Friday, November 1, 2019

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019)

തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്ന 1248 ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണസംബന്ധമായ മേൽനോട്ടം നിർവ്വഹിക്കുന്ന സ്ഥാപനമാണിത്. തിരുവനന്തപുരത്ത് നന്ദൻകോട്ടാണ് ഇതിന്റെ ആസ്ഥാനം. ശബരിമല ധർമ്മശാസ്താക്ഷേത്രം, വൈക്കം, ഏറ്റുമാനൂർ മഹാദേവക്ഷേത്രങ്ങൾ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവാറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുടങ്ങി നിരവധി മഹാക്ഷേത്രങ്ങൾ ഈ സ്ഥാപനത്തിന്റെ കീഴിലുണ്ട്.

കേരളത്തിലെ ഹിന്ദു ദേവാലയങ്ങൾക്കും അവയുടെ ഭരണക്രമത്തിനും പൊതുവായി നല്കിയിരിക്കുന്ന നാമമാണ് ദേവസ്വം എന്നത്. ദേവന്റെ സ്വത്ത് എന്ന അർഥത്തിലാണ് 'ദേവസ്വം' എന്ന പ്രയോഗം പ്രചാരത്തിലുള്ളത്. കേരളസംസ്ഥാനം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്ന രീതിയിൽ പ്രത്യേകമായി നിലനിന്ന കാലഘട്ടം മുതൽ ക്ഷേത്രത്തെയും ക്ഷേത്ര ഭരണസംവിധാനത്തെയും സൂചിപ്പിക്കാനായി 'ദേവസ്വം' എന്ന സംജ്ഞ നിലവിലിരുന്നു.

അതിപ്രാചീനകാലം മുതൽ കേരളത്തിൽ ഹൈന്ദവ ജനതയുടെ ദിനചര്യയിൽ ക്ഷേത്രദർശനത്തിന് പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. മലയാളനാട്ടിലെ ഏറ്റവും പഴക്കമുള്ള പൊതു ട്രസ്റ്റ് ക്ഷേത്രങ്ങളുൾക്കൊള്ളുന്ന ധർമസ്ഥാപനങ്ങളാണ്. ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ദേവസ്വത്തിന് വളരെ സ്വാധീനമുണ്ടായിരുന്നു. നാട്ടിൽ പ്രധാനികളും പ്രാതിനിധ്യസ്വഭാവമുള്ളവരുമായ ഊരാളരായിരുന്നു ആദ്യകാല ക്ഷേത്രങ്ങളിലെ ഭരണകർത്താക്കൾ. എന്നാൽ ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതും അവയുടെ നിലനില്പിനായി ധനവും വസ്തുവകകളും നിക്ഷേപിച്ചതും പൊതുജനങ്ങളായിരുന്നു. രാജാക്കന്മാരും പ്രഭുക്കളും ജന്മികളും വിപുലമായ തോതിൽ ഈ ട്രസ്റ്റുകൾക്ക് ധനസഹായം നല്കുകയും ഇവയെ ഭയഭക്തിബഹുമാനപുരസ്സരം സംരക്ഷിക്കുകയും ചെയ്തുവന്നു. കാലമേറെ കഴിഞ്ഞപ്പോൾ ദേവസ്വത്തിന് സമ്പത്ത് കുമിഞ്ഞുകൂടി. ക്രമേണ ഊരാളർ ഭരണാധിപന്മാർക്കുപോലും ഇടപെടാനാകാത്ത തരത്തിലുള്ള ഭരണവ്യവസ്ഥകളും നിയമാവലികളും ദേവസ്വത്തിന് ഉണ്ടാക്കുകയും മറ്റും ചെയ്തു. കാലക്രമത്തിൽ ധനദുർവിനിയോഗത്തിനും ദുർഭരണത്തിനും ഇതു വഴിതെളിക്കുകയുണ്ടായി. അങ്ങനെ വന്നപ്പോൾ ദേവസ്വത്തിനു കല്പിക്കപ്പെട്ടിരുന്ന അപ്രമാദിത്വം നഷ്ടപ്പെടുകയും രാജ്യത്തിന്റെ മേൽക്കോയ്മാധികാരമുപയോഗിച്ച് രാജാക്കന്മാർ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ചെയ്തു.

തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം ഗവണ്മെന്റ് ഏറ്റെടുത്തത് 1811-ൽ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലഘട്ടത്തിൽ (1810-15) ആയിരുന്നു. കേണൽ മൺറോ ആയിരുന്നു മഹാറാണിയുടെ ഉപദേഷ്ടാവ്.

