Monday, October 1, 2018

കുരുവംശത്തിലെ അവസാന രാജാവ്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പരീക്ഷിതിനുശേഷം രാജ്യഭാരമേറ്റ ജനമേജയനു രണ്ടു പുത്രന്മാരു ണ്ടായിരുന്നു. തന്റെ അവസാന കാലഘട്ടത്തിൽ കുഷ്ഠരോഗിതനായ ജനമേജയൻ മൂത്ത പുത്രനായ ശതാനികനെ ചക്രവർത്തിയായി വാഴിച്ചു. ശതാനികനുശേഷം അശ്വമേധദത്തനായിരുന്നു ഹസ്തിനപുരിയുടെ ചക്രവർത്തി. അദ്ദേഹത്തിന്റെ കാലത്ത് ഗംഗാനദിയിലുണ്ടായ പ്രളയത്തിൽ ഹസ്തിനപുരി നശിച്ചുപോകുകയുണ്ടായി. അതിനെത്തുടർന്ന് അദ്ദേഹം കൗശാമ്പി എന്ന നഗരത്തിലേക്ക് തലസ്ഥാനം മാറ്റിസ്ഥാപിച്ചു. അശ്വമേധദത്തനാണ് കുരുവംശത്തിലെ അവസാന രാജാവ് എന്നു മഹാഭാരതത്തിലും, വിഷ്ണുപുരാണത്തിലും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു പേരായിരുന്നു യഗ്യദത്തൻ.

കരിമുട്ടം ദേവി ക്ഷേത്രം 

മഗഥയിലെ പരീക്ഷത്ത്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഗധദേശത്തുള്ള ഒരു രാജകുമാരിയായിരുന്നു അമൃത.
അമൃത അനശ്വാന്റെ ഭാര്യയും , പരീക്ഷിത്തിന്റെ അമ്മയുമായിരുന്നു. [അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തല്ല ഈ പരീക്ഷിത്ത്‌ ] .

ഈ പരീക്ഷിത്തിന്റെ പുത്രനാണ് ഭീമസേനൻ എന്ന രാജാവ് . [പഞ്ചപാണ്ടവരിലെ ഭീമസേനൻ അല്ല ഈ ഭീമസേനൻ].

ഈ ഭീമസേനരാജാവിന്റെ പുത്രനായിരുന്നു പ്രതിശ്രവസ്സ്.

പ്രതിശ്രവസ്സിന്റെ പുത്രനാണ് പ്രതീപ മഹാരാജാവ്.

പ്രതീപ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനായ ശന്തനുവാണ് ഭീഷ്മരുടെപിതാവ് .

കരിമുട്ടം ദേവി ക്ഷേത്രം

വസുഷേണൻ എന്ന കർണൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അധിരഥൻ. കൗരവ രാജാവായിരുന്ന ധൃതരാഷ്ട്രരുടെ സുഹൃത്തായിരുന്നു ചമ്പാപുരിക്കു സമീപം പാർത്തിരുന്ന ഈ സൂതൻ. രാധയെന്നായിരുന്നു അധിരഥന്റെ ഭാര്യയുടെ പേര്. കർണ്ണൻറെ വളർത്തച്ഛനാണ് ഇദ്ദേഹം.

