Monday, July 23, 2018

കർക്കടക സംക്രാന്തി

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് കേരളീയര്‍. കേരളത്തിലെ പഴയ പല ആചാരങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു ണ്ടെന്ന് പറയാതെ വയ്യ. അങ്ങനെയുള്ള ആചാരങ്ങളിലൊന്നാണ് കര്‍ക്കടക സംക്രാന്തി ആഘോഷം. കേരളത്തില്‍, തെക്കെ മലബാറിലാണ് ഇത് കൂടുതല്‍ ആചരിച്ചുകാണുന്നത്. മിഥുനമാസത്തിന്റെ അവസാനത്തില്‍ കര്‍ക്കടക സംക്രമദിവസം സന്ധ്യാസമയത്താണ് ആഘോഷം നടക്കുക. സംക്രാന്തിക്ക് മുന്‍പായി വീടുകളിലെ മുറ്റത്തെ പുല്ലു ചെത്തി വൃത്തിയാക്കുന്നു. കട്ടിലകള്‍,ജനാലകള്‍ എന്നിവ കഴുകിവൃത്തിയാക്കുന്നു. പശുവിന്‍ ചാണകവെള്ളം തളിച്ച് വീടുകളും പരിസരങ്ങളും ശുദ്ധമാക്കുന്നു. അതിനുശേഷം പൊട്ടിയെ അടിച്ചു പുറത്താക്കുന്നു. ഒരു കീറിയ പഴയ മുറത്തില്‍ ചോറുകൊണ്ട് വെളുത്തതും കറുത്തതും മഞ്ഞയും നിറങ്ങളില്‍ മൂന്ന് ഉരുളകള്‍ ഉണ്ടാക്കിവയ്ക്കുന്നു. എരിഞ്ഞി ഇല, കൂവയില, മെച്ചിങ്ങ, കുറ്റിച്ചൂല്, മൈലാഞ്ചി എന്നിവയും വയ്ക്കുന്നു. ചോറ് ഉരുളകളുടെ മുകളിലായി മൂന്നുതീരികള്‍ കത്തിച്ചുവയ്ക്കുന്നു. അതിനുശേഷം വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ അല്ലെങ്കില്‍ മറ്റാരെങ്കിലും ഈ മുറം കയ്യില്‍ വച്ച് എല്ലാ മുറികളിലും കയറിയിറങ്ങുന്നു. പൊട്ടി പോ, പോ, ശീപോതിയും മക്കളും വാ വാ എന്ന് ഉച്ചത്തില്‍ പറഞ്ഞു കൊണ്ടാണ് എല്ലാ മുറികളിലും കയറിയി റങ്ങുന്നത്. അതിനുശേഷം വീടിന് ചുറ്റും മൂന്നു പ്രാവശ്യം വലംവയ്ക്കുന്നു. വാഴപ്പിണ്ടികള്‍കൊണ്ടും മടലുകള്‍കൊണ്ടും നിലത്ത് അടിച്ച് ശബ്ദമുണ്ടാക്കി കുട്ടികളും ഇവരുടെ പിറകേ ഓടുന്നു. വീട് മൂന്ന് തവണ വലംവച്ചശേഷം മുറവും അതിലെ സാധനങ്ങളും മറ്റും ദൂരെ ഒഴിഞ്ഞ കോണില്‍ ഉപേക്ഷിക്കുന്നു. പിന്നീട് ആ സ്ത്രീ ഒരു കുളത്തില്‍ പോയി നീന്തി, തുടിച്ച് കുളിക്കുന്നു. കുളിക്കുന്നതിന് മുന്‍പായി ദേഹത്തിലും തലയിലും നിറയെ എണ്ണതേയ്ക്കുന്നു. കുറച്ച് എണ്ണ ഭൂമീദേവിക്കും സമര്‍പ്പിക്കും. ചേട്ടയെ അടിച്ചുപുറത്താക്കി ശ്രീപാര്‍വതിയെ അഥവാ ശ്രീദേവിയെ കുടിയിരുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. മനുഷ്യമനസ്സുകളിലെ ദുഷ്ചിന്തകളും ദുഷ്‌പ്രേരണകളും അകറ്റി മനസ്സില്‍ ദൈവവിശ്വാസം ഉണ്ടാക്കുവാനും, ആത്മാവ് ശുദ്ധീകരിക്കുവാനുമാണ് ഇത് നടത്തുന്നത്. ഇത് നടത്തുന്നത്. കര്‍ക്കടകമാസം ഒന്നിന് കാലത്ത് ഗൃഹനായിക കുളിച്ച് ശുദ്ധമായി പുതുവസ്ത്രങ്ങള്‍ ധരിച്ച് ദശപുഷ്പങ്ങള്‍ ചൂടി, വീട്ടിലെ മച്ചില്‍ അഥവാ പൂജാമുറിയില്‍ ഏഴുതിരിയിട്ട് നിലവിളക്ക് കൊളുത്തിവയ്ക്കുന്നു. ഒരു ഓട്ടുകിണ്ടിയില്‍ നിറയെ വെള്ളവും വയ്ക്കുന്നു. ഒരു താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വയ്ക്കുന്നു. കറുക, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, ചെറൂള, മുയല്‍ചെവിയന്‍, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങള്‍. വീട്ടില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകുവാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിശ്വാസം. കര്‍ക്കടകമാസം പുണ്യമാസമായിട്ടാണ് ഹിന്ദുക്കള്‍ കാണുന്നത്. കര്‍ക്കടകമാസം രാമായണമാസമായി ആചരിച്ചുവരുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇക്കാലത്ത് പ്രത്യേക പൂജകളും നടന്നുവരുന്നു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ (നാലമ്പലം) കര്‍ക്കടക മാസത്തില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നതും പുണ്യമായി കരുതുന്നു. (കരിമുട്ടം ക്ഷേത്രത്തിൽ നിന്നുമുള്ള ഈ വർഷത്തെ നാലമ്പല യാത്ര *ആഗസ്റ്റ് 5* നാണെന്നുള്ളത് ഓർക്കുമല്ലോ) മിഥുനമാസത്തിലെ ദുരിതവും കര്‍ക്കടകമാസത്തിലെ ദുര്‍ഘടവും കഴിഞ്ഞ് പൊന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ മുന്നോടിയായിട്ടാണ് കര്‍ക്കടകസംക്രാന്തിയെ നാം കാണുന്നത്. കേരളത്തില്‍ കര്‍ക്കടക സംക്രാന്തി ദിവസം മുതല്‍ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു തുടങ്ങുന്നു. 

