽ നിൽക്കുന്ന സപ്തസാലങ്ങളെ ശ്രീരാമൻ അമ്പുകൊണ്ട് ഖണ്ഡിച്ചതെങ്ങനെ, കൈകേകിക്ക് കീലത്തിൽ കൈകടത്തി രഥത്തെ കേടുകൂടാതെ രക്ഷിക്കുവാൻ സാധിച്ചതെങ്ങനെ എന്നിങ്ങനെ അനേകം സംശയങ്ങൽക്ക് നിവൃത്തികിട്ടാൻ അഗസ്ത്യ രാമായണം നമ്മെ സഹായിക്കുന്നു.
അദ്ധ്യാത്മ രാമായണത്തിൽ ശ്രീരാമന്റെ ഒരു നാല്പതുകൊല്ലത്തെ കഥയെ നമുക്ക് കാണുവാൻ സാധിക്കുന്നുള്ളൂ.
എന്നാൽ അഗസ്ത്യ രാമായണം ശ്രീരാമന്റെ എഴുനൂറുകൊല്ലത്തെ കഥകൾ മുഴുവനും (പൂർവ്വകാണ്ഡം മുതൽ ഉത്തരകാണ്ഡം വരെ) സംക്ഷേപിച്ചിട്ടുണ്ട്. ഇതുകൂടാതെ അഗസ്ത്യ രാമായണത്തിൽ ഫലിത പ്രധാനങ്ങളായ കലഹയുടെ ചരിത്രം, രാവണന് പറ്റിയ പരാജയങ്ങൾ തുടങ്ങി അനവധികഥകളും അടങ്ങിയിരിക്കുന്നു.
തന്റെ ശിക്ഷ്യനായ സുതീക്ഷണന്റെ അഭ്യർദ്ധന അംഗീകരിച്ച് അഗസ്ത്യമഹർഷി ശ്രീരാമതത്വം വെളിപ്പെടുത്തുന്നു.

“അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുള്ള ജനം

ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും

ഭക്തന്മാർക്കുപദേശം ചെയ്തീടും”
പണ്ടുകാലത്ത് രാമായണം ശിക്ഷ്യന്മാരെല്ലാം ഗുരുവിൽനിന്നും കേട്ടുപഠിക്കുകയായിരുന്നു പതിവ്. സൃഷ്ടികർത്താവായ ബ്രഹ്മാവ്‌ ഈ അത്ഭുത കഥയെ ഒരു കാവ്യമാക്കി നിർമ്മിക്കാൻ സരസ്വതിദേവിയുടെ അനുഗ്രഹം തേടി. രണ്ടുപേരും വാത്മീകി
മഹർഷിയെക്കൊണ്ട് രാമായണകാവ്യം നിർമ്മിക്കാമെന്ന് നിശ്ചയിക്കുകയും ചെയ്തു.
വാത്മീകിമഹർഷി തമസാനദീതീരത്ത് തന്റെ ശിക്ഷ്യനായ ഭരദ്വാജനോടുകൂടി ആശ്രമത്തിൽ താമസിച്ചു വരികയായിരുന്നു. രണ്ടുപേരും സ്നാനത്തിനായി നദീതീരത്ത് എത്തിയപ്പോൾ ഒരു വേടൻ രണ്ടു ക്രൗഞ്ച പക്ഷികളിൽ ഒന്നിനെ (ആണ്‍പക്ഷിയെ) അമ്പെയ്തു കൊല്ലുന്നതും അതുകണ്ട് സഹിക്കാനാവാതെ ഇണപ്പക്ഷി ചിറകടിച്ച് വിലാപിക്കുന്നതും കാണാനിടയായി.
വാത്മീകിമഹർഷിയുടെ കരുണാപൂർണമായ ഹൃദയത്തിൽ അപ്പോൾത്തന്നെ പിതാമഹനായ ബ്രഹ്മാവിന്റെ നിമിത്തംകൊണ്ട് ഒരു വാക് പ്രവാഹം ഉണ്ടായി.
“മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ: ശ്വശ്വതീ: സമ:
യൽ ക്രൗഞ്ച മിഥുനാ ദേഹ മവധീ: കാമമോഹിതം:”
{ഈ ശ്ലോകത്തിന് രണ്ടു അർത്ഥങ്ങളുണ്ട്. ഒന്ന് വേടനെ ഉദ്ദേശിച്ച്
പറയുന്നതും മറ്റൊന്ന് വിഷ്ണുവിനെ ഉദ്ദേശിച്ച് പറയുന്നതും. വേടനെ ഉദ്ദേശിക്കുമ്പോൾ – “അല്ലയോ നിഷാദ! (കാട്ടാള) നീ വളരെക്കാലം ജീവിച്ചിരിക്കയില്ല. എന്ത്കൊണ്ടെന്നാൽ നീ ക്രൗഞ്ച മിഥുനങ്ങളിൽ കാമമോഹിതനായ ഒന്നിനെ (ആണ്‍പക്ഷിയെ) കൊന്നുവല്ലോ.”
വിഷ്ണുവിനെ ഉദ്ദേശിച്ചാകുമ്പോൾ – “മാ യുടെ (ലക്ഷ്മിയുടെ) നിഷാദ! (ഇരിപ്പിടമായവനെ) നിന്തിരുവടി എന്നന്നേക്കും ലോകത്തിൽ പ്രതിഷ്ഠയെ പ്രാപിച്ചിരിക്കുന്നു. എന്തുകൊണ്ടന്നാൽ രാവണൻ രാവണഭാര്യ എന്നീ ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ (രാവണനെ) കൊന്നുവല്ലോ.”}
അങ്ങനെ വാത്മീകിമഹർഷി ആദ്യകാവ്യമായ
രാമായണം നിർമ്മിച്ചു. വാത്മീകി രാമായണം രചിച്ചത് ശതകോടിഗ്രന്ഥ വിസ്താരത്തിലാണ്.
ദേവന്മാർ വാത്മീകി ആശ്രമത്തിൽ വച്ച് രാമായണം പാരായണം ചെയ്തു പോന്നു. ദേവന്മാർ, ഗന്ധർവന്മാർ, യക്ഷന്മാർ, കിന്നരന്മാർ, നാഗന്മാർ, ഗുഹ്യന്മാർ മുതലായവരും ഈ അത്ഭുത ചരിത്രം കേട്ട് ആനന്ദിച്ചുകൊണ്ടിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ രാമായണം തങ്ങൾക്കും കിട്ടണമെന്ന് എല്ലാപേരും വാശി പിടിച്ചു. അപ്പോൾ പരമശിവൻ പ്രത്യക്ഷപ്പെട്ട് അവരെ മഹാവിഷ്ണുവിന്റെ യടുത്തു കൊണ്ടുപോയി.
 മഹാവിഷ്ണുവകട്ടെ രാമായണത്തെ മുപ്പത്തിമൂന്നുകോടി മുപ്പത്തിമൂന്നു ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ്റിമുപ്പത്തിമൂന്ന് ശ്ലോകങ്ങളടങ്ങിയ മൂന്നു ഭാഗങ്ങളായും, ശേഷം വന്നതിനെ പതിപ്പത്തക്ഷരമുള്ള മൂന്നു മന്ത്രങ്ങളായും ഭാഗിച്ച് ഒരു രാമായണത്തെ ദേവന്മാർക്കും, മറ്റൊന്നിനെ മുനിമാർക്കും, മൂന്നാമത്തേതിനെ നാഗന്മാർക്കും കൊടുത്തു.
 ദേവന്മാർക്ക് കിട്ടിയ രാമായണം ദേവലോകത്തും, മുനിമാർക്ക് കിട്ടിയ രാമായണം ഭൂലോകത്തും, നാഗന്മാർക്ക് കിട്ടിയ രാമായണം പാതാളത്തിലും പ്രസിദ്ധങ്ങളായിത്തീർന്നു.
മന്ത്രങ്ങളായി തിരിഞ്ഞതിൽ നിന്ന് രണ്ടക്ഷരം പരമശിവനും, മൂന്ന് ലക്ഷ്മീദേവിക്കും, മൂന്ന് ഗരുഡനും, മൂന്ന് ആദിശേഷനും കൊടുത്തു. ആദിശേഷന് കിട്ടിയമന്ത്രം പാതാളത്തിലും, മഹാലക്ഷ്മിക്ക് കിട്ടിയമന്ത്രം സ്വർഗ്ഗത്തിലും, ഗരുഡന് കിട്ടിയമന്ത്രം ഭൂമിയിലും പ്രചരിച്ചു. പരമശിവനു കിട്ടിയ “രാമ” എന്ന രണ്ടക്ഷരം താരകമന്ത്രമായിരുന്നു.

