Sunday, September 30, 2018


ദക്ഷന്റെ ശാപം 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ദക്ഷൻ ചന്ദ്രനെ ശപിച്ച കഥ മഹാഭാരതത്തിൽ (ശല്യപർവം, 35-ാം അധ്യായം) വിവരിക്കുന്നുണ്ട്. അശ്വതി,ഭരണി, കാർത്തിക തുടങ്ങിയ ഇരുപത്തിയേഴു പുത്രിമാരെ ദക്ഷൻ ചന്ദ്രന് വിവാഹം ചെയ്തു നല്കി. ചന്ദ്രനാകട്ടെ, രോഹിണിയോടുമാത്രം പ്രത്യേകം പ്രേമം പ്രകടിപ്പിച്ചു. ഇതിൽ ദുഃഖിതരായ മറ്റുള്ളവർ പിതാവിനോട് പരാതി പറഞ്ഞു. എല്ലാ പത്നിമാരോടും സമാനമായ സ്നേഹം പ്രകടിപ്പിക്കണമെന്ന് ദക്ഷൻ ചന്ദ്രനോട് അഭ്യർഥിച്ചെങ്കിലും ചന്ദ്രൻ അതിനു ശ്രമിച്ചില്ല. 'ക്ഷയ'രോഗിയായിത്തീരട്ടെ എന്ന് ദക്ഷൻ ചന്ദ്രനെ ശപിച്ചു. ഇതോടെ സസ്യജാലമെല്ലാം ക്ഷീണിതമായി ലോകംതന്നെ നശിക്കും എന്നു മനസ്സിലാക്കിയ ദേവന്മാർ ദക്ഷനെക്കണ്ട് ശാപത്തിൽ ഇളവു വരുത്തുന്നതിനഭ്യർഥിച്ചു. ഓരോ മാസവും പകുതി ദിവസം മാത്രം 'ക്ഷയ'രോഗബാധിതനാകുമെന്നും അതുകഴിഞ്ഞാൽ രോഗം മാറുമെന്നും ശാപം കുറച്ചുകൊടുത്തു. ഇതാണത്രെ ചന്ദ്രന് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകാൻ കാരണം.

കരിമുട്ടം ദേവി ക്ഷേത്രം
 


ദുര്യോധന പുത്രനും പുത്രിയും


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 കൗരവ ജയേഷ്ഠനായ ദുര്യോധനന്റെ പുത്രനാണ് ലക്ഷ്മണൻ.

ദുര്യോധനൻ ഒരിക്കൽ കാശിരാജാവിന്റെ പുത്രിയായ ഭാനുമതിയെ കർണ്ണന്റെ സഹായത്തോടെ അപഹരിക്കുകയും , അവളിൽ നിന്നും ലക്ഷ്മണൻ എന്നൊരു പുത്രനും , ലക്ഷ്മണ എന്നൊരു പുത്രിയും ജനിക്കുകയും ചെയ്തു .

ലക്ഷ്മണൻ കൗരവ പക്ഷത്തെ ഒരു മഹാരഥിയായിരുന്നു. ഭാരതയുദ്ധത്തിൽ വച്ച് അര്ജുനപുത്രനായ അഭിമന്യുവിനോട് പൊരുതി ഇദ്ദേഹം വീരമൃത്യു വരിച്ചു .

കരിമുട്ടം ദേവി ക്ഷേത്രം

ഗാന്ധാരി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 കുരുപാണ്ഡവഃ യുദ്ധത്തിന് ശേഷം മഹാഭാഗയായ ഗാന്ധാരീ ദേവി , ദൂരെ നിന്ന് കുരുക്കൾ മരിച്ചുവീണ യുദ്ധക്കളം ദർശിച്ചു . ഉഗ്ര തപസ്വിനിയും പതിവ്രതകളിൽ അഗ്രഗണ്യയുമായ ഗാന്ധാരി, വ്യാസമുനിയുടെ അനുഗ്രഹത്താൽ ദിവ്യദൃഷ്ടിയുള്ളവളായിത്തീർന്നു. അവൾ തന്റെ കണ്ണുകളെ മൂടിക്കെട്ടിയിരുന്നിട്ടും ദിവ്യദൃഷ്ടിയാൽ സകലതും കാണുവാൻ കഴിഞ്ഞു . യുദ്ധക്കളത്തിൽ മരണപ്പെട്ട ഓരോ വ്യക്തികളേയും ചൂണ്ടിക്കാണിച്ച് അവൾ അടുത്തു നിന്നിരുന്ന ഭഗവാൻ കൃഷ്ണനോട് അതേപ്പറ്റിയെല്ലാം വിലപിച്ചുകൊണ്ടിരുന്നു. സ്ത്രീകളിൽ ഉത്തമയായ ഗാന്ധാരി കരഞ്ഞു കരഞ്ഞു തളർന്ന് ഉഴന്നു വീണു. പിന്നീട് എണീറ്റ് വീണ്ടും വിലാപത്തോടു കൂടി സകല അപരാധവും കൃഷ്ണനിൽ ചുമത്തിക്കൊണ്ട് അവർ ഇങ്ങനെ പറഞ്ഞു.