കരിമുട്ടം ദേവി ക്ഷേത്രം

വേദവതി

ദക്ഷസാവർണ്ണിയുടെ വംശത്തിൽപ്പെട്ട വൃഷധ്വജന്റെ പൗത്രനായ കുശധ്വജൻ (രഥധ്വജന്റെ പുത്രൻ) സൂര്യദേവന്റെ ശാപത്താൽ ഐശ്വര്യം നഷ്‌ടപ്പെട്ട് , പത്നീസമേതനായി വേദമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു ഒരിക്കൽ പുത്രീജനനത്തിനായി ലക്ഷ്മീ ദേവിയേ പ്രാർത്ഥിച്ചുപോന്നു. അങ്ങനെയിരിക്കെ കുശധ്വജന്റെ വായിൽനിന്ന്‌ ഒരു ശിശു ജനിച്ചു. ശിശു ലക്ഷ്‌മീദേവിയുടെ അവതാരമായിരുന്നതിനാൽ, രാജാവിനു നഷ്‌ടമായ ഐശ്വര്യമെല്ലാം അതോടെ വീണ്ടുകിട്ടി.
കുശധ്വജൻ മകൾക്കു വേദവതി എന്നു നാമകരണം ചെയ്തു. വേദജപങ്ങൾക്കിടയിലായിരുന്നല്ലോ ജനനം.  അവൾ വളർന്നു സുന്ദരിയായ യുവതിയായി.

അക്കാലത്താണ്‌ ശംഭു എന്ന അസുരൻ അതുവഴി വന്നു. വേദവതിയെ കണ്ട അയാൾക്കു ആ അംഗനാരത്നത്തേ വിവാഹം കഴിച്ചേ പറ്റൂ. കുശധ്വജൻ സമ്മതിച്ചില്ല. കുപിതനായ അസുരൻ പിന്നീട്  രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുശധ്വജനെ വെട്ടിക്കൊന്നു.
ശബ്‌ദം കേട്ട്‌ ഓടിയെത്തിയ വേദവതി ആ ദാരുണമായ രംഗം കണ്ടു. അവൾ തീപാറുന്ന കണ്ണുകളാൽ ശംഭുവിനെ ശപിച്ചു. വേദവതി ഒന്നു നോക്കിയതേയുളളൂ. ആ അസുരൻ ഉടനെ ഭസ്‌മമായി.