ഭൂമിയിൽ കിട്ടിയ രാമായണത്തെ വീണ്ടും നാലുകോടി എഴുപത്താറ്‌ ലക്ഷത്തി പത്തൊമ്പതിനായിരത്തിനാൽപ്പത്തേഴു ശ്ലോകങ്ങൾ അടങ്ങിയ എഴുഭാഗങ്ങളായി വിഭചിച്ച് സപ്ത ദീപങ്ങൾക്കും വെവ്വേറെ കൊടുത്തു.

 ബാക്കിവന്ന നാല് ശ്ലോകങ്ങളെ ബ്രഹ്മാവിനും ദാനം ചെയ്തു. ബ്രഹ്മാവിന് ലഭിച്ച നാല് ദിവ്യശ്ലോകങ്ങളെ നാരദൻ തന്റെ വീണയിൽ വായിച്ച് അവയെ ഗ്രഹിച്ച് സംഗ്രഹിച്ഛതാണ് വിഷ്ണുഭാഗവതം.
വേദവ്യാസമഹർഷി വാത്മീകി രാമായണത്തെ അടിസ്ഥാനമാക്കി പതിനേഴു പുരാണങ്ങളും മഹാഭാരതം എന്ന ഇതിഹാസത്തേയും നിർമ്മിച്ചു. വിഷ്ണുഭാഗവതം പതിനെട്ടാമത്തെ പുരാണമായി പരിണമിച്ചു

കരിമുട്ടം ദേവി ക്ഷേത്രം


രാവണദൂതനായ ശുകൻ
  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ലങ്കാ പ്രവേശത്തെ ക്കുറിച്ചാലോചിച്ച്, പുഷ്കരിണീ തീരത്തിരിക്കുന്ന കപികുല ജാലത്തിനു മുൻപിൽ ശുകൻ എന്ന രാത്രിഞ്ചരൻ  വന്നു ചേർന്നു. രാവണ ദൂതനായെത്തിയ ശുകൻ  കപി കുലത്തെ തലങ്ങും വിലങ്ങും  പുലഭ്യം പറഞ്ഞു. എന്നിട്ട് സുഗ്രീവനോടു പറയാൻ  തുടങ്ങി:

ശുകൻ സുഗ്രീവനോട് പറഞ്ഞു

“എന്റെ പിതാവായ ദേവേന്ദ്രന്റെ പുത്രനായ ബാലിയുടെ സഹോദര നായതുകൊണ്ട് നീയെനിക്കു സഹോദര തുല്യനാണ്. അതുകൊണ്ട്, എന്റെ വാക്കുകൾ  നീ കേട്ടു കൊൾക. അൽപപ്രാണിയായ മനുഷ്യന്റെ പടയാളികളായി വന്നിട്ടുള്ള നിനക്ക് എവിടെയാണ് ഒരു ജീവൽരക്ഷോപായ മുള്ളത്? നിസ്സാരനായ മനുഷ്യനെവിടെ, രാത്രിഞ്ചരനും കൈലാസം പോലുമെടുത്ത് അമ്മാനമാടി ത്രിലോകം വിറപ്പിച്ച ശക്തനും ധീരനുമായ ദശമുഖനെവിടെ? അവന്റെ ദൃഷ്ടിയിൽ പ്പെടാതെ എങ്ങോട്ടെങ്കിലും ഓടിപ്പോവുകയാണ് ഉചിതമായിട്ടുള്ളത്.”

ഇത്രയും കേട്ടപാടെ സുഗ്രീവന്റെ ആജ്ഞാ നുസരണം, കപിജാതികൾ  ശുകനെകടന്നുപിടിച്ച്, തലങ്ങുംവിലങ്ങുമായി ആവോളം മർദ്ദിച്ചു. അശരണനായ ശുകൻ  ശ്രീരാമദേവനെ വിളിച്ച് ദീനദീനം കരയുകയും രക്ഷിക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ശുകൻ  വെറുമൊരു ദൂതനാണെന്നറിയുന്ന ശ്രീരാമൻ  അവന്റെ ജീവൻ  വിട്ടുകൊടുക്കുവാൻ  കല്പിക്കയാൽ സുഗ്രീവാദികൾ  അവനെസ്വതന്ത്രനാക്കി.