സന്താനങ്ങൾ ഇല്ലാതിരുന്ന അധിരഥൻ-രാധ ദമ്പതികൾ ഒരു ദിവസം ഗംഗയിൽ ജലക്രീഡ ചെയ്യവേ ഒരു പേടകത്തിൽ ഒരു ശിശു ഒഴുകി വരുന്നതുകണ്ടു. കുന്തീദേവിഅവിവാഹിതയായിരിക്കെ സൂര്യനിൽനിന്നു ഗർഭം ധരിച്ച്, പ്രസവിച്ച ഉടനെ അപമാനഭയത്താൽ ഒരു പെട്ടിയിലാക്കി ഗംഗയിൽ ഒഴുക്കിയ ശിശു ആയിരുന്നു അത്. അധിരഥനും ഭാര്യയും ശിശുവിനെ എടുത്തുകൊണ്ടുപോയി വസുഷേണൻ എന്നു പേരിട്ട് വളർത്തി. പിൽക്കാലത്ത് കർണ്ണൻ എന്ന പേരിലറിയപ്പെട്ടത് ഈ കുമാരനാണ്. കർണ്ണൻ ആയുധ വിദ്യാഭ്യാസത്തിനായി കൗരവ-പാണ്ഡവ പുത്രന്മാരുടെ ഗുരുവായ ദ്രോണാചാര്യരുടെ അടുത്ത് ചെല്ലുകയും വിദ്യാ ദാനം ആവിശ്യപ്പെടുകയും ചെയ്തു. എന്നാൽ സൂത പുത്രനായ കർണ്ണന് വിദ്യ പ്രദാനം ചെയ്യാൻ ഗുരു ദ്രോണർ വിസമ്മതം പ്രകടിപ്പിച്ചു. കുലത്തിൻറ പേരിൽ അപമാന ഭാരം സഹിക്കാനാവാതെ മനസ്സ് വേദനിച്ച കർണ്ണൻ എന്ത് വില കൊടുത്തും വിദ്യ അഭ്യസിക്കണം എന്ന ദ്യഡ നിശ്ചയത്തിലേക്ക് എത്തി ചേർന്നു. അങ്ങനെ ഭഗവാൻ പരുശുരാമന്‍റെ കീഴിൽ ബ്രാഹ്മണനാണ് എന്ന നുണ പറഞ് ആയുധവിദ്യ അഭ്യസിച്ചു. ദ്രോണാചാര്യരുടെ നേതൃത്വത്തിൽ കുരുക്ഷേത്രത്തിൽ വച്ച് പാണ്ഡവ-കൗരവ രാജകുമാരൻമാരുടെ അസ്ത്രാഭ്യാസ പ്രദർശനം നടക്കുമ്പോൾ മത്സരത്തിൽ പങ്കെടുക്കാൻ ചെന്ന കർണ്ണന്റെ പദവിയെപ്പറ്റി ഉയർന്ന ആക്ഷേപത്തിനു പരിഹാരമായി ദുര്യോധനൻ ധൃതരാഷ്ട്രരുടെ അനുമതിയോടു കൂടി കർണ്ണനെ അവിടെ വച്ച് അംഗരാജാവായി അഭിഷേകം ചെയ്യുകയുണ്ടായി.

കർണ്ണൻ അങ്ങനെ രാജകീയ പ്രതാപത്തോടുകൂടി നില്ക്കുമ്പോൾ, മേൽമുണ്ടഴിഞ്ഞ്, ദേഹമാസകലം വിയർത്തൊലിച്ച നിലയിൽ വടിയും ഊന്നി വൃദ്ധനായ അധിരഥൻ കർണ്ണന്റെ സമീപത്തെത്തി. കർണ്ണൻ തന്റെ വളർത്തച്ഛനെ കണ്ടമാത്രയിൽ ഭക്ത്യാദരങ്ങളോടുകൂടി അടുത്തുചെന്ന് അഭിഷേകാർദ്രമായ ശിരസ്സു കുനിച്ച് അദ്ദേഹത്തെ നമസ്കരിച്ചതും അദ്ദേഹം അദമ്യമായ വാത്സല്യത്തോടുകൂടി വളർത്തുമകന്റെ ശിരസ്സ് മാറോടണച്ച് കണ്ണുനീർകൊണ്ട് ഒന്നുകൂടി അഭിഷേചനം ചെയ്തതും മഹാഭാരതത്തിലെ അത്യന്തം ഹൃദയസ്പൃക്കായ രംഗങ്ങളിൽ ഒന്നാണ്.

കരിമുട്ടം ദേവി ക്ഷേത്രം
 

കിണർ - സ്ഥാനങ്ങളും ലക്ഷണങ്ങളും


 ഹസ്തോ മഘാനുരാധാ
പുഷ്യധനിഷ്ടോത്തരാനി രോഹിണ്യ:
ശതഭിഷഗിത്യാരംഭെ
കൂപാനാം ശസ്യതെ ഭഗണ :

അത്തം, മകം, അനിഴം, പൂയം, അവിട്ടം, ഉത്രം, ഉത്രട്ടാതി, രോഹിണി, ചതയം എന്നീ നക്ഷത്രങ്ങള്‍ ആണ് കിണറു കുഴിക്കാന്‍ തുടങ്ങുന്നതിനുള്ള നല്ല നാളുകള്‍.

അതിനു ശേഷം നല്ല ഒരു കിണറു പണിക്കാരനെ കണ്ടെത്തുക.

ആര്‍ക്കം പയോ ഹുടു വിഷാണ മാഷീസമേതം
പാരാവതാ ഖുശകൃതാ ച യുത: പ്രലേപ:
ടാങ്കസ്യ തൈലമതിതസ്യതതോ/സ്യ പാനം
പശ്ചാച്ചിതാസ്യ ന ശിലാസു ഭാവെധ്വിഘാത :

എരുക്കിന്‍ പാല്,  മാടപ്രാവ്, എലി ഇതുകളുടെ കാഷ്ടം, എന്നിവയെല്ലാം കൂട്ടി ചേര്‍ത്തു ആയുധത്തിന്മേല്‍ തേച്ചു എണ്ണയിട്ടു മൂര്‍ച്ച കൂട്ടിയ ആയുധം കൊണ്ട് പാറയിന്മേല്‍ വെട്ടിയാല്‍ കിണറു പണിയുമ്പോള്‍ ആയുധത്തിന് കേടു സംഭവിക്കുന്നതല്ല.

