Wednesday, July 31, 2019

ഉദ്ദാലകന്‍


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഒരു പുരാണേതിഹാസ കഥാപാത്രമാണ് ഉദ്ദാ ലകൻ. യഥാർഥനാമം ആരുണി. വേദതത്ത്വശാസ്‌ത്രങ്ങളിൽ നിപുണനും മഹർഷിയുമായിരുന്നു ഉദ്ദാലകന്‍. പാഞ്ചാലത്തിലെ അരുണനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്‌. ധൗമ്യ മഹർഷിയുടെ പ്രസിദ്ധരായ രണ്ടു ശിഷ്യന്മാരാണ്‌ ഉദ്ദാലകനും ഉത്തങ്കനും. ആരുണിക്ക്‌ ഉദ്ദാലകന്‍ എന്ന പേരുണ്ടായതിനെക്കുറിച്ച്‌ ഒരൈതിഹ്യമുണ്ട്‌. ഒരിക്കൽ ഒരു വയലിലുണ്ടായ ജലപ്രവാഹം തടയാന്‍ ഗുരു ആരുണിയോട്‌ കല്‌പിച്ചു. തടയുന്നതിന്‌ മറ്റു മാർഗമൊന്നും കാണാതെ ആരുണി തന്റെ ശരീരം കൊണ്ടു തന്നെ വെള്ളം വരുന്ന വിടവ്‌ അടച്ചുവത്ര. ഗുരു ആരുണിയെ അന്വേഷിച്ച്‌ അവിടെച്ചെന്നപ്പോള്‍ ആരുണി വരമ്പു പിളർന്ന്‌ പുറത്തുവന്നു എന്നാണ്‌ കഥ. അന്നുമുതൽ ആരുണിക്ക്‌ ഉദ്ദാലകന്‍ (ഉദ്ദലനം ചെയ്യുന്നവന്‍; പിളർക്കുന്നവന്‍) എന്നു പേരുണ്ടായി (മ.ഭാ. ആദിപർവം 3,21-33).
ഉദ്ദാലകന്‌ ശ്വേതകേതു, നചികേതസ്‌ എന്ന്‌ രണ്ടു പുത്രന്മാരും സുജാത എന്നൊരു പുത്രിയും ഉണ്ടായിരുന്നു. പ്രിയപ്പെട്ട ശിഷ്യനായ കഹോഡകനെക്കൊണ്ട്‌ സുജാതയെ വിവാഹം കഴിപ്പിച്ചു. അവരുടെ പുത്രനാണ്‌ അഷ്‌ടാവക്രന്‍ എന്ന മുനി.
ഉദ്ദാലകപുത്രനായ ശ്വേതകേതുവാണ്‌ സ്‌ത്രീകള്‍ക്ക്‌ പാതിവ്രത്യനിഷ്‌ഠ വേണമെന്ന്‌ ആദ്യമായി നിഷ്‌കർഷിച്ചത്‌.
ഒരിക്കൽ ഉദ്ദാലകന്‍ പുഷ്‌പങ്ങളും കുടവും മറ്റും നദിക്കരയിൽ വച്ചു മറന്നു. അവ വീണ്ടെടുക്കാന്‍ നചികേതസ്‌ അവിടെ ചെന്നപ്പോള്‍ പുഷ്‌പങ്ങളും കുടവും മറ്റും പുഴയിൽ ഒഴുകിപ്പോയതായിക്കണ്ടു. ഈ വിവരം അറിയിച്ച മകനെ കുപിതനായ പിതാവ്‌ ശപിച്ചു കൊന്നു. ദർഭയിൽ കിടത്തിയ പുത്രന്റെ ജഡം കണ്ട്‌ പിതാവ്‌ വാവിട്ടു കരഞ്ഞു. ആ കണ്ണീർ വീണ്‌ പുത്രന്‍ പുനർജീവിച്ചുവത്ര. നചികേതസ്‌ മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഉദ്ദാലകനു പറഞ്ഞു കൊടുക്കാനുണ്ടായ സന്ദർഭം ഇതാണ്‌ (മ.ഭാ. അനു. അധ്യാ. 71).
ഉദ്ദാലകന്‍ ഒരിക്കൽ തന്റെ യാഗസ്ഥലത്തേക്ക്‌ സരസ്വതീനദിയെ വരുത്തിയതായി ഒരു കഥയുണ്ട്‌. അന്നുമുതൽ സരസ്വതിക്ക്‌ മനോരമ എന്നു പേരുണ്ടായി.
ബ്രഹ്മ വിദ്യയിൽ പ്രസിദ്ധിപെറ്റയാളും സത്യാന്വേഷകരിൽ പ്രമുഖനും ആയിരുന്നു ഉദ്ദാലകന്‍. വിദേഹ രാജാവായ ജനകന്‍ വിളിച്ചുകൂട്ടിയ ദാർശനിക സമ്മേളനത്തിൽ കുരുപാഞ്ചാലത്തിൽ നിന്ന്‌ ക്ഷണിക്കപ്പെട്ട എട്ടുപണ്ഡിതന്മാരിൽ പ്രധാനി ഉദ്ദാലകനായിരുന്നു. ഉപനിഷദ്‌ ദർശനത്തിന്‌ ഉദ്ദാലകന്‍ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്‌. ജനമേജയന്റെ സർപ്പസത്രത്തിൽ ഉദ്ദാലകനും ഉള്‍പ്പെട്ടിരുന്നു.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...