ദ്രുമന്‍
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
മഹാഭാരത കാലഘട്ടത്തിൽ , ഭാരതദേശത്തെ ദ്രോണർക്കു തുല്യനായി കിംപുരുഷദേശത്തു നിലനിന്നിരുന്ന ധനുർവേദാചാര്യനാണ് ദ്രുമൻ അഥവാ ദ്രുമാവ് . ഇദ്ദേഹം കിംപുരുഷന്മാരുടെയും മ്ളേച്ഛരുടേയും അസ്ത്രവിദ്യാചാര്യനായിരുന്നു. ആര്യദേശത്തു ദ്രോണർ ഗുരുവായിരുന്നതുപോലെ മ്ളേച്ഛദേശത്ത് ദ്രുമനും (ദ്രുമാവ് ) ഗുരുവായിരുന്നു. കുബേരന്റെ സഭയിലെ സാമാജികനായ ഇദ്ദേഹം കിന്നരന്മാരുടെ നേതാവുമാണ്.
ശ്രീകൃഷ്ണന്റെ അളിയനായ രുക്മി ഒരിക്കൽ ധനുർവേദവും അസ്ത്രവിദ്യകളും പഠിക്കാനായി ഗുരുവിനെ അന്വേഷിച്ച് അലഞ്ഞു നടന്നു. വഴിയിൽ വച്ച് അദ്ദേഹം ചില ബ്രാഹ്മണരെ കാണുകയും അവർ അദ്ദേഹത്തിന് ദ്രോണാചാര്യരുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ രുക്മി അതുകൊണ്ടു തൃപ്തനായില്ല. ദ്രോണർ ആ സമയം കുരുപാണ്ഡവരുടെ ഗുരുവാണ്. തനിക്കു ഭാരതീയർക്ക് അജ്ഞാതമായ ചില രഹസ്യവിദ്യകൾ പഠിക്കണമെന്ന് രുക്മി ആഗ്രഹിച്ചു . അപ്പോഴാണ് രുക്മി ദ്രുമനെക്കുറിച്ചു മനസ്സിലാക്കിയത്. അതിനുശേഷം ദ്രുമനെ അന്വേഷിച്ചു രുക്മി നടന്നു . അപ്പോഴാണ് അദ്ദേഹം ഗന്ധമാദനപർവ്വതത്തിൽ ഭാര്യാപുത്രാദികളോടൊപ്പം വന്നിട്ടുണ്ടെന്ന വാർത്ത കേട്ടത്. രുക്മി ഉടനെ ഗന്ധമാദനപർവ്വതത്തിലെത്തി ദ്രുമാവിന്റെ ശിഷ്യത്വം സ്വീകരിച്ചു .
ദ്രുമാവ് രുക്മിക്ക് ചതുഷ്‌പാദങ്ങളോട് കൂടിയ ധനുർവേദം മുഴുവനും പഠിപ്പിച്ചു. കൂടാതെ അക്കാലത്തു ഭാരതീയർക്ക് അജ്ഞാതമായിരുന്ന അനേകമനേകം രഹസ്യവിദ്യകളും രുക്മിയെ ദ്രുമാവ് പഠിപ്പിച്ചു . ദ്രോണർക്കുപോലുമറിയാത്തതായ അനേകം യുദ്ധമുറകളും , ആയുധവിദ്യകളും രുക്മിക്കു പരിചയപ്പെടുത്തിക്കൊടുത്തു. ഇതിനൊക്കെ പുറമെ , അർജ്ജുനന്റെ ഗാണ്ഡീവത്തോടു കിടപിടിക്കുന്ന ഐന്ദ്രം അഥവാ വിജയം എന്ന ചാപവും ദ്രുമാവ് രുക്മിക്കു നൽകി അനുഗ്രഹിച്ചു. ഈ വിജയചാപം ഒരിക്കൽ വിശ്വകർമ്മാവ് പണിതു ഇന്ദ്രന് നൽകിയതാണ് . ( കർണ്ണന്റെ വിജയചാപം, ശിവൻ പരശുരാമന് കൊടുത്തതാണ്. പരശുരാമനിൽ നിന്നുമാണ് അത് കര്ണ്ണന് ലഭിച്ചത്.)
ഭഗദത്തൻ മുതലായ മ്ളേച്ഛന്മാർ , ചീനന്മാർ , ബർബ്ബരൻമാർ , പർവ്വതവാസികൾ , അമിതൗജാവ്, രുക്മി , ജരാസന്ധൻ, ശിശുപാലൻ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുണ്ട്.
ഇദ്ദേഹം യുധിഷ്ഠിരന്റെ രാജസൂയത്തിൽ സംബന്ധിച്ചിരുന്നു.
ആര്യദേശത്ത് ദ്രോണാചാര്യർ പ്രസിദ്ധനായിരുന്നതുപോലെ, മ്ളേച്ഛദേശത്ത് ദ്രുമാവും പ്രസിദ്ധനായിരുന്നു . ഇദ്ദേഹം ഇന്ദ്രന്റെ സുഹൃത്തും , ശിവനെ പ്രസാദിപ്പിച്ച് ധനുർവേദം, സർവ്വാസ്ത്ര ശാസ്ത്രങ്ങൾ എന്നിവ വരമായി നേടിയ മഹാനുമാണ്.
No comments:
Post a Comment