അത് മാത്രമല്ല,

ക്ഷാരെ കദള്യ മതിതേന യുക്തെ
ദിനോഷിതെ പായിതമായാസം യത്
സമ്യക്ചിതം ചാശ്പനി നൈതി ഭംഗം
നചാന്യ ലോഹെശ്വപി തസ്യ കൌന്ട്യം.

വാഴപ്പിണ്ടിയുടെ നീരില്‍ വെണ്ണീര് ചേര്‍ത്തു ഒരു ദിവസം വക്കുക. പിന്നെ അതില്‍ ആയുധം മുക്കി മൂര്‍ച്ച ഉണ്ടാക്കിയാല്‍ ആ ആയുധം കൊണ്ട് ഇതു പാറയിന്മേലും , ലോഹത്തിന്മേലും വെട്ടാം . ആയുധം കേടു വരില്ല.

അതിനു ശേഷം. കിണറിനു പറ്റിയ ദിക്ക് കണ്ടെത്തണം.

ആഗ്നേയ യദി കോനെ
ഗ്രാമസ്യ പുരസ്യ വാ ഭവേത് കൂപ:
നിത്യം സ കരോതി ഭയം
ദാഹം ച സമാനുഷം പ്രായ:

നിരൃതി കോണെ ബാല
ക്ഷയം ച വനിതാഭയം ച വായവ്യെ
ദിക്ത്രയമെതത് ത്യക്ത്വ
ശേഷാസു ശുഭാവഹാ: കൂപാ:

ഗ്രാമത്തിന്റെയോ, പുരത്തിന്റെയോ അഗ്നികോണില്‍ കിണറുണ്ടാക്കിയാല്‍ ആ ഗ്രാമത്തിലോ പുരത്തിലോ താമസിക്കുന്നവര്‍ക്ക് പ്രായേണ ഭയത്തെയും, പുര കത്തുക, പൊള്ളുക മുതലായ അഗ്നി ഭയത്തെയും ഉണ്ടാക്കുന്നു. നിരൃതി കോണില്‍ ആണെങ്കില്‍ കുട്ടികള്‍ക്കും വായു കോണില്‍ ആണെങ്കില്‍ സ്ത്രീകള്‍ക്കും നാശം ഫലം. അതിനാല്‍ ഈ മൂന്നു ദിക്കുകളെയും ഒഴിച്ച് ശേഷമുള്ള ദിക്കില്‍ ആണ് കിണര്‍ ഉണ്ടാക്കേണ്ടത്.

എവിടെ വേണം സ്ഥാനം ?

മീനെ കൂപമതീവ മുഖ്യ മുടിതം
സര്‍വാര്‍ത്ത പുഷ്ടിപ്രദം
മേഷേ ചാപി ഘടേ ച ഭൂതികൃദിദം
നക്രെ വൃഷേ/ര്ത്തപ്രദം
ആപേ കൂപ മതാപവത്സകപദേ
മുഖ്യം, തതൈവേന്ദ്രജിത്
കോശ്ടെ ദൃഷ്ട, മപാംപതു തു ശുഭാദം
നാരീക്ഷയം മാരുതെ:

മീനം രാശിയില്‍ കിണറു കുഴിക്കുന്നത് വളരെ മുഖ്യവും സകല സമ്പത്തുകള്‍ക്കും പുഷ്ടികരമാകുന്നു. മേടത്തിലും കുംഭത്തിലും കിണറു കുഴിക്കുന്നത് സമ്പല്‍ക്കരമാണ്. മകരത്തിലും ഇടവത്തിലും ഉണ്ടാക്കിയ കിണറു ധനത്തെ വര്‍ദ്ധിപ്പിക്കും. ആപന്‍ ആപവത്സന്‍ വരുണന്‍ ഇവരുടെ എല്ലാം പദങ്ങളും കിണര്‍ കുഴിക്കുന്നതിന് നല്ല സ്ഥാനങ്ങളാണ്. ഇന്ദ്രജിത്തിന്റെ പദത്തിലും കിണറു കുഴിക്കാം. മാരുതന്റെ പദത്തില്‍ കിണറു ഉണ്ടാക്കുന്നത്‌ സ്ത്രീകള്‍ക്ക് നാശകരമായിത്തീരുന്നു .

