കുരുക്ഷേത്ര യുദ്ധ ശേഷം അവശേഷിച്ചവർ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
പതിനെട്ടുനാൾ നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തെ അതിജീവിച്ചത് പന്ത്രണ്ടുപേർ മാത്രമായിരുന്നു. പാണ്ഡവപക്ഷത്ത് കൃഷ്ണനും, സാത്യകിയും, യുയുത്സുവും, പാണ്ഡവർഅഞ്ചുപേരുമായി എട്ടുപേർ മാത്രമായിരുന്നു യുദ്ധത്തിൽ പങ്കെടുത്തവരിൽ അതിജീവിച്ചത്. അർജ്ജുനനു ചിത്രാംഗദയിൽ ജനിച്ച ബഭ്രുവാഹനൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ പാണ്ഡവർക്കു പുത്രനായി ബഭ്രുവാഹനൻ മാത്രം അവശേഷിച്ചു. യുദ്ധസമയത്ത് ഉത്തര ഗർഭിണി യായിരുന്നതിനാൽ അഭിമന്യുവിന്റെ പുത്രനായി പിന്നീടു ജനിച്ച പരീക്ഷിത് പാണ്ഡവർക്കു പൗത്രനും അനന്തരവകാശിയുമായി.
കൗരവപക്ഷത്ത് നാലുപേർ മാത്രമാണ് പതിനൊന്ന് അക്ഷൗഹിണിപടയിൽ അവശേഷിച്ചത്. കൃപിയിൽ ദ്രോണർക്കു ജനിച്ച അശ്വത്ഥാമാവും, കൃപാചാര്യരും യുദ്ധത്തിൽ അവശേഷിച്ചിരുന്നു. ഇവർ രണ്ടുപേരും സപ്ത ചിരഞ്ജീവികളിൽ ഉൾപ്പെട്ടവരായിരുന്നതിനാൽ ഇരുവരെയും മരണം തൊട്ടില്ല. ഇവരെ കൂടാതെ കൃതവർമ്മാവും, വൃഷകേതുവും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ചു.
ഈ പന്ത്രണ്ടുപേരിൽ യുയുത്സുവിന്റേയും, വൃഷകേതുവിന്റേയും മരണം ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നില്ലയെങ്കിലും മറ്റുള്ള എട്ടുപേരും കലിയുഗാരംഭത്തിൽ മരണപ്പെട്ടതായി സ്വർഗ്ഗാരോഹണ പർവ്വത്തിലും, മുസലപർവ്വത്തിലുമായി മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. കുരുക്ഷേത്ര യുദ്ധത്തിനുശേഷം പാണ്ഡവർ അഞ്ചുപേരും കൃഷ്ണനും മാത്രമെ അവശേഷിക്കൂവെന്ന് വളരെ മുൻപുതന്നെ ഉലൂപി പുത്രനായ ഇരവാനു അറിയാമായിരുന്നുവെന്ന് മഹാഭാഗവതത്തിൽ പറയുന്നുണ്ട്. കൃഷ്ണനു സത്യഭാമയിൽ ജനിച്ച വത്സലയെ (സുന്ദരി) വിവാഹം കഴിക്കാൻ പുറപ്പെട്ട അഭിമന്യുവിനെ കാട്ടിൽവെച്ച് കണ്ടുമുട്ടിയ ഇരാവാൻ തന്റെ ഖഡ്ഗം അവിടെ പന്തലിച്ചുനിന്ന വൃക്ഷത്തിൽ വൃഥാ ആഞ്ഞു വീശി. അഞ്ചു ശിഖരങ്ങളും തായ്ത്തടിയും ഒഴിച്ചുള്ള സർവ്വകൊമ്പുകളും ഇലച്ചില്ലകളും അറ്റ് താഴെ വീണു. ആസന്നമായി നടക്കാൻ പോകുന്ന യുദ്ധത്തിന്റെ ചിത്രം ഇതാവുമെന്നു ഇരാവാൻ ഇതിലൂടെ കാണിച്ചുകൊടുക്കുന്നുണ്ട്.
(മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ബഭ്രുവാഹനൻ. പാണ്ഡവനായഅർജ്ജുനന് മണലൂർ രാജപുത്രിയായചിത്രാംഗദയിൽ ജനിച്ച മകനാണ് ഇദ്ദേഹം. പാണ്ഡവരുടെ പതിമൂന്നുമക്കളിൽ കുരുക്ഷേത്ര യുദ്ധത്തിനുശേഷംജീവിച്ചിരുന്ന ഏകപുത്രനാണ് ബഭ്രുവാഹനൻ.)
No comments:
Post a Comment