Tuesday, September 25, 2018

വ്യത്യസ്ഥ രാമായണങ്ങൾ

രാമന്റെ അയനമാണല്ലോ രാമായണം. എന്നാൽ രാമായണങ്ങൾ പലത് ഉണ്ട്. “രാമായണങ്ങൾ പലതും കപിവര രാമമോദമോടു പറഞ്ഞു കേൾപ്പുണ്ട് “.
വാത്മീകി രാമായണം, വ്യാസ രാമായണം, കമ്പരാമായണം, തുളസിദാസ രാമായണം, ഹനുമത് രാമായണം, അദ്ധ്യാത്മ രാമായണം, അത്ഭുത രാമായണം, ആനന്ദ രാമായണം, പാതാള രാമായണം, ശതമുഖ രാമായണം എന്നിങ്ങനെ പലതും. ഓരോ രാമായാണത്തിന്റെയും മാഹാത്മ്യം ഓരോ പ്രകാരത്തിലാണ്. വർണ്ണനയും കവിതാരസവും വാത്മീകി രാമായണത്തിൽ കൂടുതലുണ്ടെങ്കിൽ, ഭക്തിയും ലാളിത്വവും ആദ്ധ്യാത്മ രാമായണത്തിലുള്ളതുപോലെ മറ്റെങ്ങുമില്ല. വിശ്വാമിത്രൻ മുപ്പത്തിരണ്ട് കൊല്ലത്തെ രാമചരിതമെ വിവരിച്ചിട്ടുള്ളൂവെങ്കിലും, അതിലധികം കാലത്തെ കഥകളും ഏതാനും
 അത്ഭുതസംഭവങ്ങളും ആനന്ദ രാമായണത്തിൽ കാണാം. തുളസിദാസ രാമായണത്തിൽ ഭരതകുമാര മാഹാത്മ്യമാണ് വർണ്ണിച്ചിരിക്കുന്നതെങ്കിൽ, അത്ഭുത രാമായണത്തിൽ വിവരിച്ചിട്ടുള്ളത് സീതാദേവിയുടെ മാഹാത്മ്യമാണ്. എന്നാൽ അഗസ്ത്യ രാമായണത്തിനുള്ളതുപോലെയുള്ള പൂർണ്ണതയും ആസ്വാദ്യതയും മറ്റൊന്നിനും ഇല്ലതന്നെ.
അഗസ്ത്യൻ താരകമാകുന്ന രാമമന്ത്രം ഉപദേശിച്ചുകൊടുത്ത താരകമന്ത്രാചാര്യനാണ്. വാത്മീകിയാകട്ടെ, ബ്രഹ്മാവിൽ നിന്ന് പുറപ്പെട്ട് നാരദൻ മുഖേന വന്നുചേർന്ന അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് രാമായണം നിർമ്മിച്ചിട്ടുള്ളത്. വാത്മീകിയെ അപേക്ഷിച്ച് അഗസ്ത്യമുനിയാകട്ടെ ദ്രാവിഡഗോത്രജ്ഞനാണ്. ദ്രാവിഡരെപ്പറ്റിയും
ദ്രാവിഡദേശാചാരങ്ങളെപ്പറ്റിയും കൂടുതൽ കണ്ടറിഞ്ഞ അനുഭവസ്ഥൻ.
കാര്യകാരണങ്ങളെ സംഘടിപ്പിച്ചാണ് അഗസ്ത്യമഹർഷി തന്റെ രാമായണം
ചമച്ചിട്ടുള്ളത്. ലോകത്തിൽ സംഭവിക്കുന്ന ഓരോ സംഭവത്തിനും തക്കതായ കാരണം ഉണ്ട്. അതിനുദാഹരണമായി രാമനായി ജനിക്കുവാൻ മഹാവിഷ്ണുവിനും, സീതയായി ജനിക്കുവാൻ ലക്ഷ്മീദേവിക്കും കിട്ടിയ ശാപങ്ങൽ, മണ്ഡോദരിക്കും സീതാദേ വിക്കും രൂപ സാദ്രുശ്യമുണ്ടാകുവാനുള്ള കാരണം തുടങ്ങി പല സംഗതികളും അഗസ്ത്യ രാമായണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ശ്രീരാമൻ ബാലിയെ ഒളി അമ്പെയ്തു കൊന്നത് നന്നായോ, വട്ടത്തിൽ നിൽക്കുന്ന സപ്തസാലങ്ങളെ ശ്രീരാമൻ അമ്പുകൊണ്ട് ഖണ്ഡിച്ചതെങ്ങനെ, കൈകേകിക്ക് കീലത്തിൽ കൈകടത്തി രഥത്തെ കേടുകൂടാതെ രക്ഷിക്കുവാൻ സാധിച്ചതെങ്ങനെ എന്നിങ്ങനെ അനേകം സംശയങ്ങൽക്ക് നിവൃത്തികിട്ടാൻ അഗസ്ത്യ രാമായണം നമ്മെ സഹായിക്കുന്നു.
അദ്ധ്യാത്മ രാമായണത്തിൽ ശ്രീരാമന്റെ ഒരു നാല്പതുകൊല്ലത്തെ കഥയെ നമുക്ക് കാണുവാൻ സാധിക്കുന്നുള്ളൂ.
എന്നാൽ അഗസ്ത്യ രാമായണം ശ്രീരാമന്റെ എഴുനൂറുകൊല്ലത്തെ കഥകൾ മുഴുവനും (പൂർവ്വകാണ്ഡം മുതൽ ഉത്തരകാണ്ഡം വരെ) സംക്ഷേപിച്ചിട്ടുണ്ട്. ഇതുകൂടാതെ അഗസ്ത്യ രാമായണത്തിൽ ഫലിത പ്രധാനങ്ങളായ കലഹയുടെ ചരിത്രം, രാവണന് പറ്റിയ പരാജയങ്ങൾ തുടങ്ങി അനവധികഥകളും അടങ്ങിയിരിക്കുന്നു.
തന്റെ ശിക്ഷ്യനായ സുതീക്ഷണന്റെ അഭ്യർദ്ധന അംഗീകരിച്ച് അഗസ്ത്യമഹർഷി ശ്രീരാമതത്വം വെളിപ്പെടുത്തുന്നു.

“അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുള്ള ജനം

ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും

ഭക്തന്മാർക്കുപദേശം ചെയ്തീടും”
പണ്ടുകാലത്ത് രാമായണം ശിക്ഷ്യന്മാരെല്ലാം ഗുരുവിൽനിന്നും കേട്ടുപഠിക്കുകയായിരുന്നു പതിവ്. സൃഷ്ടികർത്താവായ ബ്രഹ്മാവ്‌ ഈ അത്ഭുത കഥയെ ഒരു കാവ്യമാക്കി നിർമ്മിക്കാൻ സരസ്വതിദേവിയുടെ അനുഗ്രഹം തേടി. രണ്ടുപേരും വാത്മീകി
മഹർഷിയെക്കൊണ്ട് രാമായണകാവ്യം നിർമ്മിക്കാമെന്ന് നിശ്ചയിക്കുകയും ചെയ്തു.
വാത്മീകിമഹർഷി തമസാനദീതീരത്ത് തന്റെ ശിക്ഷ്യനായ ഭരദ്വാജനോടുകൂടി ആശ്രമത്തിൽ താമസിച്ചു വരികയായിരുന്നു. രണ്ടുപേരും സ്നാനത്തിനായി നദീതീരത്ത് എത്തിയപ്പോൾ ഒരു വേടൻ രണ്ടു ക്രൗഞ്ച പക്ഷികളിൽ ഒന്നിനെ (ആണ്‍പക്ഷിയെ) അമ്പെയ്തു കൊല്ലുന്നതും അതുകണ്ട് സഹിക്കാനാവാതെ ഇണപ്പക്ഷി ചിറകടിച്ച് വിലാപിക്കുന്നതും കാണാനിടയായി.
വാത്മീകിമഹർഷിയുടെ കരുണാപൂർണമായ ഹൃദയത്തിൽ അപ്പോൾത്തന്നെ പിതാമഹനായ ബ്രഹ്മാവിന്റെ നിമിത്തംകൊണ്ട് ഒരു വാക് പ്രവാഹം ഉണ്ടായി.
“മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ: ശ്വശ്വതീ: സമ:
യൽ ക്രൗഞ്ച മിഥുനാ ദേഹ മവധീ: കാമമോഹിതം:”
{ഈ ശ്ലോകത്തിന് രണ്ടു അർത്ഥങ്ങളുണ്ട്. ഒന്ന് വേടനെ ഉദ്ദേശിച്ച്
പറയുന്നതും മറ്റൊന്ന് വിഷ്ണുവിനെ ഉദ്ദേശിച്ച് പറയുന്നതും. വേടനെ ഉദ്ദേശിക്കുമ്പോൾ – “അല്ലയോ നിഷാദ! (കാട്ടാള) നീ വളരെക്കാലം ജീവിച്ചിരിക്കയില്ല. എന്ത്കൊണ്ടെന്നാൽ നീ ക്രൗഞ്ച മിഥുനങ്ങളിൽ കാമമോഹിതനായ ഒന്നിനെ (ആണ്‍പക്ഷിയെ) കൊന്നുവല്ലോ.”
വിഷ്ണുവിനെ ഉദ്ദേശിച്ചാകുമ്പോൾ – “മാ യുടെ (ലക്ഷ്മിയുടെ) നിഷാദ! (ഇരിപ്പിടമായവനെ) നിന്തിരുവടി എന്നന്നേക്കും ലോകത്തിൽ പ്രതിഷ്ഠയെ പ്രാപിച്ചിരിക്കുന്നു. എന്തുകൊണ്ടന്നാൽ രാവണൻ രാവണഭാര്യ എന്നീ ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ (രാവണനെ) കൊന്നുവല്ലോ.”}
അങ്ങനെ വാത്മീകിമഹർഷി ആദ്യകാവ്യമായ
രാമായണം നിർമ്മിച്ചു. വാത്മീകി രാമായണം രചിച്ചത് ശതകോടിഗ്രന്ഥ വിസ്താരത്തിലാണ്.
