Saturday, October 6, 2018

കീചകന്‍

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 മത്സ്യരാജാവിന്റെ (വിരാടം) പത്നിയും മഹാറാണിയുമാണ് സുദേക്ഷണ. സുദേഷണയുടെ ഇളയ സഹോദരനായിരുന്നു കീചകൻ. അജ്ഞാത വാസക്കാലത്ത് വിരാടരാജ്യത്ത് പാണ്ഡവരും ദ്രൗപദിയും വേഷം മാറിക്കഴിഞ്ഞിരുന്നു. പാണ്ഡവ പത്നിയായ ദ്രൗപദി സൈരന്ധ്രി എന്നപേരിലാണ് അജ്ഞാത വാസത്തിൽ വിരാട രാജധാനിയിൽ കഴിഞ്ഞത്. സൈരന്ധ്രിയോട് കീചകന് താല്പര്യം തോന്നുകയും ഇതിനു രാജ്ഞി സുദേക്ഷണ മൗനാനുവാദം നൽകുകയും ചെയ്തു. ദ്രൗപദി ഭീമനോട് സങ്കടം പറയുകയും ഇതറിഞ്ഞ ഭീമസേനൻ‌ കീചകനെ കൊല്ലുകയും ചെയ്തു. അജ്ഞാത വാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൌരവർക്ക് സഹായകമാകുകയും ചെയ്തു. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്ന പഴമൊഴി പ്രസിദ്ധമാണ്‌.

സുദേക്ഷണയ്ക്ക് വിരാടനിൽ രണ്ടു പുത്രന്മാരും (ഉത്തരൻ, ശ്വേതൻ) ഒരു പുത്രിയും (ഉത്തര) ഉണ്ടായിരുന്നു. ഉത്തരയെ അർജ്ജുന പുത്രൻ അഭിമന്യു വിവാഹം ചെയ്തു.

കരിമുട്ടം ദേവി ക്ഷേത്രം 

കുരുക്ഷേത്ര യുദ്ധ ശേഷം അവശേഷിച്ചവർ 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പതിനെട്ടുനാൾ നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തെ അതിജീവിച്ചത് പന്ത്രണ്ടുപേർ മാത്രമായിരുന്നു. പാണ്ഡവപക്ഷത്ത് കൃഷ്ണനും, സാത്യകിയും, യുയുത്സുവും, പാണ്ഡവർഅഞ്ചുപേരുമായി എട്ടുപേർ മാത്രമായിരുന്നു യുദ്ധത്തിൽ പങ്കെടുത്തവരിൽ അതിജീവിച്ചത്. അർജ്ജുനനു ചിത്രാംഗദയിൽ ജനിച്ച ബഭ്രുവാഹനൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ പാണ്ഡവർക്കു പുത്രനായി ബഭ്രുവാഹനൻ മാത്രം അവശേഷിച്ചു. യുദ്ധസമയത്ത് ഉത്തര ഗർഭിണി യായിരുന്നതിനാൽ അഭിമന്യുവിന്റെ പുത്രനായി പിന്നീടു ജനിച്ച പരീക്ഷിത് പാണ്ഡവർക്കു പൗത്രനും അനന്തരവകാശിയുമായി.

കൗരവപക്ഷത്ത് നാലുപേർ മാത്രമാണ് പതിനൊന്ന് അക്ഷൗഹിണിപടയിൽ അവശേഷിച്ചത്. കൃപിയിൽ ദ്രോണർക്കു ജനിച്ച അശ്വത്ഥാമാവും, കൃപാചാര്യരും യുദ്ധത്തിൽ അവശേഷിച്ചിരുന്നു. ഇവർ രണ്ടുപേരും സപ്ത ചിരഞ്ജീവികളിൽ ഉൾപ്പെട്ടവരായിരുന്നതിനാൽ ഇരുവരെയും മരണം തൊട്ടില്ല. ഇവരെ കൂടാതെ കൃതവർമ്മാവും, വൃഷകേതുവും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ചു.

