Thursday, August 1, 2019

ധനുര്‍വേദം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 രണ്ടാമത്തെ ഉപവേദമായ ധനുർവേദം യജുർവേദത്തോടു ചേർന്ന ആയുധ വിദ്യയാണിത്‌. ഈ ഉപവേദത്തിൽ ആദ്യം രാജ്യഭരണതന്ത്രവും ഉള്‍പ്പെട്ടിരുന്നു. ഇന്ന്‌ അതു ധാനുഷ്‌ക്കം (യുദ്ധശാസ്‌ത്രം) മാത്രമായി. പലതരം ആയുധങ്ങളായ ഗദ, ശൂലം, കുന്തം, പരശു, മഴു തുടങ്ങിയവയുടെ നിർമാണരീതി; പദ്‌മവ്യൂഹം, ചക്രവ്യൂഹം, ഗരുഡവ്യൂഹം തുടങ്ങിയ പലതരം സേനാ വിന്യാസ ക്രമങ്ങള്‍; ആയോധന കലകള്‍ എന്നിവയെല്ലാം ധനുർവേദ വിഷയങ്ങളാണ്‌. ധനുർവേദാധ്യയനത്തിനായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്‌. മഹാഭാരതത്തിലും അഗ്നിപുരാണത്തിലും ധനുർവേദത്തെക്കുറിച്ചുള്ള പരാമർശങ്ങളും പ്രതിപാദ്യങ്ങളും കാണാം. സേനയുടെ ചതുരംഗങ്ങളായ പദാദി (കാലാള്‍), അശ്വാരൂഢം (കുതിര), രഥാരൂഢം (തേര്‌), ഗജാരൂഢം (ആന) എന്നിവ ധനുർ വേദത്തിന്റെ നാലു പാദങ്ങളായി കല്‌പിക്കപ്പെടുന്നു. ഈ ഉപവേദത്തിൽ അസ്‌ത്രമെന്നും ശസ്‌ത്രമെന്നും വേറെ രണ്ടു വിഭാഗങ്ങളും കാണാം. ചിലരുടെ സിദ്ധാന്തപ്രകാരം ഋജു, മായ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ്‌ ധനുർവേദത്തിനുള്ളത്‌. പത്ത്‌ അംഗങ്ങളും നാലു ചരണങ്ങളും ഈ ഉപവേദത്തിനുണ്ട്‌. ധനുർവേദം മൂർത്തിമാനായി സുബ്രഹ്മണ്യനെ സേവിച്ചതായി മഹാഭാരതം ശല്യപർവത്തിൽ പ്രസ്‌താവമുണ്ട്‌. യുദ്ധ രീതി അനുസരിച്ച്‌ യന്ത്രമുക്തം, പാണിമുക്തം, മുക്തസന്ധാരിതം, അമുക്തം, ബാഹുമുക്തം എന്നിങ്ങനെ അഞ്ചു പിരിവുകളും ഇതിനുണ്ട്‌. യന്ത്രത്തിൽക്കൂടി പ്രക്ഷേപിക്കുന്നത്‌ യന്ത്രമുക്തം, ഉദാ. കവിണ, വില്ല്‌ മുതലായവ; കൈകൊണ്ട്‌ പ്രക്ഷേപിക്കുന്നത്‌ പാണിമുക്തം, ഉദാ. കല്ല്‌, ഗദ മുതലായവ; കൈയിൽ നിന്നു വിടാതെ ആഞ്ഞു പ്രയോഗിക്കുന്നതു മുക്തസന്ധാരിതം, ഉദാ. കുന്തം മുതലായവ; പിടിവിടാതെ പ്രയോഗിക്കുന്നത്‌ അമുക്തം, ഉദാ. വാള്‍ മുതലായവ. ആയുധം കൂടാതെ കൈകള്‍ മാത്രം കൊണ്ടുള്ളത്‌ ബാഹുമുക്തം. അമ്പും വില്ലും കൊണ്ടുള്ള യുദ്ധമായിരുന്നു ഉത്തമം. കുന്ത പ്രയോഗം മധ്യമം; വാള്‍കൊണ്ടും ബാഹുക്കള്‍ കൊണ്ടും നടത്തുന്ന യുദ്ധം അധമമെന്നും നീചമെന്നും കരുതിയിരുന്നു. യുദ്ധത്തിൽ അമ്പ്‌ തുടങ്ങിയ ഉപകരണങ്ങള്‍ക്കുളള മേന്മ കൂടുതലായി ഇവിടെ ഉപലക്ഷിക്കപ്പെടുന്നു. ആയുധ പ്രയോഗം ക്ഷത്രിയരാണ്‌ കുലവിദ്യയായി സ്വീകരിച്ചിരുന്നതെങ്കിലും ധനുർവേദാചാര്യന്മാർ അധികവും ബ്രാഹ്മണരായിരുന്നു. പരശുരാമന്‍, കൃപർ, ദ്രാണർ മുതലായ ധനുർവേദ ഗുരുക്കന്മാരെ പുരാണങ്ങള്‍ അനുസ്‌മരിക്കുന്നുണ്ട്‌.
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...