" കൃഷ്ണാ , പാണ്ഡവരും ധാർത്തരാഷ്ട്രന്മാരും പരസ്പരം കൊന്നു തീർന്നു. എന്തിനാണ് ജനാർദ്ദനാ അവരെ നീ തീർത്തും ഉപേക്ഷിച്ചു കളഞ്ഞത് ?  നീ രണ്ടിനും സമർത്ഥനും ശ്രുതവാക്യനും അസംഖ്യം ഭൃത്യന്മാരും വിപുലമായ സൈന്യബലമുള്ളവനും ശക്തനുമല്ലേ ? അല്ലയോ മധുസൂദനാ, അപ്പോൾ കുരുക്കളുടെ നാശം നിന്റെ ഇച്ഛയനുസരിച്ചാണ് നടന്നത്. അതിനാൽ, മഹാബാഹോ അതിന്റെ ഫലം നീയും അനുഭവിക്കട്ടെ. പതിശുശ്രൂഷയാൽ അൽപ്പമെങ്കിലും തപോബലം ഞാൻ ആർജ്ജിച്ചിട്ടുണ്ടെങ്കിൽ, ആ തപോബലത്താൽ അല്ലയോ ചക്രഗദാധരാ, ഞാൻ നിന്നെ ശപിക്കുകയാണ്. പരസ്പരം കൊല്ലുന്ന ബന്ധുക്കളായ കുരുപാണ്ഡവരെ നീ ഉപേക്ഷിക്കുകയാൽ, അല്ലയോ ഗോവിന്ദാ, നിന്റെ ബന്ധുക്കളും ഇതുപോലെ കൊല്ലപ്പെടുന്നതാണ്. ഇന്നേക്ക് മുപ്പത്തിയാറാമാണ്ട് തികയുമ്പോൾ, ബന്ധുക്കളും അമാത്യന്മാരും പുത്രന്മാരുമൊക്കെ കൊല്ലപ്പെട്ട്‌ വനത്തിലൂടെ നടക്കുമ്പോൾ, കുത്സിതമായ ഒരു ഉപായത്താൽ നീയും മരിക്കുന്നതാണ്. ഈ കാണും പടി, ബന്ധുക്കളെല്ലാം മരിച്ച് നിങ്ങളുടെ സ്ത്രീകളും ഭാരത സ്ത്രീകളെപ്പോലെ അനാഥകളായി വിലപിക്കും [മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 25 , ശ്ളോകങ്ങൾ 39 മുതൽ 46 വരെ]

ഗാന്ധാരിയുടെ ശാപവാക്കുകൾ കേട്ടിട്ടും ഭഗവാൻ കൃഷ്ണന് ഒരു കുലുക്കവുമുണ്ടായില്ല . അദ്ദേഹം താൻ ചെയ്യാനുദ്ദേശിച്ചിരിക്കുന്ന കാര്യം തന്നെയാണ് ശാപവാക്കുകളിലൂടെ ഗാന്ധാരി ഇപ്പോൾ പറഞ്ഞതെന്ന് അവളെ അറിയിച്ചു . ഉത്തമഭക്തയും ധർമ്മിഷ്ഠയുമായ ഗാന്ധാരിയുടെ വാക്കുകളെ സത്യമാക്കുവാനും, താൻ നിശ്ചയിച്ചിട്ടുള്ളത് നടത്താനുമായി ശ്രീകൃഷ്ണഭഗവാൻ ഗാന്ധാരിയുടെ ശാപത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു. അതനുസരിച്ചാണ് പിൽക്കാലത്ത് യദുകുലം നശിച്ചതും ദ്വാരക കടലിൽ മുങ്ങിപ്പോയതും.