ഈ പന്ത്രണ്ടുപേരിൽ യുയുത്സുവിന്റേയും, വൃഷകേതുവിന്റേയും മരണം ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നില്ലയെങ്കിലും മറ്റുള്ള എട്ടുപേരും കലിയുഗാരംഭത്തിൽ മരണപ്പെട്ടതായി സ്വർഗ്ഗാരോഹണ പർവ്വത്തിലും, മുസലപർവ്വത്തിലുമായി മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. കുരുക്ഷേത്ര യുദ്ധത്തിനുശേഷം പാണ്ഡവർ അഞ്ചുപേരും കൃഷ്ണനും മാത്രമെ അവശേഷിക്കൂവെന്ന് വളരെ മുൻപുതന്നെ ഉലൂപി പുത്രനായ ഇരവാനു അറിയാമായിരുന്നുവെന്ന്  മഹാഭാഗവതത്തിൽ പറയുന്നുണ്ട്. കൃഷ്ണനു സത്യഭാമയിൽ ജനിച്ച വത്സലയെ (സുന്ദരി) വിവാഹം കഴിക്കാൻ പുറപ്പെട്ട അഭിമന്യുവിനെ കാട്ടിൽവെച്ച് കണ്ടുമുട്ടിയ ഇരാവാൻ തന്റെ ഖഡ്ഗം അവിടെ പന്തലിച്ചുനിന്ന വൃക്ഷത്തിൽ വൃഥാ ആഞ്ഞു വീശി. അഞ്ചു ശിഖരങ്ങളും തായ്ത്തടിയും ഒഴിച്ചുള്ള സർവ്വകൊമ്പുകളും ഇലച്ചില്ലകളും അറ്റ് താഴെ വീണു. ആസന്നമായി നടക്കാൻ പോകുന്ന യുദ്ധത്തിന്റെ ചിത്രം ഇതാവുമെന്നു ഇരാവാൻ ഇതിലൂടെ കാണിച്ചുകൊടുക്കുന്നുണ്ട്.
(മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ബഭ്രുവാഹനൻ. പാണ്ഡവനായഅർജ്ജുനന് മണലൂർ രാജപുത്രിയായചിത്രാംഗദയിൽ ജനിച്ച മകനാണ് ഇദ്ദേഹം. പാണ്ഡവരുടെ പതിമൂന്നുമക്കളിൽ കുരുക്ഷേത്ര യുദ്ധത്തിനുശേഷംജീവിച്ചിരുന്ന ഏകപുത്രനാണ് ബഭ്രുവാഹനൻ.)

കരിമുട്ടം ദേവി ക്ഷേത്രം

ഇരാവൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഇരാവാൻ. അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരുവൻ. അർജുനന്, ഒരു നാഗസ്ത്രീയായ ഉലൂപിയിൽ പിറന്ന മകനാണ് ഇരാവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ. എങ്കിലും മഹാഭാരതത്തിൽ അത്രയൊന്നും തന്നെ പ്രാധാന്യം ഇരാവാനു കൊടുത്തിട്ടില്ല. കുരുക്ഷേത്ര യുദ്ധത്തിൽ എട്ടാം നാൾ യുദ്ധം ചെയ്യുകയും പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഇരാവാൻ മരിച്ചു വീഴുകയും ചെയ്തു.  ധനുർ ശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ, ഒരിക്കൽ തന്റെ അസ്ത്രങ്ങൾ തിരക്കിട്ടു മൂർച്ച കൂട്ടുന്നതു ഭഗവാൻ കൃഷ്ണൻ കാണുവാനിടയായി. എന്തിനാണ് അസ്ത്രങ്ങളെല്ലാം തിരക്കിട്ടു മൂർച്ച കൂട്ടുന്നതെന്ന് കൃഷ്ണൻ ചോദിക്കുകയും, വരാൻ പോകുന്ന മഹാഭാരത യുദ്ധം മുൻകൂട്ടി കണ്ട് യുദ്ധത്തിൽ അച്ഛനെ സഹായിക്കാൻ എനിക്കും പോവേണ്ട്തുണ്ട്" എന്നു ഇരാവാൻ പറഞ്ഞു. ഏല്ലാമറിയാവുന്ന കൃഷ്ണൻ, ഇരാവാൻ യുദ്ധത്തിൽ വന്നാലുണ്ടാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ്, അതിൽ നിന്നും ഇരാവാനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി. കാരണം മഹാഭാരത യുദ്ധം ഇത്ര ദിവസങ്ങൾ നീണ്ട് നില്ക്കണം, ഏതൊക്കെ, എന്തൊക്കെ കാര്യങ്ങൾ എപ്പോൾ നടക്കണം എന്ന വിധി തന്നെ. എന്നാൽ വില്ലാളിയായ ഇരാവാൻ യുദ്ധത്തിനു വന്നാൽ ആ യുദ്ധം എത്രയും പെട്ടെന്നു തന്നെ അവസാനിക്കും എന്നതിൽ മാത്രമെ ഭഗവാനു സന്ദേഹം ഉണ്ടായിരുന്നുള്ളൂ. അതിനാൽ അദ്ദേഹം വീണ്ടും ഇരാവാനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും, എന്നാൽ ഇരാവാനൊരിക്കലും തന്റെ തീരുമാനത്തിൽ നിന്നും പിന്തിരിയുകയില്ല എന്നു മനസ്സിലാക്കിയ ഭഗവാൻ ഇങ്ങനെ പറഞ്ഞു. നിനക്കു യുദ്ധക്കളത്തിലേക്ക് വരാം, യുദ്ധം കാണുകയുമാവാം, പക്ഷെ, നീ ആയുധമെടുക്കുകയൊ, യുദ്ധതന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുവാൻ വായ് തുറക്കുകയൊ അരുത്. അങ്ങനെ സംഭവിക്കുകയണെങ്കിൽ, നിന്റെ തല ചിന്നി ചിതറി പോകുന്നതാണ്. ഇരാവാനതു മനസ്സില്ലാ മനസാലെ സമ്മതിക്കുകയും ചെയ്തു.

