ആദിത്യ ഹൃദയ മന്ത്രം
കശ്യപപ്രജാപതിക്ക് അദിതിയിൽ ജനിച്ച പുത്രനാണ് സൂര്യഭഗവാൻ. അദിതിയുടെ പുത്രനായതിനാൽ ആദിത്യൻ എന്നും അറിയപ്പെടുന്നു. പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനാണ്. ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിത പ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും.
ആദിത്യ ദേവനെക്കുറിച്ചുളള ഏറ്റവും പ്രസിദ്ധവും ശക്തിയേറിയതുമായ മന്ത്രമാണ് ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ആദിത്യഹൃദയം. വാല്മീകി മഹര്‍ഷിയാണ് ഈ സ്തോത്രത്തിന് ആദിത്യഹൃദയം എന്ന പേര് നൽകിയത്. രാമരാവണയുദ്ധ സമയത്ത് അവതാര പുരുഷനായ ശ്രീരാമദേവൻ രാവണന്റെ പരാക്രമണ മികവിൽ ചിന്താധീനനായി യുദ്ധഭൂമിയിൽ തളര്‍ന്നിരുന്നു. ഈ സമയത്ത് ദേവന്മാരോടൊപ്പം യുദ്ധം കണ്ടുകൊണ്ടിരുന്ന അഗസ്ത്യമുനി ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയമന്ത്രം ജപിക്കാൻ ഉപദേശിക്കുകയും തുടർന്ന് ശ്രീരാമദേവൻ യഥാവിധി മൂന്നുതവണ ജപിച്ച ശേഷം യുദ്ധത്തിനിറങ്ങി രാവണനെ വധിക്കുകയും ചെയ്തു. മനസ്സിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊർജ്ജവും നൽകുന്ന ഒന്നാണ് ആദിത്യഹൃദയ മന്ത്രം.
രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ. ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ജീവിതത്തിൽ നിത്യവിജയിയാവാൻ മാതാപിതാക്കൾ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ചെറുപ്പം മുതലേ ശീലിപ്പിക്കണം. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.
ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
No comments:
Post a Comment