ദുർഗ്ഗമൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
രുരുവിന്റെ പുത്രനായി ദുർഗ്ഗമൻ എന്നൊരു അസുരനുണ്ടായിരുന്നു. അവൻ ചിന്തിച്ചു. ദേവന്മാർക്ക് ആശ്രയം വേദമാണ്. വേദത്തിനു നാശമുണ്ടായാൽ യജ്ഞങ്ങൾക്കും ധർമ്മത്തിനും നാശമുണ്ടാകും. അതോടെ ദേവന്മാർ മുടിയും. ഈ ചിന്തയോടെ ദുർഗ്ഗമൻ ബ്രഹ്‌മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി വരം ചോദിച്ചു. മടിയോടെയെങ്കിലും ബ്രഹ്‌മാവ് ദുർഗ്ഗമന് ഇഷ്ടവരം നൽകി. അസുരൻ വേദങ്ങൾ ഏറ്റുവാങ്ങിയതോടെ മഹർഷിമാർ മന്ത്രം മറന്നു. സ്നാനം ജപം തർപ്പണം ഹോമം തപം എന്നിവയെല്ലാം അപ്രത്യക്ഷമായി. അധർമ്മം നടമാടിയതോടെ അസുരന്മാർ മഹാബലവാന്മാരും ദേവന്മാർ ദുർബലരുമായിത്തീർന്നു. ലോകത്തെല്ലാം അരാജകത്വവും മഹാക്ഷാമവും പിടികൂടി. ദേവന്മാർ ഗുഹകളിൽ ഓടിയൊളിച്ചു. ഭൂമി കരിഞ്ഞുണങ്ങി. വൃക്ഷലതാദികൾ നശിച്ചു. നൂറുകൊല്ലം മഴയില്ലാതിരുന്നു. പക്ഷി -മൃഗാദികളും മനുഷ്യരും ചത്തു വീണു. കുളം, കൂപം, തടാകങ്ങൾ, പുഴകൾ എന്നിവ വറ്റി വരണ്ടു. വേനലിൽ നീറി നീറി ഭൂമി നൂറ്റാണ്ടുകൾ നിന്നു.
ലോകം ഇത്തരത്തി ലായപ്പോൾ ദേവന്മാർ ഹിമാലയസാനുക്കളിലെത്തി ആദിപരാശക്തിയെ സ്തുതിച്ചു. ഒടുവിൽ ജഗദംബിക പാർവതി നീലനിറത്തിലുള്ള മനോഹരമായ കണ്ണുകളോടും തൃക്കയ്യിൽ വില്ലും ശരങ്ങളും ധരിച്ചുകൊണ്ടും ദേവന്മാർക്കു പ്രത്യക്ഷയായി. തുടർന്നു ഭഗവതി മനോഹരമായ ആയിരം കണ്ണുള്ളവളായി മനോഹരമായ കണ്ണുകളിൽ നിന്നും അമൃതമയമായ ജലം വർഷിച്ചു തുടങ്ങി. ദേവി വർഷിച്ച ജലത്താൽ ഭൂമിയിൽ സസ്യങ്ങൾ കിളിർക്കുകയും ലോകത്തിലെ ചരാചരങ്ങൾ സുഖം പ്രാപിക്കുകയും ചെയ്തു. ഇത് കാരണം പരാശക്തിക്ക് ശക്താക്ഷി എന്ന് പേരുണ്ടായി. തുടർന്ന് തന്റെ കയ്യിലുള്ള അക്ഷയമായ ഫലമൂലങ്ങൾ നൽകി ദേവി ജീവികളുടെ വിശപ്പ് തീർത്തു, പ്രാണരക്ഷ ചെയ്തു. ഇത്തരത്തിൽ ശാകം ( ഫലമൂലങ്ങൾ ) നൽകി ഭരിക്കുകയാൽ മഹാദേവിക്ക് ശാകംഭരി എന്നും പേരുണ്ടായി.
ദുർഗ്ഗമൻ ഇതറിഞ്ഞു അവിടെയെത്തി. തുടർന്ന് ലോകമാതാവായ ദേവി അസുരന്മാരുമായി യുദ്ധമാരംഭിച്ചു . ഘോരമായ യുദ്ധത്തിൽ ദുർഗ്ഗമനെ നിഗ്രഹിച്ചു . വേദങ്ങളെ വീണ്ടെടുത്ത് ദേവന്മാർക്കും മുനിമാർക്കും നല്കിയനുഗ്രഹിച്ചു. ദുർഗ്ഗമനെ വധിക്കുകയാൽ ദേവിക്ക് ദുർഗ്ഗ എന്നു പേരുണ്ടായി.
അതിനു ശേഷം മഹാമായ വേദങ്ങൾ തന്റെ ശരീരമാണെന്നും അതിനാൽ അവയെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു കൊള്ളണമെന്നും മുനിമാർക്കു നിർദ്ദേശം നൽകിയിട്ട് അപ്രത്യക്ഷയായി. (ദേവീ ഭാഗവതം, സപ്തമസ്കന്ധം, അദ്ധ്യായം 28)
No comments:
Post a Comment