അങ്ങനെ മഹാഭാരത യുദ്ധമായി. യുദ്ധ കളത്തിൽ വെറും കാഴ്ചക്കാരനെ പോലെയിരിക്കേണ്ടി വന്നു ഇരാവാൻ. കുരുക്ഷേത്രയുദ്ധം എട്ടാംനാൾ; അലംബുസൻ എന്ന മായാവിദ്യകൾ കരസ്ഥമാക്കിയ ദുര്യോധന സുഹൃത്തിനു മുൻപിൽ പാണ്ഡവ സൈന്യം ക്ഷീണിതരായി. അർജ്ജുനൻ പോലും അലംബുസന്റെ മുൻപിൽ പലപ്പോഴും പരാജിതനായി ക്ഷീണിച്ച് തേർത്തട്ടിൽ ഇരുന്നു. ഇതുകണ്ട്., അങ്ങനെയല്ല അച്ഛാ ഇങ്ങനെവേണം അവനെ എതിർക്കാൻ എന്ന് തന്റെ ശാപം മറന്നു പാവം വിളിച്ചുപറഞ്ഞു. ഒരു നിമിഷം അവൻ തന്നെതന്നെ മറന്നു യുദ്ധത്തിൽ ലയിച്ചുപോയി.

പിന്നീട് അതു മനസ്സിലാക്കിയെങ്കിലും തന്റെ ജീവിതം നാളെ സൂര്യോദയം വരെയുണ്ടാവുകയുള്ളു എന്ന് മുൻകൂട്ടി കണ്ട് അലംബുസനെതിരായി അച്ഛനെ സഹായിച്ചു യുദ്ധം ചെയ്തു ആ ധീരയോദ്ധാവ്. നിൽക്കക്കള്ളിയില്ലാതെ അലംബുസൻ പിന്തിരിഞ്ഞോടിയത്രെ. പിറ്റേന്ന് അലംബുസൻ നിരവധി പരിക്കുകളോടെ യുദ്ധത്തിനു വീണ്ടും വന്നെങ്കിലും അവനു കൂടുതൽ യുദ്ധം ചെയ്യാനാവാതെ വരുകയും ഘടോൽക്കചൻ അവനെ വീണ്ടും യുദ്ധ ഭൂമിയിൽനിന്നും ഓടിച്ചു വിടുകയും ചെയ്തു. കുരുക്ഷേത്ര യുദ്ധം തുടങ്ങി ഒൻപതാം നാൾ സൂര്യോദയത്തിനു മുൻപ് അവൻ മരിച്ചുവീണു.  യുദ്ധം മുറുകി വന്നപ്പോൾ എപ്പൊഴൊ പ്രതിസന്ധിയിലായ അർജുനനെ, അവസരങ്ങൾ ഒരു പാടു നിഷ്ഫലമാക്കി കളയുന്ന അർജുനനെ കണ്ടപ്പോൾ, ഇരാവാൻ തന്നെ തന്നെ മറന്നു, കോപത്താൽ ഈ വിധം പറഞ്ഞു. "ഈ അച്ഛനെന്താണീ കാണിക്കുന്നത് ???"