1897-ൽ പുതിയ ദേവസ്വം വകുപ്പ് ഉണ്ടാവുകയും 1907-ൽ അതു പുനഃസംഘടിപ്പിച്ച് നിയമാവലി പുതുക്കി ലാൻഡ് റവന്യൂവിനെ പണപ്പിരിവിനുള്ള ചുമതല ഏല്പിക്കുകയുമാണ് ചെയ്തത്. 1906-ൽ 'ദേവസ്വം സെറ്റിൽമെന്റ്' വിളംബരം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ദേവസ്വത്തിന്റെ കാണക്കുടിയാന്മാരുമായുള്ള ബന്ധങ്ങൾ നിയന്ത്രിക്കപ്പെട്ടു.

മൂലം തിരുനാൾ രാമവർമ മഹാരാജാവ് ദേവസ്വം ഭരണം റവന്യൂവകുപ്പിൽനിന്നു മാറ്റി പ്രത്യേക വകുപ്പ് ആയി 1922 ഏ. 12-ന് 'ദേവസ്വം വിളംബരം' നടത്തി. അടുത്ത കൊല്ലവർഷം (1098) ആരംഭം മുതൽ ദേവസ്വം വകുപ്പ് ഒരു കമ്മിഷണറുടെ ചുമതലയിലാക്കി പുനഃസംഘടിപ്പിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തിലെ ആകെ ഭൂനികുതിവരുമാനത്തിന്റെ 40% -ൽ കുറയാത്ത തുക 'ദേവസ്വം ഫണ്ട്' എന്ന പേരിൽ നീക്കിവയ്ക്കാനും വ്യവസ്ഥയുണ്ടായി. 1946-ഓടുകൂടി ദേവസ്വങ്ങൾക്ക് സർക്കാർ നല്കേണ്ട പ്രതിവർഷ വിഹിതം 25 ലക്ഷം രൂപയായി നിജപ്പെടുത്തി.

തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുൾ പ്പെട്ട ക്ഷേത്രങ്ങളുടെ വരുമാനം അടിസ്ഥാനമാക്കി അവയ്ക്ക് മേജർ, മൈനർ, പെറ്റി പദവികൾ നല്കപ്പെട്ടു. പ്രതിവർഷം 1000 രൂപയ്ക്കു മുകളിൽ വരുമാനം ലഭിക്കുന്നവ മേജർ ദേവസ്വവും 1000-നും 100-നുമിടയിൽ വരുമാനമുള്ളവ മൈനർ ദേവസ്വവും 100 രൂപയിൽ കുറവു വരുന്നവ പെറ്റിദേവസ്വവും എന്നായിരുന്നു വിഭജന രീതി. ഇവകൂടാതെ പി.ഡി. ദേവസ്വം എന്നൊരു വിഭാഗവും നിലവിലിരുന്നു. പെഴ്സണൽ ഡിപ്പോസിറ്റുള്ള ദേവസ്വങ്ങൾക്കാണ് പി.ഡി. ദേവസ്വം എന്ന പേരുണ്ടായിരുന്നത്.

ദേവസ്വം വകുപ്പിന്റെ കീഴിൽ ഒരു പ്രത്യേക മരാമത്തുവകുപ്പും ശാന്തിസ്കൂളുകളും നടത്തപ്പെട്ടിരുന്നു. തിരുവനന്തപുരം സംസ്കൃത കോളജിലെ വേദവിഭാഗവും തൃപ്പൂണിത്തുറ, മങ്കൊമ്പ് എന്നിവിടങ്ങളിലെ വേദപാഠശാലകളും ദേവസ്വത്തിന്റെ ഭരണനിയന്ത്രണത്തിലായിരുന്നു.

