Sunday, January 27, 2019

നവദുര്‍ഗ്ഗ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

 ഹിന്ദുമത വിശ്വാസപ്രകാരം, ആദിപരാശക്തിയായ ദുർഗ്ഗാ ദേവിയുടെ(പാർവ്വതി) ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. നവരാത്രിയിൽഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദുർഗതി പ്രശമനിയും ദുഖ നാശിനിയുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്.

 *ശൈലപുത്രി*
ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം= പർവ്വതം, ഹിമാലയം). സതി, ഭവാനി, പാർവതി മാതാ, ഹേമവതി മാതാ (ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ദക്ഷപ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി (സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയാഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്റെ (ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ (ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.
നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.

 *ബ്രഹ്മചാരിണി*

ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ഠിക്കുകയുണ്ടായി. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്

 *ചന്ദ്രഘണ്ഡാ*

നവദുർഗ്ഗയിൽ മൂന്നാമത്തേത് ചന്ദ്രഘണ്ഡാ ആണ് . മനഃശാന്തി, സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാ മാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹ വാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്. നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്

 *കൂഷ്മാണ്ഡ*

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. കു, ഉഷ്മം, അണ്ഡം എന്ന മൂന്നു പദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്

 *സ്കന്ദമാത*

ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. നവരാത്രിയിൽ പാർവതിയുടെ സ്കന്ദമാത ഭാവമാണ് അഞ്ചാം ദിവസം ആരാധിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും സ്കന്ദ മാതാ ദേവി തരുന്നു.

 *കാർത്യായനി*

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ(പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. (ഈ കഥ മുമ്പ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചിരുന്നത് ഓർമ്മയുണ്ടാകുമല്ലോ) കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത്. ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറിയെന്നും വിശ്വസിക്കപ്പെടുന്നു. ആദി പരാശക്തി ആയ മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത് .

 *കാലരാത്രി*

ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാളരാത്രി. കറുത്ത ശരീര വർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജട തീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലു കരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതു കരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചു കൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലു കൈകളോടു കൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. പാർവതിയുടെ താമസ ഭാവം ആണ് ദേവി കാലരാത്രി (മഹാ കാളി), രക്ത ബീജൻ എന്ന അസുരനെ ദേവി ഈ ഭാവത്തിൽ ആണ് വധിച്ചത്. നവരാത്രിയിൽ ലളിത ത്രിപുരസുന്ദരി ആയ ശ്രീ പാർവതിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു. ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി (ദുർഗ്ഗ) മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു.

 *മഹാഗൗരി*

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്. ദേവിയുടെ സ്വാതിക ഭാവം ആണ് മഹാഗൗരി. നവരാത്രിയിൽ അന്നപൂർണ്ണേശ്വരിയായ പാർവതിയുടെ മഹാഗൗരി ഭാവമാണ് എട്ടാം ദിവസം ആരാധിക്കുന്നത്

 *സിദ്ധിധാത്രി*

ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു. നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒൻപതാം ദിവസം ആരാധിക്കുന്നത് .

കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...