Friday, August 2, 2019

ഗജേന്ദ്രമോക്ഷം

കരിമുട്ടം ദേവി ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യുന്നു...

 സ്വയംഭൂവായ മനുവിന്റെ വംശത്തിലുണ്ടായ ഇന്ദ്രദ്യുമ്ന രാജാവ് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നു. വിഷ്ണുഭക്തനായ ഇദ്ദേഹം വാര്‍ധക്യമായപ്പോള്‍ മൂത്തമകനു രാജ്യം നല്കി, മലയാദ്രിയില്‍ തപസ്സിനുപോയി. ഒരുദിവസം ധ്യാനനിഷ്ഠനായിരിക്കേ അഗസ്ത്യമഹര്‍ഷി വന്നത് ഇന്ദ്രദ്യുമ്നന്‍ അറിഞ്ഞില്ല. തന്നെ നിന്ദിച്ചുവെന്നു ധരിച്ച് മഹര്‍ഷി ഇന്ദ്രദ്യുമ്നനെ ആനയായിപ്പോകട്ടെ എന്ന് ശപിച്ചു. രാജാവ് ശാപമോക്ഷത്തിനായി പ്രാര്‍ഥിച്ചു. വിഷ്ണു അവതരിച്ച് ആനയെ തലോടുമ്പോള്‍ മോക്ഷം പ്രാപിക്കുമെന്ന് അരുളിച്ചെയ്തിട്ട് അഗസ്ത്യന്‍ മറഞ്ഞു. ആനയായിത്തീര്‍ന്ന ഇന്ദ്രദ്യുമ്നന്‍ അനേകവര്‍ഷം കാട്ടില്‍ അലഞ്ഞുനടന്നു. ഒരിക്കല്‍ ത്രികൂടാചലത്തിലെ സരസ്സില്‍നിന്നു വെള്ളം കുടിക്കുമ്പോള്‍ ഒരു മുതല ആനയുടെ കാലില്‍ പിടികൂടി. പിടി വിടുവിക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. ആയിരം വര്‍ഷം ആനയ്ക്ക് അതേ നിലയില്‍ നില്ക്കേണ്ടി വന്നു. ഇന്ദ്രദ്യുമ്നന്‍ വിഷ്ണുഭജനവും തുടങ്ങി. (ഇന്ദ്രദ്യുമ്നനെ പിടികൂടിയ മുതല ശാപവശഗനായ ഹൂഹൂ എന്ന ഗന്ധര്‍വനായിരുന്നു. അയാള്‍ കുറെ അപ്സരസ്ത്രീകളുമായി ആ സരസ്സില്‍ കുളിക്കുമ്പോള്‍ തൊട്ടടുത്ത് തപസ്സു ചെയ്തിരുന്ന ദേവലന്‍ എന്ന മഹര്‍ഷിക്ക് ശല്യമായി. ഗന്ധര്‍വന്‍ മുതലയായിപ്പോകട്ടെ എന്ന് ദേവലന്റെ ശാപമുണ്ടായി. ഈ മുതലയാണ് ഗജേന്ദ്രനെ പിടികൂടിയത്.)
വിഷ്ണു പ്രത്യക്ഷനായി ചക്രായുധംകൊണ്ട് മുതലയെക്കൊന്ന് ഗജേന്ദ്രനെ രക്ഷിച്ചു. വിഷ്ണുവിന്റെ കരസ്പര്‍ശമേല്ക്കേ ആന ഇന്ദ്രദ്യുമ്നനായി മാറി മോക്ഷം പ്രാപിച്ചു. ഹൂഹൂ എന്ന ഗന്ധര്‍വനും അതുപോലെ മോക്ഷം കിട്ടി. (ഭാഗവതം അഷ്ടമസ്കന്ധത്തില്‍ ഗജേന്ദ്രമോക്ഷം എന്ന ഉപാഖ്യാനം).

🍃🍃🍃🍃🍃🍃🍃🍃
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...