Friday, July 13, 2018

ഗുളികൻ

കരിമുട്ടം ക്ഷേത്രം രണ്ടാം ഗ്രൂപ്പിൽ ഒരു അംഗം ആവശ്യപ്പെട്ടതനുസരിച്ച് ഗുളികനെ കുറിച്ച് ശേഖരിച്ച വിവരങ്ങൾ ചേർക്കുന്നു ..... (മുമ്പ് ഒന്നാം ഗ്രൂപ്പിൽ ഗുളികനെ കുറിച്ച് നമ്മൾ ചർച്ച ചെയ്തിരുന്നു. എങ്കിലും കുറച്ചു കൂടി വിവരങ്ങൾ ഇവിടെ ചേർക്കുകയാണ് )

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു.

അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.

ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്.  കാലൻ , അന്തകൻ, യമൻ,  എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

ജ്യോതിഷ പ്രകാരം ഗുളിക നെ കുറിച്ചുള്ള അറിവുകൾ ചെറുതായി സംഗ്രഹിക്കാം. ഉപഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ പാപിയും മറ്റ് ഉപഗ്രഹങ്ങളെ നയിപ്പിക്കുവനുമാകുന്നു ഗുളികന്‍.  ഗുളികന്‍ പാപത്തിന്റെയും, ക്രൂരതയുടെയും മൂര്‍ത്തീഭാവമാകുന്നു. സ്വാഭാവികമായും ഗുളികന്‍ നാശത്തെയും, മരണത്തെയും പ്രതിനിധീകരിക്കുന്നു. അദൃശ്യനാണെങ്കിലും ഗുളികന്‍ ഒരു ദിവസം രണ്ട് പ്രാവശ്യം അതായത് പകലും, രാത്രിയിലും ഉദിക്കുന്നതായി പറയപ്പെടുന്നു. ഗുളികന്‍ ലഗ്ന ഭാവത്തില്‍ നിന്നാല്‍ ക്രൂരത, കപടത, നിരീശ്വരത്വം, കലഹസ്വഭാവം, പാപപൂര്‍ണ്ണമായ ദൃഷ്ടി, അമിതാഹാരം, സന്താന അഭാവം, അല്പായുസ്സ് എന്നിവയാണ് ഫലമെന്ന് പറയപ്പെടുന്നു.

രണ്ടില്‍ നിന്നാൽ കലഹങ്ങളില്‍ താല്‍പ്പര്യം, നിഷ്ഫലമായ വാക്കുകള്‍ , ദുരദേശവാസം എന്നിവയും

മൂന്നില്‍, നിര്‍ഭയത്വം, അഹങ്കാരം, ദേഷ്യം, ദീനത, സഹോദര നാശം, സഞ്ചാര ശീലം എന്നിവയും

നാലില്‍, സ്വജനങ്ങളില്‍ നി്ന്നു സ്‌നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ എന്നിങ്ങനെയും

അഞ്ചില്‍,  അല്പായുസ്സ്, ചഞ്ചമനസ്സ്, സന്താന അഭാവം, ദൂര്‍വിചാരം എന്നിവയും

ആറില്‍, ധൈര്യം, എല്ലാ കാര്യങ്ങള്‍ക്കും സാമര്‍ത്ഥ്യം, ശത്രുനാശം, മാജിക് പഠിക്കുവാന്‍ താല്‍പ്പര്യം, സല്‍സന്താനം എന്നിങ്ങനെയും

ഏഴില്‍, വിദ്യാഹീനത, നന്ദി ഇല്ലായ്മ, പരസ്ത്രീ സംഗമം, കലഹസ്വഭാവം, സമൂഹത്തിന് ദോഷം ചെയ്യുന്ന ആള്‍ എന്നതും 

എട്ടിൽ, കുറിയ ദേഹം, വൈരൂപ്യം, വികലനേത്രം, ജന്മനാ അംഗഹീനന്‍ എന്നും

ഒമ്പതില്‍, ഗുരുക്കന്‍മ്മാരില്‍ നിന്നും, പണ്ഡിതന്‍മ്മാരില്‍ നിന്നും അനുഗ്രഹം ഇല്ലായ്മ, തത്ത്വജ്ഞാനി, സര്‍പ്പദോഷം, ബാധകള്‍ , വിദേശവാസി എന്നും