ഇങ്ങനെ പറ്റിയ സ്ഥാനവും ദിക്കും തീരുമാനിച്ചാല്‍ അവിടെ ജലം ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ധര്‍മ്യം യഷസ്യന്ച്ച വദാംയതോ /ഹം
ദകാര്ഗ്ഗലം യെന ജലോപലബ്ധി
പുംസാം യഥാംഗേഷു സിരാസ്തതൈവ
ക്ഷിതാവപി പ്രോന്ന തനിമ്നസമസ്താ

മനുഷ്യന്റെ അവയവങ്ങളില്‍ അധരൂത്തര ഭാവെനയുള്ള നാഡികളില്‍ കൂടി ആണല്ലോ രക്തസഞ്ചാരം. അപ്രകാരം തന്നെ ആണ് ഭൂമിയുടെ ഉള്ളിലുള്ള നാഡികളുടെയും ആ നാഡികള്‍ വഴിയായ ജല സഞ്ചാരത്തിന്റെയും സ്ഥിതി. (ഇങ്ങനെ ഉള്ള ജല സഞ്ചാരത്തെ കാണാനും, ഗണിക്കാനും കഴിഞ്ഞാല്‍ ജലം ലഭിക്കും നിശ്ചയം).

എകേന വര്‍ണ്നെന രസേന ചാംഭ
ശ്ച്യുതം നഭാസ്തോ വസുട്ധാവിശേശാത്
നാനാരസത്വം ബഹുവര്ന്നതാം ച
ഗതം പരീക്ഷ്യം ക്ഷിതി തുല്യമേവ:

ആകാശത്തില്‍ നിന്ന് ഒരേ നിരമായും ഒരേ രസമായും ഇരിക്കുന്ന വെള്ളം ഭൂമിയില്‍ വീഴുന്നു. പിന്നീട് അത് ഭൂമി പല പ്രകാരത്തില്‍ ഇരിക്കുന്നത് കൊണ്ട് അതതു സ്ഥലത്തിനു അനുസരിച്ച് നിറത്തോടും സ്വാദോടും കൂടിയതായി തീരുന്നു. ഇങ്ങനെ നാനാ വര്‍ണ്ണ രസങ്ങളോട് കൂടിയ ആ ജലത്തെ ഭൂമിയെ പോലെ തന്നെ നല്ല വണ്ണം പരീക്ഷിച്ചു അറിയേണ്ടുന്നതാണ്.

ഇനി ഏതാനും ലക്ഷണങ്ങള്‍:

വല്മീകൊപചിതായതാം
നിര്‍ഗ്ഗുണ്ട്യാം ദക്ഷിനെന കതിതകരൈ:
പുരുഷദ്വയെ സപാദെ
സ്വാദ് ജലം ഭവതി ചാശോഷ്യം.

വെള്ളം കുറഞ്ഞ ദിക്കില്‍ പുറ്റൊട്‌ കൂടിയ കരുനൊച്ചി മരം നില്‍ക്കുന്നതായാല്‍ അതില്‍ നിന്ന് മൂന്നു കോല്‍ തെക്കോട്ട്‌ നീങ്ങി രണ്ടേകാല്‍ ആള്‍ക്ക് കുഴിക്കുക. എന്നാല്‍ അവിടെ ഒരു കാലത്തും വറ്റിപോകാത്തതും സ്വാദുള്ളതും ആയ വെള്ളം ലഭിക്കും.

