Thursday, August 1, 2019

കംസൻ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഭാഗവതത്തിലെ ഒരു കഥാപാത്രമാണ് കംസന്‍. മഥുരയിലെ രാജാവായിരുന്ന ഉഗ്രസേനന്റെ പുത്രന്‍. യാദവവംശ്യനായിരുന്നെങ്കിലും ബ്രഹ്മശാപഫലമായി കാലനേമി എന്ന അസുരന്‍ പുനര്‍ജന്മം പൂണ്ട ആളായതുകൊണ്ട്‌ കംസന്‍ ക്രൗര്യം, ജനപീഡനം തുടങ്ങിയവയുടെ പര്യായമായാണ്‌ ഭാഗവതം തുടങ്ങിയ പുരാണങ്ങളിലും മറ്റു സാഹിത്യകൃതികളിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. സഹോദരിയായ ദേവകിയെ വസുദേവര്‍ക്കു വിവാഹം ചെയ്‌തുകൊടുത്ത്‌ അവരുടെ ഗൃഹപ്രവേശനത്തിനു താന്‍ തന്നെ തേരു തെളിച്ചു പോകുന്ന വഴിക്ക്‌ ഈ ദമ്പതികളുടെ എട്ടാമത്തെ മകന്‍ തന്നെ വധിക്കുമെന്നുള്ള അശരീരി കേട്ട്‌ അപ്പോള്‍തന്നെ അവരെ നിഗ്രഹിക്കാന്‍ കംസന്‍ തയ്യാറായി. അവരുടെ ദീനവാക്കുകള്‍ കേട്ട്‌ അല്‌പം മനസ്സുമാറിയ കംസന്‍ അവരെ തടവില്‍ പാര്‍പ്പിക്കുകയും സഹോദരിക്കുണ്ടാകുന്ന ഓരോ കുട്ടിയെയും ജനനമാത്രയില്‍ത്തന്നെ നശിപ്പിക്കുകയും ചെയ്‌തു വന്നു. ദേവകീ വസുദേവന്മാരുടെ എട്ടാമത്തെ പുത്രനായി മഹാവിഷ്‌ണുവിന്റെ അവതാരമായ കൃഷ്‌ണന്‍ ജനിച്ചപ്പോള്‍ ദൈവികമായ സംഭവഗതികള്‍ കൊണ്ട്‌ കുട്ടിയെ വധിക്കാന്‍ കംസന്‌ സാധിച്ചില്ല. പരിഭ്രാന്തനായ കംസന്‍ അപ്പോള്‍ മഥുരയിലുണ്ടായിരുന്ന എല്ലാ പിഞ്ചുകുഞ്ഞുങ്ങളെയും വധിക്കാന്‍ തന്റെ അനുചരവൃന്ദങ്ങളോടാജ്ഞാപിച്ചു. കംസകിങ്കരരായ പൂതന, പ്രലംബന്‍, ചാണൂരന്‍, മുഷ്ടികന്‍, തൃണാവര്‍ത്തന്‍, അരിഷ്ടന്‍, കേശി, ധേനുകന്‍, അഘന്‍, ശകടന്‍, വിവിദന്‍ തുടങ്ങിയവര്‍ പല മായാരൂപങ്ങളിലും പോയി, ശിശുവായ കൃഷ്‌ണനാല്‍ വധിക്കപ്പെട്ടു. കംസന്റെ ക്രൗര്യം ഇതോടുകൂടി വര്‍ധിക്കുകയും എങ്ങനെയെങ്കിലും കൃഷ്‌ണനെ വധിക്കാനുള്ള ഗൂഢോപായാലോചനകളില്‍ അയാള്‍ മുഴുകുകയും ചെയ്‌തു. ഇതിനിടയ്‌ക്ക്‌ സ്വപിതാവായ ഉഗ്രസേനനെത്തന്നെ കംസന്‍ തടവിലാക്കി കഴിഞ്ഞിരുന്നു. ഒടുവില്‍ തന്റെ രാജധാനിയില്‍ നടക്കുന്ന ധനുര്‍യാഗത്തില്‍ പങ്കെടുക്കാന്‍, കംസന്‍ അക്രൂരനെ അയച്ച്‌ കൃഷ്‌ണനെയും സഹോദരനായ ബലരാമനെയും ക്ഷണിച്ചു വരുത്തി. ഈയവസരത്തില്‍ കംസനെ വധിച്ചശേഷം കൃഷ്‌ണന്‍ തന്റെ മാതാമഹനുള്‍പ്പെടെ ബന്ധനത്തില്‍ കിടന്ന അനവധി ആളുകളെ മോചിപ്പിച്ചതായി പുരാണങ്ങള്‍ പറയുന്നു. കംസന്‍ ഉഗ്രസേനന്റെ മകനല്ലെന്നും, ഉഗ്രസേനന്‍െറ പത്‌നി രജസ്വലയായിരിക്കുമ്പോള്‍ കാമാതുരനായ ദ്രമിളന്‍ എന്ന ഒരു ഗന്ധര്‍വന്‍ അവളെ ബലാല്‍സംഗം ചെയ്‌തതിന്റെ ഫലമായുണ്ടായ പുത്രനാണെന്നും ഒരഭിപ്രായമുണ്ട്‌ (ഭാഗവതം ദശമസ്‌കന്ധം).

🙏🙏🙏🙏🙏🙏🙏

  കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...