Friday, August 2, 2019

കോസലം

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

ഇന്ത്യയിലെ 16 പ്രാചീന മേഖലകളില്‍ ഒന്നാണ് കോസലം. ഗൗതമബുദ്ധന്റെ കാലത്തിനും മുമ്പ് ഭാരതത്തില്‍ പ്രാബല്യത്തിലിരുന്ന ഒരു ജനപദമാണിത്. 'കോശലം' എന്നും പരാമര്‍ശിക്കപ്പെട്ടുകാണുന്നു. പാണിനിയുടെ അഷ്ടാധ്യായി, ഭാഗവതപുരാണം, വിഷ്ണുപുരാണം, രാമായണം, മഹാഭാരതം ബുദ്ധമതതത്ത്വങ്ങളുള്‍ക്കൊള്ളുന്ന ത്രിപിടകം എന്നീ മഹദ്ഗ്രന്ഥങ്ങളിലൊക്കെ കോസലത്തെപ്പറ്റി പരാമര്‍ശമുണ്ട്. വാല്മീകിരാമായണം ബാലകാണ്ഡത്തില്‍ കോസലത്തെ സരയൂനദീതീരത്തുള്ള ധനധാന്യസമ്പന്നമായ മഹാജനപദമായി വിവരിക്കുന്നു. ഭാരതഖണ്ഡത്തിന്റെ വടക്കു കിഴക്ക് ഭാഗത്ത്, ആര്യാവര്‍ത്തത്തിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു ഇത്. പശ്ചിമ പാഞ്ചാലം, കിഴക്ക് സദാനീരാനദി, വിദേഹരാജ്യം, തെക്ക് തമസാ ഗോമതി-സ്യന്ദികാനദികള്‍ സംഗമിച്ചുണ്ടായിട്ടുള്ള ജലാശയം എന്നിവയായിരുന്നു കോസലത്തിന്റെ അതിര്‍ത്തികള്‍. തെക്കേ അതിര് ഭാഗികമായി ഗംഗാനദിയോളം വ്യാപിച്ചിരുന്നു. ബുദ്ധകാലഘട്ടത്തിലെ ശാക്യ-മല്ല-കോലിയ-മൌര്യസാമ്രാജ്യങ്ങളിലോരോന്നും കോസലവുമായി അതിര്‍ത്തി പങ്കിട്ടിരുന്നു. അയോധ്യ (സാകേതം), ശ്രാവസ്തി, കപിലവാസ്തു, സേതവ്യ, രാമഗ്രാമം, പിപ്പലിവനം, കുശിനാരാ, പാവാ എന്നിവയായിരുന്നു രാജ്യത്തെ മുഖ്യ നഗരാധിവാസങ്ങള്‍. സരയൂ, കുകുസ്ഥം (ഘാഘി), മഹി, സുന്ദരിക (സ്യന്ദിക), ബാഹുക എന്നിവയാണ് കോസലത്തെ പ്രധാന നദികള്‍. മഹാവനം, ജേതവനം, അന്ധകവനം, കണ്ടകവനം എന്നീ വിസ്തൃതങ്ങളായ ഘോരവനങ്ങള്‍ കോസലത്തിലുണ്ടായിരുന്നു.
'സൂര്യ'രാജവംശ ചരിത്രത്തില്‍ കോസലത്തിന്റെ സ്ഥാനം അതിപ്രധാനമാണ്. മനുപുത്രനായ ഇക്ഷ്വാകുവിലാണ് ഈ പരമ്പരയുടെ തുടക്കം. അയോധ്യ ആസ്ഥാനമാക്കി ഭരണമാരംഭിച്ച ഇദ്ദേഹം തന്റെ സാമ്രാജ്യം ഏറെ വിപുലീകരിച്ചു. മനു പണികഴിപ്പിച്ചതാണ് കോസലനഗരം. ഇതിന് 12 യോജന നീളവും മൂന്ന് യോജനവീതിയുണ്ടായിരുന്നു. ഇക്ഷ്വാകുവിന്റെ പൗത്രന്മാര്‍ മേരുവിനും വടക്ക് അധിനിവേശം വ്യാപിപ്പിച്ചതായി പുരാണങ്ങളില്‍ സൂചനയുണ്ട്. സൂര്യവംശചക്രവര്‍ത്തിയായിരുന്ന മാന്ധാതാവിന്റെ പുത്രന്‍ പുരുകൃസ്നന്റെ കാലത്ത് കോസലത്തിന്റെ അതിര്‍ത്തി തെക്ക് നര്‍മദാ നദിയോളം വ്യാപിച്ചിരുന്നു. എന്നാല്‍ പുരുകൃസ്നന്റെ പിന്‍ഗാമികളുടെ കാലം കോസലത്തിന് അധഃപതനത്തിന്റെയും