Sunday, October 7, 2018

അഘോരമൂർത്തിയായ ശിവൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാര്‍ക്ക് സൌമ്യനായും ദുഷ്ടന്മാര്‍ക്ക് അത്യന്ത ഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു.
ശിവന്റെ പഞ്ചമുഖങ്ങള്‍ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവന്‍ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോര ശിവന്റേതാണ്. ഖരപ്രകാശ മഹര്‍ഷിയാണ് ആദ്യം അവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പിന്നീട് ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ക്ഷേത്രം കാടായിക്കിടന്നുവെന്നും വളരെക്കാലം കഴിഞ്ഞ് വില്വ(ല്ലു)മംഗലം സ്വാമിയാര്‍ ആണ് ഈ സ്ഥലം കണ്ടുപിടിച്ച് ദേവനെ പുനഃപ്രതിഷ്ഠിച്ചതെന്നും ഈ കഥ തുടരുന്നു. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുര്‍ദശി അഘോരശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതു കൊണ്ട് ആ തിഥിക്ക് അഘോര എന്ന പേര്‍ സിദ്ധിച്ചിട്ടുണ്ട്.

അഘോര ശിവോപാസനയ്ക്ക് അഘോരമന്ത്രം ഉപയോഗിക്കുന്നു. ഇതിന്റെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവ യഥാക്രമം അഘോരനും ത്രിഷ്ടുപ്പും അഘോരരുദ്രനും ആകുന്നു. 51 അക്ഷരങ്ങളുള്ള അഘോരമന്ത്രത്തിന്റെ സ്വരൂപം:
'ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഖാദയ ഹും ഫട്'
ഈ മന്ത്രത്തിന്റെ ധ്യാനശ്ളോകവും അതിന്റെ സാരവും താഴെ കൊടുക്കുന്നു.
'കാലാഭ്രാഭഃ കരാഗ്രൈഃ പരുശുഡമരുകൌ
ഖണ്ഗഖേടൌ ച ബാണേ-
ഷ്വാസൌ ശൂലം കപാലം ദധദതിഭയദൌ
ഭീഷണാസ്യസ്ത്രിണേത്രഃ
രക്താകാരാംബരോ∫ഹിപ്രവരഘടിതഗാ-
ത്രോ∫ഹിനാഗഗ്രഹാദീന്‍
ഖാദന്നിഷ്ടാര്‍ഥദായീ ഭവദനഭിമത-
ച്ഛിത്തയേ സ്യാദഘോരഃ'.
(കാര്‍മേഘംപോലെ കറുത്ത നിറത്തോടുകൂടിയവനും കൈകളില്‍ പരശു, ഡമരു, ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ ധരിച്ചവനും അതിഭയങ്കരമായ മുഖത്തോടും മൂന്നു കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം സര്‍പ്പാഭരണങ്ങള്‍ എന്നിവയണിഞ്ഞവനും ദുഷ്ടഗ്രഹാദികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നവനുമായ അഘോരശിവന്‍ നിങ്ങളുടെ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ).
ഓം ഹ്രീം എന്ന ബീജാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് മന്ത്രം ഉച്ചരിക്കേണ്ടതാണ്. ലക്ഷം ആവൃത്തികൊണ്ട് മന്ത്രസിദ്ധി വരുത്തണം. മോക്ഷം ആഗ്രഹിക്കുന്നവന്‍ അഘോരമൂര്‍ത്തിയെ ധവളവര്‍ണത്തിലും കാവ്യഫലം ആഗ്രഹിക്കുന്നവന്‍ രക്തവര്‍ണത്തിലും ദുഷ്ടഗ്രഹനിവൃത്തി, ആഭിചാരം എന്നിവ ഉദ്ദേശിക്കുന്നവന്‍ കറുത്തവര്‍ണത്തിലും ധ്യാനിക്കുന്നു. അഘോരമന്ത്രംകൊണ്ട് ഹോമം നടത്താറുണ്ട്. ദിവസവും അഘോരമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ടഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ല; നിഖിലപ്രേയഃ പ്രാപ്തിയുണ്ടാകും എന്നെല്ലാം വിശ്വസിക്കപ്പെടുന്നു.
( മന്ത്രം അറിവിലേക്കായി മാത്രം ചേർത്തിരിക്കുന്നതാണ്. വിധിപ്രകാരമല്ലാതെ ഒരു കാരണവശാലും മന്ത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല )

കരിമുട്ടം ദേവി ക്ഷേത്രം

അപ്സരസുകൾ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പൌരാണിക ഭാരതീയ സങ്കല്‍പമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നര്‍ത്തകികളാണ് അപ്സരസുകൾ. 'അപ്'-ല്‍ (ജലത്തില്‍) നിന്നുണ്ടായവര്‍, ജലത്തില്‍ സഞ്ചരിക്കുന്നവര്‍ എന്നാണ് വാക്കിനര്‍ഥം. പാലാഴി മഥനത്തില്‍ ഉയര്‍ന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. അതിസുന്ദരിയായ രംഭയുള്‍പ്പെടെയുള്ള അപ്സരസ്സുകളെ ഇന്ദ്രന്‍ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവര്‍ നിവസിക്കുന്നു. നൃത്തനൃത്യസംഗീതാദി കലാവിദ്യകളില്‍ പ്രഗല്ഭരായ ഇവര്‍ക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താന്‍ ഇവരെയാണ് ദേവേന്ദ്രന്‍ നിയോഗിക്കുന്നത്. ദ്രുപദര്‍, ദ്രോണര്‍, പൃഥു, ശകുന്തള എന്നിങ്ങനെ പുരാണ പ്രസിദ്ധരായ അനവധിപേര്‍ അപ്സരസ്സുകളില്‍ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമര്‍ശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം പറയുന്നു. ഇതില്‍ 1,060 പേര്‍ക്കേ പ്രാധാന്യമുള്ളു. ഉര്‍വശി, പൂര്‍വചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകള്‍. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു

കരിമുട്ടം ദേവി ക്ഷേത്രം

കൂർമ്മാസനം

  കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിൽ കുമളിയിൽ നിന്നുമുള്ള ഒരു അംഗം ഉന്നയിച്ച സംശയത്തിന് ശേഖരിച്ച പരിമിതമായ അറിവുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

നമ്മുടെ ക്ഷേത്രങ്ങളിൽ ആമയുടെ (കൂർമ്മത്തിന്റെ ) ആകൃതിയിലുള്ള പല വസ്തുക്കളും കാണുവാൻ സാധിക്കും. കൂർമ്മാസനമായി വിവക്ഷിക്കുന്ന ആവണപ്പലകയും ശംഖ് കാലുകളും ദീപസ്തംഭങ്ങളും എല്ലാം അതിൽ പ്പെട്ടതാണ്. ആവണപ്പലകയുടെ കൂർമ്മാക്യതിയെ കുറിച്ച് ചിന്തിച്ചാൽ ഇത് മന്ത്രശാസ്ത്ര പ്രതിപാദിതമായ കൂര്‍മ്മാസനമാണെന്ന് പറഞ്ഞാല്‍ ഇന്ന് അധികമാര്‍ക്കും മനസിലാകണമെന്നില്ല. പഴയ ഗൃഹങ്ങളിലുള്ള ആവണപലകയെടുത്തു നോക്കിയാല്‍ കൂര്‍മ്മത്തിന്റെ കാലുകളും ആകൃതിയുമെല്ലാം സുവ്യക്തമായി കാണുവാന്‍ കഴിയും. ഭൂസ്പര്‍ശം ഇല്ലാതെ ഇരിക്കുക എന്നതാണ് ആസനത്തിന്റെ പ്രധാന തത്വം. അതുകൊണ്ട് ഇരിപ്പിടമാകുന്ന ആ ആസനം അത്രക്കും വലിയതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇന്നുള്ള ആവണപലകകളിലിരുന്നാല്‍ ഭൂസ്പര്‍ശം അനിവാര്യമായതുകൊണ്ട് പൂജക്ക് അവ ഉപയോഗിക്കുന്ന കാര്യം ശരിയാണോ എന്ന് ചിന്തിക്കേണ്ടതാണ്. ക്ഷേത്രശില്‍പത്തിന്റെ വിവരണത്തില്‍ ഷഡാധാര പ്രതിഷ്ഠയില്‍ ദേവന്റെ താഴെ ഹൃദയപത്മത്തില്‍ കൂര്‍മ്മത്തെ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. മന്ത്രസാധന ചെയ്യുന്നത് പ്രാണശക്തിയിലാണ് എന്ന് മനസ്സിലാക്കിയാല്‍ ഭൂസ്പര്‍ശം കൂടാതെ അതായത് സ്ഥൂലശരീര ഭാഗത്തില്‍നിന്നും പ്രാണശരീരതലത്തിലേക്കുയര്‍ന്നു, സ്ഥിതി ചെയ്യുന്നതിന്റെ പ്രതീകമായാണ് കൂര്‍മ്മാസനത്തിലിരിക്കുന്നത് എന്നു വ്യക്തമാകും. മന്ത്രശാസ്ത്ര പ്രതിപാദിതമായ കൂര്‍മ്മാസനം കൂര്‍മ്മാകൃതിയിലുള്ളതും (കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം വ്യക്തമായുള്ള ഒരു മരപ്പലകയാണ്) അതില്‍ ഒരു പ്രത്യേക തരത്തില്‍ 'അ' മുതല്‍ 'ക്ഷ' വരെയുള്ള അക്ഷരങ്ങള്‍ കൊത്തിയിരിക്കണമെന്നുമാണ് നിയമം. ആ അക്ഷരമാലാസനത്തിന്റെ ലോപമാണ് കേരളത്തില്‍ ഇന്നു കാണുന്ന ആവണ പലക. ഈ കൂര്‍മ്മാസനത്തിന്റെ തല ശരിക്കും സാധകന്റെ മുന്‍ഭാഗത്ത് വരേണ്ടതാണ്. പക്ഷേ, താഴെനിന്നും മുകളിലേക്കുള്ള പ്രതീകം തന്നെയാണ് വലത്തുനിന്നും ഇടത്തോട്ടുള്ള രേഖയുടെ പ്രതീകം കുറിക്കുന്നതെന്ന് ക്ഷേത്രശില്‍പത്തില്‍ പ്രതിപാദിച്ചിട്ടുള്ളതോര്‍ക്കുമ്പോള്‍ കേരളത്തിലെ പൂജകന്മാര്‍ ആവണപലകയുടെ ശിരോഭാഗം ഇടത്തോട്ടിട്ട് ഇരിക്കുന്നത് ശരിയല്ലെന്ന് പറയുവാന്‍ നിവൃത്തിയില്ല. അതില്‍ യോഗാസനവിധി അനുസരിച്ച് പത്മാസനത്തിലോ സ്വസ്തികാസനത്തിലോ (ചമ്രം പടിഞ്ഞോ) മറ്റോ ഇരുന്നാണ് പൂജ ചെയ്യേണ്ടത്. 'സ്ഥിരം സുഖമാസനം' എന്ന പതഞ്ജല യോഗസൂത്രം ഇവിടെ സ്മരണീയമാണ്.