കരിമുട്ടം ദേവി ക്ഷേത്രം

പഞ്ചതന്ത്രം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ദക്ഷിണാപഥത്തിലെ മഹിളാരോപ്യം എന്ന പട്ടണത്തിലെ രാജാവായിരുന്നു അമരശക്തി. അദ്ദേഹത്തിന് മൂന്നു പുത്രന്മാരാണുണ്ടാ യിരുന്നത്. പുത്രന്മാർ മൂവരും ബുദ്ധിഹീനരും, ദുർബുദ്ധികളുമായിരുന്നു. തന്റെ പുത്രന്മാരുടെ ബുദ്ധിയുണർത്താൻ എന്തെങ്കിലും വഴി കണ്ടുപിടിക്കാൻ രാജാവ് തന്റെ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

രാജാവിന്റെ ഇംഗിതം മനസ്സിലാക്കിയ സുമതി എന്ന മന്ത്രിയുടെ ഉപദേശപ്രകാരം രാജാവ്, സർവ്വ ശാസ്ത്രവിശാരദനായ വിഷ്ണുശർമ്മ എന്ന ബ്രാഹ്മണനെ ആളയച്ചു വരുത്തി. പുത്രന്മാരെ അദ്ദേഹത്തിന് ഏൽപ്പിച്ചു കൊടുത്തു.

വിഷ്ണുശർമ്മ ലോകത്തിലെ ധർമ്മ ശാസ്ത്രങ്ങളും , നീതിശാസ്ത്രങ്ങളും എല്ലാം ഉൾപ്പെടുത്തി വളരെ മനോഹരമായി അഞ്ചു ഗ്രന്ഥങ്ങൾ (തന്ത്രങ്ങൾ) രചിച്ചു. അദ്ദേഹം അവ ഓരോന്നായി അമരശക്തി രാജാവിന്റെ പുത്രന്മാരെ പഠിപ്പിച്ചു.അങ്ങിനെ അവർ അറിവുള്ളവരായി തീരുകയും ചെയ്തു.

മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം ഇങ്ങിനെ അഞ്ചു ഭാഗങ്ങളിലായിട്ടാണ് ഈ കഥകൾ അവതരിപ്പിച്ചിട്ടുള്ളത്. നല്ല നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ കഥകൾ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

 കരിമുട്ടം ദേവി ക്ഷേത്രം


 ഗണപതി ഹോമം


  കരിമുട്ടം ക്ഷേത്ര ഒന്നാം ഗ്രൂപ്പിൽ ഒരംഗം ഗണപതി ഹവനത്തെക്കുറിച്ച് ചോദിച്ചിരുന്നതിന് ശേഖരിച്ച അറിവുകൾ ഇവിടെ ചേർക്കുകയാണ്. ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ആരാധനാ ഭാവത്തിൽ ഉണ്ട്. ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്

1. ബാലഗണപതി:
കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.

2. തരുണഗണപതി:
യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.

3. ഭക്തിഗണപതി:
പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.

4. വീരഗണപതി:
ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.

5. ശക്തിഗണപതി:
4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.

6. ദ്വിജഗണപതി:
3 ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.

7. സിദ്ധിഗണപതി:
എല്ലാം നേടിയെടുത്ത ആത്മ സംതൃപ്തിയോടെ ഇരിക്കുന്ന ഗണപതി.

8. ഉച്ചിഷ്ട ഗണപതി:
സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ എന്നിവ കാണും.

9. വിഘ്നഗണപതി:
എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.

10. ക്ഷിപ്രഗണപതി:
വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്. തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.

11. ക്ഷിപ്രപ്രസാദഗണപതി:
പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ളാ സിംഹാസനത്തിൽ ഇരിക്കുന്നു.

12. ഹെരംബഗണപതി:
5 മുഖമുള്ള ഗണപതി,വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്. ഒരു വലിയ സിംഹത്തിന്റെ മുകളിലാണ് സവാരി.

13. ലക്ഷ്മിഗണപതി:
തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌. കൈകളിൽ തത്ത, മാതളം.