രാവണസഭയിൽ തിരിച്ചെത്തിയ ശുകൻ  രാവണനോട് സംഭവങ്ങൾ  വിവരിച്ചു. എന്നിട്ട് ശ്രീരാമൻ  വെറുമൊരു മാനവനല്ലെന്നും, അദ്ദേഹം മഹാവിഷ്ണുവിന്റെ അവതാരമാണെന്നും, രാവണനിഗ്രഹാർത്ഥം  അവതാരമെടുത്ത സർവ്വോത്തമാനാണെന്നും, ആകയാൽ സീതാദേവിയെ രാമഹസ്തങ്ങളിൽ തിരികെയേൽപ്പിച്ച് മാപ്പപേക്ഷിക്കുകയും ജീവനുവേണ്ടി യാചിക്കുകയും ചെയ്യേണമെന്നുമർത്ഥിച്ചു. കോടികൾ  വരുന്ന വാനരപ്പടയോടെ എതിർക്കാൻ  രാവണന്റെ പടയാളികൾ  പോരാ എന്നുമറിയിച്ചു.

കോപാകുലനായ രാവണനാകട്ടെ, രാമവൃത്താന്തം പുലമ്പാതെ, തന്റെമുന്നിൽനിന്നും എങ്ങോട്ടെങ്കിലുംഓടിപ്പൊയി കൊള്ളുവാൻ  ശുകനോടാജ്ഞാപിച്ചു. വിഷണ്ണനായ ശുകൻ  തന്റെ ആലയം പൂകി ദുഃഖിച്ചിരുന്നു. അകാരണമായി തനിക്കു സംഭവിച്ച ഈ വിധിക്കു കാരണമെന്താണെന്നു ചിന്തിച്ചു. അപ്പോൾ  മഹാമുനിയും കുംഭോൽ ഭവനുമായ അഗസ്ത്യമുനിയുടെ ശാപോക്തികൾ  അവന്റെമനസ്സിനെ മഥിച്ചു. അറിയാതെ സംഭവിച്ച തെറ്റിനെപ്പറ്റി കുറ്റ ബോധത്തോടെ ഓർത്തു.

കാടാകെ മേഞ്ഞു നടന്ന വജ്രദംഷ്ട്രൻ  എന്ന അസുരൻ  അസുര–രാക്ഷസാരിയും യാഗാദികളിൽ നിപുണനും രാത്രിഞ്ചർക്ക് എന്നുംഭീഷണിയേകി നിലനിൽക്കുന്നവനുമായ ശുകൻ  എന്നബ്രാഹ്മണ വര്യനെ എങ്ങിനെ യില്ലാതാക്കണം എന്ന ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിനം, കുഭോൽഭവനായഅഗസ്ത്യമഹർഷി ശുകദർശനാർത്ഥം 
പർണ്ണശാലയിലെത്തി. ഭക്ഷണത്തിനു മുൻപ് ജലപ്രക്ഷാളനത്തിനും പൂജാദികൾക്കുമായി നദീതീരത്തേക്കു പോയ അഗസ്ത്യമുനിയുടെ രൂപത്തിൽ വജ്രദംഷ്ട്രൻ  ശുകന്റെ പർണ്ണശാലയിലെത്തി, ശുകനോട് മന്ദം പറഞ്ഞു:

“ബ്രാഹ്മണ സത്തമനായ അങ്ങേക്ക്, വിരോധമില്ലെങ്കിൽ ഇന്നെനിക്കൽപ്പം മൃഗ മാംസം കൂട്ടി ഭക്ഷണം കഴിക്കുവാനുള്ള ആഗ്രഹം സാധിച്ചു തരണം. അങ്ങയുടെ പത്നിക്ക് രുചികരമായി അതു പാകംചെയ്യാനും അറിവുണ്ടല്ലോ.”

സന്തോഷത്തോടെ ശുകൻ  അഗസ്ത്യ മുനിയുടെ ആഗ്രഹം സ്വീകരിക്കുകയും, ശുകപത്നിയോട് അങ്ങിനെ ചെയ്യുവാൻ  പറയുകയും ചെയ്തു. ആഹാരം വിളമ്പുന്ന വേളയിൽ ദുഷ്ടനായ വജ്രദംഷ്ട്രാസുരൻ  ശുകപത്നിയുടെ വേഷം പൂണ്ടു വന്ന് മർത്ത്യ മാംസം ഇലയിൽ വിളമ്പി. മർത്ത്യ  മാംസം കണ്ട അഗസ്ത്യമുനി ശുകനെഘോരമായി ശപിച്ചു.

