Sunday, October 7, 2018

ദുര്യോധനന്‍റെ വൈഷ്ണവയാഗം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ച ശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു. യുധിഷ്ഠിരൻ നടത്തിയത് പോലെ ഒരു രാജസൂയം
നടത്തുവാനാണ് തീരുമാനിച്ചത്. എന്നാൽ അഗ്രജനായ യുധിഷ്ഠിരനും പിതാവായ ധൃതരാഷ്ട്രരും ജീവനോടെ യിരിക്കുമ്പോൾ അപ്രകാരം രാജസൂയം നടത്താൻ ദുര്യോധനനെ യജ്ഞ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പണ്ഡിതന്മാരായ ബ്രാഹ്മണർ വിധിച്ചു. എന്നാൽ രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗംഎന്നൊരു യജ്ഞമുണ്ട്. അത് ദുര്യോധനന് നടത്താവുന്നതാണ്. അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും, ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ്. അതിനാൽ വലിയൊരു ദിഗ്വിജയം ദുര്യോധനൻ നടത്തേണ്ടതുണ്ട്. അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ. അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . തുടർന്ന് കർണ്ണൻ പടകൂട്ടി ദിഗ്‌വിജയത്തിനു തയ്യാറെടുത്തു . വില്ലാളിവീരനായ കർണ്ണൻ ആദ്യമായി പടയോടു കൂടി പാണ്ഡവ ബന്ധുവായ ദ്രുപദ രാജാവിന്റെ പുരം വളഞ്ഞു . വീരനായ ദ്രുപദനോട് ഭയങ്കരമായി പോരാടി അവനെ കീഴടക്കി . സ്വർണ്ണവും വെള്ളിയും പലതരത്തിലുള്ള രത്നങ്ങളും കപ്പമായി ദ്രുപദനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്തു . പിന്നീട് ദ്രുപദന്റെ അനുയായികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യിൽ നിന്നും കപ്പം വാങ്ങുകയും ചെയ്തു . അതിനു ശേഷം വടക്കോട്ട്‌ പടയോട്ടം നടത്തി . അവിടെയുള്ള രാജാക്കന്മാരെയും ഭഗദത്തനേയും പോരിൽ ജയിച്ചു കപ്പം വാങ്ങി . പിന്നെ കർണ്ണൻ മഹാശൈലമായ ഹിമാലയത്തിലേക്ക് കയറി . അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പർവ്വതപ്രാന്തത്തിലെ സകല രാജാക്കന്മാരെയും കീഴടക്കി കപ്പം വാങ്ങി . തുടർന്ന് നേപ്പാളത്തിലെ രാജാക്കന്മാരെ ജയിച്ചതിനു ശേഷം വീരനായ രാധേയൻ മലയിറങ്ങി കിഴക്കോട്ടു പടയോട്ടം തുടർന്നു . അവിടെ അംഗം , വംഗം , കലിംഗം , ശുണ്ഡികം , മിഥില , മാഗധം , കർക്കഖണ്ഡം , ആവശീരം , അയോദ്ധ്യ , അഹിക്ഷേത്രംഎന്നീ രാജ്യങ്ങളിലേയും രാജാക്കന്മാരെ കർണ്ണൻ കീഴ്‌പ്പെടുത്തി കപ്പം നേടി . കിഴക്കൻ രാജ്യങ്ങളെയെല്ലാം ആക്രമിച്ച സൂതപുത്രൻ കോസലം , ത്രിപുര, വത്സഭൂമി, മൂർത്തികാവതി എന്നീ രാജ്യങ്ങളേയും കീഴടക്കി കപ്പം ശേഖരിച്ചു. പിന്നീട് തെക്കോട്ടിറങ്ങി പല മഹാരഥന്മാരായ രാജാക്കളേയും ജയിച്ചു അവസാനം രുക്മിയോടും എതിർത്തു . ഘോരമായ യുദ്ധത്തിൽ രുക്മിയെ തോൽപ്പിച്ച കർണ്ണന്റെ ധീരതയിൽ പ്രസന്നനായി