വേദവതി പിന്നെ ഏകാന്ത തപസ്സ്‌ അനുഷ്‌ഠിച്ചു. വിഷ്‌ണുഭഗവാനെ ഭർത്താവായി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു തപസ്സ്‌. വേദവതിയുടെ തപോഭൂമിയിൽ ഒരുദിവസം, തന്റെ ജൈത്രയാത്രയ്‌ക്കിടയിൽ രാവണൻ എത്തിച്ചേർന്നു.

“അതിസുന്ദരമായ ഈ ശരീരം തപസ്സിനാൽ ഉണക്കുന്നതെന്തിന്‌? വിശ്വവിജയിയായ ഈ രാവണനെ ഭർത്താവായി സ്വീകരിക്കൂ.” വേദവതിയോടു രാവണൻ അപേക്ഷിച്ചു.

തികഞ്ഞ പുച്ഛത്തോടെ വേദവതി ആ അപേക്ഷ നിരസിച്ചു. രാവണൻ അതു ക്ഷമിച്ചില്ല. അവളെ മുടിക്കു ചുറ്റിപ്പിടിച്ച് വലിച്ചു.പല്ലും നഖവും കൊണ്ട്‌ വേദവതി രാവണനെ എതിർത്തു. അവൾ മുടിമുറിച്ചു മാറ്റി. രാവണൻ കാൺകെ തപഃശക്തിയാൽ അഗ്നി ജ്വലിപ്പിച്ചു. ഒരു നീചാത്മാവിന്റെ കരസ്‌പർശത്താൽ അശുദ്ധമായ ഈ ശരിരം താൻ ഉപേക്ഷിക്കുകയാണെന്നു പറഞ്ഞുകൊണ്ട്‌ അവൾ അഗ്നിപ്രവേശം ചെയ്ത് മരിക്കുകയുണ്ടായി.

“മഹാദുഷ്‌ടനായ രാവണാ! അടുത്ത ജന്മത്തിൽ മഹാവിഷ്‌ണു എന്റെ ഭർത്താവായി വരും. നിന്നെ വധിക്കും; അതിനു ഞാൻ നിമിത്തമാകും.” എന്നു പറഞ്ഞുകൊണ്ടായിരുന്നു വേദവതിയുടെ അഗ്നിപ്രവേശം.

ആ ശാപവാക്കുകൾ രാവണന്റെ ഉളളു പൊളളിച്ചു. വേദവതി ഇതിനകം ചാരമായിക്കഴിഞ്ഞിരുന്നു. ചാരം അവിടെ കിടന്നു പുനർജനിച്ചാലോ എന്ന്‌ ആ മൂഢാത്മാവു ഭയപ്പെട്ടു. അതെടുത്തു പെട്ടിയിലാക്കിയാൽ മരണത്തെ ഒഴിവാക്കാമെന്നും ശാപം ഫലിക്കില്ലെന്നും രാവണൻ വ്യാമോഹിച്ചു.

വേദവതിയുടെ ചാരം മുഴുവൻ തുടച്ചെടുത്ത്‌ ഒരു സ്വർണ്ണ പേടകത്തിലാക്കിയാണു രാവണൻ ലങ്കയിൽ തിരിച്ചെത്തിയത്‌. അവിടെ ഒരു വിജനപ്രദേശത്തു പെട്ടി ഒളിപ്പിച്ചുവെച്ചു. ഇടയ്‌ക്കിടെ രാവണൻ രഹസ്യമായി ആ സ്ഥലം സന്ദർശിക്കും. വല്ല മാറ്റവും വരുന്നുണ്ടോ എന്ന്‌ അറിയണമല്ലോ.

മാറ്റം ഉണ്ടായത്‌ ലങ്കയ്‌ക്കു മുഴുവനുമാണ്‌! ഓരോരോ ദുർന്നിമിത്തങ്ങൾ; ദുരന്തങ്ങൾ ലങ്കയെ ഉലച്ചു. അക്കാലത്താണ്‌ നാരദമഹർഷിയുടെ ലങ്കാ സന്ദർശനം. രാവണൻ തന്റെ ഉൽക്കണ്‌ഠകൾ നാരദനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു

“അങ്ങു സൂക്ഷിക്കുന്ന ഒരു രഹസ്യപേടകമാണ്‌ എല്ലാ ദോഷങ്ങൾക്കും കാരണം. ആ പെട്ടി ഇവിടെ ഇരുന്നാലും നശിപ്പിച്ചാലും ലങ്ക രക്ഷപ്പെടുമെന്നു തോന്നുന്നില്ല. തൽക്കാലം ഒരു കാര്യം ചെയ്യാം അതെടുത്തു ദൂരെ കടലിൽ ഒഴുക്കിവിട്ടേയ്‌ക്കൂ.”
നാരദന്റെ ഉപദേശം കേട്ട രാവണൻ പെട്ടിയെടുത്തു സമുദ്രത്തിൽ ഒഴുക്കി. അലമാലകൾ അതിനെ ഭാരത തീരത്തിലാണ്‌ എത്തിച്ചത്‌.

