നാരദനും താല ധ്വജനനും
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മനുഷ്യന്റെ മനസ്സിനെ പൊതിഞ്ഞുനില്‍ക്കുന്ന മായാശക്തിയുടെ പ്രതാപം വെളിപ്പെടുത്തുന്ന ഒരു കഥ ദേവീഭാഗവതം അഷ്ടമസ്‌കന്ധത്തിലുണ്ട്. മനുഷ്യബന്ധങ്ങള്‍ സ്ഥിരമല്ലെന്ന് പല ഉദാഹരണങ്ങള്‍കൊണ്ട് താലധ്വജനെ മനസ്സിലാക്കുന്നത് മഹാവിഷ്ണുവാണ്. നാരദന്‍ സ്ത്രീയാകുകയും താലധ്വജനെന്ന രാജാവ് ആ സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്ത കഥ ദേവീപുരാണത്തില്‍ പറയുന്നു. ഒരിക്കല്‍ നാരദന്‍ മഹാവിഷ്ണുവിന്റെ അടുത്തുചെന്ന് ജീവിതരഹസ്യത്തെപ്പറ്റി ചോദിച്ചു. ജീവിതമെന്നൊന്നില്ലെന്നും ജീവിതമുണ്ടെന്ന് തോന്നുന്നത് മായാഭ്രമം കൊണ്ടാണെന്നും മഹാവിഷ്ണു പറഞ്ഞു. അപ്പോള്‍ മായയെ വ്യക്തമായിക്കാണണമെന്ന് നാരദന് ആഗ്രഹമായി. ഉടനെ ഭഗവാന്‍ നാരദനെയും ഗരുഡന്റെ പുറത്തുകയറ്റിക്കൊണ്ട് വൈകുണ്ഠത്തില്‍ നിന്ന് പുറപ്പെട്ടു. വനങ്ങള്‍, നദികള്‍, പര്‍വതങ്ങള്‍, നഗരങ്ങള്‍, സരസ്സുകള്‍, ഗ്രാമങ്ങള്‍ ഇവയെല്ലാം കടന്ന് അവര്‍ കന്യാ കുബ്ജത്തിലെത്തിച്ചേര്‍ന്നു. അവിടെ അതിമനോഹരമായ സരസ്സുകണ്ടു. ഗരുഡന്‍ ഭൂമിയിലേക്ക് താണു. മഹാവിഷ്ണുവും നാരദനും താഴെയിറങ്ങി. മനോഹരമായ ആ തടാകത്തിന്റെ തീരത്തുകൂടി അവര്‍ കുറേ ദൂരം നടന്നു. ഒടുവില്‍ അവര്‍ വൃക്ഷച്ചുവട്ടില്‍ ഇരുന്ന് വിശ്രമിച്ചു. ആ സരസ്സിലിറങ്ങി സ്‌നാനം ചെയ്യാന്‍ മഹാവിഷ്ണു നാരദനോട് പറഞ്ഞു. അതുകേട്ട് നാരദന്‍ സന്തോഷത്തോടുകൂടി മഹതി എന്ന തന്റെ വീണയും മാന്‍തോലും കരയ്ക്കുവച്ചിട്ട് സ്‌നാനത്തിനായി വെള്ളത്തിലിറങ്ങി. മഹാവിഷ്ണു നാരദന്റെ വീണയുടെയും മാന്‍തോലിന്റെയും അടുത്തു നിന്നു. നാരദന്‍ ജലത്തില്‍ മുങ്ങി. എന്തൊരദ്ഭുതം! ക്ഷണനേരത്തിനുള്ളില്‍ നാരദന്‍ രൂപംമാറി ഒരു സ്ത്രീയായി. പൂര്‍വജ്ഞാനം തെല്ലുപോലും അവശേഷിച്ചില്ല. അവള്‍ തടാകത്തില്‍ നിന്ന് കരയ്ക്കു കയറി പ്രകൃതിഭംഗി കണ്ട് ആസ്വദിച്ച് മുഴുകി നിന്നു. അങ്ങനെ അവള്‍ അദ്ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ താലധ്വജന്‍ എന്ന രാജാവ് അശ്വാരൂഢനായി ആ വഴിക്കുവന്നു. സൗന്ദര്യവതിയായ ആ സ്ത്രീയെ രാജാവ് സൗഭാഗ്യസുന്ദരീ എന്ന് സംബോധന ചെയ്തു. അവരുടെ സൗഹൃദസംഭാഷണം ഏതാനും മണിക്കൂറുകള്‍ക്കകം ഭാര്യാഭര്‍ത്തൃബന്ധമായി പരിണമിച്ചു. താലധ്വജനും സൗഭാഗ്യസുന്ദരിയും കൂടി കൊട്ടാരത്തില്‍ച്ചെന്ന് അവിടെ കഴിഞ്ഞുകൂടി. വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു. സൗഭാഗ്യസുന്ദരിക്ക് വീരവര്‍മ്മന്‍ എന്നൊരു പുത്രന്‍ ജനിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സുധര്‍മ്മന്‍ എന്ന് മറ്റൊരു കുട്ടി കൂടി ജനിച്ചു. ഇങ്ങനെ ഈ രണ്ടു സംവത്സരങ്ങള്‍ ഇടവിട്ട് 24 വര്‍ഷങ്ങള്‍ക്കുള്ളില്‍ അവള്‍ 12 കുട്ടികളുടെ മാതാവായി. പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോള്‍ എട്ടു പുത്രന്മാര്‍ കൂടി ജനിച്ചു. കാലക്രമേണ അവരെല്ലാം വളര്‍ന്നു യൗവനസമ്പൂര്‍ണരായപ്പോള്‍ അവര്‍ ഇരുപതുപേരും വിധിപ്രകാരം വിവാഹം കഴിച്ചു. അവര്‍ക്കും സന്താനങ്ങളുണ്ടായി. അങ്ങനെ പുത്രരും പൗത്രരുമായി താലധ്വജനും സൗഭാഗ്യസുന്ദരിയും ജീവിച്ചുവരവേ, ദൂരദേശക്കാരനായ ഒരു രാജാവ് വലിയ സൈന്യത്തോടുകൂടി വന്ന് കന്യാകുബ്ജത്തെ വളഞ്ഞു. യുദ്ധത്തില്‍ സൗഭാഗ്യസുന്ദരിയുടെ പുത്രന്മാര്‍ മിക്കവരും കൊല്ലപ്പെട്ടു. ഭര്‍ത്താവ് തോറ്റ് പിന്തിരിഞ്ഞോടി, കൊട്ടാരത്തില്‍ അഭയംപ്രാപിച്ചു. വിവരമറിഞ്ഞ് ദുഃഖിതയായ സൗഭാഗ്യസുന്ദരി പടക്കളത്തില്‍ച്ചെന്ന് പുത്രപൗത്രന്മാരുടെ ശവശരീരം ഒരു നോക്കുകണ്ടു. തലയറ്റും കണ്ണുതുറിച്ചും നാവുതള്ളിയും കാലുമുറിഞ്ഞും കിടക്കുന്ന അവരെക്കണ്ട് അവള്‍ അത്യന്തം ദുഃഖിച്ചു. നിലത്തുവീണുരുണ്ട് വിലപിച്ചു. ആ സമയം മഹാവിഷ്ണു ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ അവിടെയെത്തി. അദ്ദേഹം അവള്‍ക്ക് പല തത്വങ്ങളും ഉപദേശിച്ചു. എന്നിട്ടും അവളുടെ ദുഃഖം കുറഞ്ഞില്ല. ഒടുവില്‍ അദ്ദേഹം സൗഭാഗ്യസുന്ദരിയെയും താലധ്വജനെയും വിളിച്ചുകൊണ്ട് പഴയ സരസ്സിന്റെ തീരത്തുവന്നു. വൃദ്ധബ്രാഹ്മണന്റെ ഉപദേശമനുസരിച്ച് അവള്‍ സരസ്സില്‍ മുങ്ങി. ഉടനെ തന്നെ അവള്‍ക്ക് നാരദന്റെ രൂപം തിരിച്ചുകിട്ടി. നാരദന്‍ നദിയില്‍നിന്ന് പൊങ്ങിയപ്പോള്‍ മഹാവിഷ്ണു നാരദന്റെ വീണയും മാന്‍തോലും കൈയില്‍പ്പിടിച്ചുകൊണ്ട് നാരദനെ നോക്കി ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. സ്‌നാനാനന്തരം വിഷ്ണുഭഗവാനെക്കണ്ടയുടനെ നാരദന് ജ്ഞാനോദയം ഉണ്ടായി. അദ്ദേഹം വിഷ്ണുഭഗവാനോടുകൂടി മായയെക്കാണാന്‍ വന്നതും തടാകത്തിലിറങ്ങി മുങ്ങിയപ്പോള്‍ സ്ത്രീയായതും പിന്നെ രാജാവിന്റെ ഭാര്യയായി അനേകം പുത്രന്മാരെ ജനിപ്പിച്ചതും പലവിധത്തിലുള്ള കഷ്ടനഷ്ടങ്ങളും ദുഃഖങ്ങളും അനുഭവിച്ചതും ഒടുവില്‍ ഭഗവാനെ വിളിച്ചുകരഞ്ഞതും ഭഗവാന്‍ ബ്രാഹ്ണരൂപമെടുത്ത് വന്ന് കൂട്ടിക്കൊണ്ടുപോയതും എല്ലാമെല്ലാം ഓര്‍ത്ത് നാരദന്‍ വിഷണ്ണനായി നിന്നുപോയി. ഇതുകണ്ട ഭഗവാന്‍ ഹേ! നാരദ! എന്താണാലോചിക്കുന്നത്. വേഗം വരൂ, എന്നുപറഞ്ഞു. ഇതുകൊണ്ടൊന്നും താലധ്വജന്‍ പിന്തിരിഞ്ഞില്ല. വെള്ളത്തില്‍ മുങ്ങിയ ഭാര്യയെ കാണുന്നില്ല. പകരം ഒരു താടിക്കാരന്‍ താപസന്‍ പൊന്തി വന്നു. ഇതെന്തൊരദ്ഭുതം. ഒന്നും മനസ്സിലാകുന്നില്ല. രാജാവ് താപസന്റെ സമീപമെത്തി. ഇങ്ങനെ ചോദിച്ചു. അല്ലയോ മുനിസത്തമ! ഈ വെള്ളത്തില്‍ മുങ്ങിയ എന്റെ ഭാര്യയെവിടെ? നിങ്ങളാരാണ്? എവിടെനിന്നു വരുന്നു? മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ താലധ്വജന്‍ മാറത്തടിച്ചു വിലപിക്കാന്‍ തുടങ്ങി. ഒടുവില്‍ മഹാവിഷ്ണു താലധ്വജന്റെ അടുക്കല്‍ച്ചെന്ന് മനുഷ്യബന്ധങ്ങള്‍ സ്ഥിരമല്ലെന്നും ഇതൊക്കെ മായയുടെ രൂപങ്ങള്‍ മാത്രമാണെന്നും പലപല ഉദാഹരണങ്ങള്‍ പറഞ്ഞ് സ്ഥാപിച്ചു. വിവരങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അയാള്‍ സരസ്സിലിറങ്ങി സ്‌നാനം ചെയ്തശേഷം ജിതേന്ദ്രിയനായി വനത്തില്‍പ്പോയി തപസ്സു ചെയ്ത് മോക്ഷം പ്രാപിച്ചു.
No comments:
Post a Comment