Saturday, October 6, 2018

മത്സ്യ രാജവംശം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ചേദി സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഉപരിചരവസുവിന്റെ മൂത്ത മകനായ മത്സ്യദ്വൈത സ്ഥാപിച്ച രാജവംശമായിരുന്നു മത്സ്യ രാജവംശം. ഉപരിചരവസുവിന്റെ യഥാർത്ഥ ഭാര്യ ശുക്തിമതി യായിരുന്നു. എന്നാൽ, അദ്രികയെന്ന അപ്സരസ്സിൽ ജനിച്ച മക്കളാണ് ഉപരിചരവസുവിനുള്ളത്. മത്സ്യദ്വൈതയും സത്യവതിയും. ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിച്ചിരുന്ന കാലഘട്ടത്തിൽ ബ്രഹ്മാവിന്റെ ശാപത്താൽ അദ്രികക്ക് ഒരു മത്സ്യമായി നദിയിൽ കഴിയേണ്ടി വന്നു. ഈ മത്സ്യത്തെ പിടിക്കാനിടയായ മുക്കുവർ, ആ മത്സ്യത്തിന്റെ വയറിനകത്തുണ്ടായിരുന്ന ആൺകുട്ടിയെ മക്കൾ ഇല്ലാതിരുന്ന ഉപരിചരവസുവിന് കൊടുക്കുകയും പെൺകുട്ടിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പെൺകുട്ടിക്ക് അവർ സത്യവതിയെന്ന് നാമകരണം നടത്തി. അവൾക്ക് മത്സ്യഗന്ധമുണ്ടായിരുന്നതിനാൽ മത്സ്യഗന്ധി എന്നും അവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ മത്സ്യദ്വൈത മാത്സ്യരാജാവായും അറിയപ്പെട്ടു.

മത്സ്യദ്വൈതയ്ക്കു ശേഷം, മഗധ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഉപരിചരവസുവിന്റെ മറ്റൊരു മകനുമായ ബ്രിഹദ്രതയുടെ മകൻ ധ്വാസന ദ്വൈതവന മത്സ്യയുടെ രാജാവായി. ധ്വാസന ദ്വൈതവന ഒരു തടാകത്തിന് സമീപം വലിയ ഒരു യാഗം നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് ഇന്ദ്രന്റെ 14 വലിയ കുതിരകളെ ബന്ധിപ്പിച്ചു. അതിനുശേഷം, ഈ തടാകം ദ്വൈത തടാകം എന്ന പേരിൽ അറിയപ്പെട്ടു. ദ്വൈതക്ക് ശേഷം മകൻ നിതാന്തു രാജാവായി. നിതാന്തുവിന്റെ മക്കളായ സൽവേയ, സുരസേന, ശ്രുതസേന, ടിന്റുസാര, അതിസാര എന്നിവർ ഒരേ സ്ത്രീയെ വിവാഹം ചെയ്തു. ശൈവ്യ എന്നായിരുന്നു അവരുടെ പേര്. ശൈവ്യയിൽ എല്ലാ സഹോദരങ്ങൾക്കും കൂടി ജനിച്ച ജയനിക, ബാലനിക, സതനിക, ഗജനിക, ശ്രുതനിക, വിജയ, വിരാട, വീരഭദ്ര, സുദർശൻ, ശ്രുതധ്വജ, ജയപ്രിവ, ലബ്ധലക്സ, ജയഗ്വ, രഥവാഹന, ചന്ദ്രോദയ, കമരത എന്നീ 16 മക്കളിൽ വിരാടയായിരുന്നു മത്സ്യരാജ വംശത്തിന്റെ അടുത്ത രാജ്യാവകാശി. വിരാടയുടെ കാലഘട്ടത്തോടെ മത്സ്യ രാജവംശം വിരാട രാജവശം എന്നും അറിയപ്പെടാൻ തുടങ്ങി. വിരാടയ്ക്ക് തന്റെ ആദ്യഭാര്യ കോസല രാജ്യത്തെ രാജകുമാരി സുരഥയിൽ ശ്വേതൻ എന്ന മകനും കേകേയ രാജ്യത്തെ സുദേഷണയിൽ ഉത്തരൻ (ഭുമിജ്ഞയ) എന്ന മകനും ഉത്തര എന്ന മകളും ജനിച്ചു. പാണ്ഡവരിൽ അർജുനന്റെ മകൻ അഭിമന്യുവാണ് വിരാടന്റെ മകൾ ഉത്തരയെ വിവാഹം ചെയ്തത്. സുദേഷണയുടെ സഹോദരനാണ് കീചകൻ. സുദേഷണയുമായുള്ള ബന്ധത്തോടെ വിരാടന് രാജ്യത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായി. സുദേഷണയുടെ സഹോദരനായ കീചകനും രാജ്യം നിയന്ത്രിക്കാൻ തുടങ്ങി. വിഡ്ഢിയായ സുദേഷണയെ ക്രൂരനായ കീചകൻ മുതലെടുക്കുകയായിരുന്നു. (കീചകന്റെ കഥ മുമ്പ് കരിമുട്ടം ഗ്രൂപ്പിൽ പറഞ്ഞിരുന്നത് ഓർക്കുമല്ലോ) ഇവരാൽ നാടുകടത്തപ്പെട്ട വിരാടന്റെ ആദ്യപുത്രൻ ഇതിനിടെ പാഞ്ചാല രാജ്യത്തെ രാജകുമാരിയെ വിവാഹം കഴിക്കുകയും നിർഭീത എന്ന മകൻ പിറക്കുകയും ചെയ്തിരുന്നു. ഈ സമയം വിരാടയുടെ സഹോദരങ്ങൾ തങ്ങളുടേതായ അധികാര കേന്ദ്രങ്ങൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു.

വിരാടയുടെ കാലഘട്ടത്തിലാണ് കുരുക്ഷേത്രയുദ്ധം നടക്കുന്നത്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവർക്ക് വേണ്ടിയാണ് വിരാടസൈന്യം അണിനിരന്നത്. രാജസ്ഥാന്റെ ജില്ലകളായ ജയ്പൂർ, അൽവാർ എന്നിവിടങ്ങളും ഭരത്പൂരിന്റെ ചില ഭാഗങ്ങളും ഉൾപ്പെട്ട ഒരു രാജവംശമായിരുന്നു ഇത്. ഈ ഗോത്രവർഗ്ഗങ്ങൾ ഈ ഭാഗങ്ങളിൽ ഇതേ പേരിൽ തന്നെ മറ്റ് ആറ് രാജവംശങ്ങളായും നിലനിന്നിരുന്നു. രാജവംശത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്നും പടിഞ്ഞാറായി സാൽവ സാമ്രാജ്യവും തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി കുരു പ്രദേശങ്ങളും കിഴക്ക് സുരസേനയുടെനിയന്ത്രണത്തിലുള്ള മധു വനവും വടക്കുകിഴക്കായി കുരു സാമ്രാജ്യത്തിന്റെ ഖാണ്ഡവ വനപ്രദേശവും ആയിരുന്നു.

കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...