താന്നി മരത്തിനു അടുത്തു തെക്ക് ഭാഗത്ത് പുറ്റുണ്ടാകുക. എന്നാല്‍ ആ താന്നിമരത്തില്‍ നിന്ന് രണ്ടു കോല്‍ കിഴക്ക് ഒന്നര ആള്‍ക്കാഴത്തില്‍ ഉറവു കാണാം.
ഏതു വൃക്ഷമായാലും, അതിന്റെ ചുവട്ടില്‍ സദാ തവള നിവസിക്കുന്നുണ്ടെങ്കില്‍ അവിടെ നിന്ന് വടക്കോട്ട്‌ ഒരു കോല്‍ അകലം കണ്ടു നാലര ആള്‍ക്ക് കുഴിച്ചാലും ജലം നിശ്ചയം.
-പുറ്റിനോട് ചേര്‍ന്ന് കരിമ്പനയോ, തെങ്ങോ എവിടെ കാണുന്നു, അതിന്റെ ചുവട്ടില്‍ നിന്ന് ആറ് കോല്‍ നീങ്ങി നാലാള്‍ക്കു കുഴിച്ചാല്‍ അവിടെ ജലം ലഭിക്കും.
വെള്ളം കുറഞ്ഞ ദിക്കില്‍ രാമച്ചവും കരുകപ്പുല്ലും നന്നായി വളര്‍ന്നു നില്‍ക്കുന്നു എന്ന് കണ്ടാല്‍ അവിടെ ഒരാള്‍ക്ക്‌ കുഴിച്ചാല്‍ വെള്ളം കാണുന്നതാണ്.
എവിടെ ചവിട്ടിയാലും ഗംഭീര ശബ്ദമുണ്ടാകുന്നു, അവിടെ മൂന്നര ആള്‍ക്കടിയില്‍ വെള്ളമുണ്ടാകും. വടക്ക് നിന്നായിരിക്കും ഉറവ ഉണ്ടാകുക.
വൃക്ഷത്തിന്റെ ഏതെങ്കിലുമൊരു കൊമ്പു ഏറ്റവും താണിരിക്കുകയും അത് നിറം മാറി കാണുകയും ചെയ്യുന്നു എങ്കില്‍ ആ കൊമ്പിന്റെ നേരെ ചുവട്ടില്‍ മൂന്നാള്‍ക്ക് കുഴിച്ചാല്‍ വെള്ളം ലഭിക്കും.
-ഏതെങ്കിലും ഭൂമിയില്‍ അതിയായ ചൂടോ, പുകയോ കാണുന്നുവോ അവിടെ രണ്ടാള്‍ക്കടിയില്‍ വെള്ളമുണ്ട്. അവിടുത്തെ ഉറവു ഏറ്റവും വലുതുമായിരിക്കും.

ഇനി ആര്‍ക്കെങ്കിലും ഉപ്പു വെള്ളം തന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ വടക്ക് ഭാഗത്ത് പുറ്റുള്ള ഒരു കൊന്നമരം കണ്ടെത്തി അതിന്റെ ചുവട്ടില്‍ നിന്ന് രണ്ടു കോല്‍ തെക്ക്, പതിനഞ്ചു ആള്‍ക്ക് കുഴിച്ചാല്‍ ഉപ്പു വെള്ളം ലഭിക്കും.

ഇനി കിണറു കുഴിക്കാന്‍ തുടങ്ങാം. അതിനു മുമ്പ്

കൃത്വാ വരുണസ്യ ബലിം
വടവേതസകീലകം സിരാസ്ഥാനെ
കുസുമൈര്‍ഗ്ഗന്ധൈര്‍ ദ്ധൂപൈ:
സംപൂജ്യ നിധാപയെദ് പ്രഥമം:

വരുണന് ബലി കൊടുക്കുകയും, പേരാല്, വഞ്ചി ഇതുകളുടെ കുറ്റികള്‍ ജലഗന്ധപുഷ്പ ധൂപാദീപങ്ങളെ കൊണ്ടു ജപിച്ചു ഉറവുള്ള ദിക്കില്‍ സ്ഥാപിക്കുകയും ചെയ്യണം.

കിണറു കുഴിക്കുമ്പോള്‍ പാറ കാണുക ആണെങ്കിലോ?

ഭേദം യദാ നൈതി ശില തടാനിം
പലാശകാഷ്ടൈ സഹതിന്ദുകാനാം
പ്രജ്വാലയിത്വാ നലമഗ്നി വര്‍ണ്ണ
സുധംബുസിക്താ പ്രവിദാരമെതി

പനചിയുടെയും പ്ലാശിന്റെയും വിറകിട്ടു കത്തിച്ചു പാറ അഗ്നിവര്‍ണമാക്കി അതിന്മേല്‍ പാലില്‍ വെള്ളം ചേര്‍ത്തു വീഴ്ത്തിയാല്‍ പൊളിയാത്ത പാറ എളുപ്പത്തില്‍ പോളിയുന്നതാണ്.

അതല്ലെങ്കില്‍.. മുള, പ്ലാശ്, എനീ വൃക്ഷത്തിന്റെ വിറകു കത്തിച്ച ചാരവും അമ ചുട്ട ചാരവും കൂടി വെള്ളത്തില്‍ കലക്കി തിളപ്പിച്ച്‌ മുകളില്‍ പറഞ്ഞ പോലെ പാറ ചുട്ടുപഴുപ്പിച്ച് അതിന്മേല്‍ വീഴ്ത്തുക. ഇങ്ങനെ ഏഴു പ്രാവശ്യം വീഴ്ത്തണം. എന്നാല്‍ ഇതു പാറയും അനായാസം പൊളിയും.

കിണര്‍ കുഴിച്ചു ആവശ്യത്തിനു ജലവും ലഭ്യമായി എങ്കില്‍...

