രാവണദൂതനായ ശുകൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ഇന്നത്തെ ചോദ്യത്തിന് പതിവ് പോലെ ഉത്തരമടങ്ങിയ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
ലങ്കാ പ്രവേശത്തെ ക്കുറിച്ചാലോചിച്ച്, പുഷ്കരിണീ തീരത്തിരിക്കുന്ന കപികുല ജാലത്തിനു മുൻപിൽ ശുകൻ എന്ന രാത്രിഞ്ചരൻ വന്നു ചേർന്നു. രാവണ ദൂതനായെത്തിയ ശുകൻ കപി കുലത്തെ തലങ്ങും വിലങ്ങും പുലഭ്യം പറഞ്ഞു. എന്നിട്ട് സുഗ്രീവനോടു പറയാൻ തുടങ്ങി:
ശുകൻ സുഗ്രീവനോട് പറഞ്ഞു
“എന്റെ പിതാവായ ദേവേന്ദ്രന്റെ പുത്രനായ ബാലിയുടെ സഹോദര നായതുകൊണ്ട് നീയെനിക്കു സഹോദര തുല്യനാണ്. അതുകൊണ്ട്, എന്റെ വാക്കുകൾ നീ കേട്ടു കൊൾക. അൽപപ്രാണിയായ മനുഷ്യന്റെ പടയാളികളായി വന്നിട്ടുള്ള നിനക്ക് എവിടെയാണ് ഒരു ജീവൽരക്ഷോപായ മുള്ളത്? നിസ്സാരനായ മനുഷ്യനെവിടെ, രാത്രിഞ്ചരനും കൈലാസം പോലുമെടുത്ത് അമ്മാനമാടി ത്രിലോകം വിറപ്പിച്ച ശക്തനും ധീരനുമായ ദശമുഖനെവിടെ? അവന്റെ ദൃഷ്ടിയിൽ പ്പെടാതെ എങ്ങോട്ടെങ്കിലും ഓടിപ്പോവുകയാണ് ഉചിതമായിട്ടുള്ളത്.”
ഇത്രയും കേട്ടപാടെ സുഗ്രീവന്റെ ആജ്ഞാ നുസരണം, കപിജാതികൾ ശുകനെകടന്നുപിടിച്ച്, തലങ്ങുംവിലങ്ങുമായി ആവോളം മർദ്ദിച്ചു. അശരണനായ ശുകൻ ശ്രീരാമദേവനെ വിളിച്ച് ദീനദീനം കരയുകയും രക്ഷിക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ശുകൻ വെറുമൊരു ദൂതനാണെന്നറിയുന്ന ശ്രീരാമൻ അവന്റെ ജീവൻ വിട്ടുകൊടുക്കുവാൻ കല്പിക്കയാൽ സുഗ്രീവാദികൾ അവനെസ്വതന്ത്രനാക്കി.
രാവണസഭയിൽ തിരിച്ചെത്തിയ ശുകൻ രാവണനോട് സംഭവങ്ങൾ വിവരിച്ചു. എന്നിട്ട് ശ്രീരാമൻ വെറുമൊരു മാനവനല്ലെന്നും, അദ്ദേഹം മഹാവിഷ്ണുവിന്റെ അവതാരമാണെന്നും, രാവണനിഗ്രഹാർത്ഥം അവതാരമെടുത്ത സർവ്വോത്തമാനാണെന്നും, ആകയാൽ സീതാദേവിയെ രാമഹസ്തങ്ങളിൽ തിരികെയേൽപ്പിച്ച് മാപ്പപേക്ഷിക്കുകയും ജീവനുവേണ്ടി യാചിക്കുകയും ചെയ്യേണമെന്നുമർത്ഥിച്ചു. കോടികൾ വരുന്ന വാനരപ്പടയോടെ എതിർക്കാൻ രാവണന്റെ പടയാളികൾ പോരാ എന്നുമറിയിച്ചു.
കോപാകുലനായ രാവണനാകട്ടെ, രാമവൃത്താന്തം പുലമ്പാതെ, തന്റെമുന്നിൽനിന്നും എങ്ങോട്ടെങ്കിലുംഓടിപ്പൊയി കൊള്ളുവാൻ ശുകനോടാജ്ഞാപിച്ചു. വിഷണ്ണനായ ശുകൻ തന്റെ ആലയം പൂകി ദുഃഖിച്ചിരുന്നു. അകാരണമായി തനിക്കു സംഭവിച്ച ഈ വിധിക്കു കാരണമെന്താണെന്നു ചിന്തിച്ചു. അപ്പോൾ മഹാമുനിയും കുംഭോൽ ഭവനുമായ അഗസ്ത്യമുനിയുടെ ശാപോക്തികൾ അവന്റെമനസ്സിനെ മഥിച്ചു. അറിയാതെ സംഭവിച്ച തെറ്റിനെപ്പറ്റി കുറ്റ ബോധത്തോടെ ഓർത്തു.
