തട്ടകം
ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സമീപപ്രദേശത്തിന് മൊത്തത്തിലുള്ള പേരാണ് തട്ടകം. ക്ഷേത്രങ്ങൾക്കു ചുറ്റുമുള്ള പ്രദേശം,ഉത്സവം നടത്തുന്നവർക്കു നിവസിക്കാനുള്ള സ്ഥലം എന്നീ അർഥങ്ങളാണ് പ്രധാനമായും കേട്ടു വരുന്നത്.
ക്ഷേത്രാചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കുന്നവരും ക്ഷേത്രത്തിലെ കർമങ്ങൾ നടത്തിക്കാനും നടത്താനും അവകാശപ്പെട്ടവരും ജീവിക്കുന്ന ക്ഷേത്രപരിസരമാണ് ഇതെന്നു പറയാം. കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ക്ഷേത്രപ്പറമ്പ്, കോവിൽപ്പറമ്പ് എന്നീ വാക്കുകളാണ് തട്ടകത്തിന്റെ അർഥത്തിൽ ഉപയോഗിച്ചുപോരുന്നത്. വടക്കൻ കേരളത്തിൽ ഈ സങ്കല്പം ദക്ഷിണകേരളത്തെ അപേക്ഷിച്ച് പ്രബലമായി ഇന്നും നിലകൊള്ളുന്നു. ഓരോ ദേവതയുടെയും തട്ടകത്തിൽ ജീവിക്കുന്നവർക്ക് പ്രസ്തുത ദേവതയുടെ സ്ഥാനവുമായി നാനാവിധത്തിലുള്ള ബന്ധമുണ്ടായിരിക്കും. തട്ടകത്തിലുളളവർ അവരുടെ ദേവതയെ സർവവിധത്തിലും മാനിച്ചും ആ ദേവതയുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചുമായിരിക്കണം ജീവിക്കേണ്ടതെന്ന അലിഖിതനിയമം അവിടെ നിലവിലിരിക്കുന്നു.
എന്നാല്‍ കാലാന്തരത്തിൽ തട്ടകത്തില്‍ വസിക്കുന്നവര്‍ ദേവന്‍റെ അല്ലെങ്കില്‍ ദേവിയുടെ ഹിതങ്ങള്‍ക്ക് എതിരായി വര്‍ത്തിക്കുകയും കുടുബത്തിലെ ഐശ്വര്യ അഭിവൃദ്ധി ക്ഷയിക്കുകയും പലവിധ ദുരിതങ്ങളില്‍ പെട്ടുഴലുന്നതായും കണ്ടുവരുന്നു, അതുകൊണ്ട് ക്ഷേത്ര പരിസരങ്ങളില്‍ താമസിക്കുന്നവര്‍ കഴിയുന്നതും ക്ഷേത്രവുംപരിസരവും പരിപാവനമായ ദേവസന്നിധിയായ് കണ്ട് വളരെയധികം ശുദ്ധിയോടും വൃത്തിയായും കാത്തുസൂക്ഷിക്കണം
ഉത്സവകാലമായാൽ തട്ടകത്തിലുള്ളവർ ദൂരയാത്ര ചെയ്യാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്. അഥവാ ചെറിയ യാത്രകൾ ചെയ്യേണ്ടിവന്നാൽത്തന്നെ ഉത്സവം തീരുന്നതിനു മുമ്പ് മടങ്ങിയെത്തിക്കൊള്ളണമെന്നാണ് നിയമം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും,ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ് വിശ്വാസം.
No comments:
Post a Comment