1947-നുശേഷം ദേവസ്വം ഭരണസമ്പ്രദായത്തിൽ വീണ്ടും ചില മാറ്റങ്ങൾ ഉണ്ടായി. ജനപ്രതിനിധികൾ അധികാരമേറ്റപ്പോൾ ഗവണ്മെന്റ്ചുമതലയിൽനിന്നു ദേവസ്വം സ്വതന്ത്രമാവുകയും 1948 മാ. 23-ലെ വിളംബരപ്രകാരം ക്ഷേത്രങ്ങൾ വീണ്ടും രാജഭരണത്തിൻകീഴിലാവുകയും ചെയ്തു. ദേവസ്വം ജോലിക്കാർ സർക്കാർ ജീവനക്കാരല്ലാതായി. ദേവസ്വം ഭരണം സർക്കാരിൽനിന്നു മാറിയതിനെ തുടർന്നുണ്ടായ ഒരു ഓർഡിനൻസ് മുഖേന 1949-ൽ രൂപവത്കൃതമായ ആദ്യ ദേവസ്വം ബോർഡ് അധ്യക്ഷൻ മന്നത്തു പദ്മനാഭൻ ആയിരുന്നു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള വിഹിതവും പണ്ടാരവകയ്ക്കു നല്കേണ്ട ഒരു ലക്ഷം രൂപയും ഉൾപ്പെടെ ദേവസ്വം ഫണ്ടിലേക്ക് സർക്കാർ നല്കേണ്ട തുക 51 ലക്ഷം രൂപയായി ഉയർന്നു. ഈ ഫണ്ടിൽ നിന്നാണ് ഉദ്യോഗസ്ഥർക്കുള്ള ശമ്പളം ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകളും നിർവഹിക്കേണ്ടിയിരുന്നത്.

തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ലയനം 1949 ജൂല.-യിൽ നടന്നതിനെത്തുടർന്ന് ഇരു രാജ്യങ്ങളിലെയും രാജാക്കന്മാരും കേന്ദ്രസർക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിപ്രകാരം തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വങ്ങളുടെ ഭരണം മൂന്ന് അംഗങ്ങൾവീതം ഉൾപ്പെട്ട ഓരോ ബോർഡിന്റെ അധികാരപരിധിക്കുള്ളിലായി. ഈ മൂന്ന് അംഗങ്ങളിൽ ഓരോരുത്തരെയും യഥാക്രമം ഹിന്ദു മന്ത്രിമാർ, ഹിന്ദു നിയമസഭാംഗങ്ങൾ, മഹാരാജാവ് എന്നിവരാണ് നോമിനേറ്റ് ചെയ്തിരുന്നത്. 1949-ലെ നാലാം വിളംബരം, ഒമ്പതാം വിളംബരം, 1950-ലെ ഒന്നാം വിളംബരം എന്നിവയനുസരിച്ച് ഈ വ്യവസ്ഥകൾക്ക് നിയമസാധുതയും നല്കി. തുടർന്ന് 1950-ലെ ഹിന്ദുമതസ്ഥാപന നിയമം (Hindu Religious Institution Act XV of 1950) നിയമസഭ പാസ്സാക്കിക്കൊണ്ട് തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് ബാധകമാക്കി ഉത്തരവു പുറപ്പെടുവിക്കുകയുമുണ്ടായി. ഇങ്ങനെ രൂപവത്കൃതമായ ബോർഡിന്റെ ആദ്യ അധ്യക്ഷൻ പി.ജി.എൻ. ഉണ്ണിത്താൻ ആയിരുന്നു.

ഭാഷാടിസ്ഥാനത്തിലുള്ള ഭാരതീയ സംസ്ഥാനങ്ങളുടെ പുനഃസംഘടന 1956-ൽ പ്രാബല്യത്തിൽ വന്നതോടുകൂടി ദേവസ്വം ബോർഡുകളുടെ ഭരണാധികാരങ്ങൾക്കും ചില വ്യതിയാനങ്ങൾ ഉണ്ടായി. തിരുവിതാംകൂർ ദേവസ്വത്തിലുൾപ്പെട്ട ചില പ്രദേശങ്ങൾ (450-ഓളം ക്ഷേത്രങ്ങൾ) തമിഴ്നാടിന്റെ ഭാഗമായി മാറുകയും ഇവ മദ്രാസിലെ 'ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപ്പാർട്ട്മെന്റ്' കമ്മിഷണറുടെ അധികാരപരിധിയിലാവുകയും ചെയ്തു.