അഞ്ജന മുസ്തോശീരി:
സരാജകൊശാത കാമലകചൂര്‍ന്നൈ
കതകഫലസമായുക്തൈ
ര്യോഗ: കൂപെ പ്രദാതവ്യ:

അഞ്ജനം, മുത്തങ്ങ, രാമച്ചം, കറിചീര, നെല്ലിക്ക, തെറ്റാമ്പരല്‍ ഇവകള്‍ എല്ലാം പൊടിച്ചു കിണറ്റില്‍ ഇടണം.

കലുഷം, കടുകം ലവണം വിരസം
സലിലം യദി വാ ശുഭാഗാന്ധി ഭവേദ്
തടനെന ഭാവ്യമാലം സുരസം
സുസുഗാന്ധി ഗുണൈര പരൈശ്ച്ച യുതം

കലക്കം, കയ്പ്പ്, ഉപ്പു, സ്വദില്ലായ്മ, ദുര്‍ഗന്ധം, ഇവകളെല്ലാം ഉള്ള വെള്ളമാണെങ്കില്‍ മേല്‍പ്പറഞ്ഞ പൊടികൊണ്ടു ആ വക ദോഷങ്ങളെല്ലാം തീര്‍ന്നു നന്നാവുന്നതിനു പുറമേ വേറെയും പല ഗുണങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

കരിമുട്ടം ദേവി ക്ഷേത്രം

ഏകാദശി ദേവി


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ബ്രഹ്മദേവന്‍ സൃഷ്ടിച്ച അസുരനാണ് താലജംഘന്‍. അദ്ദേഹത്തിന്‍റെ മകന്‍ മുരന്‍. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവര്‍ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള്‍ ദേവന്മാര്‍ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.

ദേവന്മാര്‍ വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ വിഷ്ണുവില്‍ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉല്‍ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.

ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള്‍ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.

അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്.

കരിമുട്ടം ദേവി ക്ഷേത്രം
 

ശുക്രാചാര്യർ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ബ്രഹ്മപുത്രനായ ഭൃഗുമഹര്‍ഷിയുടെ രണ്ടാമത്തെ പുത്രനായിരുന്നു ശുക്രാചാര്യര്‍. ശുക്രാചാര്യര്‍ വളര്‍ന്നപ്പോള്‍ വേദപഠനത്തിനായി അംഗിരസ് മഷര്‍ഷിയുടെ ആശ്രമത്തിലെത്തി. എന്നാല്‍ അംഗിരസ്സിന് സ്വന്തം പുത്രനായ ബൃഹസ്പതിയോടുള്ള അമിത സ്നേഹവും വാത്സല്യവും മൂലം ശുക്രാചാര്യര്‍ അവിടം വിട്ടുപോകുകയും ഗൌതമ മഹര്‍ഷിയുടെ അടുത്തെത്തിച്ചേരുകയും ചെയ്തു. അവിടെ പഠനം തുടരുന്ന കാലത്ത് ശ്രീ പരമേശ്വരനെ തപസ്സ് ചെയ്ത് പ്രത്യക്ഷനാക്കി മൃതസഞ്ജീവനി മന്ത്രം എന്ന അത്ഭുതവിദ്യ സ്വായത്തമാക്കുകയും ചെയ്തു. പ്രീയവ്രതന്റെ പുത്രിയായ ഊര്‍ജ്ജസ്വലയെ വിവാഹം കഴിച്ച ശുക്രചാര്യര്‍ക്ക് അതില്‍ നാലു പുത്രന്മാരും ദേവയാനി എന്ന പുത്രിയും ജനിച്ചു. ഈ സമയം ബൃഹസ്പതി ദേവഗുരുവായി അവരോധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇതില്‍ അസൂയാലുവായ ശുക്രാചാര്യര്‍ താമസം വിനാ അസുരന്മാരുടെ ഗുരുസ്ഥാനമേറ്റെടുത്തു.

കരിമുട്ടം ദേവി ക്ഷേത്രം


രുദ്രാക്ഷം രണ്ടാം ഭാഗം


കരിമുട്ടം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ഉന്നയിച്ച സംശയത്തിന് സമാഹരിച്ച മറുപടി.


”മരിക്കും വിധൗഭീതി കൂടാതിരിപ്പാന്‍ ധരിക്കേണം മംഗേഷ്‌ഠ രുദ്രാക്ഷാഭാമം”

ഹിന്ദുക്കള്‍ രുദ്രാക്ഷത്തെ ഒരു പുണ്യവസ്‌തുവായി കാണുന്നു. ഇതിന്‌ കാരണം രുദ്രാക്ഷത്തിന്റെ ഉത്ഭവം ശിവനില്‍നിന്നായതുകൊണ്ടാണ്‌.

