കർക്കിടക വാവിന്റെ പ്രാധാന്യം
പിതൃകർമ്മം ശ്രദ്ധാപൂർവ്വം നിർവഹിക്കേണ്ടതും ദേവസാന്നിദ്ധ്യം നൽകി അനുഷ്ഠിക്കേണ്ടതുമാണ്. പിതൃകർമ്മങ്ങൾക്ക് ഉദകതർപ്പണം (ജലതർപ്പണം) സുപ്രധാനവും ദേവസാന്നിദ്ധ്യം ക്രിയക്ക് പുഷ്ടിപ്രദവും ആയതുകൊണ്ട് സമൃദ്ധിയാർന്ന കടൽത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരവും പിതൃകർമ്മങ്ങൾക്ക് മഹത്വമേകുന്ന സ്ഥാനങ്ങളായത്. കേരളത്തിൽ, തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കൽ തുടങ്ങിയ പ്രധാന പിതൃബലി കേന്ദ്രങ്ങളാണ്.
ചന്ദ്രമാസത്തിലെ 28 ദിവസങ്ങളിൽ നമ്മുടെ വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ് മനുഷ്യരുടെ മരണാനന്തരഗതി ചന്ദ്രലോകത്തേക്കാണെന്ന് ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നു. ചന്ദ്രൻറെ ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിയ്ക്കഭിമുഖമല്ലാത്തഭാഗത്ത് സൂര്യരശ്മികിട്ടും ഭൂമിയിൽ ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് പിതൃക്കൾ അമാവാസി നാളിൽ സൂര്യരശ്മി ചന്ദ്രോപരി ഏറ്റ് നിർവൃതരാകുന്നു എന്ന് കൂർമ്മപുരാണം പറയുന്നു. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാൽ പിതൃക്കൾക്ക് നക്കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്നാണ് വിശ്വാസം.
പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കർക്കിടക അമാവാസി. ചന്ദ്രമാസങ്ങളിൽ ചിങ്ങം മുതൽ 13-ാമത്തെ അമാവാസിയാണ് കർക്കിടക വാവ്.
ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്ത് മേരുപർവതസതമെന്നും ദേവന്മാർ മേരുനിവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കർക്കിടക അമാവാസിയെ ജ്യോതിശാസ്ത്രപരമായി നോക്കി ക്കാണേണ്ടിയിരിക്കുന്നു. സൂര്യൻറെ ദക്ഷിണായനവേളയിൽ തുലാവിഷുദിവസം ഭൂമദ്ധ്യരേഖയ്ക്ക് നേരെയാണ് ഉദയം. ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന്നുതാഴേയാവും തുടർന്നുള്ള ദക്ഷിണായന ദിനങ്ങളിൽ സൂര്യോദയം. അപ്പോൾ ഉത്തരധ്രുവീയർക്ക് സൂര്യദർശനം സാദ്ധ്യമല്ലാതെ വരുന്നു. അഥവാ തുലാവിഷു മുതൽ മേഷ (മേട) വിഷുവരെ ഉത്തരധ്രുവത്തിൽ രാത്രിയാണ്.
മേടവിഷുദിനത്തിൽ ദേവന്മാർ സൂര്യനെ കിഴക്കൻ ചക്രവാളത്തിൽ ഉദയംകൊണ്ടതായി കാണുന്നു. മേടവിഷുമുതൽ തുലാവിഷുവരെ ഉത്തരധ്രുവത്തിൽ പകലും അനുഭവപ്പെടുന്നു. ആ കാലത്ത് മേടവിഷു കഴിഞ്ഞ് 3 മാസം കഴിഞ്ഞാലാണ് അവിടെ മദ്ധ്യാഹ്ന സമയം. മേട സംക്രമശേഷം 3 മാസം കഴിയുക എന്നുവച്ചാൽ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങൾ കഴിഞ്ഞാൽ കർക്കിടക മാസം ആയി. അതായത് കർക്കിടക മാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മദ്ധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ദക്ഷിണ സ്വീകരണത്തിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമായിത്തീരുന്നു കർക്കിടകമാസ അമാവാസി പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്തുവാൻ ഇത്രയും ഉത്തമമായ മറ്റൊരു ദിവസം വേറെയില്ല.
ബലിയർപ്പിച്ച് അന്നം സ്വീകരിച്ചുകൊണ്ട് ഭൂതവർഗ്ഗവും ബലികർമ്മത്തിൽ തൃപ്തരാകുന്ന മനുഷ്യവർഗ്ഗവും, തങ്ങൾ നല്കിയ സങ്കല്പങ്ങളും മന്ത്രങ്ങളും ലോകയശസ്സിനായി ഉപയുക്തമായാൽ ഋഷിവർഗ്ഗവും പിതൃദേവവർഗ്ഗങ്ങളോടൊപ്പം സന്തുഷ്ടരായിത്തീരുന്നു. ഭാരതത്തിന് ചിരപുരാതനമായ കർമ്മ ഭൂമി എന്ന വിശേഷണത്തിൻറെ സ്വാർത്ഥതയ്ക്ക് അടിവരയിടുന്ന ഒന്നാണ് പിതൃലോകസ്മരണ പുതുക്കിക്കൊണ്ടെത്തുന്ന കർക്കിടക അമാവാസി.
ഇതുകൊണ്ടാണ് ലോകത്തിൽ മറ്റുനിരവധി സംസ്കാരങ്ങളും കാലത്തിൻറെ കുത്തൊഴുക്കിൽ നശിച്ചുപോയെങ്കിലും ഹിന്ദുധർമ്മം അഥവാ ഹിന്ദുസംസ്കാരം ഇന്നും നിലനിൽക്കുന്നതും ഭാരതത്തിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്കും പ്രചരിക്കുന്നതും.
No comments:
Post a Comment