Thursday, July 12, 2018

ശബരിമലയിലെ 18 പടികൾ

 കരിമുട്ടം ക്ഷേത്ര ഗ്രൂപ്പ് രണ്ടിൽ ശബരിമലയിലെ പതിനെട്ടു പടികൾ എന്തിനെ കുറിക്കുന്നു എന്ന ഒരു സംശയം ഒരു അംഗം ചോദിച്ചിരുന്നു. ശേഖരിച്ച അറിവുകൾ പങ്ക് വെക്കുകയാണ്.
       മണികണ്ഠ നിര്‍ദ്ദേശാനുസാരം പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തള മഹാരാജാവ് പണികഴിപ്പിച്ചുവെന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധായത്തില്‍ കാണാം. ശബരിമല ശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്. പൊന്നമ്പലമേട്, ഗരുഡമല, നാഗമല, ഇഞ്ചിപ്പാറമല, സുന്ദരമല, ചിറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവര്‍മല, കാളകെട്ടിമല, ശബരിമല എന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നും കരുതാം. ഓരോ മലയുടേയും ദേവത ഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നു ചെന്ന് മലദേവതകളെ വന്ദിച്ച് ശാസ്താവിനെ ദര്‍ശിക്കുന്നു എന്നു സാരം. ചുരിക മുതല്‍ അസ്ത്രം വരെയുള്ള പതിനെട്ടുതരം ആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ ഓരോന്നും ഓരോ പടികളായി പരിണമിച്ചുവെന്നും ഒരു സങ്കല്പവുമുണ്ട്. കൂടാതെ നാലു വേദങ്ങള്‍, ആറ് ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍ (സാമ ദാന ഭേദ ദണ്ഡങ്ങള്‍), നാലുവര്‍ണ്ണങ്ങള്‍ (ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര) എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ് എന്നും പറയാറുണ്ട്.

       അതല്ല, മോക്ഷ പ്രാപ്തിക്കു മുമ്പ് മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളായ സത്വഗുണം, രജോഗുണം, തമോഗുണം എന്നിവയെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യപാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില്‍ നിന്ന് മോചനം നേടാനാവൂ.

18 എന്ന അക്കത്തിന് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില്‍ 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങള്‍ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളും അഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേര്‍ന്നാലും 18 എന്ന സംഖ്യ ലഭിക്കുന്നു. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്‍.

കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...