ആദ്യം ആ സ്വർണ്ണപ്പെട്ടി കളളന്മാരുടെ കണ്ണിലാണു പെട്ടത്‌. അവർ അതുമായി വടക്കോട്ടു പോകവേ, രാജഭടന്മാരാൽ പിടിക്കപ്പെടുമോ എന്ന ഭയത്താൽ   അവർ സ്വർണ്ണപേടകം ഭൂമിയിൽ കുഴിച്ചുമൂടി.
പിന്നീടു സൗകര്യംപോലെ വന്ന്‌ എടുക്കാമെന്നായിരുന്നു കളളന്മാരുടെ വിചാരം. അതിനുളള അടയാളവും ഓർത്തുവെച്ചു. പക്ഷേ, കുറേക്കാലത്തേയ്‌ക്ക്‌ അങ്ങോട്ടു ചെല്ലാൻ അവർക്കു കഴിഞ്ഞില്ല. ചെന്നപ്പോഴോ? കുഴിച്ചിട്ട സ്ഥലം കൃത്യമായി അറിയാനും സാധിച്ചില്ല!

ജനകമഹാരാജാവിന്റെ മിഥിലാ രാജ്യമായിരുന്നു അത്‌. അദ്ദേഹം അക്കാലത്ത്‌ ഒരു യാഗം നടത്താൻ തീരുമാനിക്കുകയുണ്ടായി. അതിലേയ്‌ക്കു പ്രത്യേകതയുളള ഒരു യാഗത്തറ നിർമ്മിക്കണം. അതിന്നു തിരഞ്ഞെടുത്ത സ്ഥലം തെളിച്ചെടുത്ത്‌ ഉഴുതു മറിക്കുമ്പൊഴാണു മഹാത്ഭുതം!

ഒരു സ്വർണ്ണപേടകം! അതിനകത്തുണ്ടായിരുന്ന  വേദവതീദേഹഭസ്മത്തിൽ  വേദവതിയുടെ ആത്മാവും ജീവനും നേരത്തേ പ്രവേശിച്ചുകഴിഞ്ഞിരുന്നു. അത്‌ ഒരു ശിശുവിന്റെ രൂപം പ്രാപിച്ചും കഴിഞ്ഞിരുന്നു.

ജനകമഹാരാജാവ്‌ പെട്ടിയെടുത്തു തുറന്നു നോക്കിയപ്പോൾ കണ്ടത്‌ പൊൻപ്രഭ തൂകുന്ന ഒരു പെൺകുഞ്ഞ്‌! കുട്ടികളില്ലാതിരുന്ന അദ്ദേഹത്തിനുണ്ടായ സന്തോഷത്തിന്‌ അതിരില്ല. അദ്ദേഹം അവളെ കൊട്ടാരത്തിൽ കൊണ്ടുപോയി സീത എന്നു പേർ നൽകി ഓമനയായി വളർത്തി.

അങ്ങനെ മഹാലക്ഷ്‌മിയുടെ അംശമായ വേദവതിയുടെ പുനർജ്ജന്മമായി, സീത മിഥിലയിലെ രാജകുമാരിയായി. ജനകാത്മജയെന്നും മൈഥിലിയെന്നും വൈദേഹിയെന്നുമൊക്കെ അവൾ പല പേരുകളിൽ അറിയപ്പെട്ടു. അവൾ അയോനിജയായ മഹാലക്ഷ്‌മിതന്നെയാണ്‌.

രാമാവതാരമെടുത്തു വരുന്ന വിഷ്‌ണുവിന്റെ ധർമ്മപത്‌നിയായി, രാവണനിഗ്രഹത്തിനു പ്രതിജ്ഞയെടുത്തു വന്ന സ്‌ത്രീരത്‌നം- സീത. വിശ്വസാഹിത്യത്തിലെ തിളക്കമാർന്ന ഈ കഥാപാത്രത്തിന്റെ ഒപ്പം നിൽക്കാൻ മറ്റൊരു കഥാപാത്രത്തിനും സാധിക്കും എന്നു തോന്നുന്നില്ല.

