Thursday, August 1, 2019

ഉപാകർമം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഷോഡശസംസ്‌കാരങ്ങളിൽ ഒന്നായ ഉപനയനത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭം ഉപാകർമം എന്നു പറഞ്ഞു വരുന്നു. ""സംസ്‌കാരപൂർവം ഗ്രഹണം സ്യാദുപാകരണം ശ്രുതേഃ'' എന്ന്‌ ഇതിനെ അമരകോശത്തിൽ നിർവചിച്ചിരിക്കുന്നു; വേദം ഇതുകൊണ്ട്‌ സ്വീകരിക്കപ്പെടുന്നു എന്നാണ്‌ ഇതിന്റെ അർഥം. ഉപനയനത്തിനു ശേഷമേ ദ്വിജനാകുന്നുള്ളൂ; അതിനാലാണ്‌ അതിനു മുമ്പ്‌ വേദം പഠിക്കാന്‍ അധികാരിയാകാത്തത്‌. ഉപാകർമത്തിന്‌ ചില പ്രത്യേകദിവസങ്ങള്‍ തന്നെ മുഹൂർത്തകാരന്മാർ നിർദേശിച്ചിട്ടുണ്ട്‌. കർക്കിടക മാസത്തിൽ അത്തം നക്ഷത്രവും പഞ്ചമിയും കൂടി വരുന്ന ദിവസം ഉപാകർമം ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ ചിങ്ങമാസത്തിൽ തിരുവോണ നാളിൽ പഞ്ചമി വന്നാൽ അന്നും ഇതിനു യോജിച്ച ദിവസമാകുന്നു; അതേ മാസത്തിൽ രണ്ടു തിരുവോണ നാളുകള്‍ വരുന്ന പക്ഷം രണ്ടാമത്തെ നാളിൽ ഇതു ചെയ്യാം. കന്നി മാസത്തിലാകട്ടെ രണ്ടു തിരുവോണനാളുകള്‍ ഉള്ളപക്ഷം രണ്ടു ദിവസവും ഉപാകർമത്തിനു കൊള്ളാം, ആഷാഢ മാസത്തിലെ വെളുത്തവാവിനും ഉപാകരണം ചെയ്യുന്നതിൽ വിരോധമില്ലെന്നു മുഹൂർത്ത സംഗ്രഹകാരന്‍ പറഞ്ഞിരിക്കുന്നു. വേദാധ്യയനം ശ്രദ്ധാപൂർവം അനുഷ്‌ഠിക്കേണ്ട ഒരു കർമമാകയാൽ ഉപനയനം കഴിഞ്ഞ്‌ വേദത്തിനധികാരിയായ ദ്വിജനെ ആചാര്യന്‍ ശുഭമുഹൂർത്തത്തിൽ വേദം അഭ്യസിപ്പിക്കാനാരംഭിക്കുന്നു. ഗൃഹ്യകർമങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്‌തകങ്ങളിൽ ഇതു ചെയ്യേണ്ട രീതികളെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ഋഗ്വേദികള്‍, യജുർവേദികള്‍, സാമവേദികള്‍ എന്നിങ്ങനെ വിഭിന്നവേദങ്ങള്‍ അഭ്യസിക്കുന്നതിന്‌ അധികാരികളായവർ അവർക്കു വിധിച്ചിട്ടുള്ള രീതിയിൽ വേണം മേല്‌പറഞ്ഞ ശുഭദിവസങ്ങളിൽ വേദാധ്യയനം ആരംഭിക്കാന്‍.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...