ഇരാവാൻ തല തകർന്നു തൽക്ഷണം മരണപ്പെട്ടു. പിന്നെയും വളരെ നാളുകൾ കഴിഞ്ഞാണ് മഹാഭാരത യുദ്ധം അവസാനിച്ചത്.

കരിമുട്ടം ദേവി ക്ഷേത്രം

ബി നിലവറയിലെ യക്ഷിയമ്മ 

   ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്‌’ എന്ന നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി.
മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാ സ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു.
ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദക സുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു.
കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം

ആസ്തികൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

നാഗകുമാരൻ, നാഗസ്ത്രീയായ ജരൽകാരുവിനു ജരൽകാരുവെന്ന ബ്രാഹ്മണനിൽ ജനിച്ച പുത്രനാണ് അസ്തികൻ. ചന്ദ്രവംശ രാജാവായിരുന്ന ജനമേജയൻ നടത്തിയ സർപ്പസത്രയാഗം അവസാനിപ്പിച്ചത് ബാലനായിരുന്ന അസ്തികന്റെ അഭ്യർത്ഥനയിലാണ്. നാഗങ്ങളുടെ മാതാവായ കദ്രുവിന്റെ വാക്കിനെ അനുസരിക്കാഞ്ഞതിനാലാണ് കദ്രു സർപ്പകുലത്തെ കുഴുവനും തീയിൽ വീണു മരിക്കട്ടെ എന്നു ശപിച്ചു. (ആദി പർവ്വം - മഹാഭാരതം) പിന്നീട് കദ്രുതന്നെ ശാപമോക്ഷവും നൽകിയിരുന്നു. ജരൽകാരുവിന്റെ പുത്രൻ ശാപത്തിൽ നിന്നും രക്ഷിക്കുമെന്നായിരുന്നു ശാപമോക്ഷം.

അഷ്ടനാഗങ്ങളിൽ ഒരാളായ തക്ഷകനിഗ്രഹം മുഖ്യ ഉദ്ദേശലക്ഷ്യമായി കണ്ട് നടത്തിയ സർപ്പസത്രയാഗം നടന്നത് തക്ഷശിലയിലാണ്. ആരെയും കടത്തിവിടരുതെന്നുള്ള രാജവാക്യം തേജസ്വിയായ ബ്രാഹ്മണ ബാലനെ കണ്ട് യാഗശാലയിലെ കാവൽകാരും, ജനമേജന്റെ സഹോദരന്മാരും അല്പനേരത്തേക്ക് മറന്നുപോയി. യാഗശാലയിൽ എത്തിയ അസ്തികനെ കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ബഹുമാനപുരസ്സരം വന്ദിച്ചു. അസ്തികൻ യാഗശാലയിൽ പ്രവേശിച്ച് പാപകരമായ പ്രാണിഹിംസ നിർത്തിവെക്കാൻ ജനമേജയന്റെ പുരോഹിതനായ ശ്രുതശ്രവസ്സിനോട് പറഞ്ഞു. അഹിംസാ പരമോ ധർമ്മഃ ("മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ഒരു ജീവിക്കുപോലും യാതൊരു തരത്തിലുള്ള ക്ലേശമോ വേദനയോ ഉണ്ടാകാതിരിക്കുന്നതാണ് അഹിംസ. അതിനുമേൽ വേറൊരു സുഖവും ഇല്ല"

ഏറ്റവും പാപകരം പ്രാണിഹിംസയാണന്നും, നിരപരാധികളായ സർപ്പങ്ങളെ ഹോമിച്ചതു കൊണ്ട് രാജാവിന് ഒരു പ്രയോജനവും ഉണ്ടാവില്ലന്നുള്ള സത്യം ഏവരേയും പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ബ്രാഹ്മണബാലന്റെ ആപ്തവാക്യത്തിൽ സംപ്രീതനായി യാഗം അവസാനിപ്പിക്കാൻ ജനമേജയനേയും ചണ്ഡഭാർഗ്ഗവനേയും കുലഗുരുവായിരുന്ന ശ്രുത്രശ്രവസ്സ് ഉപദേശിച്ചു. വേദവ്യാസനുംഅസ്തികന്റെ വാക്കുകളോട് യോജിച്ചു. തുടർന്ന് ജനമേജയൻ സർപ്പസത്രം നിർത്തിവെക്കാൻ ഉത്തരവിട്ടു, തക്ഷകനെ മോചിപ്പിക്കുകയും ചെയ്തു. നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽനിന്നും അസ്തികന്റെ വേദവാക്കുകളെ മാനിച്ച് ജനമേജയൻ പിന്തിരിഞ്ഞുവെന്ന് മഹാഭാരതത്തിൽ സംഭവപർവ്വത്തിൽ വളരെ വിശദമായി വർണ്ണിക്കുന്നുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം

