സ്വർഗ്ഗാരോഹണ ദൂതൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.ദ്വാരകയിൽ വസിക്കവേ , ശ്രീകൃഷ്ണൻ ഒരിക്കൽ യാദവരോട് അവരുടെ കുലനാശം ഉടൻ സംഭവിക്കുമെന്ന് പ്രവചിക്കുകയുണ്ടായി. യാദവർ അത് അത്ര കാര്യമായെടുത്തില്ല. ലോകനാഥനായ കൃഷ്ണൻ തങ്ങളുടെ രക്ഷയ്ക്കുള്ളപ്പോൾ തങ്ങൾക്കു ഒന്നും സംഭവിക്കില്ലെന്ന് യാദവർ ധരിച്ചു. അഹന്ത നിറഞ്ഞ സ്വന്തം വംശത്തെ സംഹരിക്കുവാൻ കൃഷ്ണൻ ഉള്ളാലെ നിനച്ചു . വിഷ്ണുപുരാണം അംശം 5 അദ്ധ്യായം 37 ലായി ഇങ്ങനെയൊരു വിവരണം കാണുന്നുണ്ട്.
ഒരു ദിവസം ദേവന്മാർ ദൂതനായി അയച്ച വായുദേവൻ കൃഷ്ണനെ വന്നു കണ്ടു. അദ്ദേഹം പറഞ്ഞു . " ദേവാ ,ഞാൻ ദേവദൂതനായ വായുവാണ്. അങ്ങ് ഭൂമിയിൽ ജനിച്ചിട്ട് നൂറിലേറെ വർഷം കഴിഞ്ഞു. ഇനി അങ്ങ് സ്വർഗത്തിലേക്ക് എഴുന്നെള്ളിയാലും. ദേവന്മാർ അതാഗ്രഹിക്കുന്നു . സ്വർഗ്ഗത്തെ സനാഥമാക്കി അനുഗ്രഹിക്കേണമേ. എങ്കിലും അങ്ങയുടെ ഇഷ്ടംപോലെ തന്നെയാകട്ടെ. "
തുടർന്ന് കൃഷ്ണൻ ഇങ്ങനെ പറയുന്നു. " ഹേ ദേവദൂതാ, താങ്കൾ പറഞ്ഞതെല്ലാം എനിക്കറിയാം. യാദവന്മാരുടെ നാശത്തെ ഞാൻ തുടങ്ങി വച്ചിട്ടുണ്ട്. യാദവന്മാർ ജീവിച്ചിരിക്കെ ഭൂഭാരം കുറയ്ക്കുക സാധ്യമല്ല . ഏഴു രാത്രികൾ കൊണ്ട് ഭൂഭാരം കുറയ്ക്കപ്പെടും. ഈ ദ്വാരക ഞാൻ സമുദ്രത്തോട് വാങ്ങിയതാണ്. അതിനെ അതുപോലെ തന്നെ തിരികെ കൊടുത്തിട്ട് ഞാനും ബലരാമ ജ്യേഷ്ഠനും ഉടനെ സ്വർഗ്ഗത്തിലെത്തുന്നതാണ്. ഭൂമി ഭാരത്തിനു കാരണക്കാരായിരുന്ന ജരാസന്ധനും മറ്റുള്ള അസുരന്മാരും കൊല്ലപ്പെട്ടു. ഇപ്പോഴുള്ള യാദവ കുമാരന്മാർ അവരിലൊട്ടും കുറഞ്ഞവരല്ല. അതിനാൽ ഭൂമിയുടെ ഈ അന്തിമഭാരവും കുറിച്ചിട്ടു ഞാൻ സ്വർഗ്ഗത്തിലെത്തുന്നുണ്ടെന്നു ദേവന്മാരെ അറിയിച്ചാലും".
ഇതുകേട്ട് വായു തിരികെപ്പോയി. ഭഗവാൻ ഇത് പറഞ്ഞതിന് പിന്നാലെ ദിവ്യവും ഭൗമികവും അന്തരീക്ഷ ജന്യങ്ങളുമായ ദുർന്നിമിത്തങ്ങൾ ദ്വാരകയിൽ ഒന്നിന് പുറകെ മറ്റൊന്നായി കാണപ്പെട്ടു തുടങ്ങി . അതിനെ തുടർന്നാണ് മഹർഷിമാർ ദ്വാരകയിലെത്തിയതും , അവർ കൃഷ്‌ണപുത്രനായ സാംബനെയും മറ്റുള്ള യാദവരെയും ശപിക്കുന്നതും . ഇതിനൊക്കെ മുൻപ് തന്നെ ഗാന്ധാരീ ദേവി കൃഷ്ണനെ ശപിച്ചിട്ടുണ്ടായിരുന്നു . എന്നാൽ അപ്പോഴും ഭഗവാൻ കൃഷ്ണൻ അത് തന്റെ തന്നെ നിശ്ചയമാണെന്നാണ് ഗാന്ധാരിയെ അറിയിച്ചത് . ഇതിൽ നിന്നും യദുവംശം നശിച്ചത് ഭഗവാന്റെ തന്നെ തീരുമാനമായിരുന്നുവെന്നും അതിൽ ഗാന്ധാരിയുടെ ശാപത്തിനോ , മുനിശാപത്തിനോ യാതൊരു കയ്യുമില്ലെന്നും നമുക്ക് കാണാം . തുടർന്നുള്ള വിഷ്ണു പുരാണം അംശം 5 അദ്ധ്യായം 38 ലായി വ്യസമുനി അർജ്ജുനനോട് പറയുന്നത് ഇങ്ങനെയാണ് .
"അർജ്ജുനാ , ഭഗവാൻ കൃഷ്ണൻ സ്വയം കാലസ്വരൂപനാകുന്നു . അദ്ദേഹം ഭൂഭാരം തീർക്കുവാനായി മാത്രം അവതരിച്ചതായിരുന്നു . അദ്ദേഹം ഭൂമീദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം ഭൂമിയിൽ അവതാരമെടുത്തു . അസംഖ്യങ്ങളായ ദുഷ്ടരാജാക്കന്മാരെയും മറ്റും വധിച്ചു തന്റെ അവതാരകൃത്യം നേടി . അതിനു ശേഷം വൃഷ്ണി - അന്ധക കുലങ്ങളേയും ഉപസംഹരിച്ചു . ശേഷം തന്റെ ഇച്ഛയാൽ ഭൂലോകം വെടിഞ്ഞു വൈകുണ്ഠം പ്രാപിച്ചു . അതിനാൽ നീ ദുഃഖിക്കരുത് . "
ഇത്തരത്തിൽ സ്വയം കാലസ്വരൂപനായ ഈശ്വരൻ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു അവതാരമെടുക്കുന്നു . ഉദ്ദേശം സാധിച്ചു കഴിഞ്ഞാൽ ലീലയെ ഉപസംഹരിക്കുന്നു .
No comments:
Post a Comment