14. മഹാഗണപതി:
തൃക്കൺ ഉള്ള ഗണപതിയാണ് ഇത്. മാതളം, നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തി നിൽക്കുന്നു.

15. വിജയഗണപതി:
എപ്പോഴും വിജയഭാവ ത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.

16. നൃത്തഗണപതി:
നൃത്ത രൂപത്തിലാണ് ഈ ഗണപതി. നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരമുണ്ടാകും.

17. ഉർധ്വ ഗണപതി: 6 കൈകളിൽ നെൽക്കതിർ, താമര, കരിമ്പ്.

18. ഏകാക്ഷര ഗണപതി:
തൃക്കൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്.

19. വരദ ഗണപതി:
ഈ ഗണപതി കൈയിൽ തേനുമായി ആണ് ഇരിക്കുന്നത്.

20. ത്രയാക്ഷര ഗണപതി:
ഈ ഗണപതി പൊട്ടിയ കൊമ്പും, തുമ്പിക്കൈയിൽ മോദകവും ഉണ്ടാകും.

21. ഹരിന്ദ്ര ഗണപതി:
ഒരു പീഠത്തിന്റെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.

22. ഏകദന്തഗണപതി:
ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്. ലഡ്ഡു ആണ് പ്രസാദം.

23. സൃഷ്ടിഗണപതി:
ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.

24. ഉദ്ദണ്ടഗണപതി:
ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.

25. ഋണമോചന ഗണപതി:
ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.

26. ധുണ്ടി ഗണപതി:
കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.

27. ദ്വിമുഖ ഗണപതി:
രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.

28. ത്രിമുഖ ഗണപതി:
സ്വർണനിറത്തിലുള്ള താമര ആണ് ഇരിപ്പിടം.

29. സിംഹ ഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

30. യോഗ ഗണപതി:
യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്. ധ്യാന നിമഗ്നനായി ആണ് ഈ ഗണപതി.

31. ദുർഗ്ഗ ഗണപതി:
വിജയത്തിന്റെ പ്രതീകമാണ്‌ ഈ ഗണപതി.

32. സങ്കടഹര ഗണപതി:
എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

 *ഗണപതി ഹോമം*
ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.

ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.

എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.

നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.

ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്.
പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.

 *ഗണപതിഹോമവും ഫലങ്ങളും*

പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.

വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :

👉 അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.

👉 ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.

👉 മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.

👉 സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.

👉 ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക.

👉 പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.

👉 കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

👉 ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.

ഏറ്റവും ശ്രേഷ്ഠമായ ക്രിയയാണ് ഗണപതി ഹവനം. ഏതു ക്രിയയും ആരംഭിക്കുന്നതിനു മുന്‍പ് വിഘ്നേശ്വരനായ ശ്രീ ഗണപതിയെ വന്ദിക്കുന്നു. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്‍കുന്ന അഭീഷ്ട വരദനാണ് ഗണനായകന്‍. ഗൃഹങ്ങളില്‍ ചെയ്യാവുന്ന 'ഗണപതിക്ക്‌ വയ്ക്കല്‍' മുതല്‍ മഹാ ക്ഷേത്രങ്ങളില്‍ ചെയ്യുന്ന 'അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ' വരെ പല രീതിയിലും ക്രമത്തിലും ഗണപതിയെ ആരാധിക്കാം.

ഗണപതിക്ക്‌ വയ്ക്കല്‍ :

വീടുകളിലാണ് സാധാരണയായി ഇത് സമര്‍പ്പിക്കുന്നത്. ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിനു മുമ്പായി പൂജാമുറി അഥവാ ക്രിയ നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയ പഴങ്ങള്‍ ഇവ നിവേദ്യമായി വയ്ക്കുന്നു. അല്പം നെല്ല്, പുഷ്പങ്ങള്‍, ജലം തുടങ്ങിയവയും വയ്ക്കുന്നു. ചന്ദനത്തിരി കൊളുത്തി വയ്ക്കുന്നു. തൊഴുതു പ്രാര്‍ഥിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്യാം. ഒടുവില്‍ കർപ്പൂരമുഴിഞ്ഞു തൊഴുത ശേഷം നിവേദ്യങ്ങള്‍ പ്രസാദമായി കഴിക്കുന്നു.