കരിമുട്ടം ദേവി ക്ഷേത്രം

ദുര്യോധനന്‍റെ വൈഷ്ണവയാഗം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ച ശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു. യുധിഷ്ഠിരൻ നടത്തിയത് പോലെ ഒരു രാജസൂയം
നടത്തുവാനാണ് തീരുമാനിച്ചത്. എന്നാൽ അഗ്രജനായ യുധിഷ്ഠിരനും പിതാവായ ധൃതരാഷ്ട്രരും ജീവനോടെ യിരിക്കുമ്പോൾ അപ്രകാരം രാജസൂയം നടത്താൻ ദുര്യോധനനെ യജ്ഞ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പണ്ഡിതന്മാരായ ബ്രാഹ്മണർ വിധിച്ചു. എന്നാൽ രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗംഎന്നൊരു യജ്ഞമുണ്ട്. അത് ദുര്യോധനന് നടത്താവുന്നതാണ്. അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും, ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ്. അതിനാൽ വലിയൊരു ദിഗ്വിജയം ദുര്യോധനൻ നടത്തേണ്ടതുണ്ട്. അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ. അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . തുടർന്ന് കർണ്ണൻ പടകൂട്ടി ദിഗ്‌വിജയത്തിനു തയ്യാറെടുത്തു . വില്ലാളിവീരനായ കർണ്ണൻ ആദ്യമായി പടയോടു കൂടി പാണ്ഡവ ബന്ധുവായ ദ്രുപദ രാജാവിന്റെ പുരം വളഞ്ഞു . വീരനായ ദ്രുപദനോട് ഭയങ്കരമായി പോരാടി അവനെ കീഴടക്കി . സ്വർണ്ണവും വെള്ളിയും പലതരത്തിലുള്ള രത്നങ്ങളും കപ്പമായി ദ്രുപദനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്തു . പിന്നീട് ദ്രുപദന്റെ അനുയായികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യിൽ നിന്നും കപ്പം വാങ്ങുകയും ചെയ്തു . അതിനു ശേഷം വടക്കോട്ട്‌ പടയോട്ടം നടത്തി . അവിടെയുള്ള രാജാക്കന്മാരെയും ഭഗദത്തനേയും പോരിൽ ജയിച്ചു കപ്പം വാങ്ങി . പിന്നെ കർണ്ണൻ മഹാശൈലമായ ഹിമാലയത്തിലേക്ക് കയറി . അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പർവ്വതപ്രാന്തത്തിലെ സകല രാജാക്കന്മാരെയും കീഴടക്കി കപ്പം വാങ്ങി . തുടർന്ന് നേപ്പാളത്തിലെ രാജാക്കന്മാരെ ജയിച്ചതിനു ശേഷം വീരനായ രാധേയൻ മലയിറങ്ങി കിഴക്കോട്ടു പടയോട്ടം തുടർന്നു . അവിടെ അംഗം , വംഗം , കലിംഗം , ശുണ്ഡികം , മിഥില , മാഗധം , കർക്കഖണ്ഡം , ആവശീരം , അയോദ്ധ്യ , അഹിക്ഷേത്രംഎന്നീ രാജ്യങ്ങളിലേയും രാജാക്കന്മാരെ കർണ്ണൻ കീഴ്‌പ്പെടുത്തി കപ്പം നേടി . കിഴക്കൻ രാജ്യങ്ങളെയെല്ലാം ആക്രമിച്ച സൂതപുത്രൻ കോസലം , ത്രിപുര, വത്സഭൂമി, മൂർത്തികാവതി എന്നീ രാജ്യങ്ങളേയും കീഴടക്കി കപ്പം ശേഖരിച്ചു. പിന്നീട് തെക്കോട്ടിറങ്ങി പല മഹാരഥന്മാരായ രാജാക്കളേയും ജയിച്ചു അവസാനം രുക്മിയോടും എതിർത്തു . ഘോരമായ യുദ്ധത്തിൽ രുക്മിയെ തോൽപ്പിച്ച