അഷ്ടവക്രൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശരീരത്തിൽ എട്ടു വളവുകൾ ഉള്ള ബ്രഹ്മാദ്വൈതവാദിയും താർക്കികനുമായ ഒരു മഹർഷിയാണ് അഷ്ടാവക്രൻ. മഹാഭാരതത്തിലും, ഇതരപുരാണങ്ങളിലുംഅദ്ദേഹത്തെ പറ്റി വർണ്ണിക്കുന്നുണ്ട്. കഹോഡമഹർഷിക്ക് സുജാതയെന്നസ്ത്രീയിൽ ജനിച്ച പുത്രനായിരുന്നു, തത്ത്വജ്ഞാനിയായ അഷ്ടാവക്രമുനി. ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ അഷ്ടാവക്രൻ പിതാവായ കഹോഡകനെ ഉപദേശിക്കുകയും അദ്ദേഹത്തിന്റെ ഉച്ചാരണ ശുദ്ധിയില്ലായ്മയെ തിരുത്തുകയും ചെയ്തു. കുപിതനായ പിതാവിന്റെ ശാപത്താൽ എട്ടുവളവുകളോടെ ജനിച്ചു.

വാജശ്രവസ്സിന്റെ പുത്രനായ ഉദ്ദാലകമഹർഷിയുടെ ശിഷ്യനായിരുന്നു കഹോടകൻ. ഗുരുശിക്ഷ പൂർത്തീകരിച്ചപ്പോൾ തന്റെ പുത്രിയെ (സുജാത) ദാനമായി അദ്ദേഹം കഹോഡകനു നൽകി. ഉദ്ദാലകന്റെ മറ്റു പുത്രന്മാരായിരുന്നു ശ്വേതകേതുവും, നചികേതസും. കഹോഡൻ സുജാതയെ വിവാഹം കഴിച്ചു. ഒരിക്കൽ പോലും കഹോടകനെ വിട്ടുപിരിയാൻ സുജാതക്കു കഴിഞ്ഞിരുന്നില്ല, തന്മൂലം കഹോടകൻ ചൊല്ലുന്ന വേദമന്ത്രങ്ങൾ സുജാതയുടെ വയറ്റിൽ കിടന്ന ഗർഭസ്ഥശിശു ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്നു. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡൻ ഭാര്യയെപ്പറ്റിപ്പോലും നിർവിചാരനായിരുന്നു. ഒരു ദിവസം മന്ത്രോച്ചാരണ സമയത്ത് ഗർഭസ്ഥശിശു കഹോഡകനോട് പറഞ്ഞു ""'അങ്ങ് ഉരുവിട്ട മന്ത്രങ്ങളെല്ലാം ഞാൻ ഹൃദിസ്ഥമാക്കി, പക്ഷെ അവയ്ക്ക് ഉച്ചാരണ ശുദ്ധിയില്ല"". ഇതുകേട്ട കഹോടകൻ കുപിതനായി ഗർഭാവസ്ഥയിൽ നീ ഇങ്ങനെയെങ്കിൽ പുറത്തുവന്നാലോ? നീ അഷ്ടവക്രനാവട്ടെ!