രുക്മി ഇങ്ങനെ പറഞ്ഞു . " അല്ലയോ രാജേന്ദ്രനായ കർണ്ണാ, ഭവാന്റെ ബലവും വിക്രമവും കണ്ടു ഞാൻ അത്യന്തം പ്രീതനായിരിക്കുന്നു . എന്റെ ക്ഷാത്രധർമ്മം രക്ഷിക്കുവാനായി ഞാൻ അങ്ങയോടു പൊരുതിയതാണ് . ഭവാന് ഞാൻ ധാരാളം സ്വർണ്ണം ഇതാ നൽകുന്നു . സ്വീകരിച്ചാലും ". തുടർന്ന് രുക്മിയുമായി സൗഹൃദത്തിലായ കർണ്ണൻ രുക്മിയോട് കൂടെ തെക്കോട്ടു പട നയിച്ചു . പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചു കപ്പം വാങ്ങി . തെക്കൻ പ്രദേശങ്ങളിലെ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചിട്ട് ആ മഹാബലൻ ശിശുപാല പുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും സാമം കൊണ്ട് അവന്തിയേയും കീഴടക്കി . അതിനു ശേഷം വൃഷ്ണികളോടു കൂടെയുള്ള പശ്ചിമരാജ്യങ്ങളേയും ആക്രമിച്ചു കീഴടക്കി . യവനന്മാർ , ബർബ്ബരൻമാർ , തുടങ്ങിയ പശ്ചിമവാസികളേയും തോൽപ്പിച്ച കർണ്ണൻ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ഭൂമി മുഴുവനും അധീനത്തിലാക്കി . മ്ളേച്ഛന്മാർ, വനവാസികൾ , പർവ്വതവാസികൾ , രോഹിതകന്മാർ , ആഗ്നേയന്മാർ , ഭദ്രന്മാർ , മാളവന്മാർ എന്നീ ഭയങ്കരഗണങ്ങളേയും കർണ്ണൻ കീഴടക്കിയത് വലിയ അത്ഭുതമായിരുന്നു . അങ്ങനെ ലോകം മുഴുവനും ഒറ്റയ്ക്ക് കീഴടക്കിയ കർണ്ണൻ അന്തമില്ലാത്ത സമ്പത്തോട് കൂടി ഹസ്തിനപുരിയിലെത്തി ദുര്യോധനനെ കണ്ടു വന്ദിച്ചു .(മഹാഭാരതം , വനപർവ്വം , അദ്ധ്യായം 253, 254 , കർണ്ണദിഗ്വിജയം, ഘോഷയാത്രാ പർവ്വം) പാണ്ഡവന്മാർ യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ടി നടത്തിയ ദിഗ്‌വിജയത്തേക്കാളും ഇരട്ടിയിലേറെ രാജ്യങ്ങളെയാണ് കർണ്ണൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചത് . കർണ്ണന്റെ ദിഗ്‌വിജയത്തെ പിന്നീട് കുരുവൃദ്ധനും ദിവ്യനുമായ ഭീഷ്മപിതാമഹൻ ഇങ്ങനെ ശ്‌ളാഖിക്കുകയുണ്ടായി . " ഹേ കർണ്ണാ, രാജപുരത്തു ചെന്ന് നീ കാംബോജരെ ജയിച്ചു . ഗിരിവ്രജത്തിൽ വാഴുന്ന നഗ്നജിത്ത് തുടങ്ങിയ രാജാക്കന്മാരെയും , വിദേഹൻ , അംബഷ്ഠൻ, ഗാന്ധാരൻഎന്നിവരേയും തോൽപ്പിച്ചവനാണ് ഭവാൻ . ഹിമാലയത്തിൽ അധിവസിക്കുന്ന രണക്രൂരന്മാരായ കിരാതന്മാരെപ്പോലും നീ പണ്ട് തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . പോരിൽ കലിംഗന്മാർ , പുണ്ഡ്രൺമാർ, ആന്ധ്രന്മാർ , മേളകന്മാർ , നിഷാദന്മാർ , ഉൾക്കലന്മാർ , ത്രിഗർത്തന്മാർ , ബാലഹീകന്മാർ , നിഷാദന്മാർ എന്നിവരേയും നീ തോൽപ്പിച്ചു . അതാതിടങ്ങളിലെ യുദ്ധത്തിൽ ശക്തരായ പലരെയും ദുര്യോധനന് വേണ്ടി നീ ജയിച്ചില്ലേ " (മഹാഭാരതം ദ്രോണപർവ്വം അദ്ധ്യായം 4 , ഭീഷ്മവാക്യം)

കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...