കർണ്ണന്റെ ധീരതയിൽ പ്രസന്നനായി രുക്മി ഇങ്ങനെ പറഞ്ഞു . " അല്ലയോ രാജേന്ദ്രനായ കർണ്ണാ, ഭവാന്റെ ബലവും വിക്രമവും കണ്ടു ഞാൻ അത്യന്തം പ്രീതനായിരിക്കുന്നു . എന്റെ ക്ഷാത്രധർമ്മം രക്ഷിക്കുവാനായി ഞാൻ അങ്ങയോടു പൊരുതിയതാണ് . ഭവാന് ഞാൻ ധാരാളം സ്വർണ്ണം ഇതാ നൽകുന്നു . സ്വീകരിച്ചാലും ". തുടർന്ന് രുക്മിയുമായി സൗഹൃദത്തിലായ കർണ്ണൻ രുക്മിയോട് കൂടെ തെക്കോട്ടു പട നയിച്ചു . പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചു കപ്പം വാങ്ങി . തെക്കൻ പ്രദേശങ്ങളിലെ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചിട്ട് ആ മഹാബലൻ ശിശുപാല പുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും സാമം കൊണ്ട് അവന്തിയേയും കീഴടക്കി . അതിനു ശേഷം വൃഷ്ണികളോടു കൂടെയുള്ള പശ്ചിമരാജ്യങ്ങളേയും ആക്രമിച്ചു കീഴടക്കി . യവനന്മാർ , ബർബ്ബരൻമാർ , തുടങ്ങിയ പശ്ചിമവാസികളേയും തോൽപ്പിച്ച കർണ്ണൻ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ഭൂമി മുഴുവനും അധീനത്തിലാക്കി . മ്ളേച്ഛന്മാർ, വനവാസികൾ , പർവ്വതവാസികൾ , രോഹിതകന്മാർ , ആഗ്നേയന്മാർ , ഭദ്രന്മാർ , മാളവന്മാർ എന്നീ ഭയങ്കരഗണങ്ങളേയും കർണ്ണൻ കീഴടക്കിയത് വലിയ അത്ഭുതമായിരുന്നു . അങ്ങനെ ലോകം മുഴുവനും ഒറ്റയ്ക്ക് കീഴടക്കിയ കർണ്ണൻ അന്തമില്ലാത്ത സമ്പത്തോട് കൂടി ഹസ്തിനപുരിയിലെത്തി ദുര്യോധനനെ കണ്ടു വന്ദിച്ചു .(മഹാഭാരതം , വനപർവ്വം , അദ്ധ്യായം 253, 254 , കർണ്ണദിഗ്വിജയം, ഘോഷയാത്രാ പർവ്വം) പാണ്ഡവന്മാർ യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ടി നടത്തിയ ദിഗ്‌വിജയത്തേക്കാളും ഇരട്ടിയിലേറെ രാജ്യങ്ങളെയാണ് കർണ്ണൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചത് . കർണ്ണന്റെ ദിഗ്‌വിജയത്തെ പിന്നീട് കുരുവൃദ്ധനും ദിവ്യനുമായ ഭീഷ്മപിതാമഹൻ ഇങ്ങനെ ശ്‌ളാഖിക്കുകയുണ്ടായി . " ഹേ കർണ്ണാ, രാജപുരത്തു ചെന്ന് നീ കാംബോജരെ ജയിച്ചു . ഗിരിവ്രജത്തിൽ വാഴുന്ന നഗ്നജിത്ത് തുടങ്ങിയ രാജാക്കന്മാരെയും , വിദേഹൻ , അംബഷ്ഠൻ, ഗാന്ധാരൻഎന്നിവരേയും തോൽപ്പിച്ചവനാണ് ഭവാൻ . ഹിമാലയത്തിൽ അധിവസിക്കുന്ന രണക്രൂരന്മാരായ കിരാതന്മാരെപ്പോലും നീ പണ്ട് തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . പോരിൽ കലിംഗന്മാർ , പുണ്ഡ്രൺമാർ, ആന്ധ്രന്മാർ , മേളകന്മാർ , നിഷാദന്മാർ , ഉൾക്കലന്മാർ , ത്രിഗർത്തന്മാർ , ബാലഹീകന്മാർ , നിഷാദന്മാർ എന്നിവരേയും നീ തോൽപ്പിച്ചു . അതാതിടങ്ങളിലെ യുദ്ധത്തിൽ ശക്തരായ പലരെയും ദുര്യോധനന് വേണ്ടി നീ ജയിച്ചില്ലേ " (മഹാഭാരതം ദ്രോണപർവ്വം അദ്ധ്യായം 4 , ഭീഷ്മവാക്യം)

