ദ്രൗപദി പാണ്ഡവർക്ക് നല്കിയ വിളിപ്പേരുകൾ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.
നീണ്ട പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള അജ്ഞാത വാസത്തിനു വേണ്ടി പാണ്ഡവര്‍ തയ്യാറെടുപ്പ് തുടങ്ങി. പല രാജ്യങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നെങ്കിലും അവര്‍ അജ്ഞാതവാസത്തിന്‍ തിരഞ്ഞെടുത്തത് മത്സ്യ രാജ്യത്തിലെ ‘വിരാട’ നഗരമായിരുന്നു. മദ്ധ്യ വയസ്കനായ അവിടുത്തെ രാജാവിന്റെ ധര്‍മ്മനിഷ്ഠയും ഉദാരമനസ്കതയും ആരുടേയും ഹൃദയം കവരുന്നതാണന്ന കേട്ടറിവ് യുധിഷ്ഠരനുണ്ടായിരുന്നു. വേഷ പ്രച്ഛന്നരാകുമ്പോള്‍ സ്വീകരിയ്ക്കേണ്ട പ്രവര്‍ത്തികളെ പറ്റിയും അവര്‍ തമ്മില്‍ ധാരണയുണ്ടായി. യുധിഷ്ഠരന്റെ ദുഃഖം മുഴുവന്‍ തന്റെ അരുമ സഹോദരനായ ഭീമനെക്കുറിച്ചായിരുന്നു. ഭീമാ ! അങ്ങ് ഏതു രീതിയിലാണ് വിരാട രാജധാനിയില്‍ പ്രവേശിയ്ക്കാനുദ്ദേശിയ്ക്കുന്നത്. എന്റെ ദുഃഖം മുഴുവന്‍ നിന്റെ സാഹസികതയെക്കുറിച്ചും, പിടിച്ചു നിര്‍ത്താനാകാത്ത നിന്റെ വിശപ്പിനെക്കുറിച്ചും ഓര്‍ക്കുമ്പോഴാണ്. ജ്യേഷ്ഠന്റെ ഉത്ക്കണ്ഠ ഭീമനില്‍ ചിരിയുണര്‍ത്തി. ‘ ജ്യേഷ്ഠാ ! അങ്ങയുടെ സുരക്ഷയ്ക്കപ്പുറം, ഈ ഭീമനെ ക്കുറിച്ച് അങ്ങയ്ക്ക് വേവലാതി വേണ്ട. ഞാന്‍ നല്ലൊരു പാചക വിദഗ്ധനാണ്. വിരാട രാജധാനിയിലെ പാചകശാലയുടെ മേല്‍നോട്ടം ഞാനേറ്റെടുക്കും. പിന്നെ നല്ലൊരു ഗുസ്തിക്കാരനാണന്നും രാജാവിനെ ധരിപ്പിയ്ക്കും. എന്റെ ജ്യേഷ്ഠനു എന്തെങ്കിലും ആപത്ത് പിണഞ്ഞാല്‍ രാജാവ് ഈ ഗുസ്തിക്കാരനെ ആയിരിയ്ക്കുമല്ലോ ആദ്യം വിളിയ്ക്കുക. ‘ ഭീമന്റെ സ്നേഹത്തിന്‍ മുന്നില്‍ യുധിഷ്ഠരന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹം ഭീമനെ ആശ്ലേഷിച്ചു.
ഉര്‍വ്വശി ശാപം എനിയ്ക്ക് വീണു കിട്ടിയ ഭാഗ്യമാണ് ജ്യേഷ്ഠാ ! ഞാന്‍ സ്ത്രീ വേഷധാരിയായ ‘ബ്രുഹന്നള’ ആയി രാജകൊട്ടാരത്തില്‍ ആട്ടവും പാട്ടും പഠിപ്പിയ്ക്കാന്‍ കൂടിക്കോളം. നിരന്തരാഭ്യാസം കൊണ്ട് തഴമ്പ് വീണ എന്റെ തോളുകള്‍ അന്യ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കാനും ഈ വേഷം എനിയ്ക്കുപകരിയ്ക്കും. അര്‍ജുനന്റെ വേഷം ഏവര്‍ക്കും സ്വീകാര്യമായി.
ഞാന്‍ നല്ലൊരു അശ്വഹൃദയനാണ്. കൊട്ടാരത്തിലെ കുതിര പന്തിയുടെ മേല്‍നോട്ടമാണ് ഞാനേറ്റെടുക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. കാഴ്ചയില്‍ സുന്ദരനായ നകുലന്റെ തീരുമാനവും അംഗീകരിയ്ക്കപ്പെട്ടു.
കുഞ്ഞേ ! സഹദേവാ ! നിന്റെ തീരുമാനം പറയൂ. യുധിഷ്ഠരന്‍ ഏറെ അരുമയോടെ തന്റെ അമ്മയുടെ മാനസ പുത്രനെ നോക്കി.
എനിയ്ക്ക് പശുക്കളെ പരിപാലിയ്ക്കുന്നതില്‍ വലിയ താല്പര്യമാണ്. രാജാവിന്റെ ഗോസമ്പത്ത് വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഞാനെന്റെ കഴിവ് പ്രയോഗിയ്ക്കും. യുധിഷ്ഠരന്‍ ഏറെ അധൈര്യത്തോടെ തങ്ങളുടെ രാജ്ഞിയായ ദ്രൗപദിയെ ചോദ്യരൂപേണ നോക്കി.
നിങ്ങള്‍ക്കെല്ലാം ഓരോ വേഷങ്ങള്‍ അണിയാമെങ്കില്‍ എനിയ്ക്കും അതിനു തക്ക വൈഭവമുണ്ട്. ഞാന്‍ സൈരന്ധ്രിയാകും. പല തരത്തില്‍ മാല കെട്ടാനും അലങ്കാര പണികള്‍ ചെയ്യാനും എനിയ്ക്ക് കഴിവുണ്ട്. ഞാന്‍ ശാപഗ്രസ്തരായ അഞ്ചു ഗന്ധര്‍വ്വന്‍മാരുടെ ഭാര്യയാണന്നു രാജ്ഞിയെ അറിയിയ്ക്കും. എന്നില്‍ അനാവശ്യമായി അന്യരുടെ കണ്ണ് പതിഞ്ഞാല്‍ ആ നിമിഷം ഗന്ധര്‍വ്വന്മാര്‍ പറന്നെത്തി അവരെ നിഗ്രഹിയ്ക്കുമെന്നും രാജ്ഞിയെ മുന്‍കൂട്ടി അറിയിയ്ക്കും. ദ്രൗപദിയുടെ വെളിപ്പെടുത്തല്‍ കേട്ട് പാണ്ഡവര്‍ സുസ്മേരത്തോടെ പരസ്പരം നോക്കി. ഭീമന്‍ കയ്യടിച്ചു അഭിനന്ദനം രേഖപ്പെടുത്തി.
ആട്ടെ, ഭവതിയുടെ ഗന്ധര്‍വ്വന്മാരുടെ പേര് പറയുക. ഉറക്കെ വിളിച്ചാല്‍ പാഞ്ഞെത്തണമല്ലോ ?. നകുലന്റെ സംശയം ചിരിയുണര്‍ത്തി.
എന്നാല്‍ കേട്ടോളു, മൂത്തയാള്‍ ജയന്‍, ജയേശന്‍, വിജയന്‍, ജയസേനന്‍, ഇളയവന്‍ ജയബാലന്‍.