*❉ബലിക്കല്ല്❉*
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
*അഷ്ടദിക്പാലകർ*
കിഴക്കിന്റെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്.
തെക്ക് കിഴക്ക് അഗ്നിദേവന്റെ ബലിക്കല്ലാണ് വേണ്ടത്.
യമദേവനാണ് തെക്ക്‌വശത്തിന്റെ അധിപൻ.
തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത് ആ ദിക്കിന്റെ ദേവനായ നിരൃതിയെയാണ്.
വരുണൻ പടിഞ്ഞാറു ദിക്കിലും,
വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും.
വടക്ക് ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത് ബലിക്കല്ലിന്റെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക് പാലകരിൽ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു.
വടക്ക് കിഴക്ക് ഈശാനനാണ്.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും - വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്റെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തന്റെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
*ശ്രീബലി (ശീവേലി)*
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ് സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിലോ കയ്യിലോ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.
*സപ്തമാതൃക്കൾ*
സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃ സങ്കല്പത്തിൽ പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.
ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ബലിക്കല്ലിൽ
ചവിട്ടുവനോ തൊട്ടു നമസ്സ്ക്കരിക്കുവാനോ പാടില്ല.
No comments:
Post a Comment