( ഭൂമി കീറുമ്പോളുണ്ടായ കന്യകയ്ക്ക് സീത എന്ന പേരിട്ടു. സീത എന്നു പേരു വരാൻ കാരണം സിതയിൽ നിന്നുണ്ടായവൾ എന്ന അർത്ഥത്തിലാണ്. സിത എന്നാൽ ഉഴവുചാൽ എന്നർത്ഥം. )

കരിമുട്ടം ദേവി ക്ഷേത്രം

സമ്പാതി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

കിഷ്കിന്ധാകാണ്ഡ'ത്തിൽ സീതാന്വേഷണത്തിനായി പുറപ്പെട്ട വാനരന്മാർ മഹേന്ദ്രാചലത്തിലെ ഒരു ഗുഹയിൽ വെച്ച്‌ ജടായൂ സഹോദരനായ സമ്പാതി എന്ന പക്ഷിശ്രേഷ്ഠനെ കണ്ടുമുട്ടുന്നു.

തന്റെ കരുത്തിലുള്ള അമിതവിശ്വാസം മൂലം സൂര്യമണ്ഡലത്തിലേക്ക്  ചിറകുവിരുത്തി പറന്നുചെന്നപ്പോൾ സൂര്യതാപത്താൽ ചിറകുകൾ കരിഞ്ഞു ഭൂമിയിൽ വീണുപോയ ഹതഭാഗ്യനായ പക്ഷിയാണ്‌ സമ്പാതി.

തന്റെ സഹോദരൻ ജടായു ശ്രീരാമചന്ദ്ര ദർശനം കൊണ്ടു മോക്ഷ പ്രാപ്തനായതറിഞ്ഞ സമ്പാതി അത്യന്തം സന്തോഷവാനായിത്തീർന്ന്‌ താനറിഞ്ഞ സീതാവൃത്താന്തം പറയുന്നു. സമ്പാതിയാണ്‌ സീത എവിടെയാണു ള്ളതെന്ന കൃത്യമായ വിവരം വാനരപ്രവരർക്കു നൽകുന്നുത്‌:

ദുർഘടവും സങ്കീർണവുമായിരുന്ന സീതാന്വേഷണ യാത്രയ്ക്ക്‌ കൃത്യമായി നേർവഴി കാണിച്ചു നൽകുന്നത്‌ സമ്പാതിയാണ്‌. പക്ഷിയായതുകൊണ്ട്‌ നൂറുയോജന ദൂരേയിരിക്കുന്ന സീതയെ നേരേ തനിക്കു കാണാൻ കഴിയുന്നുണ്ടെന്ന്‌ സമ്പാതി സാക്ഷ്യപ്പെടുത്തുന്നു. അതിനുശേഷമാണ്‌ വാനരസംഘത്തിന്‌ സമുദ്രലംഘന ചിന്തയുണ്ടാകുന്നത്‌.

കരിമുട്ടം ദേവി ക്ഷേത്രം

ജയദ്രഥനും സുരഥനും


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

കൌരവരുടെ ഒരേയൊരു സഹോദരിയായിരുന്നു ദുശ്ശള. നൂറു സഹോദര ന്മാരുടെ ഒരേ ഒരു പെങ്ങൾ. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയുംമകൾ. ദുശ്ശളയെ വിവാഹം കഴിച്ചത് സിന്ധു രാജാവായ ജയദ്രഥനാണ്. ജയദ്രഥൻ പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരി ക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതുകൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271-ാം അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചുകാണുന്നുണ്ട്.

യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിനായിഅർജുനൻ അശ്വത്തെ നയിച്ച് വിദർഭ ദേശത്തെത്തിയപ്പോൾ, ദുശ്ശളയുടെ പുത്രനായ സുരഥനും മറ്റു ചില യോദ്ധാക്കളും അശ്വത്തെ തടഞ്ഞു. അർജുനൻ അവരെ വധിച്ചു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞുമായി അർജുനന്റെ അടുത്തെത്തി. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അർജുനൻ യുദ്ധം അവസാനിപ്പിക്കുകയും സുരഥന്റെ പുത്രനെ സിന്ധു രാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു എന്ന് മഹാഭാരതം അശ്വമേധപർവം 78-ഉം 89-ഉം അധ്യായങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.