ബോർഡിലെ ഒരംഗത്തിന്റെ കാലാവധി രണ്ടു വർഷമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബോർഡ് മെംബർ ആകുന്നതിന് തിരുവിതാംകൂർ പൗരനും ഹിന്ദുമതവിശ്വാസിയും അനുദ്യോഗസ്ഥനും ആയിരിക്കണം. ബോർഡിലെ ഏതൊരു കുത്തക ഏർപ്പാടുകളുമായി സഹകരിക്കുന്നവരും മെംബർ ആകാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബോർഡ് മെംബർമാരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം കമ്മിഷണർ തുടങ്ങിയ ഭരണാധികാരികളും ഉണ്ട്. ബോർഡ് തീരുമാനങ്ങൾ നടപ്പിൽ വരുത്തുക, ബോർഡ് മീറ്റിങ്ങിന്റെ അജൻഡ തയ്യാറാക്കുക, ബോർഡ് ഓഫീസിലെ ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കുക മുതലായവയാണ് സെക്രട്ടറിയുടെ ഭരണച്ചുമതല. ഡിപ്പാർട്ട്മെന്റിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് ദേവസ്വം കമ്മിഷണർ.

ഭരണസൗകര്യം പ്രമാണിച്ച് ദേവസ്വം ഡിപ്പാർട്ട്മെന്റ് 4 ദേവസ്വം ഡിസ്ട്രിക്റ്റുകളായും ശബരിമല ഗ്രൂപ്പ് ഒഴികെ 20 ഗ്രൂപ്പുകളായും തരംതിരിച്ചിട്ടുണ്ട്. തിരുവനന്തപുരം, അമ്പലപ്പുഴ (ഹെഡ്ക്വാർ ട്ടേഴ്സ്-ഹരിപ്പാട്), പത്തനംതിട്ട ,വൈക്കം എന്നിവയാണ് 4 ദേവസ്വം ഡിസ്ട്രിക്റ്റുകൾ. 20 ഗ്രൂപ്പുകൾ നെയ്യാറ്റിൻകര, തിരുവനന്തപുരം, ഉള്ളൂർ, വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്,കരുനാഗപ്പള്ളി, ആറന്മുള, തിരുവല്ല,മുണ്ടക്കയം, ചങ്ങനാശ്ശേരി, തൃക്കാരിയൂർ, പറവൂർ, വൈക്കം, കോട്ടയം, ഏറ്റുമാനൂർ എന്നിവയാണ്.

ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 'ശബരിമല ഗ്രൂപ്പ്' എന്ന പ്രത്യേക ഗ്രൂപ്പ് രൂപവത്കൃതമായി. ശബരിമല ദേവസ്വത്തിന്റെ ഭരണം എക്സിക്യൂട്ടിവ് ഓഫീസറാണ് നടത്തുന്നത്. ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോൾ പത്തനംതിട്ടയിലാണ് . ഈ ഓഫീസ് മാസപൂജക്കാലത്തും മണ്ഡല, മകരവിളക്കുസമയങ്ങളിലും ശബരമലയിൽ താത്കാലികമായി പ്രവർത്തിക്കാറുണ്ട്. ഡിസ്ട്രിക്റ്റുകളുടെ ഭരണാധികാരി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാരും ഗ്രൂപ്പ് ഭരണാധികാരികൾ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർമാരുമാണ്. ഇവരുടെ കീഴിൽ സബ് ഗ്രൂപ്പ് ഓഫീസർമാരും , അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, മിനിസ്റ്റീരിയൽ വിഭാഗം എന്നിവരും ഭരണകാര്യത്തിൽ സഹായികളായി ഉണ്ട്.

ബോർഡും സ്ഥാപനങ്ങളും

തിരുവനന്തപുരം ആസ്ഥാനമായി ഭരണം നടത്തിവന്നിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളുടെ ഭരണത്തിനു പുറമേ വിദ്യാഭ്യാസ-സാംസ്കാരിക മണ്ഡലങ്ങളിലും വിപുലമായ തോതിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാല; ശാസ്താംകോട്ട, തലയോലപ്പറമ്പ്, പരുമല എന്നിവിടങ്ങളിൽ സ്ഥാപിതമായ ദേവസ്വം ബോർഡ് കോളജുകൾ; ഒട്ടേറെ ഹൈസ്കൂളുകൾ; ഹരിജനക്ഷേമോദ്ധാരണത്തിനായുള്ള സ്ഥാപനങ്ങൾ; ദേവസ്വം ഹിന്ദു ഹോസ്റ്റൽ; കുടിൽവ്യവസായ സ്ഥാപനങ്ങൾ തുടങ്ങി ഒട്ടേറെ സംരംഭങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലുണ്ട്. ക്ഷേത്രകലകളുടെ സംരക്ഷണവും വികസനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും ബോർഡ് സംഘടിപ്പിക്കുന്നുണ്ട്


*🐍_വിഷവൈദ്യം ഉണ്ടായ കഥ പറയാം..._🐍* (3.5.2019)

