കൂർമ്മാസനം
കരിമുട്ടം ക്ഷേത്ര രണ്ടാം ഗ്രൂപ്പിൽ കുമളിയിൽ നിന്നുമുള്ള ഒരു അംഗം ഉന്നയിച്ച സംശയത്തിന് ശേഖരിച്ച പരിമിതമായ അറിവുകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു.നമ്മുടെ ക്ഷേത്രങ്ങളിൽ ആമയുടെ (കൂർമ്മത്തിന്റെ ) ആകൃതിയിലുള്ള പല വസ്തുക്കളും കാണുവാൻ സാധിക്കും. കൂർമ്മാസനമായി വിവക്ഷിക്കുന്ന ആവണപ്പലകയും ശംഖ് കാലുകളും ദീപസ്തംഭങ്ങളും എല്ലാം അതിൽ പ്പെട്ടതാണ്. ആവണപ്പലകയുടെ കൂർമ്മാക്യതിയെ കുറിച്ച് ചിന്തിച്ചാൽ ഇത് മന്ത്രശാസ്ത്ര പ്രതിപാദിതമായ കൂര്‍മ്മാസനമാണെന്ന് പറഞ്ഞാല്‍ ഇന്ന് അധികമാര്‍ക്കും മനസിലാകണമെന്നില്ല. പഴയ ഗൃഹങ്ങളിലുള്ള ആവണപലകയെടുത്തു നോക്കിയാല്‍ കൂര്‍മ്മത്തിന്റെ കാലുകളും ആകൃതിയുമെല്ലാം സുവ്യക്തമായി കാണുവാന്‍ കഴിയും. ഭൂസ്പര്‍ശം ഇല്ലാതെ ഇരിക്കുക എന്നതാണ് ആസനത്തിന്റെ പ്രധാന തത്വം. അതുകൊണ്ട് ഇരിപ്പിടമാകുന്ന ആ ആസനം അത്രക്കും വലിയതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇന്നുള്ള ആവണപലകകളിലിരുന്നാല്‍ ഭൂസ്പര്‍ശം അനിവാര്യമായതുകൊണ്ട് പൂജക്ക് അവ ഉപയോഗിക്കുന്ന കാര്യം ശരിയാണോ എന്ന് ചിന്തിക്കേണ്ടതാണ്. ക്ഷേത്രശില്‍പത്തിന്റെ വിവരണത്തില്‍ ഷഡാധാര പ്രതിഷ്ഠയില്‍ ദേവന്റെ താഴെ ഹൃദയപത്മത്തില്‍ കൂര്‍മ്മത്തെ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. മന്ത്രസാധന ചെയ്യുന്നത് പ്രാണശക്തിയിലാണ് എന്ന് മനസ്സിലാക്കിയാല്‍ ഭൂസ്പര്‍ശം കൂടാതെ അതായത് സ്ഥൂലശരീര ഭാഗത്തില്‍നിന്നും പ്രാണശരീരതലത്തിലേക്കുയര്‍ന്നു, സ്ഥിതി ചെയ്യുന്നതിന്റെ പ്രതീകമായാണ് കൂര്‍മ്മാസനത്തിലിരിക്കുന്നത് എന്നു വ്യക്തമാകും. മന്ത്രശാസ്ത്ര പ്രതിപാദിതമായ കൂര്‍മ്മാസനം കൂര്‍മ്മാകൃതിയിലുള്ളതും (കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം വ്യക്തമായുള്ള ഒരു മരപ്പലകയാണ്) അതില്‍ ഒരു പ്രത്യേക തരത്തില്‍ 'അ' മുതല്‍ 'ക്ഷ' വരെയുള്ള അക്ഷരങ്ങള്‍ കൊത്തിയിരിക്കണമെന്നുമാണ് നിയമം. ആ അക്ഷരമാലാസനത്തിന്റെ ലോപമാണ് കേരളത്തില്‍ ഇന്നു കാണുന്ന ആവണ പലക. ഈ കൂര്‍മ്മാസനത്തിന്റെ തല ശരിക്കും സാധകന്റെ മുന്‍ഭാഗത്ത് വരേണ്ടതാണ്. പക്ഷേ, താഴെനിന്നും മുകളിലേക്കുള്ള പ്രതീകം തന്നെയാണ് വലത്തുനിന്നും ഇടത്തോട്ടുള്ള രേഖയുടെ പ്രതീകം കുറിക്കുന്നതെന്ന് ക്ഷേത്രശില്‍പത്തില്‍ പ്രതിപാദിച്ചിട്ടുള്ളതോര്‍ക്കുമ്പോള്‍ കേരളത്തിലെ പൂജകന്മാര്‍ ആവണപലകയുടെ ശിരോഭാഗം ഇടത്തോട്ടിട്ട് ഇരിക്കുന്നത് ശരിയല്ലെന്ന് പറയുവാന്‍ നിവൃത്തിയില്ല. അതില്‍ യോഗാസനവിധി അനുസരിച്ച് പത്മാസനത്തിലോ സ്വസ്തികാസനത്തിലോ (ചമ്രം പടിഞ്ഞോ) മറ്റോ ഇരുന്നാണ് പൂജ ചെയ്യേണ്ടത്. 'സ്ഥിരം സുഖമാസനം' എന്ന പതഞ്ജല യോഗസൂത്രം ഇവിടെ സ്മരണീയമാണ്.
No comments:
Post a Comment