കരിമുട്ടം ദേവി ക്ഷേത്രം

സ്വർഗ്ഗാരോഹണ ദൂതൻ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ദ്വാരകയിൽ വസിക്കവേ , ശ്രീകൃഷ്ണൻ ഒരിക്കൽ യാദവരോട് അവരുടെ കുലനാശം ഉടൻ സംഭവിക്കുമെന്ന് പ്രവചിക്കുകയുണ്ടായി. യാദവർ അത് അത്ര കാര്യമായെടുത്തില്ല. ലോകനാഥനായ കൃഷ്ണൻ തങ്ങളുടെ രക്ഷയ്ക്കുള്ളപ്പോൾ തങ്ങൾക്കു ഒന്നും സംഭവിക്കില്ലെന്ന് യാദവർ ധരിച്ചു. അഹന്ത നിറഞ്ഞ സ്വന്തം വംശത്തെ സംഹരിക്കുവാൻ കൃഷ്ണൻ ഉള്ളാലെ നിനച്ചു . വിഷ്ണുപുരാണം അംശം 5 അദ്ധ്യായം 37 ലായി ഇങ്ങനെയൊരു വിവരണം കാണുന്നുണ്ട്.
ഒരു ദിവസം ദേവന്മാർ ദൂതനായി അയച്ച വായുദേവൻ കൃഷ്ണനെ വന്നു കണ്ടു. അദ്ദേഹം പറഞ്ഞു . " ദേവാ ,ഞാൻ ദേവദൂതനായ വായുവാണ്. അങ്ങ് ഭൂമിയിൽ ജനിച്ചിട്ട് നൂറിലേറെ വർഷം കഴിഞ്ഞു. ഇനി അങ്ങ് സ്വർഗത്തിലേക്ക് എഴുന്നെള്ളിയാലും. ദേവന്മാർ അതാഗ്രഹിക്കുന്നു . സ്വർഗ്ഗത്തെ സനാഥമാക്കി അനുഗ്രഹിക്കേണമേ. എങ്കിലും അങ്ങയുടെ ഇഷ്ടംപോലെ തന്നെയാകട്ടെ. "
തുടർന്ന് കൃഷ്ണൻ ഇങ്ങനെ പറയുന്നു. " ഹേ ദേവദൂതാ, താങ്കൾ പറഞ്ഞതെല്ലാം എനിക്കറിയാം. യാദവന്മാരുടെ നാശത്തെ ഞാൻ തുടങ്ങി വച്ചിട്ടുണ്ട്. യാദവന്മാർ ജീവിച്ചിരിക്കെ ഭൂഭാരം കുറയ്ക്കുക സാധ്യമല്ല . ഏഴു രാത്രികൾ കൊണ്ട് ഭൂഭാരം കുറയ്ക്കപ്പെടും. ഈ ദ്വാരക ഞാൻ സമുദ്രത്തോട്‌ വാങ്ങിയതാണ്. അതിനെ അതുപോലെ തന്നെ തിരികെ കൊടുത്തിട്ട് ഞാനും ബലരാമ ജ്യേഷ്ഠനും ഉടനെ സ്വർഗ്ഗത്തിലെത്തുന്നതാണ്. ഭൂമി ഭാരത്തിനു കാരണക്കാരായിരുന്ന ജരാസന്ധനും മറ്റുള്ള അസുരന്മാരും കൊല്ലപ്പെട്ടു. ഇപ്പോഴുള്ള യാദവ കുമാരന്മാർ അവരിലൊട്ടും കുറഞ്ഞവരല്ല. അതിനാൽ ഭൂമിയുടെ ഈ അന്തിമഭാരവും കുറിച്ചിട്ടു ഞാൻ സ്വർഗ്ഗത്തിലെത്തുന്നുണ്ടെന്നു ദേവന്മാരെ അറിയിച്ചാലും".
ഇതുകേട്ട് വായു തിരികെപ്പോയി. ഭഗവാൻ ഇത് പറഞ്ഞതിന് പിന്നാലെ ദിവ്യവും ഭൗമികവും അന്തരീക്ഷ ജന്യങ്ങളുമായ ദുർന്നിമിത്തങ്ങൾ ദ്വാരകയിൽ ഒന്നിന് പുറകെ മറ്റൊന്നായി കാണപ്പെട്ടു തുടങ്ങി . അതിനെ തുടർന്നാണ് മഹർഷിമാർ ദ്വാരകയിലെത്തിയതും , അവർ കൃഷ്‌ണപുത്രനായ സാംബനെയും മറ്റുള്ള യാദവരെയും ശപിക്കുന്നതും . ഇതിനൊക്കെ മുൻപ് തന്നെ ഗാന്ധാരീ ദേവി കൃഷ്ണനെ ശപിച്ചിട്ടുണ്ടായിരുന്നു . എന്നാൽ അപ്പോഴും ഭഗവാൻ കൃഷ്ണൻ അത് തന്റെ തന്നെ നിശ്ചയമാണെന്നാണ് ഗാന്ധാരിയെ അറിയിച്ചത് . ഇതിൽ നിന്നും യദുവംശം നശിച്ചത് ഭഗവാന്റെ തന്നെ തീരുമാനമായിരുന്നുവെന്നും അതിൽ ഗാന്ധാരിയുടെ ശാപത്തിനോ , മുനിശാപത്തിനോ യാതൊരു കയ്യുമില്ലെന്നും നമുക്ക് കാണാം . തുടർന്നുള്ള വിഷ്ണു പുരാണം അംശം 5 അദ്ധ്യായം 38 ലായി വ്യസമുനി അർജ്ജുനനോട് പറയുന്നത് ഇങ്ങനെയാണ് .
"അർജ്ജുനാ , ഭഗവാൻ കൃഷ്ണൻ സ്വയം കാലസ്വരൂപനാകുന്നു . അദ്ദേഹം ഭൂഭാരം തീർക്കുവാനായി മാത്രം അവതരിച്ചതായിരുന്നു . അദ്ദേഹം ഭൂമീദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം ഭൂമിയിൽ അവതാരമെടുത്തു . അസംഖ്യങ്ങളായ ദുഷ്ടരാജാക്കന്മാരെയും മറ്റും വധിച്ചു തന്റെ അവതാരകൃത്യം നേടി . അതിനു ശേഷം വൃഷ്ണി - അന്ധക കുലങ്ങളേയും ഉപസംഹരിച്ചു . ശേഷം തന്റെ ഇച്ഛയാൽ ഭൂലോകം വെടിഞ്ഞു വൈകുണ്ഠം പ്രാപിച്ചു . അതിനാൽ നീ ദുഃഖിക്കരുത് . "
ഇത്തരത്തിൽ സ്വയം കാലസ്വരൂപനായ ഈശ്വരൻ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു അവതാരമെടുക്കുന്നു . ഉദ്ദേശം സാധിച്ചു കഴിഞ്ഞാൽ ലീലയെ ഉപസംഹരിക്കുന്നു .