_കശ്യപ മുനിയുടെ മക്കളാണ് സർപ്പങ്ങൾ..._

_കദ്രു എന്നാണ് സർപ്പങ്ങളുടെ മാതാവിന്റെ പേര്...._

_സർപ്പങ്ങൾ ലോകത്തിൽ പെറ്റു പെരുകി............_
_ഇവയുടെ വർധന ദേവന്മാർക്ക് പോലും അസഹ്യമായി തോന്നി._

_ഒരിക്കൽ മാതാവ് സർപ്പങ്ങളിൽ ചില പ്രധാനികൾ വിളിച്ചു തന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി ഉച്ചൈശ്രവസ്  എന്ന് പേരുള്ള വെള്ള കുതിരയുടെ വാലിൽ രോമങ്ങളായി തൂങ്ങികിടക്കാൻ കല്പിച്ചു...._

_പക്ഷെ സർപ്പങ്ങൾ അതിനു വിസമ്മതിച്ചു._

_ക്രൂദ്രയായ കദ്രു മക്കളെ ശപിച്ചു...._

_"എന്റെ വാക്കുകൾ തൃണവല്ഗണിച്ച നിങ്ങളെ എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഇതാ ശപിക്കുന്നു.നിങ്ങൾ ജനമേജയൻ എന്ന സർപ്പസത്രത്തിൽ വെന്തു മരിക്കാൻ ഇടയാകട്ടെ............"_

_മക്കൾ നിശബ്ദരായി മാതൃ ശാപം ഏറ്റുവാങ്ങി._

_അവയുടെ കടിയേൽക്കുന്ന ജന്തുക്കളും മനുഷ്യരുമെല്ലാം തൽക്ഷണം മരിക്കാൻ തുടങ്ങി....._

_കശ്യപൻ പരിഭ്രാന്തനും ദുഃഖിതനുമായി...._

_അദ്ദേഹം ബ്രഹ്മ്മാവിനെ തപസ്സു ചെയ്തു സംപ്രീതനാക്കി._

_കശ്യപൻ ബ്രഹ്‌മാവിനോട് മക്കൾക്കുള്ള വിഷവീര്യത്തെക്കുറിച്ചും പറഞ്ഞു....,_
_ഒപ്പം മാതാവിന്റെ ശാപത്തെ കുറിച്ചും.._

_"കശ്യപാ...._ 
_കദ്രുവിന്റെ വാക്കുകൾ പാഴാവുകയില്ല,നാഗങ്ങൾക്കു സർപ്പസത്രത്തിൽ കനത്ത നാശം നേരിടുകതന്നെ ചെയ്യും... "_
_ശാപം മൂലം അവരിലുണ്ടായിട്ടുള്ള വിഷത്തിന്റെ വീര്യം അതുകൊണ്ടു തന്നെ കുറക്കുക എന്നത് അസാധ്യമാണ്......_

_അല്ലയോ ബ്രഹ്മദേവ,_
_എന്റെ മക്കളെ രക്ഷിക്കാൻ എന്താണൊരു വഴി ?_

_കശ്യപൻ തിരക്കി.._

_ഞാൻ ആലോചിച്ചിട്ട് ഒരു വഴി കാണുന്നുണ്ട് .സർപ്പങ്ങൾ ആരെ കടിച്ചാലും വിഷമേല്ക്കും..., ആ വിഷത്തെ നീക്കുന്നത് വഴി കടിയേറ്റയാളെ മരണത്തിൽ നിന്ന് രക്ഷിക്കാം...,അങ്ങനെ വൻ ജീവഹത്യ തന്നെ ഒഴിവാക്കാം...._
_അതിനായി ചെയ്യേണ്ട ചില പച്ചമരുന്നുകൾ ഞാൻ പറഞ്ഞുതരാം ....._
_നീ അത് സശ്രദ്ധം പഠിച്ചു പ്രയോഗിക്കുകയും ചെയ്തുകൊള്ളുക.........._

_ബ്രഹ്മ്മാവ് പറഞ്ഞു:_

_അങ്ങനെ വിഷസംഹാര വിദ്യ ബ്രഹ്മ്മാവ് കശ്യപന് ഉപദേശിച്ചു കൊടുത്തു...._

_അന്ന് മുതൽക്കാണ് ലോകത്തിൽ വിഷവൈദ്യമുണ്ടായത്..._

*_മഹാഭാരതം ആദി പർവ്വത്തിൽ ഈ കഥ പറയുന്നുണ്ട്..._*

_ബ്രഹ്മ്മാവിന്റെ മനസപുത്രനായാണ് കശ്യപമുനി അറിയപ്പെടുന്നത് ...._

🦜    🦜    🦜     🦜    🦜    🦜   🦜
കൗസ്തുഭം (3.5.2019)
കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

