ഖരൻ
കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിൽ ഒരംഗം ഉന്നയിച്ച സംശയത്തിന് ശേഖരിച്ച ഉത്തരം പോസ്റ്റ് ചെയ്യുന്നു.വൈക്കം മഹാദേവ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഖരൻ തന്നെയാണ് രാമായണത്തിൽ വിവരിക്കുന്ന ഖരനും..
ഖരൻ എന്ന അസുരൻ മുത്തച്ഛനായ മാല്യവാനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദമ്പരത്തു പോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ അവന് മൂന്ന് ശിവലിംഗങ്ങൾ സമ്മാനിച്ചു. തുടർന്ന്, ആകാശമാർഗ്ഗേണ യാത്ര ആരംഭിച്ച ഖരൻ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി. തുടർന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരൻ വിശ്രമം ആരംഭിച്ചു. ഉണർന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാൻ നോക്കിയപ്പോൾ അത് എടുക്കാൻ സാധിയ്ക്കുന്നില്ല. താൻ താമസിയ്ക്കാൻ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടർന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തിയടഞ്ഞു. തുടർന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു.
വ്യാഘ്രപാദൻ ശിവലിംഗം പൂജിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒടുവിൽ, ഒരു വ്യശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിദിനത്തിൽ ഏഴരവെളുപ്പിന് ശിവൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകി. ഈ ദിവസമാണ് വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. ഈ ശിവലിംഗത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ് സാക്ഷാൽ പരശുരാമനും തത്സമയം വൈക്കത്തെത്തി. ശിവലിംഗം കണ്ട പാടെ അദ്ദേഹം അതിനുമുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. തുടർന്ന്, ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തിയ പരശുരാമൻ ഉടനെത്തന്നെ അദ്ദേഹത്തെക്കൊണ്ട് ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ആ ക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം.
ഇനി ഖരന്റെ മുത്തച്ഛനായ മാല്യവാനെ കുറിച്ച്....
മാലി സുമാലി മാല്യവാൻ എന്നീ അസുരന്മാർ ഭൂമിയും പാതാളവും അടക്കി വാഴുന്നകാലം. സന്യാസികളേയും സ്ത്രീകളേയും എല്ലാം അവർ യഥേഷ്ടം ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ സംന്യാസിമാർ പരാതിയുമായി വൈകുണ്ഠത്തിൽ എത്തി വിഷ്ണുഭഗവാനെ കണ്ട് സങ്കടം ഉണർത്തിച്ചു. ഇവരിൽ നിന്നു എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം എന്നു ഇവർ ഭഗവാനോടു കേണപേക്ഷിച്ചു. അപ്പോൾ ഭഗവാൻ അവരുടെ മരണം അടുത്തു തന്നെ ഉണ്ടാവുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചയച്ചു.
തുടർന്ന് നാരദ മഹർഷി ഈ വിവരം അറിഞ്ഞു മാല്യവാന്റെ കൊട്ടാരത്തിൽ എത്തി വിഷ്ണു ഭഗവാൻ മാല്യവാനെ അടുത്തു തന്നെ കൊല്ലുന്നതായിരിക്കും എന്നു അറിയിച്ചു. ഇതിനു കാരണക്കാരൻ ദേവേന്ദ്രനാണെന്നും നാരദൻ മാല്യവാനെ അറിയിക്കുന്നു. ക്രുദ്ധനായ മാല്യവാൻ സഹോദരന്മാരായ മാലി സുമാലി ഇവരുമായി ആലോചിച്ച് ദേവേന്ദ്രനുമായി യുദ്ധത്തിനു പുറപ്പെടുന്നു. ഇന്ദ്രലോകത്ത് പൊരിഞ്ഞ യുദ്ധം തന്നെ നടന്നു. അവസാനം ഇന്ദ്രൻ തോല്പിക്കപ്പെടുമെന്നു തീർച്ചയായപ്പോൾ വിഷ്ണുഭഗവാൻ മാലിയുടെ കഴുത്തറുത്ത് കൊന്നു. ജീവനിൽ പേടിച്ച് സുമാലിയും മാല്യവാനും പാതാള ലോകത്തിലേക്കു ഒളിച്ചോടി.
കരിമുട്ടം ദേവി ക്ഷേത്രം
No comments:
Post a Comment