കരിമുട്ടം ദേവി ക്ഷേത്രം

Saturday, October 6, 2018

കൃപർ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ഗൗതമപുത്രനായ ശരദ്വാന മഹർഷിയുടെ പുത്രിയാണ് കൃപി. ഭരദ്വാജപുത്രനായ ദ്രോണരാണ് കൃപിയെ വിവാഹം കഴിച്ചത്. ദ്രോണർക്ക് കൃപിയിൽ ജനിച്ച പുത്രനായിരുന്നു അശ്വത്ഥാമാവ്. ഗൗതമ മുനിക്ക് അഹല്യയിൽ രണ്ടു പുത്രന്മാർ ജനിച്ചു. (ശതാനന്ദൻ, ശരദ്വാനൻ). മൂത്ത പുത്രനായ ശതാനന്ദൻ മിഥിലാപുരിയിലെ രാജാവായിരുന്ന ജനകന്റെ കുലഗുരുവായി. രണ്ടാമത്തെ പുത്രനായ ശരദ്വാനൻ വേദശാത്രങ്ങളിൽ തീരെ താല്പര്യം കാണിക്കാഞ്ഞതിനാൽ പിതാവായ ഗൗതമൻ അദ്ദേഹത്തെ വേദവിദ്യക്കു പകരം ആയുധവിദ്യ ആഭ്യസിഭിച്ചു. ആയുധവിദ്യയിൽ (പ്രത്യേകിച്ച് ധനുർവിദ്യ) അപാരപാണ്ഡിത്യം നേടിയ അദ്ദേഹത്തെ ജയിക്കാൻ മൂന്നു ലോകത്തും ആരുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസ പൂർത്തീകരണത്തെ തുടർന്ന് ഗുരുപദേശമനുസരിച്ച് അദ്ദേഹം തപസ്സ് ചെയ്യാൻ ആരംഭിച്ചു.
ആയുധവിദ്യയിൽ അഗ്രഗണ്യനായ ശർദ്വാനനു തപഃശക്തികൂടി കൈവന്നാൽ ഉണ്ടായേക്കാവുന്ന ഭവിഷക്തു മുൻകൂട്ടി മനസ്സിലാക്കി ദേവേന്ദ്രൻ ജ്വാലാവതി എന്ന അപ്സരസ്സിനെ മഹർഷിയുടെ അടുത്തേക്ക് അയച്ചു. സുന്ദരിയായ ജ്വാലാവതിയുടെ സൗന്ദര്യത്തിൽ അല്പനേരം ഭ്രമിച്ചുപോയ അദ്ദേഹത്തിൽ നിന്നും രണ്ടു ഇരട്ട സന്താനങ്ങൾ ഉണ്ടായി. ഒരു ആൺ കുട്ടിയും (കൃപർ) രണ്ടാമത് ഒരു പെൺകുട്ടിയും (കൃപി). കുട്ടികൾ ഉണ്ടായങ്കിലും ശർദ്വാൻ തന്റെ തപസ്സ് തുടർന്നു പോന്നു. കാട്ടിൽ ഉപേക്ഷിച്ച ഈ ഇരട്ട കുട്ടികളെ കണ്ട് ചന്ദ്രവംശ രാജാവായിരുന്ന ശന്തനു എടുത്തു വളർത്തി. ഗംഗാദേവിയുടെവിരഹദുഃഖത്തിൽ കഴിഞ്ഞിരുന്ന ശന്തനു മഹാരാജാവിനു ഇത് വളരെ സാന്ത്വനം ലഭിച്ചിരുന്നു. മഹാരാജാവിനുണ്ടായ മാറ്റത്തിൽ ഹസ്തിനപുരി ആകെ സന്തോഷിച്ചു. ശന്തനുവിന്റെ കൃപാകടാക്ഷത്താൽ വളർന്ന പൈതങ്ങളെ കൃപർ എന്നും കൃപി എന്നും പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം തന്റെ തപസ്സ് മതിയാക്കി ശരദ്വാൻ ഹസ്തിനപുരിയിൽ വന്ന് ശന്തനുവിൽ നിന്നും രണ്ടു മക്കളേയും തന്റെ ആശ്രമത്തിലേക്ക് കൂട്ടികൊണ്ടു പോയി വളർത്തി.