 പാലാഴിമഥനത്തില്‍ നിന്നും ലഭിച്ചതാണ് കൗസ്തുഭം എന്നു പറയപ്പെടുന്ന രത്നം. കുസ്തുഭ(കടല്‍)ത്തില്‍ നിന്നുണ്ടായത് എന്ന അര്‍ഥത്തിലാണ് ഈ പേരു വന്നത്. ദുര്‍വാസാവിന്റെ ശാപംമൂലം ജരാനരകള്‍ ബാധിച്ച ദേവന്മാര്‍, യൌവനം വീണ്ടെടുക്കാന്‍ അമൃതിനായി, വിഷ്ണുവിന്റെ ഉപദേശപ്രകാരം അസുരന്മാരോടൊത്ത് മഹാമേരുവിനെ കടകോലും വാസുകിയെ കയറുമാക്കി പാലാഴി കടഞ്ഞു. അപ്പോള്‍ പൊന്തിവന്ന ദിവ്യവസ്തുക്കളില്‍ ഒന്നായ കൗസ്തുഭം, മഹാവിഷ്ണു മാറില്‍ ധരിച്ചു.
🍃🍃🍃🍃🍃🍃🍃🍃
⚜⚜⚜⚜⚜⚜⚜⚜
 കരിമുട്ടം ദേവി ക്ഷേത്രം
ബലരാമൻ (2.5.2019)

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോടും സര്‍വ്വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടും കൂടിയവനായതുകൊണ്ടാണ് ബലരാമന്‍ എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു.

ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്. വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചുവെന്നും. ഭഗവാന്‍ ശ്രീകൃഷ്ണാവതാരം സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായ ബലരാമനായി അവതരിച്ചുവെന്നും കരുതപ്പെടുന്നു.

ബലരാമന്‍ വെളുത്തതും ശ്രീകൃഷ്ണന്‍ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്.

ഭൂലോകത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന് ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാന്‍ തന്റെ ശിരസ്സിന്‍ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട് രോമങ്ങള്‍ എടുത്ത് അവ അവതാരങ്ങളായിത്തീരുമെന്ന് പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനായും, ശ്രീകൃഷ്ണനായും അവതരിച്ചത്. മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദര പുത്രിയായ ദേവകിയെ ശൂരസേനന്റെ പുത്രനായ വാസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍. വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടമപുത്രന്‍ കംസനെ വധിക്കുമെന്ന് അശരീരിയുണ്ടായി. ഇതുകേട്ട് കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി.

യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന് കാഴ്ചവയ്ക്കാമെന്ന് വാസുദേവന്‍ പറഞ്ഞു. കംസന്‍ അതിന് സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ് ശിശുക്കളെയും കംസന്‍ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക് മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപ്പോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ് ബലരാമന്‍. ഗര്‍ഭത്തെ സംങ്കര്‍ഷണം ചെയ്ത് ജനിപ്പിച്ച വനായതുകൊണ്ട് ബലരാമന് സങ്കര്‍ഷണന്‍ എന്നൊരു പേരും കൂടിയുണ്ടായി. ബലരാമന്‍ വിവാഹം ചെയ്തത് രേവതിയെയായിരുന്നു.

മഹാഭാരതത്തിലെ രണ്ട് പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും, ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത് ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ് ബലരാമന്‍ നയിക്കുന്നത്. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന്‍ തീര്‍ത്ഥയാത്രയിലായിരുന്നു. ബ്രാഹ്മണശാപം കൊണ്ട് യാദവര്‍ തമ്മില്‍ത്തല്ലി മരിച്ചു. ഇതുകണ്ട് ബലരാമന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന് ധ്യാനനിമഗ്‌ന നായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച്‌ സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത് സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന് ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക് പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു.
ഗാണ്ഡീവം (2.5.2019)