രുദ്രന്റെ അക്ഷിയില്‍നിന്നുത്ഭവിച്ചതുകൊണ്ട്‌ ഇതിന്‌ രുദ്രാക്ഷമെന്ന്‌ പേരുണ്ടായി.

ഭഗവാന്‍ ശിവന്‍ ത്രിപുരാസുരന്മാരെ എങ്ങനെ വധിക്കണമെന്നാലോചിച്ച്‌ അല്‌പസമയം കണ്ണടച്ചിരുന്നു. ആ ഇരുപ്പ്‌ ഒരായിരം ദിവ്യ സംവത്സരം നീണ്ടുപോയി. അതിനുശേഷം കണ്ണ്‌ ഇമവെട്ടി തുറന്നപ്പോള്‍ കണ്ണില്‍നിന്ന്‌ അശ്രുബിന്ദുക്കള്‍ പൊഴിഞ്ഞുവീണു. ഈ കണ്ണുനീര്‍ത്തുളളികളില്‍നിന്നാണ്‌ രുദ്രാക്ഷം ഉണ്ടായത്‌ എന്നാണ്‌ ഐതിഹ്യം.

രുദ്രാക്ഷം കണ്ടാല്‍ ലക്ഷം പുണ്യം, ധരിച്ചാല്‍ നൂറുകോടി പുണ്യം. ധരിച്ചുകൊണ്ട്‌ ജപിച്ചാല്‍ കോടാനുകോടി പുണ്യമാണ്‌ ഫലം.

നാലു ജാതിയില്‍പ്പെട്ട രുദ്രാക്ഷമാണുള്ളത്‌. വെളുത്തനിറത്തില്‍പ്പെട്ടത്‌ ബ്രാഹ്‌മണനും, ചുവന്ന നിറത്തില്‍പ്പെട്ടത്‌ ക്ഷത്രിയനും, മഞ്ഞനിറത്തില്‍പ്പെട്ടത്‌ വൈശ്യനും കറുത്ത നിറമുള്ളതു ശൂദ്രനുമാണ്‌ ധരിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളത്‌.

നെല്ലിക്കാവലുപ്പമുളള രുദ്രാക്ഷമാണ്‌ മികച്ചത്‌. ചാണയിലുരച്ചാല്‍ സ്വര്‍ണ്ണരേഖ പോലിരിക്കുന്നതാണ്‌ ശിവഭക്‌തന്മാര്‍ ധരിക്കുന്നത്‌.

കഴുത്തില്‍ 36 എണ്ണവും ഇരു ഭുജങ്ങളിലും പതിനാറു വീതവും മണിബന്ധത്തില്‍ പന്ത്രണ്ടും തോളില്‍ പതിനഞ്ചും ശിഖയില്‍ ഒന്നും, തലയില്‍ മാലപോലെ കോര്‍ത്ത്‌ മുപ്പതെണ്ണവും ധരിക്കണം. കണ്‌ഠത്തില്‍ രണ്ടോ, മൂന്നോ, അഞ്ചോ, ഏഴോ ധരിക്കുക.

കുണ്ഡലമായും കടുക്കനായും രുദ്രാക്ഷം ധരിക്കാം. ”*ഈശാനഃ സര്‍വ്വ വിദ്യാനാം*” എന്ന മന്ത്രം ജപിച്ചുകൊണ്ട്‌ ശിരസ്സിലും ”*തത്‌പുരുഷായ വിദ്‌മഹേ*” എന്ന മന്ത്രം ജപിച്ച്‌ കഴുത്തിലും നെഞ്ചിലും രുദ്രാക്ഷം ധരിക്കണം.

വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാല്‍ ഗുണത്തെക്കാളേറെ ദോഷം ഭവിക്കുമെന്ന്‌ വെളിപ്പെടുത്തുന്ന ആചാര്യമതം, രുദ്രാക്ഷം ധരിക്കുന്നവര്‍ ആഹാരകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കണമെന്നും ഉപദേശിക്കുന്നുണ്ട്‌. രുദ്രാക്ഷം ധരിക്കുന്നവര്‍ മദ്യം, മാംസം, വെളുത്തുള്ളി, ചുവന്നുള്ളി, മുരിങ്ങക്ക എന്നിവ ഉപയോഗിക്കുവാന്‍ പാടില്ല.

ബ്രഹ്‌മഹത്യാപാപം നശിക്കുവാനാണ്‌ ഏകമുഖ രുദ്രാക്ഷം ധരിക്കുന്നതെങ്കില്‍ രണ്ടുമുഖമുളളതു ധരിച്ചാല്‍ അര്‍ദ്ധനാരീശ്വരന്‍ പ്രസന്നനാകും.