കരിമുട്ടം ദേവി ക്ഷേത്രം  

Friday, July 13, 2018

ചാക്ഷുഷി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ചാക്ഷുഷി മന്ത്രം ഒരു ദിവ്യമന്ത്രമാണ്. കാണാൻ ആഗ്രഹിക്കുന്ന ഏതിനേയും കാണുവാൻ സഹായകമവുന്ന മന്ത്രമാണ് ചാക്ഷുഷി. മഹാ ഭാരതത്തിൽ ചക്ഷുഷി വിദ്യയെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഗന്ധർവനായിരുന്ന അംഗാരവർണ്ണനു ഈ ദിവ്യമന്ത്രം അറിയാമായി രുന്നതായി മഹാഭാരതത്തിലെ ആരണ്യ പർവ്വത്തിൽ പറയുന്നുണ്ട്. ഈ മന്ത്രം അദ്ദേഹം പാണ്ഡവരിലെ അർജ്ജുനനു ഉപദേശിച്ചു കൊടുത്തിരുന്നു.

അരക്കില്ല ദഹനത്തിനുശേഷം അവിടെ നിന്നും രക്ഷപെടുന്ന പാണ്ഡവർ വ്യാസോപദേശത്താൽ പാഞ്ചാലിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ രാത്രിയിൽ പാഞ്ചാലത്തേക്ക് യാത്രതിരിക്കുന്നു. പാണ്ഡവർ ഗംഗാനദി കടന്നു പോകുമ്പോൾ സോമശ്രവായം എന്നസ്ഥലത്ത് എത്തിയപ്പോൾ അംഗാരവർണ്ണനെന്ന ഗന്ധർവ്വൻ പരിവാരസമേതം (പത്നിമാരായ യക്ഷികളോടൊപ്പം) അവിടെ ഗംഗയിൽ കുളിക്കുന്നതു കാണാനിടയായി. യാത്രയിൽ അർജ്ജുനൻ ഒരു പന്തവും കൊളുത്തി മുൻപിലായിരുന്നു യാത്ര. മനുഷരെ രാത്രിയിൽ അവിടെ കാണാനിടയായതിനാൽ ഗന്ധർവനായഅംഗാരവർണ്ണൻ കുപിതനായി അർജ്ജുനനോട് യുദ്ധം ചെയ്തു. അംഗാരവർണ്ണനും അർജ്ജുനനും തമ്മിൽ നടത്തിയ യുദ്ധത്തിൽ അർജ്ജുനൻ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവർണ്ണന്റെ വെള്ളത്തിൽ പൊങ്ങിക്കിടന്ന ദിവ്യരഥം കത്തിച്ചു കളയുകയും, അസ്ത്രപ്രഭയിൽ അംഗാരവർണ്ണൻ മോഹലാസ്യപ്പെട്ടു ഗംഗയിൽ വീണു. അംഗാരവർണ്ണനെ കൊല്ലാതെ വിടാൻ അംഗാരവർണ്ണന്റെ ഭാര്യ കുംഭിനസി മാപ്പ് അപേക്ഷിച്ചു. മാപ്പ് അപേക്ഷിക്കുന്നവനേയും, സ്ത്രീ ക്രീഢ നടത്തുന്നവനേയും, ബലഹീനനേയും, കൊല്ലരുത് എന്നുള്ള ആപ്ത വാക്യം ഓർമ്മപ്പെടുത്തുന്ന കുംഭീനസിയുടെ ആഗ്രഹപ്രകാരം അർജ്ജുനൻ അംഗാരവർണ്ണനെ കൊല്ലാതെ വിട്ടു. അംഗാരവർണ്ണൻ അർജ്ജുനന് പ്രത്യുപകാരമായി ഈ വിദ്യ ഉപദേശിച്ചു കൊടുക്കുന്നുണ്ട്. അർജ്ജുനൻ ഗന്ധർവ്വനു പ്രത്യുപകാരമായി ‘ആഗ്നേയാസ്ത്രവും' പറഞ്ഞു കൊടുത്ത്, ഗന്ധർവനുമായി ഉറ്റമിത്രങ്ങളാവുന്നു. 

ചാക്ഷുഷി ബ്രഹ്മാവിൽ നിന്നും സൂര്യപുതനായ വൈവസ്വതമനുവും, മനുവിൽനിന്നും, അത്രിപുത്രനായ സോമനും (ചന്ദ്രൻ), സോമനിൽ നിന്നും ഗന്ധർവ്വ രാജാവായ വിശ്വവസുവും, വിശ്വവസുവിൽ നിന്നും അംഗാര വർണ്ണനും, അംഗാരവർണ്ണനിൽ നിന്നും അർജ്ജുനനും ഹൃദിസ്ഥമാക്കി. 