കരിമുട്ടം ദേവി ക്ഷേത്രം

രാധ

  കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിലെ ഒരംഗം ഉന്നയിച്ച ഒരു സംശയമാണ് ആരാണ് രാധ എന്നുള്ളത്. ശേഖരിച്ച വിവരങ്ങൾ രണ്ട് ഭാഗങ്ങളായി ചേർക്കുന്നു.

 ഒന്നാം ഭാഗം

 രാധയും കൃഷ്ണനും രാധോപനിഷത്തും._

ഭഗവാന്‍ കൃഷ്ണനെ ഓര്‍ക്കുന്നവര്‍, ആരാധിക്കുന്നവര്‍ രാധയും ഓര്‍ക്കുവാനും ആരാധിക്കുവാനും മറക്കരുത്, കാരണം രാധയില്ലാതെ കൃഷ്ണനില്ല. മാത്രമല്ല, കൃഷ്ണന്‍ പോലും ആരാധിക്കുന്ന രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ മാത്രം ആരാധിക്കുന്നവരെ മൂഡന്‍മാരെന്ന് വിളിക്കണമെന്ന് പറയുന്നു, ഋഷീശ്വരന്മാര്‍. അത് കൊണ്ട്, ഇന്ന് ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുമ്പോള്‍, രാധയെ മറക്കണ്ട. (രാധോപനിഷത്ത് എന്ന ഉപനിഷത്തില്‍ രാധാ-കൃഷ്ണന്മാരെ കുറിച്ച്പറഞ്ഞിട്ടുള്ളത് എന്താണെന്ന് കൂടി ഇത്തരുണത്തില്‍ അറിയുന്നത് ഉത്തമമാണ്.

ഒരിക്കല്‍ സനകാദി മുനിമാര്‍ ബ്രഹ്മാവിന് അടുത്തെത്തി അദ്ദേഹത്തെ സ്തുതിച്ച ശേഷം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.

ആരാണ് പരമദേവന്‍? ആ പരമദേവന്റെ ശക്തികള്‍ എന്തൊക്കെ ആണ്? ആ ശക്തികളില്‍ ശ്രേഷ്ടമായിരിക്കുന്നതും സൃഷ്ടിക്കു കാരണമായ ഏത് ശക്തിയാണ് കുടി കൊള്ളുന്നത്‌?

അതിനു ബ്രഹ്മാവ്‌ മറുപടി നല്‍കി.

