ഗാന്ധാരി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
കുരുപാണ്ഡവഃ യുദ്ധത്തിന് ശേഷം മഹാഭാഗയായ ഗാന്ധാരീ ദേവി , ദൂരെ നിന്ന് കുരുക്കൾ മരിച്ചുവീണ യുദ്ധക്കളം ദർശിച്ചു . ഉഗ്ര തപസ്വിനിയും പതിവ്രതകളിൽ അഗ്രഗണ്യയുമായ ഗാന്ധാരി, വ്യാസമുനിയുടെ അനുഗ്രഹത്താൽ ദിവ്യദൃഷ്ടിയുള്ളവളായിത്തീർന്നു. അവൾ തന്റെ കണ്ണുകളെ മൂടിക്കെട്ടിയിരുന്നിട്ടും ദിവ്യദൃഷ്ടിയാൽ സകലതും കാണുവാൻ കഴിഞ്ഞു . യുദ്ധക്കളത്തിൽ മരണപ്പെട്ട ഓരോ വ്യക്തികളേയും ചൂണ്ടിക്കാണിച്ച് അവൾ അടുത്തു നിന്നിരുന്ന ഭഗവാൻ കൃഷ്ണനോട് അതേപ്പറ്റിയെല്ലാം വിലപിച്ചുകൊണ്ടിരുന്നു. സ്ത്രീകളിൽ ഉത്തമയായ ഗാന്ധാരി കരഞ്ഞു കരഞ്ഞു തളർന്ന് ഉഴന്നു വീണു. പിന്നീട് എണീറ്റ് വീണ്ടും വിലാപത്തോടു കൂടി സകല അപരാധവും കൃഷ്ണനിൽ ചുമത്തിക്കൊണ്ട് അവർ ഇങ്ങനെ പറഞ്ഞു.
" കൃഷ്ണാ , പാണ്ഡവരും ധാർത്തരാഷ്ട്രന്മാരും പരസ്പരം കൊന്നു തീർന്നു. എന്തിനാണ് ജനാർദ്ദനാ അവരെ നീ തീർത്തും ഉപേക്ഷിച്ചു കളഞ്ഞത് ? നീ രണ്ടിനും സമർത്ഥനും ശ്രുതവാക്യനും അസംഖ്യം ഭൃത്യന്മാരും വിപുലമായ സൈന്യബലമുള്ളവനും ശക്തനുമല്ലേ ? അല്ലയോ മധുസൂദനാ, അപ്പോൾ കുരുക്കളുടെ നാശം നിന്റെ ഇച്ഛയനുസരിച്ചാണ് നടന്നത്. അതിനാൽ, മഹാബാഹോ അതിന്റെ ഫലം നീയും അനുഭവിക്കട്ടെ. പതിശുശ്രൂഷയാൽ അൽപ്പമെങ്കിലും തപോബലം ഞാൻ ആർജ്ജിച്ചിട്ടുണ്ടെങ്കിൽ, ആ തപോബലത്താൽ അല്ലയോ ചക്രഗദാധരാ, ഞാൻ നിന്നെ ശപിക്കുകയാണ്. പരസ്പരം കൊല്ലുന്ന ബന്ധുക്കളായ കുരുപാണ്ഡവരെ നീ ഉപേക്ഷിക്കുകയാൽ, അല്ലയോ ഗോവിന്ദാ, നിന്റെ ബന്ധുക്കളും ഇതുപോലെ കൊല്ലപ്പെടുന്നതാണ്. ഇന്നേക്ക് മുപ്പത്തിയാറാമാണ്ട് തികയുമ്പോൾ, ബന്ധുക്കളും അമാത്യന്മാരും പുത്രന്മാരുമൊക്കെ കൊല്ലപ്പെട്ട് വനത്തിലൂടെ നടക്കുമ്പോൾ, കുത്സിതമായ ഒരു ഉപായത്താൽ നീയും മരിക്കുന്നതാണ്. ഈ കാണും പടി, ബന്ധുക്കളെല്ലാം മരിച്ച് നിങ്ങളുടെ സ്ത്രീകളും ഭാരത സ്ത്രീകളെപ്പോലെ അനാഥകളായി വിലപിക്കും [മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 25 , ശ്ളോകങ്ങൾ 39 മുതൽ 46 വരെ]
ഗാന്ധാരിയുടെ ശാപവാക്കുകൾ കേട്ടിട്ടും ഭഗവാൻ കൃഷ്ണന് ഒരു കുലുക്കവുമുണ്ടായില്ല . അദ്ദേഹം താൻ ചെയ്യാനുദ്ദേശിച്ചിരിക്കുന്ന കാര്യം തന്നെയാണ് ശാപവാക്കുകളിലൂടെ ഗാന്ധാരി ഇപ്പോൾ പറഞ്ഞതെന്ന് അവളെ അറിയിച്ചു . ഉത്തമഭക്തയും ധർമ്മിഷ്ഠയുമായ ഗാന്ധാരിയുടെ വാക്കുകളെ സത്യമാക്കുവാനും, താൻ നിശ്ചയിച്ചിട്ടുള്ളത് നടത്താനുമായി ശ്രീകൃഷ്ണഭഗവാൻ ഗാന്ധാരിയുടെ ശാപത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു. അതനുസരിച്ചാണ് പിൽക്കാലത്ത് യദുകുലം നശിച്ചതും ദ്വാരക കടലിൽ മുങ്ങിപ്പോയതും.
No comments:
Post a Comment