രാധ
കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിലെ ഒരംഗം ഉന്നയിച്ച ഒരു സംശയമാണ് ആരാണ് രാധ എന്നുള്ളത്. ശേഖരിച്ച വിവരങ്ങൾ രണ്ട് ഭാഗങ്ങളായി ചേർക്കുന്നു.ഒന്നാം ഭാഗം
രാധയും കൃഷ്ണനും രാധോപനിഷത്തും._
ഭഗവാന്‍ കൃഷ്ണനെ ഓര്‍ക്കുന്നവര്‍, ആരാധിക്കുന്നവര്‍ രാധയും ഓര്‍ക്കുവാനും ആരാധിക്കുവാനും മറക്കരുത്, കാരണം രാധയില്ലാതെ കൃഷ്ണനില്ല. മാത്രമല്ല, കൃഷ്ണന്‍ പോലും ആരാധിക്കുന്ന രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ മാത്രം ആരാധിക്കുന്നവരെ മൂഡന്‍മാരെന്ന് വിളിക്കണമെന്ന് പറയുന്നു, ഋഷീശ്വരന്മാര്‍. അത് കൊണ്ട്, ഇന്ന് ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുമ്പോള്‍, രാധയെ മറക്കണ്ട. (രാധോപനിഷത്ത് എന്ന ഉപനിഷത്തില്‍ രാധാ-കൃഷ്ണന്മാരെ കുറിച്ച്പറഞ്ഞിട്ടുള്ളത് എന്താണെന്ന് കൂടി ഇത്തരുണത്തില്‍ അറിയുന്നത് ഉത്തമമാണ്.
ഒരിക്കല്‍ സനകാദി മുനിമാര്‍ ബ്രഹ്മാവിന് അടുത്തെത്തി അദ്ദേഹത്തെ സ്തുതിച്ച ശേഷം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.
ആരാണ് പരമദേവന്‍? ആ പരമദേവന്റെ ശക്തികള്‍ എന്തൊക്കെ ആണ്? ആ ശക്തികളില്‍ ശ്രേഷ്ടമായിരിക്കുന്നതും സൃഷ്ടിക്കു കാരണമായ ഏത് ശക്തിയാണ് കുടി കൊള്ളുന്നത്?
അതിനു ബ്രഹ്മാവ് മറുപടി നല്‍കി.
സാക്ഷാല്‍ കൃഷ്ണനാണ് പരമദേവന്‍. ആറ് വിധത്തിലുള്ള ഐശ്വര്യത്താലാണ് അദ്ദേഹം പരിപൂര്‍ണന്‍ ആയിര്‍ക്കുന്നത്. ഗോപികാ ഗോപന്മാര്‍ ആ കൃഷ്ണനെ സേവിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, വൃന്ദാവനത്തിന്റെ നാഥനും അദ്ദേഹമാണ്. ഏകമാത്ര സര്‍വേശ്വരന്‍ ആയ കൃഷ്ണന്‍ എല്ലാ ജഗത്തുക്കളുടെയും നായകനാണ്. പ്രകൃതിക്കുമപ്പുറത്താണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആഹ്ലാദിനിയെന്നും സന്ദിനിയെന്നും ജ്ഞാനെശ്ചയെന്നും ക്രിയയെന്നുമോക്കെയുള്ള അനവധി ശക്തികള്‍ അദ്ദേഹത്തിന്റെ താണ്. ഇവയില്‍ ആഹ്ലാദിനീ ശക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയാണ്. അവളെ കൃഷ്ണനും ആരാധിക്കുന്നു. രാധ കൃഷ്ണനെയും ആരാധിക്കുന്നു.
രാധയെ ഗന്ധര്‍വ എന്നും പറയാറുണ്ട്. ഗോപികമാരൊക്കെയും കൃഷ്ണന്റെ മഹിഷികളാണ്. ലക്ഷ്മിയാണ് രാധയായി ജന്മം കൊണ്ടത്. സ്വയംപീഡക്ക് വേണ്ടി കൃഷ്ണന്‍ പല രൂപങ്ങള്‍ സ്വീകരിച്ചു.
രാധ കൃഷ്ണന്റെ പ്രാണപ്രേയസിയാണ്. അവളെ നാല് വേദങ്ങളും സ്തുതിക്കുന്നു. ബ്രഹ്മജ്ഞാനം തികഞ്ഞ മഹാ ഋഷിമാര്‍ക്ക് രാധയെ സംബന്ധിക്കുന്ന ഗീതങ്ങള്‍ അറിയാം. നീണ്ടകാലം മുഴുവന്‍ വിവരിച്ചാലും തീരാതെ രാധയുടെ ഗുണഗണങ്ങള്‍ വ്യാപ്രുതമാണ്. ആരാണ് രാധയുടെ സന്തോഷത്തിനു പ്രാപ്തമാകുന്നത്, അവര്‍ക്ക് ലഭ്യമാകുന്നത് പരമ ധാമമാണ്. രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ ആരാധിക്കുന്നവരെ മൂഡന്‍മാരെന്ന് വിളിക്കണം. വേദങ്ങളാകട്ടെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.
രാധയും രാമേശ്വരിയും രമ്യയും കൃഷ്ണയും മന്ത്രാദി ദേവതയും സര്‍വാദ്യയും സര്‍വമന്യയും വൃന്ദാവനവിഹാരിണിയും വൃന്ദയും രാധ്യായയും രമയും സത്യയും സത്യപരയും സത്യഭാമയും കൃഷ്ണവല്ലഭയും വൃഷഭാനുസുതയും ഗോപീമൂലപ്രകൃതിയും ഈശ്വരിയും ഗന്ധര്‍വയും രാധികയും രമ്യയും പരമേശ്വരിയും പരാത്പരയും നിത്യയും വിനാശിനിയുമൊക്കെ രാധയുടെ വിശേഷണങ്ങളാണ്.
ആരാണോ ഈ നാമങ്ങളൊക്കെയും ചൊല്ലുന്നത് അവര്‍ക്ക് ലഭ്യമാകുന്നത് ജീവന്മുക്തിയാണ്. രാധയും സന്ധിനീശക്തിയും വസതിയും ആഭരണങ്ങളും ശയ്യയും ആസനവുമൊക്കെ മിത്രസേവകാദിലബ്ധിക്കു പ്രയോജനം ചെയ്യുന്നതാണ്. അവിദ്യാരൂപത്തില്‍ ജീവനെ ബന്ധത്തിലാക്കുന്നത് മായയാണ്. ഭഗവാന്റെ ക്രിയാശക്തി തന്നെ ആണ് ലീലാശക്തി. വ്രതഹീനന്‍ ആണെങ്കില്‍ കൂടി ഈ ഉപനിഷത് വായിക്കുന്നുവെങ്കില്‍ അയാള്‍ വ്രതപൂര്‍ണന്‍ ആയിത്തീരുന്നു. മാത്രമല്ല, വായുവിനോടൊപ്പം പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധനായി ഗണിക്കപ്പെടുന്ന അയാളുടെ ദര്‍ശനം ലഭിക്കുന്നിടമെല്ലാം പരിശുദ്ധമായി തീരുന്നു...
രണ്ടാം ഭാഗം
രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്. രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്. രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.
ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.
ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.
ഹൃദയം തകര്‍ന്ന രാധ
കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി. ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.
കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല. രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വർണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരിഞ്ഞു.
രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.
മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.
No comments:
Post a Comment