ദേവന്മാർ വാത്മീകി ആശ്രമത്തിൽ വച്ച് രാമായണം പാരായണം ചെയ്തു പോന്നു. ദേവന്മാർ, ഗന്ധർവന്മാർ, യക്ഷന്മാർ, കിന്നരന്മാർ, നാഗന്മാർ, ഗുഹ്യന്മാർ മുതലായവരും ഈ അത്ഭുത ചരിത്രം കേട്ട് ആനന്ദിച്ചുകൊണ്ടിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഈ രാമായണം തങ്ങൾക്കും കിട്ടണമെന്ന് എല്ലാപേരും വാശി പിടിച്ചു. അപ്പോൾ പരമശിവൻ പ്രത്യക്ഷപ്പെട്ട് അവരെ മഹാവിഷ്ണുവിന്റെ യടുത്തു കൊണ്ടുപോയി.
 മഹാവിഷ്ണുവകട്ടെ രാമായണത്തെ മുപ്പത്തിമൂന്നുകോടി മുപ്പത്തിമൂന്നു ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ്റിമുപ്പത്തിമൂന്ന് ശ്ലോകങ്ങളടങ്ങിയ മൂന്നു ഭാഗങ്ങളായും, ശേഷം വന്നതിനെ പതിപ്പത്തക്ഷരമുള്ള മൂന്നു മന്ത്രങ്ങളായും ഭാഗിച്ച് ഒരു രാമായണത്തെ ദേവന്മാർക്കും, മറ്റൊന്നിനെ മുനിമാർക്കും, മൂന്നാമത്തേതിനെ നാഗന്മാർക്കും കൊടുത്തു.
 ദേവന്മാർക്ക് കിട്ടിയ രാമായണം ദേവലോകത്തും, മുനിമാർക്ക് കിട്ടിയ രാമായണം ഭൂലോകത്തും, നാഗന്മാർക്ക് കിട്ടിയ രാമായണം പാതാളത്തിലും പ്രസിദ്ധങ്ങളായിത്തീർന്നു.
മന്ത്രങ്ങളായി തിരിഞ്ഞതിൽ നിന്ന് രണ്ടക്ഷരം പരമശിവനും, മൂന്ന് ലക്ഷ്മീദേവിക്കും, മൂന്ന് ഗരുഡനും, മൂന്ന് ആദിശേഷനും കൊടുത്തു. ആദിശേഷന് കിട്ടിയമന്ത്രം പാതാളത്തിലും, മഹാലക്ഷ്മിക്ക് കിട്ടിയമന്ത്രം സ്വർഗ്ഗത്തിലും, ഗരുഡന് കിട്ടിയമന്ത്രം ഭൂമിയിലും പ്രചരിച്ചു. പരമശിവനു കിട്ടിയ “രാമ” എന്ന രണ്ടക്ഷരം താരകമന്ത്രമായിരുന്നു.

ഭൂമിയിൽ കിട്ടിയ രാമായണത്തെ വീണ്ടും നാലുകോടി എഴുപത്താറ്‌ ലക്ഷത്തി പത്തൊമ്പതിനായിരത്തിനാൽപ്പത്തേഴു ശ്ലോകങ്ങൾ അടങ്ങിയ എഴുഭാഗങ്ങളായി വിഭചിച്ച് സപ്ത ദീപങ്ങൾക്കും വെവ്വേറെ കൊടുത്തു.

 ബാക്കിവന്ന നാല് ശ്ലോകങ്ങളെ ബ്രഹ്മാവിനും ദാനം ചെയ്തു. ബ്രഹ്മാവിന് ലഭിച്ച നാല് ദിവ്യശ്ലോകങ്ങളെ നാരദൻ തന്റെ വീണയിൽ വായിച്ച് അവയെ ഗ്രഹിച്ച് സംഗ്രഹിച്ഛതാണ് വിഷ്ണുഭാഗവതം.
വേദവ്യാസമഹർഷി വാത്മീകി രാമായണത്തെ അടിസ്ഥാനമാക്കി പതിനേഴു പുരാണങ്ങളും മഹാഭാരതം എന്ന ഇതിഹാസത്തേയും നിർമ്മിച്ചു. വിഷ്ണുഭാഗവതം പതിനെട്ടാമത്തെ പുരാണമായി പരിണമിച്ചു

കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...