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

അര്‍ജുനനു വരുണന്‍ നല്‍കിയ വില്ലാണ് ഗാന്ധീ വം. ഇത് ബ്രഹ്മാവില്‍ നിന്ന് ഇന്ദ്രനു ലഭിച്ചു. ഇന്ദ്രന്‍ വരുണനു നല്കി. വരുണനില്‍ നിന്ന് അഗ്നിദേവനു കിട്ടി. ഖാണ്ഡവവനം ദഹിക്കുന്ന സമയത്ത് അഗ്നിദേവന്‍ അര്‍ജുനന്റെ സഹായമപേക്ഷിച്ചു. വനം ദഹിക്കുമ്പോള്‍ ഇന്ദ്രന്‍ മഴ പെയ്യിച്ചാല്‍ മഴയെ തടഞ്ഞു നിര്‍ത്തിക്കൊള്ളാമെന്ന് അര്‍ജുനന്‍ ഏറ്റു. ഇന്ദ്രനെ തോല്പിക്കത്തക്ക വിധത്തിലുള്ള അസ്ത്രങ്ങള്‍ അര്‍ജുനന്റെ പക്കല്‍ ഇല്ലെന്നു മനസ്സിലാക്കിയ അഗ്നിദേവന്‍ വരുണനെ പ്രസാദിപ്പിച്ചു. അതിന്റെ ഫലമായി വരുണന്‍ ചന്ദ്രന്റെ കൈവശമിരുന്ന ഗാണ്ഡീവവും 'അക്ഷയതൂണീര'വും നാലു വെള്ളക്കുതിരകളെ പൂട്ടിയ രഥവും അര്‍ജുനനു സമ്മാനിച്ചു.
ഗാണ്ഡീവത്തിന്റെ ദിവ്യശക്തിയെക്കുറിച്ചുള്ള പ്രസ്താവം മഹാഭാരതത്തില്‍ കാണാം. ഒരു ലക്ഷംപേരെ ഒരേസമയം നേരിടാന്‍ കഴിവുള്ള ഈ വില്ലുകൊണ്ട് മനുഷ്യരെയും ദേവന്മാരെയും തോല്പിക്കാം, ഇതിന്റെ സഹായത്താലാണ് അര്‍ജുനന്‍ മഹാഭാരതയുദ്ധമുള്‍പ്പെടെ പല യുദ്ധങ്ങളും ജയിച്ചത്. ഗീതോപദേശത്തിനു മുമ്പ് അര്‍ജുനന്റെ കൈയില്‍ നിന്ന് ഗാണ്ഡീവം താഴെ വീഴുന്നതായി ഗീതയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശിവനുമായുള്ള യുദ്ധത്തില്‍ ഈ ചാപദണ്ഡം കൊണ്ടു ശിവന്റെ ശിരസ്സില്‍ പ്രഹരിച്ചു; ഇന്ദ്രനെപ്പോലും തോല്പിച്ചു. ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം ദ്വാരകയില്‍ നിന്നു മടങ്ങവേ വേടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ അര്‍ജുനന് ഈ ദിവ്യധനുസ്സ് പ്രയോജനപ്പെട്ടില്ല. ഒടുവില്‍ പരീക്ഷിത്തിനെ രാജ്യഭാരമേല്പിച്ച് പാണ്ഡവന്മാര്‍ മഹാപ്രസ്ഥാനത്തിനൊരുങ്ങി. അര്‍ജുനന്റെ കൈവശം ഗാണ്ഡീവം ഉണ്ടായിരുന്നു. അപ്പോള്‍ അഗ്നിദേവന്‍ പ്രത്യക്ഷപ്പെട്ട് വരുണനില്‍നിന്നും വാങ്ങിയ ഗാണ്ഡീവം മടക്കിക്കൊടുക്കണമെന്നു അര്‍ജുനനോട് അപേക്ഷിച്ചു. ഉടനെ അര്‍ജുനന്‍ ഈ ദിവ്യധനുസ്സും അക്ഷയതൂണീരവും സമുദ്രത്തില്‍ നിക്ഷേപിച്ചു.
🍃🍃🍃🍃🍃🍃🍃🍃
⚜⚜⚜⚜⚜⚜⚜⚜
 കരിമുട്ടം ദേവി ക്ഷേത്രം

നേദ്യം (1.5.2019)

 കരിമുട്ടം ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ എട്ടാ മുത്സവ ദിവസത്തെ കൂട്ടം കൊട്ടിന് ഭഗവതി ശ്രീലകത്തു നിന്ന് ഇറങ്ങുന്നതിന് മുമ്പ് നാലമ്പലത്തിനുള്ളിൽ വലിയ തിരക്കായിരുന്നു. നേദ്യത്തിനായുളള സമയത്ത് ഭക്തജനങ്ങളെ നാലമ്പലത്തിനുള്ളിൽ നിന്നും ഒഴിപ്പിക്കാൻ ക്ഷേത്ര ജീവനക്കാർ ഒട്ടേറെ പ്രയാസപ്പെട്ടു. എന്താണ് നേദ്യം എന്നുള്ളതിനെപ്പറ്റി നമ്മുടെ ആളുകൾക്ക് ഇപ്പോഴും പൂർണ്ണമായ ധാരണയില്ല എന്നുള്ളതാണ് സത്യം .

"നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പികുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു. നേദ്യ സമയത്തും ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്, നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ ഭുജിപ്പികുന്നു. നാലു വിധ വിഭവങ്ങളും ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു. ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പായുന്നു എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ് മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ്. നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല. കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കല്പം. ആയതിനാൽ അത് മറികടക്കാൻ പാടില്ല.

ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്. ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ വലതുകാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കല്പം. നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം. ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്. അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്. ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു.

 നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു. ഇടതു കൈപ്പടം വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്. ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാരനിക്ഷേധമാണ്

നിവേദ്യമുദ്ര

ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച് പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്ന് ഒരഭിപ്രായം. ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്. പ്രതിഷ്ഠാകർത്തിയുടെ വലതുഭാഗത്തും ഇടതുഭാഗത്തും നിവേദ്യം വയ്ക്കാം. എന്നാൽ മുന്നിലും പിന്നിലും പാടില്ല, പ്രത്യേകിച്ച് ശ്രീകോവിൽ അല്ലാതെ വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കണം. (പറ എഴുന്നള്ളത്ത് സമയത്ത് അൻപൊലിക്കളത്തിലും വീടുകളിലും നേദ്യം അർപ്പിക്കുമ്പോഴും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.... ) നിവേദ്യത്തെ അമൃതായി സങ്കല്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം ഒരിക്കലും നേരിട്ട് ദേവൻ സ്വികരിക്കുന്നില്ല. അഗ്നി സംശുദ്ധി ചെയ്ത ശേഷമേ സ്വികരിക്കു. ആയതിനാൽ മന്ത്രങ്ങളും നിവേദ്യ വസ്തുക്കളും അഗ്നി പത്നിയായ സ്വാഹയുടെ കയ്യിൽ കൊടുക്കുന്നു, സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു. അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു ആയതിനാൽ ആണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്.

ഉദ: പ്രാണായ സ്വഹാ, അപാ നായ സ്വാഹാ. .

Friday, August 2, 2019

മരുത്തുക്കൾ


കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

 മിന്നലും ഇടിയും  ആയുധങ്ങളാക്കിയ ദേവതാ സമൂഹമാണ് മരുത്തുക്കൾ. പുത്രന്മാരായ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും മഹാവിഷ്ണുവിനാല്‍ വധിക്കപ്പെട്ടപ്പോള്‍ അതിനു കാരണഭൂതനായ ഇന്ദ്രനെ ഹനിക്കുവാന്‍ കഴിവുള്ള ഒരു പുത്രനെ ജനിപ്പിക്കണമെന്നു ദിതി ഭര്‍ത്താവായ കശ്യപനോട് അപേക്ഷിച്ചു. കശ്യപന്‍ ദിതിയില്‍ ഗര്‍ഭധാനം ചെയ്യുകയും ശുചിയായി നിഷ്ഠയോടെ പതിനായിരം വര്‍ഷം തപസ്സനുഷ്ഠിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ ഇന്ദ്രന്‍ ശ്രുശ്രൂഷിക്കാനെന്ന വ്യാജേന ദിതിയുടെ അടുത്തുകൂടി. ഒരിക്കല്‍ ദിതി അശുചിയായി ഉറങ്ങുന്ന അവസരത്തില്‍ ഇന്ദ്രന്‍ അവളുടെ ഉദരത്തില്‍ പ്രവേശിക്കുകയും അവിടെ കണ്ട ഗര്‍ഭത്തെ മര്‍ദിച്ച് ആദ്യം ഏഴായും പിന്നെ ഓരോന്നിനെയും വീണ്ടും ഏഴായും ഖണ്ഡിക്കുകയും ചെയ്തു. അങ്ങനെ ഉണ്ടായവരാണ് 49 മരുത്തുകള്‍.

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...