കൽക്കി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു ശംഭലമെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ വിഷ്ണുഭക്തനായ വിഷ്ണുയശന്റെയും സുമതിയുടെയും പുത്രനായി കൽക്കിയെന്ന പേരിൽ ജനിക്കും. -ഭാഗവത പുരാണം.
ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ് (പൗർണമി കഴിഞ്ഞ് എട്ടാം നാൾ) കൽക്കിയുടെ ജനനം. -ഭവിഷ്യത് പുരാണം.
ജാതകപ്രകാരം കൽക്കി അതിശക്തനും സമ്പന്നനുമായിരിക്കും. ദ്രുതഗതിയിൽ ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനുമായിരിക്കും. എപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ടനുമായിരിക്കും. -കൽക്കി പുരാണം.
കൽക്കിയുടെ ആദ്ധ്യാത്മിക ഗുരു യജ്ഞവാൽക്യനായിരിക്കും. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ചിരഞ്ജീവിയാണ്.(അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും കൽക്കിയുടെ വരവിനായി കാത്തിരിക്കുകയാണെന്നും കരുതപ്പെടുന്നു.). കൽക്കിയെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കുന്നത് പരശുരാമൻ ആയിരിക്കും. -അഗ്നിപുരാണം.
ലക്ഷ്മി ദേവിയുടെ അവതാരമായ പത്മയായിരിക്കും കൽക്കിയുടെ ഭാര്യ. കലിയുഗത്തിൽ മനുഷ്യർ ദൈവത്തെ വിസ്മരിച്ച് യാഗങ്ങളും യജ്ഞങ്ങളും അവസാനിപ്പിക്കും. എങ്ങുംഅധർമ്മം മാത്രമാകും. 'ദേവദത്ത' എന്ന വെളുത്ത കുതിരയാണ് കൽക്കിയുടെ വാഹനം. ഈ കുതിരയ്ക്ക് ചിറകുകളുണ്ട്. ദേവദത്തയുടെ പുറത്തിരുന്ന് കത്തിജ്വലിക്കുന്ന വാളുമായി ഭഗവാൻ കൽക്കി ഈ ലോകത്തെ ദുഷ്ടജനങ്ങളെ നിഗ്രഹിക്കും. -കൽക്കി പുരാണം.
സജ്ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദുഷ്ടൻമാരെയെല്ലാം നിഗ്രഹിച്ച് കൽക്കി കലിയുഗത്തിന് അന്ത്യം കുറിക്കും. എന്നിട്ട് സജ്ജനങ്ങൾക്ക് പരമമായ സത്യമുപദേശിച്ചു കൊടുക്കുകയും സത്യയുഗത്തിന് ആരംഭം കുറിക്കുകയും ചെയ്യും. -പത്മപുരാണം.
No comments:
Post a Comment