ഗണപതി ഹോമം :

ഗണപതി പ്രീതിക്കായി നാളികേരം പ്രധാനമായും മറ്റു ദ്രവ്യങ്ങളും ചേര്‍ത്ത് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ജന്മനക്ഷത്തിന് ഗണപതി ക്ഷേത്രത്തില്‍ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നതിനും നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്ഷേത്രത്തിലും ഇപ്രകാരം തന്നെ
എട്ട് നാളീകേരം(തേങ്ങ) കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എല്ലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലുംചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം പ്രസാദമായി വിതരണം ചെയ്യാം. ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി വാങ്ങാവുന്നതാണ്.

മഹാ ഗണപതി ഹവനം:

സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി.
ഭാരതത്തിലും പുറത്തും ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു.
ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാ ഗണപതി ഹോമം നടത്തുന്നത്. സമൂഹ പ്രാര്‍ത്ഥനയായും ഇത് ചെയ്യാറുണ്ട്.

കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്.

ചതുര്‍ത്ഥി വ്രതം

ഗണപതി പ്രീതിക്കായി ആണ് ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ചതുര്‍ത്ഥി വ്രതം തന്നെ പലതരത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ ചേര്‍ക്കുന്നു.

ചതുര്‍ത്ഥി :-

ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥിയിലാണ് ഗണപതി പ്രീതിക്കായി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതി അവതരിച്ചതിനാലാണ് ഈ ദിനം ചതുര്‍ത്ഥി വ്രതമായി ആചരിക്കുന്നത്. ഇത് വിഘ്നനാശകമാണ്. ഉദ്ദിഷ്ടവരസിദ്ധി നേടാന്‍ ഈ വ്രതം നമ്മെ സഹായിക്കുന്നതാണ്.

സങ്കടഹര ചതുര്‍ത്ഥി :-

ഈ വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്നും പേരുണ്ട്. കാരണം ഈ വ്രതം സങ്കടങ്ങള്‍ പരിഹരിക്കുന്നു എന്നാണു വിശ്വാസം. പൌര്‍ണമിക്കുശേഷം കറുത്തപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയില്‍ ആണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. സങ്കടചതുര്‍ത്ഥിനാളില്‍ അവല്‍, മലര്‍, അപ്പം, കൊഴുക്കട്ട എന്നിവ നിവേദ്യമായി സമര്‍പ്പിക്കാം. അന്ന് ഗണപതിക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. അന്നേദിവസം കറുകമാല അണിയിപ്പിക്കുന്നത് അത്യുത്തമം.

മഹാസങ്കട ചതുര്‍ത്ഥി :-

ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളിലാണ് ഗണപതി താണ്ഡവമാടിയത്. അന്നേദിവസം നടത്തുന്ന ചതുര്‍ത്ഥി വ്രതത്തിനെ മഹാസങ്കട ചതുര്‍ത്ഥിയെന്ന് പറയുന്നു. ഓരോ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലും ഗണപതി ധ്യാനം നടത്തി വ്രതം അനുഷ്ഠിച്ചാല്‍ മഹാസങ്കടങ്ങള്‍ വരെ വഴിമാറിപോകും. അതാണ്‌ ഈ വ്രതത്തിന് മഹാസങ്കട ചതുര്‍ത്ഥി വ്രതമെന്ന് പറയുന്നത്.

വിനായക ചതുര്‍ത്ഥി :-

ഗണപതി പ്രീതിക്കായ്‌ നടത്തുന്ന മറ്റൊരു പ്രധാന വ്രതമാണ് വിനായക ചതുര്‍ത്ഥി. ക്ഷേത്രദര്‍ശനം നടത്തുന്നതും, ഗണപതി വിഗ്രഹം കടലില്‍ നിമഞ്ചനം ചെയ്യുന്നതും വിനായക ചതുര്‍ഥിനാളില്‍ പ്രധാനപ്പെട്ടവയാണ്.

"ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരും" എന്നൊരു ചൊല്ലുണ്ട്.

മുക്കുറ്റി പുഷ്പാഞ്ജലി

തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിവാകുന്നതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും വിനായക കൃപയാല്‍ ഒഴിവാകുക തന്നെ ചെയ്യും.
ഗൃഹാരംഭം, ഗൃഹ പ്രവേശം മുതലായവ നടത്തുന്ന ദിവസങ്ങളിലും പുതിയ സംരംഭങ്ങള്‍, പ്രധാന കാര്യങ്ങള്‍ മുതലായവ നടത്തുന്ന ദിവസങ്ങളിലും പക്കപിറന്നാളുകളിലും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നത് ശ്രേയസ്കരമാണ്.


