Sunday, October 7, 2018

ഗംഗ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അയോദ്ധ്യാധിപതിയായിരുന്ന ദിലീപന്റെ പുത്രനാണ് ഭഗീരഥൻ. ആകാശഗംഗയെ ഭൂമിയിലും പാതാളത്തിലും എത്തിച്ച് തന്റെ പൂർവ്വികരായ സഗരപുത്രന്മാർക്കു മോക്ഷം ലഭിക്കാൻ നിരവധി ത്യാഗങ്ങൾ അനുഭവിച്ച സൂര്യവംശരാജാവായിരുന്നു അദ്ദേഹം. ഭഗീരഥന്റെ ബഹുമാനാർത്ഥമാണ് ഗംഗാനദിയ്ക്ക് ഭാഗീരഥി എന്നപേർ ലഭിച്ചത്. ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തിക്കാനായി അദ്ദേഹം നിരവധി വർഷങ്ങൾ ഗംഗദേവിയെ തപസ്സു ചെയ്തു. അവസാനം ഗംഗാദേവി പ്രത്യക്ഷയായി അനുഗ്രഹിച്ചു, എങ്കിലും ഭൂതലത്തിൽ പതിക്കുന്ന ഗംഗയെ താങ്ങാനുള്ള ശേഷി ശിവനുമാത്രമെയുള്ളു എന്ന് ഉപദേശിച്ച് അപ്രത്യക്ഷ്യയായി. പിന്നീട് ഭഗീരഥൻ ശിവനെ തപസ്സുചെയ്തു സംപ്രീതനാക്കി. ഭഗവാൻ ശിവന്റെ അനുവാദം വാങ്ങി വീണ്ടും ഗംഗയെ തപസ്സു ചെയ്ത്, ഗംഗാദേവിയെ പ്രത്യക്ഷ്യയാക്കി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുവാദം വാങ്ങി.  ഗംഗ അത്യുഗ്രശക്തിയായി ഭൂമിയിലേക്കു നദിയായി പതിച്ചു. ഭഗവാൻ ഗംഗയെ തന്റെ ശിരസ്സിൽ താങ്ങിനിർത്തി. പക്ഷേ ഗംഗാനദി ശിവന്റെ ജടയിൽ നാലുവശത്തും തട്ടിതകർത്തൊഴുകാൻ ആരംഭിച്ചു. ഗംഗയുടെ അഹങ്കാരം മനസ്സിലാക്കിയ ശിവൻ ഗംഗയെ തന്റെ ശിരസ്സിനുള്ളിൽ ബന്ധിച്ചു. (ശിവൻ അങ്ങനെ ഗംഗാധരനായി). ഗംഗാനദി ഭൂമിയിലൂടെ പ്രവഹിക്കുവാനായി ഭഗീരഥൻ വീണ്ടും ശിവനെ തപസ്സു ചെയ്ത് പ്രീതിപെടുത്തി.  ഭഗീരഥനിൽ അനുഗൃഹീതനായ ശിവൻ ഗംഗയെ മോചിപ്പിച്ചു. ശിവനിൽ നിന്നും മോചിതയായ ഗംഗ ശക്തിയായി ഹിമാലയത്തിലൂടെ താഴോട്ട് ഒഴുകി. ഹിമവത്സാനുവിൽ തപസ്സനുഷ്ഠിച്ചിരുന്ന ജഹ്നു മഹർഷിയുടെ ആശ്രമത്തിലൂടെ ഒഴുകിയ ഗംഗാനദിയിലെ വെള്ളത്തിൽ ആശ്രമം മുങ്ങി പോയി. കുപിതനായ ജഹ്നു മഹർഷി ഗംഗയെ മുഴുവനായും തന്റെ കമണ്ഡലുവിൽ ആവാഹിച്ചെടുത്തു പാനം ചെയ്തു. ഭഗീരഥൻ ജഹ്നുമഹർഷിയെ പ്രീതിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ആദ്യം മഹർഷി ഭഗീരഥന്റെ അപേക്ഷ നിരസിച്ചെങ്കിലും, ഒടുവിൽ മറ്റു മുനീന്ദ്രന്മാരുടെ അഭ്യർത്ഥനയിൽ ജഹ്നു മഹർഷി ഭഗീരഥന്റെ അപേക്ഷ അംഗീകരിക്കുകയും ഗംഗയെ തന്റെ ചെവിയിലൂടെ പുറത്തേക്ക് ഒഴുക്കി. (ഗംഗ അങ്ങനെ ജാഹ്നവിയായി )

കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...