സുജാത ഗർഭിണിയായിരിക്കുമ്പോൾ നാട്ടിൽ കൊടിയ ദാരിദ്ര്യം ഉണ്ടായി. പട്ടിണി കൊണ്ട് ജനങ്ങൾ മരിക്കാൻ തുടങ്ങി. സുജാതയുടെ നിർബന്ധത്താൽ കഹോടകനോട് ജനകപുരിയിൽ പോയി രാജാവിനോട് കുറച്ചു ധനം അഭ്യർത്ഥിക്കാൻ പോയി. പക്ഷേ രാജാവിനെ കാണുന്നതിനും മുൻപ് അദ്ദേഹം രാജ സദസ്സിലെത്തി വാന്ദികൻ (വാന്ദികൻ വരുണന്റെ പുത്രനാണ്) എന്ന താർക്കികനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. തോൽക്കുന്നവരെ കടലിലെറിയാറുള്ള വാന്ദികൻ കഹോടകനേയും അദ്ദേഹത്തിന്റെ തോൽവിയെ തുടർന്ന് കടലിലെറിഞ്ഞു. സുജാത പുത്രനു ജന്മം കൊടുക്കുന്നതിനു മുൻപുതന്നെ വിധവയായി. അതിനും നാളുകൾക്കു ശേഷം പിതാവിന്റെ ശാപം പോലെതന്നെ ശരീരത്തിൽ എട്ടുവളവുകളുള്ള ഒരു പുത്രനെ സുജാത പ്രസവിച്ചു.

ഭർത്തുവിരഹത്തിനുശേഷം സുജാത തന്റെ പിതാവായ ഉദ്ദാലക മഹർഷിയുടേ ആശ്രമത്തിൽ തിരിച്ചു പോയി. ഉദ്ദാലകന്റെ പുത്രനായ ശ്വേതകേശുവും ബാലനായ അഷ്ടാവക്രനും ഒരിക്കൽ കളിയ്ക്കിടെ ഉണ്ടായ വഴക്കിൽ ശ്വേതകേതു അഷ്ടാവക്രനെ 'പിതാവില്ലാത്തവൻ' എന്നു കളിയാക്കി. അതിനെ തുടർന്ന് അമ്മയിൽ നിന്ന് അച്ഛന്റെ ദുരന്തകഥ മനസ്സിലാക്കിയ ബാലനായ അഷ്ടാവക്രൻ, ജനകപുരിയിലേക്ക് പോയി വാന്ദികനുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ആദ്യമായി തോൽവിയറിഞ്ഞ വാന്ദികനെ ജനക സൈന്യം കടലിലെറിഞ്ഞു. വാന്ദികൻ കടലിൽ പതിച്ചതും അഷ്ടാവക്രന്റെ പിതാവായ കഹോടൻ കടലിൽ നിന്നും പൊങ്ങിവരികയും ചെയ്തു. കഹോടകനൊപ്പം അഷ്ടാവക്രൻ തന്റെ ആശ്രമത്തിലേക്ക് വരുന്ന വഴി നദിയിലിറങ്ങി കുളിക്കുകയും, കുളികഴിഞ്ഞ് കയറുമ്പോൾ അഷ്ടാവക്രനു പിതാവിന്റെ അനുഗ്രഹത്താൽ തന്റെ ശരീരത്തിലെ വളവുകൾ അപ്രത്യക്ഷമാവുകയും ചെയ്തു.

കരിമുട്ടം ദേവി ക്ഷേത്രം

ചന്ദ്രവംശ സ്ഥാപകൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഹിന്ദുമത വിശ്വാസ പ്രകാരം ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ പ്രധാനമായ മുന്നു വംശാവലികളിൽ ഒന്നാണ് ചന്ദ്രവംശം. ബ്രഹ്മപുത്രനും സപ്തർഷികളിൽ ഒരാളുമായ അത്രി മഹർഷിയുടെ പുത്രനാണ് ചന്ദ്രൻ. ചന്ദ്രനു താരയിൽ ജനിച്ച പുത്രനായ ബുധനാണ് ചന്ദ്രവംശം സ്ഥാപിച്ചത്. ആദ്യ ചന്ദ്രവംശരാജാവ് ബുധൻ ആണന്നു മഹാഭാരതത്തിൽ ആദി പർവ്വത്തിൽ വർണ്ണിക്കുന്നുണ്ട്. ചന്ദ്രവംശത്തെ കൂടാതെ സൂര്യവംശം, അഗ്നിവംശം എന്നിങ്ങനെ രണ്ടുവംശങ്ങൾ കൂടി ഉണ്ടായിരുന്നതായി ഇതിഹാസങ്ങളും ഹൈന്ദവപുരാണങ്ങളും പറയുന്നു.

കരിമുട്ടം ദേവി ക്ഷേത്രം 

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...