കരിമുട്ടം ദേവി ക്ഷേത്രം

ശരഭേശ്വരൻ

കരിമുട്ടം ക്ഷേത്രം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ആവശ്യപ്പെട്ട തനുസരിച്ച് ശരഭേശ്വരനെ കുറിച്ച് ശേഖരിച്ച വിവരങ്ങൾ ചേർക്കുന്നു .....

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം,' കാഞ്ചി പുരാണം, ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാ വതാരമെടുത്ത 
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ - അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.

ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.
ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും ,മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹ മുർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു. സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതി സ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി. ആ ഭയങ്കര ഭാവത്തിന് രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നി നേത്രങ്ങളും, മാൻ, മഴു, സർപ്പം തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി, ശരഭേശ്വരനായി .

ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌.  
ഭദ്രകാളി പ്രത്യംഗരെയും, ദുർഗ്ഗ ശൂലിനിയുമായി തീർന്നു. 
ശരഭ പക്ഷിയായി പറന്നു വന്ന 
ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹ മൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറിയ ഉടനെ സ്വയം ഉണർവ് വന്ന് മഹാവിഷ്ണുവിന് ബോധമുണ്ടായി. ഉഗ്ര നരസിംഹൻ 
ലക്ഷ്മീ നരസിംഹനായി. യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു.
ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. ശരഭ ശക്തികളായ പ്രത്യംഗീരയും, ശുലിനിയും ഭൂത - പ്രേത - പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും, ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു.

ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ

തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. അതീവ ശിൽപചാതുര്യത്താൽ വളരെയധികം  പേര് കേട്ടതാണ് ത്രിഭുവനം ശരഭേശ്വര ക്ഷേത്രം.

കരിമുട്ടം ദേവി ക്ഷേത്രം

ഗുളികൻ

കരിമുട്ടം ക്ഷേത്രം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ആവശ്യപ്പെട്ടതനുസരിച്ച് ഗുളികനെ കുറിച്ച് ശേഖരിച്ച വിവരങ്ങൾ ചേർക്കുന്നു ..... (മുമ്പ് ഒന്നാം ഗ്രൂപ്പിൽ ഗുളികനെ കുറിച്ച് നമ്മൾ ചർച്ച ചെയ്തിരുന്നു. എങ്കിലും കുറച്ചു കൂടി വിവരങ്ങൾ ഇവിടെ ചേർക്കുകയാണ് )

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു.

അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.

ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്.  കാലൻ , അന്തകൻ, യമൻ,  എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

ജ്യോതിഷ പ്രകാരം ഗുളിക നെ കുറിച്ചുള്ള അറിവുകൾ ചെറുതായി സംഗ്രഹിക്കാം. ഉപഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ പാപിയും മറ്റ് ഉപഗ്രഹങ്ങളെ നയിപ്പിക്കുവനുമാകുന്നു ഗുളികന്‍.  ഗുളികന്‍ പാപത്തിന്റെയും, ക്രൂരതയുടെയും മൂര്‍ത്തീഭാവമാകുന്നു. സ്വാഭാവികമായും ഗുളികന്‍ നാശത്തെയും, മരണത്തെയും പ്രതിനിധീകരിക്കുന്നു. അദൃശ്യനാണെങ്കിലും ഗുളികന്‍ ഒരു ദിവസം രണ്ട് പ്രാവശ്യം അതായത് പകലും, രാത്രിയിലും ഉദിക്കുന്നതായി പറയപ്പെടുന്നു. ഗുളികന്‍ ലഗ്ന ഭാവത്തില്‍ നിന്നാല്‍ ക്രൂരത, കപടത, നിരീശ്വരത്വം, കലഹസ്വഭാവം, പാപപൂര്‍ണ്ണമായ ദൃഷ്ടി, അമിതാഹാരം, സന്താന അഭാവം, അല്പായുസ്സ് എന്നിവയാണ് ഫലമെന്ന് പറയപ്പെടുന്നു.