“എനിക്കു മർത്ത്യ മാംസം വിളമ്പിയ നീചാ, ഇനിയുള്ള കാലം മനുഷ്യമാംസം ഭുജിച്ച് ഒരുരാക്ഷസനായി നീ ജീവിതംകഴിക്കുക.”

ഉഗ്രശാപമേറ്റ വേദനയിൽ ശുകൻ  പറഞ്ഞു, “മൃഗമാംസം വിളമ്പുവാൻ  കൽപ്പിച്ചത് അങ്ങു തന്നെ. ഞാൻ  പാകം ചെയ്യുവാനേൽപ്പിച്ചതും മൃഗമാംസം തന്നെ. പക്ഷെ, ഇതെങ്ങിനെ സംഭവിച്ചുവെന്ന് നിസ്സാരനായ എനിക്ക് അറിയില്ല. എന്റെ തെറ്റു മനസ്സിലാക്കി, അങ്ങെനിക്ക് ശാപമോക്ഷം തരിക.”

ഇതുകേട്ട മാത്രയില്‍ , ത്രികാലജ്ഞാനിയായ അഗസ്ത്യന്‍ സംഭവത്തെ വിശകലനം ചെയ്യുകയും, ശുകനു പറ്റിയ അബദ്ധത്തെ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹവും അര്‍ദ്ധപ്രാണനായി ത്തീര്‍ന്നു. തന്‍റെയും അപരാധത്തിന് ക്ഷമ ചോദിക്കുകയും, ശുകന് ശാപ മോക്ഷമേകുകയും ചെയ്തു.

“ത്രേതായുഗത്തില്‍ നാരായണന്‍റെ അവതാരമായ ശ്രീരാമന്‍ , രാവണനാല്‍ അപഹരിക്കപ്പെട്ട തന്‍റെ പ്രേയസ്സി സീതാ ദേവിയെ തിരികെ കൊണ്ടു പോകുവാനും, രാവണനെ നിഗ്രഹിക്കുവാനും ലങ്കാ നഗരിയിലെത്തും. അപ്പോള്‍ അങ്ങ് അദ്ദേഹത്തെ നേരിട്ടു ദര്‍ശിക്കുകയും, അങ്ങയുടെ ഭക്തി പാരവശ്യത്തില്‍ സംപ്രീതനായി ശ്രീരാമന്‍ അങ്ങയെ അനുഗ്രഹിക്കുകയും ചെയ്യും. പിന്നെ വൈകാതെ, അങ്ങു തന്നെ രാമവൃത്താന്തം മുഴുവന്‍ രാവണസഭയില്‍ ഘോഷിക്കുകയും, അതോടെ ശാപമുക്തനാവുകയും ചെയ്യും. രാവണന്‍റെ സേവക്കായി, അവനെ പ്രാപിക്കുവാന്‍, അങ്ങേയ്ക്ക് യാതൊരു വൈഷമ്യവും ഉണ്ടാകില്ല. കാലമേതും കളയാതെ അതിനായി പുറപ്പെടുക. രാമനോട് രാവണന്‍റെ ദൂത് അറിയിക്കാനുള്ള സന്ദര്‍ഭം പ്രയാസലേശമെന്യേ അങ്ങേയ്ക്കു കൈവരികയും ചെയ്യും.”

രാവണസഭയില്‍ തന്‍റെ ദൌത്യം പൂര്‍ത്തിയായിരിക്കുന്നുവെന്ന് ശുകനറിഞ്ഞു. പൂര്‍വ്വ ജന്മത്തിലേക്ക് തിരികെ പോകുവാന്‍ സമയമായതും, സാധുസേവയുടെ ആവശ്യങ്ങളും ശുകനോര്‍മ്മിച്ചു. അഗസ്ത്യശാപത്തിന്‍റെ കാലാവധി പൂര്‍ത്തിയാക്കിയ ശുകന്‍ ഒരു ദ്വിജനായി, കാഷായാംബര ധാരിയായി ശേഷിക്കുന്ന ദൌത്യങ്ങളിലേക്ക് നടകൊണ്ടു.

 കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...