 കരിമുട്ടം ദേവി ക്ഷേത്രം 



 നന്ദികേശ്വരൻ 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന 23.07.2018 ലെ രണ്ടാമത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

 ശിവന്റെ ഭൂതഗണങ്ങളില്‍ പ്രധാനിയാണ് നന്ദികേശന്‍. നന്ദി,  നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണ് നന്ദിയെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരനും ആരാധ്യനാണ്.

 നന്ദി ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍  മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദന്‍  എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ശാലങ്കായന്റെ പുത്രനായ ശിലാദന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്‍കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുത ശിശു ദൃശ്യനായി. നാല് കൈകളുള്ള ശിരസ്സില്‍  ജടാമകുടങ്ങളുള്ള ശിശു. ശിലാദന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലഭിച്ചു. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹം അഭ്യര്‍ത്ഥിച്ചു.'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍  ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി. 'ദീര്‍ഘായുസ്സ് നല്‍കണം' എന്ന് അഭ്യര്‍ത്ഥിച്ചു. 'ദീര്‍ഘായുസ്സ് മാത്രമല്ല, കൈലാസത്തില്‍ വന്ന്് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം  ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍  അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.

നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍  മറ്റൊരു കഥ കൂടിയുണ്ട്. നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചി മഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി, ഗുരു തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ടു. ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി. ശിവനെ അഭയം പ്രാപിച്ചു. കൈലാസത്തില്‍  ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്തന്‍ അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുത ചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്.

 ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധ വാരിധിയാക്കി മാറ്റി.  രുദ്രന്‍ തൃക്കണ്ണ് തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്ര വര്‍ണങ്ങളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവര്‍ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നുകണ്ടു. ശിവനെ ഇത് കൂടുതല്‍ ക്രുദ്ധനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍  ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.

 കരിമുട്ടം ദേവി ക്ഷേത്രം

 _

ആദിത്യ ഹൃദയ മന്ത്രം 



കശ്യപപ്രജാപതിക്ക് അദിതിയിൽ ജനിച്ച പുത്രനാണ് സൂര്യഭഗവാൻ. അദിതിയുടെ പുത്രനായതിനാൽ ആദിത്യൻ എന്നും അറിയപ്പെടുന്നു.  പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനാണ്.  ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിത പ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും.

ആദിത്യ ദേവനെക്കുറിച്ചുളള ഏറ്റവും പ്രസിദ്ധവും ശക്തിയേറിയതുമായ മന്ത്രമാണ് ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ആദിത്യഹൃദയം. വാല്മീകി മഹര്‍ഷിയാണ് ഈ സ്തോത്രത്തിന് ആദിത്യഹൃദയം എന്ന പേര് നൽകിയത്.  രാമരാവണയുദ്ധ സമയത്ത് അവതാര പുരുഷനായ ശ്രീരാമദേവൻ രാവണന്റെ പരാക്രമണ മികവിൽ ചിന്താധീനനായി യുദ്ധഭൂമിയിൽ തളര്‍ന്നിരുന്നു. ഈ സമയത്ത് ദേവന്മാരോടൊപ്പം യുദ്ധം കണ്ടുകൊണ്ടിരുന്ന അഗസ്ത്യമുനി ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയമന്ത്രം ജപിക്കാൻ ഉപദേശിക്കുകയും തുടർന്ന് ശ്രീരാമദേവൻ യഥാവിധി മൂന്നുതവണ ജപിച്ച ശേഷം യുദ്ധത്തിനിറങ്ങി രാവണനെ വധിക്കുകയും ചെയ്തു. മനസ്സിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊർജ്ജവും നൽകുന്ന ഒന്നാണ് ആദിത്യഹൃദയ മന്ത്രം.

രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ.  ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ജീവിതത്തിൽ നിത്യവിജയിയാവാൻ മാതാപിതാക്കൾ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ചെറുപ്പം മുതലേ ശീലിപ്പിക്കണം. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.

ആദിത്യഹൃദയം

സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ

കരിമുട്ടം ദേവി ക്ഷേത്രം



തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...