രണ്ടില്‍ നിന്നാൽ കലഹങ്ങളില്‍ താല്‍പ്പര്യം, നിഷ്ഫലമായ വാക്കുകള്‍ , ദുരദേശവാസം എന്നിവയും

മൂന്നില്‍, നിര്‍ഭയത്വം, അഹങ്കാരം, ദേഷ്യം, ദീനത, സഹോദര നാശം, സഞ്ചാര ശീലം എന്നിവയും

നാലില്‍, സ്വജനങ്ങളില്‍ നി്ന്നു സ്‌നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ എന്നിങ്ങനെയും

അഞ്ചില്‍,  അല്പായുസ്സ്, ചഞ്ചമനസ്സ്, സന്താന അഭാവം, ദൂര്‍വിചാരം എന്നിവയും

ആറില്‍, ധൈര്യം, എല്ലാ കാര്യങ്ങള്‍ക്കും സാമര്‍ത്ഥ്യം, ശത്രുനാശം, മാജിക് പഠിക്കുവാന്‍ താല്‍പ്പര്യം, സല്‍സന്താനം എന്നിങ്ങനെയും

ഏഴില്‍, വിദ്യാഹീനത, നന്ദി ഇല്ലായ്മ, പരസ്ത്രീ സംഗമം, കലഹസ്വഭാവം, സമൂഹത്തിന് ദോഷം ചെയ്യുന്ന ആള്‍ എന്നതും 

എട്ടിൽ, കുറിയ ദേഹം, വൈരൂപ്യം, വികലനേത്രം, ജന്മനാ അംഗഹീനന്‍ എന്നും

ഒമ്പതില്‍, ഗുരുക്കന്‍മ്മാരില്‍ നിന്നും, പണ്ഡിതന്‍മ്മാരില്‍ നിന്നും അനുഗ്രഹം ഇല്ലായ്മ, തത്ത്വജ്ഞാനി, സര്‍പ്പദോഷം, ബാധകള്‍ , വിദേശവാസി എന്നും

പത്തില്‍, സ്വാര്‍ത്ഥത, ദുഃഖപര്യവസായിയായ കര്‍മ്മങ്ങളില്‍ താല്‍പ്പര്യം എന്നിങ്ങനെയും 

പതിനൊന്നില്‍, ബുദ്ധഗുണം, സുഖം, ആകര്‍ണീയമായ ശരീരം, സല്‍സന്താന ലാഭം ഇവയും

പന്ത്രണ്ടില്‍, ചഞ്ചലത, അതിവ്യയം, ഭൗതീക കാര്യങ്ങളില്‍ അശ്രദ്ധ എന്നും സാമാന്യ ഫലമെന്നാണ് പറയപ്പെടുന്നത്.

ഗുളികന്‍ സൂര്യനോട് ചേര്‍ന്നാല്‍ പിതാവിന് ദോഷം, ചന്ദ്രനോട് ചേര്‍ന്നാല്‍ അമ്മയ്ക്ക് ബുദ്ധിമുട്ട്, ചൊവ്വയോട് ചേര്‍ന്നാല്‍ സഹോദരങ്ങളില്‍ നി്ന്നു വേര്‍പാട്, ബുധനുമായി ചേര്‍ന്നാല്‍ മാനസിക അസുഖം, ശുക്രനോട് ചേര്‍ന്നാല്‍ വിഷങ്ങളില്‍ നിന്നുളള പീഡനം, കേതുവുമായി ചേര്‍ന്നാല്‍ അംഗഹീനത്വം എന്നും പറയപ്പെടുന്നുണ്ട്.

ഗുളികന്‍ എല്ലാ തരത്തിലുളള അസുഖത്തേയും, കഷ്ടതയേയും ഉണ്ടാക്കുകയും അത് നില്‍ക്കുന്ന ഭാവത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ഗ്രഹങ്ങളോട് ചേരുമ്പോള്‍ ഗുളികന്‍ ഗുണങ്ങളെ നശിപ്പിക്കുകയും, നാശങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചില ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ഒരു പാപിയായിത്തീരുന്നു.

ജനനം ഉണ്ടാകുന്നത് ഗുളികന്‍ നില്‍ക്കുന്ന ത്രികോണ രാശികളില്‍ ഒന്നിലോ ഗുളിക നവാംശക രാശിയിലോ ആയിരിക്കും.

എന്നാൽ സര്‍വ്വ ദുഃഖങ്ങളുടെയും, പാപങ്ങളുടെയും ഉറവിടമായിത്തീരുന്ന ഗുളികകാലം ധാന്യശേഖരം, കച്ചവടം, കടം തീര്‍ക്കല്‍, നൂതന ഗൃഹപ്രവേശം, ഔഷധസേവ, ആഭരണ ധാരണം, വേദപഠനം മുതലായ ചില പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശുഭകരമാണെന്നും പറയപ്പെടുന്നു.

 കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...