അഗ്നിദേവനെ പ്രസാദിപ്പിക്കുന്നതിനും സ്‌ത്രീഹത്യാപാപം തീരുന്നതിനുമാണ്‌ മൂന്നു മുഖമുളള രുദ്രാക്ഷം ധരിക്കുന്നത്‌.

ബ്രഹ്‌മസ്വരൂപമായ നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ നരഹത്യാ പാപം തീരും.

സര്‍വ്വപാപങ്ങളും നശിപ്പിക്കുന്നതും പുരുഷഹത്യയെ ദൂരീകരിക്കുന്നതുമാണ്‌ അഞ്ചുമുഖമുള്ള രുദ്രാക്ഷം.

ഐശ്വര്യവും ആരോഗ്യവും ഉണ്ടാകുന്നതിനാണ്‌ ആറുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത്‌.

ഏഴുമുഖമുള്ളതു ധരിച്ചാല്‍ ജ്‌ഞാനം, ഐശ്വര്യം, ആരോഗ്യം എന്നിവയുണ്ടാകും.

വിഘ്‌നങ്ങള്‍ ഒഴിവായി പരപ്രാപ്‌തിയെ പ്രാപിക്കുവാന്‍ ഗണപതിയാകുന്ന അഷ്‌ടമുഖ രുദ്രാക്ഷം ധരിക്കുന്നു.

അതുകൊണ്ട്‌ അഷ്‌ടവസുക്കളും പ്രസാദിക്കുമെന്ന്‌ വിശ്വസിക്കുന്നു.

ഒന്‍പതുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഈശ്വരനെപ്പോലെയാകുന്നതോടൊപ്പം ഭ്രൂണഹത്യാപാപം, ബ്രഹ്‌മഹത്യാപാപം ഇവ ഇല്ലാതാകും.

പത്തുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍പ്പവിഷം ബാധിക്കുകയില്ല. ഇതിന്റെ അധിദേവത വിഷ്‌ണുവാണെന്നും യമനാണെന്നും അഭിപ്രായമുണ്ട്‌.

പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ശിരസ്സിലാണ്‌ ധരിക്കേണ്ടത്‌. ആയിരം അശ്വമേധയാഗം ചെയ്‌തതിന്റെ ഫലം ലഭിക്കും.

പന്ത്രണ്ടു മുഖമുള്ളത്‌ ദ്വാദശാതീതന്മാരാണ്‌. ഇത്‌ ചെവിയില്‍ ധരിക്കണം. മൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാവില്ല. സൂര്യഭഗവാന്റെ കൃപയുണ്ടാകും. ആധിയും വ്യാധിയും ഉണ്ടാകില്ല. ആന, സര്‍പ്പം, മാ ന്‍, എലി, തവള, കഴുത എന്നിവയെ കൊന്നാലുളള പാപം തീരും.

പതിമൂന്നു മുഖമുള്ളതു ധരിച്ചാല്‍ അഭീഷ്‌ടസിദ്ധിയുണ്ടാകുന്നു. സര്‍വ്വ ആഗ്രഹങ്ങളും സാധിക്കും.

പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍വ്വരോഗങ്ങളും മാറി ആരോഗ്യമുള്ളവനാകും. ഗ്രഹണസമയം, വിഷു, അമാവാസി, പൂര്‍ണ്ണപൗര്‍ണ്ണമി ഈ സമയങ്ങളില്‍ ധരിച്ചാല്‍ പാപമോചനമുണ്ടാകും.

രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെപ്പറ്റി പത്മപുരാണത്തില്‍ വ്യാസമഹര്‍ഷിതന്നെ വിവരിക്കുന്നുണ്ട്‌. രുദ്രാക്ഷം ആര്‍ക്കും ധരിക്കാവുന്നതും, ദര്‍ശിച്ചാല്‍ തന്നെ പാപം നശിക്കുന്നതുമാണ്‌. തൊട്ടാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും ധരിച്ചാല്‍ മോക്ഷം സിദ്ധിക്കുമെന്നും വ്യാസമഹര്‍ഷി പറയുന്നു.

ചെളിയില്‍നില്‍ക്കുന്ന താമരയെ ചെളി സ്‌പര്‍ശിക്കാത്തതുപോലെ പാപിയായവന്‍ ചെയ്യുന്ന പാപം രുദ്രാക്ഷധാരിയെ ഏശുന്നില്ല.

അതിനാല്‍ നമ്മുടെ ഗൃഹത്തിന്റെ ഐശ്വര്യത്തിന്‌ രുദ്രാക്ഷവൃക്ഷം ശ്രദ്ധയോടെ നട്ടു വളര്‍ത്തുന്നത്‌ വളരെ നല്ലതാണ്‌.


കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...