കാടാകെ മേഞ്ഞു നടന്ന വജ്രദംഷ്ട്രൻ എന്ന അസുരൻ അസുര–രാക്ഷസാരിയും യാഗാദികളിൽ നിപുണനും രാത്രിഞ്ചർക്ക് എന്നുംഭീഷണിയേകി നിലനിൽക്കുന്നവനുമായ ശുകൻ എന്നബ്രാഹ്മണ വര്യനെ എങ്ങിനെ യില്ലാതാക്കണം എന്ന ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിനം, കുഭോൽഭവനായഅഗസ്ത്യമഹർഷി ശുകദർശനാർത്ഥം
പർണ്ണശാലയിലെത്തി. ഭക്ഷണത്തിനു മുൻപ് ജലപ്രക്ഷാളനത്തിനും പൂജാദികൾക്കുമായി നദീതീരത്തേക്കു പോയ അഗസ്ത്യമുനിയുടെ രൂപത്തിൽ വജ്രദംഷ്ട്രൻ ശുകന്റെ പർണ്ണശാലയിലെത്തി, ശുകനോട് മന്ദം പറഞ്ഞു:
“ബ്രാഹ്മണ സത്തമനായ അങ്ങേക്ക്, വിരോധമില്ലെങ്കിൽ ഇന്നെനിക്കൽപ്പം മൃഗ മാംസം കൂട്ടി ഭക്ഷണം കഴിക്കുവാനുള്ള ആഗ്രഹം സാധിച്ചു തരണം. അങ്ങയുടെ പത്നിക്ക് രുചികരമായി അതു പാകംചെയ്യാനും അറിവുണ്ടല്ലോ.”
സന്തോഷത്തോടെ ശുകൻ അഗസ്ത്യ മുനിയുടെ ആഗ്രഹം സ്വീകരിക്കുകയും, ശുകപത്നിയോട് അങ്ങിനെ ചെയ്യുവാൻ പറയുകയും ചെയ്തു. ആഹാരം വിളമ്പുന്ന വേളയിൽ ദുഷ്ടനായ വജ്രദംഷ്ട്രാസുരൻ ശുകപത്നിയുടെ വേഷം പൂണ്ടു വന്ന് മർത്ത്യ മാംസം ഇലയിൽ വിളമ്പി. മർത്ത്യ മാംസം കണ്ട അഗസ്ത്യമുനി ശുകനെഘോരമായി ശപിച്ചു.
“എനിക്കു മർത്ത്യ മാംസം വിളമ്പിയ നീചാ, ഇനിയുള്ള കാലം മനുഷ്യമാംസം ഭുജിച്ച് ഒരുരാക്ഷസനായി നീ ജീവിതംകഴിക്കുക.”
ഉഗ്രശാപമേറ്റ വേദനയിൽ ശുകൻ പറഞ്ഞു, “മൃഗമാംസം വിളമ്പുവാൻ കൽപ്പിച്ചത് അങ്ങു തന്നെ. ഞാൻ പാകം ചെയ്യുവാനേൽപ്പിച്ചതും മൃഗമാംസം തന്നെ. പക്ഷെ, ഇതെങ്ങിനെ സംഭവിച്ചുവെന്ന് നിസ്സാരനായ എനിക്ക് അറിയില്ല. എന്റെ തെറ്റു മനസ്സിലാക്കി, അങ്ങെനിക്ക് ശാപമോക്ഷം തരിക.”
ഇതുകേട്ട മാത്രയില്‍ , ത്രികാലജ്ഞാനിയായ അഗസ്ത്യന്‍ സംഭവത്തെ വിശകലനം ചെയ്യുകയും, ശുകനു പറ്റിയ അബദ്ധത്തെ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹവും അര്‍ദ്ധപ്രാണനായി ത്തീര്‍ന്നു. തന്‍റെയും അപരാധത്തിന് ക്ഷമ ചോദിക്കുകയും, ശുകന് ശാപ മോക്ഷമേകുകയും ചെയ്തു.
“ത്രേതായുഗത്തില്‍ നാരായണന്‍റെ അവതാരമായ ശ്രീരാമന്‍ , രാവണനാല്‍ അപഹരിക്കപ്പെട്ട തന്‍റെ പ്രേയസ്സി സീതാ ദേവിയെ തിരികെ കൊണ്ടു പോകുവാനും, രാവണനെ നിഗ്രഹിക്കുവാനും ലങ്കാ നഗരിയിലെത്തും. അപ്പോള്‍ അങ്ങ് അദ്ദേഹത്തെ നേരിട്ടു ദര്‍ശിക്കുകയും, അങ്ങയുടെ ഭക്തി പാരവശ്യത്തില്‍ സംപ്രീതനായി ശ്രീരാമന്‍ അങ്ങയെ അനുഗ്രഹിക്കുകയും ചെയ്യും. പിന്നെ വൈകാതെ, അങ്ങു തന്നെ രാമവൃത്താന്തം മുഴുവന്‍ രാവണസഭയില്‍ ഘോഷിക്കുകയും, അതോടെ ശാപമുക്തനാവുകയും ചെയ്യും. രാവണന്‍റെ സേവക്കായി, അവനെ പ്രാപിക്കുവാന്‍, അങ്ങേയ്ക്ക് യാതൊരു വൈഷമ്യവും ഉണ്ടാകില്ല. കാലമേതും കളയാതെ അതിനായി പുറപ്പെടുക. രാമനോട് രാവണന്‍റെ ദൂത് അറിയിക്കാനുള്ള സന്ദര്‍ഭം പ്രയാസലേശമെന്യേ അങ്ങേയ്ക്കു കൈവരികയും ചെയ്യും.”
രാവണസഭയില്‍ തന്‍റെ ദൌത്യം പൂര്‍ത്തിയായിരിക്കുന്നുവെന്ന് ശുകനറിഞ്ഞു. പൂര്‍വ്വ ജന്മത്തിലേക്ക് തിരികെ പോകുവാന്‍ സമയമായതും, സാധുസേവയുടെ ആവശ്യങ്ങളും ശുകനോര്‍മ്മിച്ചു. അഗസ്ത്യശാപത്തിന്‍റെ കാലാവധി പൂര്‍ത്തിയാക്കിയ ശുകന്‍ ഒരു ദ്വിജനായി, കാഷായാംബര ധാരിയായി ശേഷിക്കുന്ന ദൌത്യങ്ങളിലേക്ക് നടകൊണ്ടു.
No comments:
Post a Comment