പൂതന
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
ഭാഗവതത്തിൽ പരാമർശിക്കപ്പെടുന്ന ഒരു രാക്ഷസിയാണ് പൂതന. മഥുര രാജാവാ യിരുന്ന കംസന്റെ പത്നിയായ അസ്തിയുടെ ദാസിയായിരുന്നു പൂതന (കംസന്റെ സഹോദരിയാണു പൂതനയെന്നും പുരാണങ്ങളിൽ പറയുന്നുണ്ട്). കംസന്റെ ആജ്ഞാനുസരണം ശിശുവായിരുന്ന ശ്രീകൃഷ്ണനെ കൊല്ലുക എന്ന ദൗത്യവുമായി വശ്യമനോഹര രൂപം പൂണ്ട് അമ്പാടിയിൽ എത്തുന്ന പൂതന മാതാവായ യശോദ അടുത്തില്ലാതിരുന്ന തക്കത്തിൽ നന്ദഗോപഗൃഹത്തിൽ പ്രവേശിച്ച് കൃഷ്ണനു വിഷം ചേർത്ത മുലപ്പാൽ കൊടുത്തു. കൃഷ്ണൻ പാൽ കുടിച്ചുതീർന്നിട്ടും മതിയാകാതെ പൂതനയുടെ രക്തവും കൂടി ഊറ്റിക്കുടിച്ചു. കുഞ്ഞ് തന്റെ രക്തവും കുടിക്കുന്നത് മനസ്സിലാക്കിയ പൂതന കുഞ്ഞായ കൃഷ്ണനേയും എടുത്തുകൊണ്ട് പോകുവാൻ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു വീണു. പൂർവ്വ ജന്മത്തിൽ അസുര ചക്രവർത്തിയായിരുന്ന മഹാബലിയുടെ പുത്രിയായ രത്‌നമാലയായിരുന്നു പൂതന. അവതാരോദ്ദേശം നിർവ്വഹിക്കുവാനായി വാമനൻ മഹാബലിയുടെ കൊട്ടാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുവാൻ ബലിക്കൊപ്പം രത്നമാലയും എത്തിയിരുന്നു. സുന്ദരനായ ബാലനെ കണ്ടപ്പോൾ അവൾക്ക് ഇങ്ങനെയൊരു പുത്രന് മുലയൂട്ടുവാൻ ആഗ്രഹം തോന്നി. രത്നമാലയുടെ മനോഗതം മനസ്സിലാക്കിയ വാമനരൂപിയായ മഹാവിഷ്ണു ദ്വാപരയുഗത്തിൽ ആഗ്രഹനിവൃത്തി സാധ്യമാകുമെന്ന് അവളെ അനുഗ്രഹിക്കുന്നു. അതാണ് മഹാഭാരതത്തിലും ഭാഗവതത്തിലും പൂതനാവധം എന്നതിന് പകരം പൂതനാമോക്ഷം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് എന്നു കരുതുന്നു.
No comments:
Post a Comment