പത്തില്‍, സ്വാര്‍ത്ഥത, ദുഃഖപര്യവസായിയായ കര്‍മ്മങ്ങളില്‍ താല്‍പ്പര്യം എന്നിങ്ങനെയും 

പതിനൊന്നില്‍, ബുദ്ധഗുണം, സുഖം, ആകര്‍ണീയമായ ശരീരം, സല്‍സന്താന ലാഭം ഇവയും

പന്ത്രണ്ടില്‍, ചഞ്ചലത, അതിവ്യയം, ഭൗതീക കാര്യങ്ങളില്‍ അശ്രദ്ധ എന്നും സാമാന്യ ഫലമെന്നാണ് പറയപ്പെടുന്നത്.

ഗുളികന്‍ സൂര്യനോട് ചേര്‍ന്നാല്‍ പിതാവിന് ദോഷം, ചന്ദ്രനോട് ചേര്‍ന്നാല്‍ അമ്മയ്ക്ക് ബുദ്ധിമുട്ട്, ചൊവ്വയോട് ചേര്‍ന്നാല്‍ സഹോദരങ്ങളില്‍ നി്ന്നു വേര്‍പാട്, ബുധനുമായി ചേര്‍ന്നാല്‍ മാനസിക അസുഖം, ശുക്രനോട് ചേര്‍ന്നാല്‍ വിഷങ്ങളില്‍ നിന്നുളള പീഡനം, കേതുവുമായി ചേര്‍ന്നാല്‍ അംഗഹീനത്വം എന്നും പറയപ്പെടുന്നുണ്ട്.

ഗുളികന്‍ എല്ലാ തരത്തിലുളള അസുഖത്തേയും, കഷ്ടതയേയും ഉണ്ടാക്കുകയും അത് നില്‍ക്കുന്ന ഭാവത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ഗ്രഹങ്ങളോട് ചേരുമ്പോള്‍ ഗുളികന്‍ ഗുണങ്ങളെ നശിപ്പിക്കുകയും, നാശങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചില ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ഒരു പാപിയായിത്തീരുന്നു.

ജനനം ഉണ്ടാകുന്നത് ഗുളികന്‍ നില്‍ക്കുന്ന ത്രികോണ രാശികളില്‍ ഒന്നിലോ ഗുളിക നവാംശക രാശിയിലോ ആയിരിക്കും.

എന്നാൽ സര്‍വ്വ ദുഃഖങ്ങളുടെയും, പാപങ്ങളുടെയും ഉറവിടമായിത്തീരുന്ന ഗുളികകാലം ധാന്യശേഖരം, കച്ചവടം, കടം തീര്‍ക്കല്‍, നൂതന ഗൃഹപ്രവേശം, ഔഷധസേവ, ആഭരണ ധാരണം, വേദപഠനം മുതലായ ചില പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശുഭകരമാണെന്നും പറയപ്പെടുന്നു.

 കരിമുട്ടം ദേവി ക്ഷേത്രം

1 comment:

  1. ഈ ക്ഷേത്രത്തിൽ ഭദ്രകാളിക്കു മുമ്പ് കലൂരി ദേവി എന്നൊരു മൂർത്തിയെ ആരാധിച്ചിരുന്നതായി ശ്രീ ഹരികുമാര് ഇളയിടത്തിൽ നിന്നറിഞ്ഞു. കലൂരി ദേവിയെ പറ്റി എങ്ങും വായിച്ചിട്ടില്ല. ഈ മൂർത്തിയെ പറ്റി എന്തെങ്കിലും അറിയാമോ?.കളരിപ്പയറ്റിൽ കളൂരി എന്നൊരു ചുവടുണ്ട്. ഒരു വന്ദനക്രിയ. പക്ഷെ, അതു ഭൂമിവന്ദനമാണ്.

    ReplyDelete

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...