സാക്ഷാല്‍ കൃഷ്ണനാണ് പരമദേവന്‍. ആറ് വിധത്തിലുള്ള ഐശ്വര്യത്താലാണ് അദ്ദേഹം പരിപൂര്‍ണന്‍ ആയിര്‍ക്കുന്നത്. ഗോപികാ ഗോപന്മാര്‍ ആ കൃഷ്ണനെ സേവിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, വൃന്ദാവനത്തിന്റെ നാഥനും അദ്ദേഹമാണ്. ഏകമാത്ര സര്‍വേശ്വരന്‍ ആയ കൃഷ്ണന്‍ എല്ലാ ജഗത്തുക്കളുടെയും നായകനാണ്. പ്രകൃതിക്കുമപ്പുറത്താണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആഹ്ലാദിനിയെന്നും സന്ദിനിയെന്നും ജ്ഞാനെശ്ചയെന്നും ക്രിയയെന്നുമോക്കെയുള്ള അനവധി ശക്തികള്‍ അദ്ദേഹത്തിന്റെ താണ്. ഇവയില്‍ ആഹ്ലാദിനീ ശക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയാണ്. അവളെ കൃഷ്ണനും ആരാധിക്കുന്നു. രാധ കൃഷ്ണനെയും ആരാധിക്കുന്നു.
രാധയെ ഗന്ധര്‍വ എന്നും പറയാറുണ്ട്‌. ഗോപികമാരൊക്കെയും കൃഷ്ണന്റെ മഹിഷികളാണ്. ലക്ഷ്മിയാണ്‌ രാധയായി ജന്മം കൊണ്ടത്‌. സ്വയംപീഡക്ക് വേണ്ടി കൃഷ്ണന്‍ പല രൂപങ്ങള്‍ സ്വീകരിച്ചു.

രാധ കൃഷ്ണന്റെ പ്രാണപ്രേയസിയാണ്. അവളെ നാല് വേദങ്ങളും സ്തുതിക്കുന്നു. ബ്രഹ്മജ്ഞാനം തികഞ്ഞ മഹാ ഋഷിമാര്‍ക്ക് രാധയെ സംബന്ധിക്കുന്ന ഗീതങ്ങള്‍ അറിയാം. നീണ്ടകാലം മുഴുവന്‍ വിവരിച്ചാലും തീരാതെ രാധയുടെ ഗുണഗണങ്ങള്‍ വ്യാപ്രുതമാണ്. ആരാണ് രാധയുടെ സന്തോഷത്തിനു പ്രാപ്തമാകുന്നത്, അവര്‍ക്ക് ലഭ്യമാകുന്നത് പരമ ധാമമാണ്. രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ ആരാധിക്കുന്നവരെ മൂഡന്‍മാരെന്ന് വിളിക്കണം. വേദങ്ങളാകട്ടെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.

രാധയും രാമേശ്വരിയും രമ്യയും കൃഷ്ണയും മന്ത്രാദി ദേവതയും സര്‍വാദ്യയും സര്‍വമന്യയും വൃന്ദാവനവിഹാരിണിയും വൃന്ദയും രാധ്യായയും രമയും സത്യയും സത്യപരയും സത്യഭാമയും കൃഷ്ണവല്ലഭയും വൃഷഭാനുസുതയും ഗോപീമൂലപ്രകൃതിയും ഈശ്വരിയും ഗന്ധര്‍വയും രാധികയും രമ്യയും പരമേശ്വരിയും പരാത്പരയും നിത്യയും വിനാശിനിയുമൊക്കെ രാധയുടെ വിശേഷണങ്ങളാണ്.

ആരാണോ ഈ നാമങ്ങളൊക്കെയും ചൊല്ലുന്നത് അവര്‍ക്ക് ലഭ്യമാകുന്നത് ജീവന്മുക്തിയാണ്. രാധയും സന്ധിനീശക്തിയും വസതിയും ആഭരണങ്ങളും ശയ്യയും ആസനവുമൊക്കെ മിത്രസേവകാദിലബ്ധിക്കു പ്രയോജനം ചെയ്യുന്നതാണ്. അവിദ്യാരൂപത്തില്‍ ജീവനെ ബന്ധത്തിലാക്കുന്നത് മായയാണ്. ഭഗവാന്റെ ക്രിയാശക്തി തന്നെ ആണ് ലീലാശക്തി. വ്രതഹീനന്‍ ആണെങ്കില്‍ കൂടി ഈ ഉപനിഷത് വായിക്കുന്നുവെങ്കില്‍ അയാള്‍ വ്രതപൂര്‍ണന്‍ ആയിത്തീരുന്നു. മാത്രമല്ല, വായുവിനോടൊപ്പം പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധനായി ഗണിക്കപ്പെടുന്ന അയാളുടെ ദര്‍ശനം ലഭിക്കുന്നിടമെല്ലാം പരിശുദ്ധമായി തീരുന്നു...

 രണ്ടാം ഭാഗം

 രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്. രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്. രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.

 ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.
ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.
ഹൃദയം തകര്‍ന്ന രാധ
കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി. ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.


കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല. രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വർണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു.

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച്‌ പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച്‌ വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.
മറ്റൊരു വിശ്വാസം അനുസരിച്ച്‌ കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.

കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...