വിഗ്രഹങ്ങൾ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.
വിഗ്രഹങ്ങൾ എട്ടുതരം ഉണ്ട് എന്നു പറയാം.
ശൈലീ ദാരു മയീ ലൌഹി
ലേപ്യാ ലേഖ്യാ ച സൈകതാ
മനോമയീ മണിമയീ
എന്ന ശ്ലോകത്തിൽ നിന്ന് പ്രതിഷ്ഠകൾ എട്ടു തരത്തിൽ ഉണ്ടെന്ന് അനൂമാനിക്കാം
ശൈലി – സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹത്തെയാണ് ‘ശൈലി’ എന്നു പറയുന്നത്. നമ്മുടെ കരിമുട്ടം ക്ഷേത്രത്തിലെ വിഗ്രഹം ഉദാഹരണമാണ്. ഗൂരുവായൂരിലെ പ്രതിഷ്ഠ മാർദ്ദവമുള്ള അഞ്ജനാശിലയിൽ ആണ്. കേരളത്തിൽ മറ്റിടങ്ങളിൽ കൃഷ്ണശിലാ വിഗ്രഹങ്ങൾ കണ്ടു വരുന്നു. സാളഗ്രാമങ്ങൾ കടുശ്ശർക്കരയോഗം എന്ന പശ കൊണ്ട് ചേർത്ത വിഗ്രഹം പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉണ്ട്. ചോറ്റാനിക്കര ദേവിയും മറ്റും വെട്ടുകല്ലിലെ വിഗ്രഹങ്ങളാണ്.
ദാരുമയി - പൊതുവെ മരങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളെ ദാരുമയി എന്നു പറയുന്നു. ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച ‘ചാന്താടികോലം’ ഉണ്ട്. തിരുവനന്തപുരത്തെ മുടിപ്പുരകളിൽ വരിക്കപ്ലാവ് കൊണ്ട് തീർത്ത വിഗ്രഹങ്ങൾ ഉണ്ട്.
ലൌഹി - ലോഹം കൊണ്ട് നിർമ്മിച്ചവയെ ലൌഹി എന്നു പറയപ്പെടുന്നു. പഞ്ചലോഹനിർമ്മിതമായ വിഗ്രഹം ആണു ഗൃഹങ്ങളിൽ സാധാരണയായി പൂജിക്കാറുള്ളത്. ഇവ സ്ഥിരമായി പീഠത്തിൽ ഉറപ്പിക്കാത്തവയാണ്. തങ്കം , സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീലോഹങ്ങൾ ആണ് സാധരണയായി ഉപയോഗിക്കാറുള്ളത്. ശബരിമല അയ്യപ്പൻ പഞ്ചലോഹനിർമ്മിതമാണ്. *ലേപ്യ* -ദിവ്യൌ ഷധങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുക്കൾ ഉരൂട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങൾ. പഴനിയിലെ മാത്രശിലാ വിഗ്രഹം ഉദാഹരണം. പടുക്കയിൽ ചാണകം ഉരുട്ടി ഗണപതിക്ക് വക്കുന്നതും ഇതിന് ഉദാഹരണമാണ്.
ലേഖ്യ -ലേഖനം ചെയ്തവ. പൊതുവെ ചിത്രങ്ങളെല്ലാം ലേഖ്യ എന്നറിയപ്പെടുന്നു. ചുമർ ചിത്രങ്ങൾ, മറ്റ് കടലാസ് , തുണി ചിത്രങ്ങൾ ഇവയിൽ പ്പെടുന്നു. നിലത്ത് വരക്കുന്ന കളങ്ങളും ഇതില്പെടുത്താം. സൈകതം - മണൽ കൊണ്ട് സൃഷ്ടിക്കുന്നവയാണ് സൈകതം. ഗോപിമാർ യമുനാനദിതീരത്ത് പാർവ്വതി (ദുർഗ) യുടെ മണൽ വിഗ്രഹം വച്ചു പൂജിച്ചതായി ഭാഗവതം പറയുന്നു. അർജ്ജുനൻ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി എന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്(വേട്ടക്കൊരുമകൻ).
മണിമയി - വിലകൂടിയ കല്ലൂകൾ ആണ് മണിമയി.
മനോമയി - മേൽ പറഞ്ഞവക്കു പുറമേ മനസ്സിന്റെ സങ്കല്പം കൊണ്ട് മാത്രം സൃഷ്ടിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.
No comments:
Post a Comment