മരുത്തുക്കൾ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ദിതി ദക്ഷപ്രജാപതിയുടെ പുത്രിയാണ്. ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനാണ് ദിതിയെ വിവാഹം കഴിച്ചത്. കശ്യപന് ദിതിയിലുണ്ടായ പുത്രന്മാർ അസുരന്മാരും ദിതിയുടെ സഹോദരിയായ അദിതിയിലുണ്ടായ പുത്രന്മാർ ദേവന്മാരുമായതായി മഹാഭാരതംആദിപർവത്തിൽ പറയുന്നു. ദേവന്മാരും അസുരന്മാരും ചേർന്ന് പാൽക്കടൽ കടഞ്ഞപ്പോൾ അമൃത് പൊങ്ങിവരികയും അതിനുവേണ്ടി അവർ തമ്മിൽ പോരാടുകയും ചെയ്തു.
ദിതി കശ്യപനെ ആരാധിച്ച് സന്തോഷിപ്പിക്കുകയും വരദാനം നേടുകയും ചെയ്തു. അളവറ്റ പരാക്രമത്തോടുകൂടിയവനും ഇന്ദ്രനെ കൊല്ലുവാൻ കെല്പുള്ളവനുമായ ഒരു പുത്രനുണ്ടാകണമെന്ന വരമാണ് ദിതി നേടിയത്. ദേഹശുദ്ധിയോടും ചിത്തശുദ്ധിയോടുംകൂടി ശ്രദ്ധാപൂർവം ഭഗവാനെ ധ്യാനിച്ചുകൊണ്ട് നൂറുവർഷം ഗർഭം ധരിച്ചുകൊണ്ടിരിക്കാമെങ്കിൽ നിന്റെ പുത്രൻ ഇന്ദ്രനെ കൊല്ലുവാൻ ശക്തനായിത്തീരും എന്നു പറഞ്ഞുകൊണ്ട് കശ്യപൻ ദേവിയോടുകൂടി സംഗമിക്കുകയും ദിതി അത്യന്തം പരിശുദ്ധയായിരുന്നുകൊണ്ട് ഗർഭം ധരിക്കുകയും ചെയ്തു. ഗർഭധാരണം തന്നെ വധിക്കുവാനുള്ളതാണെന്നറിഞ്ഞ് ഇന്ദ്രൻ ദിതിയെ ശുശ്രൂഷിക്കുന്നതിനായി എന്ന ഭാവത്തിൽ വളരെ താഴ്മയോടുകൂടി അടുത്തുകൂടി. ദിതിക്ക് വല്ല അശുദ്ധിയും നേരിടുന്നുണ്ടോ എന്ന് ഇന്ദ്രൻ തക്കംനോക്കിയിരുന്നു. അങ്ങനെ നൂറുകൊല്ലം കഴിയുന്നതിനുമുമ്പായി അദ്ദേഹം ഒരവസരം കണ്ടെത്തി. ഒരിക്കൽ ദിതി കാലുകഴുകാതെ കിടക്കയിൽ ചെന്നുകിടന്നു. ഉടനെതന്നെ ഉറങ്ങിപ്പോവുകയും ചെയ്തു. ഇന്ദ്രൻ വജ്രായുധം കൈയിലെടുത്ത് ദിതിയുടെ ഉദരത്തിൽ പ്രവേശിക്കുകയും ആ മഹാഗർഭത്തെ ഏഴായി നുറുക്കുകയും ചെയ്തു. അങ്ങനെ വേദനിപ്പിക്കുന്ന സമയത്ത് ഗർഭത്തിൽ കിടന്ന ശിശു അതികഠിനമായി നിലവിളിച്ചു. ഇന്ദ്രൻ അതിനോട് 'മാ രുദ' (കരയരുത്) എന്നു പറഞ്ഞു. ആ ഗർഭം അങ്ങനെ ഏഴായിത്തീർന്നശേഷം ഇന്ദ്രൻ പിന്നെയും കോപത്തോടുകൂടി തന്റെ വജ്രായുധംകൊണ്ട് അവയിൽ ഓരോന്നിനെയും ഏഴായി കുത്തിമുറിച്ചു. അവ ഏറ്റവും വേഗതയുള്ള മരുത്തുക്കൾ എന്ന ദേവന്മാരായിത്തീർന്നു. ഇന്ദ്രൻ അവരോട് മാ രുദ എന്നു പറഞ്ഞതുകൊണ്ടാണ് അവർക്ക് 'മരുത്തുക്കൾ' എന്നു പേരുണ്ടായത്. ഈ നാൽപ്പത്തൊൻപതു മരുത്തുക്കളും അനന്തരകാലങ്ങളിൽ ഇന്ദ്രന്റെ സഹായികളായ ദേവന്മാരായിത്തീർന്നു.
No comments:
Post a Comment