അരാജകത്വത്തിന്റെയും നാളുകളായിരുന്നു. തെക്കുനിന്നുള്ള ഹേഹയ രാജാക്കന്മാരായ കൃതവീര്യന്റെയും കാര്‍ത്തവീര്യാര്‍ജുനന്റെയും ആക്രമണത്തില്‍ ഉത്തരേന്ത്യയിലെ ഇതര രാജ്യങ്ങളോടൊപ്പം കോസലത്തിന്റെ പ്രതാപത്തിനും മങ്ങലേറ്റു; വനത്തിലേക്കോടിപ്പോയ കോസലരാജാവ് അപമൃത്യുവിനിരയായി. എന്നാല്‍ ഇദ്ദേഹത്തിന്റെ പുത്രനായിരുന്ന സഗരന്‍, രാജ്യം വീണ്ടെടുക്കുകയും അശ്വമേധയാഗം നടത്തി തന്റെ ശക്തി ഉറപ്പിക്കുകയും ചെയ്തു. രൂക്ഷമായ വരള്‍ച്ചയും ക്ഷാമവുംമൂലം വലഞ്ഞ കോസലവാസികളുടെ രക്ഷയ്ക്കായി സഗരപുത്രനായ ഭഗീരഥനാണ് ഗംഗയെ വഴിമാറ്റിക്കൊണ്ടുവന്ന് കോസലത്തിലൂടെ ഒഴുക്കിയത് എന്നാണ് വിശ്വാസം.
ഭഗീരഥന്റെ പിന്‍മുറക്കാരില്‍ പ്രശസ്തനായിരുന്ന രഘുവിന്റെ പൗത്രനായ ദശരഥന്റെ കാലത്ത് കോസല രാജധാനിയായിരുന്ന അയോധ്യ ഏത് ആധുനിക നഗരത്തോടും കിടപിടിക്കാന്‍പോന്നവിധം പരിഷ്കൃതമായിരുന്നതായാണ് വാല്മീകിരാമായണം പ്രസ്താവിക്കുന്നത്. ശ്രീരാമന്റെ ഭരണകാലം കോസലത്തിന്റെ സുവര്‍ണകാലഘട്ടമായി കരുതപ്പെടുന്നു. രാമന്‍, തന്റെയും സഹോദരന്മാരുടെയും പുത്രന്മാര്‍ക്ക് രാജ്യം തുല്യമായി പങ്കിട്ടു നല്കിയതോടെ കോസലസാമ്രാജ്യം ഇല്ലാതായി.
മഹാഭാരതകാലത്തെ കോസലരാജാവായിരുന്ന ബൃഹദ്വലന്‍ കൗരവപക്ഷത്തുചേര്‍ന്ന് യുദ്ധം ചെയ്യവേ അഭിമന്യുവിനാല്‍ വധിക്കപ്പെട്ടതായി പ്രസ്താവിച്ചിരിക്കുന്നു. ഗൗതമബുദ്ധന്റെ കാലത്തിനു തൊട്ടുമുമ്പുള്ള ശതകങ്ങളില്‍ രാജ്യവിസ്തൃതി ലാക്കാക്കി ഉത്തരഭാരതത്തിലെ 16 ജനപദങ്ങളും പരസ്പരം കലഹിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തുപോന്നു. ഈ മത്സരങ്ങളില്‍ അന്തിമവിജയം മഗധയ്ക്കായിരുന്നു. പ്രസേനജിത്തിന്റെ ഭരണകാലത്ത് കോസലം സാമാന്യമായ വ്യാപ്തിയും അഭിവൃദ്ധിയും നേടിയിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ ശാക്യന്മാരെ കൂട്ടക്കൊലചെയ്തത് സമീപരാജ്യങ്ങളുടെ ശത്രുത ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് കോസലത്തിന്റെ അധീനദേശങ്ങള്‍ ഒന്നൊന്നായി ആക്രമണകാരികള്‍ കൈവശപ്പെടുത്തുകയും കോസലത്തിന്റെ സ്വതന്ത്രരാജ്യമെന്ന പദവിപോലും താമസംവിനാ നഷ്ടമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലങ്ങളില്‍ ഇവിടം നന്ദ-മൗര്യ-ശൃംഗ-ഗുപ്ത-ഹര്‍ഷ-പ്രതീഹാരസാമ്രാജ്യങ്ങളുടെ അധീനപ്രദേശമായിക്കഴിഞ്ഞു.

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...