ഗായത്രിമന്ത്രം
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
വിശ്വാമിത്രമഹർഷിയാണ് ഗായത്രിയുടെ രചയിതാവ് എന്നു വിശ്വസിക്കപ്പെടുന്നു. ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദിക മന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ് വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ് ഈ മന്ത്രം. സവിതാവ് സൂര്യഭഗവാനാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം. ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസിലാണ്. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്) അതു ഗായത്രി എന്നു പ്രമാണം.
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment