Monday, January 28, 2019

രാഹു കേതുക്കൾ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാഹു കേതുക്കളുടെ ഉത്ഭവം സിംഹിക എന്ന അസുര നാരിയിൽ നിന്നുമാണ്. ആ കഥ ചുവടെ ചേർക്കുന്നു.
  പാലാഴിമഥന സമയത്ത് ലോകത്തുള്ള സകല ആയുർവേദ മരുന്നുകളേയും ദേവവൈദ്യന്മാരായ അശ്വനീദേവകൾ പാലാഴിയിൽ നിക്ഷേപിച്ചു. അതിശക്തമായി പാലാഴി കടഞ്ഞപ്പോൾ വാസുകിയുടെ ശരീരം വലിയുകയും അദ്ദേഹത്തിന്റെ വായിൽ നിന്നും ഹലോഹലം അഥവാ കാളകൂടം എന്ന വിഷം വമിക്കുകയും ചെയ്തു . ലോകം വിഷാഗ്നിയേറ്റു കരിയാൻ തുടങ്ങിയപ്പോൾ ശിവൻ അതിനെ പാനം ചെയ്തു . തുടർന്ന് ധന്വന്തരി അമൃതകുംഭവുമായി പാലാഴിയിൽ നിന്നും ഉയർന്നു വന്നു . ലോഭികളായ അസുരന്മാർ ധന്വന്തരിയിൽ നിന്നും അമൃതകുംഭവും തട്ടിയെടുത്തു കടന്നുകളഞ്ഞു.

ദിതിയുടെ പുത്രന്മാരായ അസുരന്മാരിൽ (ദൈത്യൻമാർ) പ്രധാനികളായ ഹിരണ്യകശിപുവിനും ഹിരണ്യാക്ഷനും സിംഹിക എന്നൊരു സഹോദരിയും കൂടി ഉണ്ടായിരുന്നു. സിംഹികയെ വിപ്രചിത്തി വിവാഹം കഴിച്ചു.  അവരിൽനിന്ന് ജനിച്ച
സൈംഹികേയൻ എന്ന അസുരസൈന്യാധിപനായിരുന്നു അമൃതകുംഭം അപഹരിച്ചതിൽ പ്രധാനി. സൈംഹികേയന്റെ നേതൃത്വത്തിൽ അസുരന്മാർ പാതാളത്തിൽ ഒത്തുകൂടി. ദേവന്മാർ സകല പ്രതീക്ഷയും അസ്തമിച്ചു ദുഃഖിതരായി. അവർ വിഷ്ണുവിനോട് സങ്കടം ബോധിപ്പിച്ചു. വിഷ്ണു ദേവന്മാരെ സമാധാനിപ്പിക്കുകയും തന്റെ ഏറ്റവും മാദകസ്വഭാവമുള്ള മോഹിനീരൂപം സ്വീകരിക്കുകയും ചെയ്തു. അത്യന്തം കാമോദ്ദീപകവും ഹൃദയഹാരിയുമായ ഒരു സ്ത്രീരത്നമായിരുന്നു മോഹിനീ ദേവി.  അസുരന്മാരെല്ലാം മോഹിനിയോട് പ്രണയാഭ്യർത്ഥന നടത്തി . തുടർന്ന് അമൃത് തങ്ങൾ ഭക്ഷിക്കാൻ പോകുന്നുവെന്നും അത് മോഹിനി തന്നെ വിളമ്പണമെന്നും അവർ ആവശ്യപ്പെട്ടു . മോഹിനി അത് അംഗീകരിച്ചു . അസുരന്മാർ അമൃതകുംഭം മോഹിനിയെ ഏൽപ്പിച്ചു . മോഹിനി ഒരു വ്യവസ്ഥ വച്ചുകൊണ്ടു പറഞ്ഞു . നിങ്ങളെല്ലാം ആദ്യം സംയമനം പാലിക്കുക . കണ്ണുകളെമൂടി ദേവനെ ധ്യാനിക്കുക . നല്ലവണ്ണം ധ്യാനിക്കുന്നവർക്കു ഞാൻ അമൃതം ആദ്യം വിളമ്പും . അവനെ പതിയാക്കുകയും ചെയ്യും . അസുരന്മാർ ധ്യാനനിമഗ്നരായിരുന്ന നേരം നോക്കി മോഹിനീദേവി അമൃതവുമായി കടന്നുകളഞ്ഞു . അമൃതം ദേവന്മാർക്ക് ലഭിച്ചു . എന്നാൽ അസുര സേനാപതിയായ സൈംഹികേയൻ ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു . അവനാണ് അസുരന്മാരുടെ നേതാവ് . സിംഹിക എന്ന അസുരനാരിക്ക് വിപ്രചിത്തി എന്ന അസുരനേതാവിൽ നിന്നുമുണ്ടായ സന്തതിയാണ് സൈംഹികേയൻ . തന്ത്രശാലിയായ അദ്ദേഹം ഇടയ്ക്കിടെ കണ്ണ് തുറന്നു നോക്കുന്നുണ്ടായിരുന്നു . അപ്പോഴാണ് മോഹിനി അമൃതകുംഭവുമായി പോകുന്നത് കണ്ടത് . " കണ്ണു തുറക്കൂ അസുരന്മാരേ . മോഹിനി നമ്മെ ചതിച്ചു ". - സൈംഹികേയൻ വിളിച്ചു പറഞ്ഞിട്ടും അസുരന്മാർ അനങ്ങിയില്ല . സൈംഹികേയൻ മോഹിനിയെ സ്വന്തമാക്കുവാനായി തങ്ങളെ ചതിക്കുകയാണെന്നാണ് അവരെല്ലാം കരുതിയത് . സൈംഹികേയൻ ഉടനെ ഒരു വിദ്യ കണ്ടുപിടിച്ചു . അവൻ ഒരു വൃദ്ധനായ ദേവബ്രാഹ്മണന്റെ രൂപം സ്വീകരിച്ചു ദേവന്മാർക്കിടയിൽ പോയിരിപ്പായി . മോഹിനി ദേവന്മാർക്ക് അമൃത് വിളമ്പുന്ന നേരത്ത് അവനും അതിൽ നിന്നും ഒരു പങ്കു വാങ്ങി ഭക്ഷിച്ചു . ദേവന്മാരുടെ ദ്വാരപാലകരായി നിന്നിരുന്ന സൂര്യ ചന്ദ്രന്മാർക്ക് അസുരന്റെ മായ പിടികിട്ടി . അവർ വിവരം മോഹിനിയെ ധരിപ്പിച്ചു . മോഹിനിയായ വിഷ്ണു സ്വന്തരൂപത്തിൽ പ്രത്യക്ഷനായി സുദർശന ചക്രമെടുത്ത് സൈംഹികേയന്റെ കണ്ഠം ഛേദിച്ചു . അസുരൻ ആസ്വദിച്ച അമൃത് പകുതി ശിരസ്സിലുള്ള കണ്ഠഭാഗത്തും ബാക്കി ഉടലിലുള്ള കണ്ഠഭാഗത്തുമായി താങ്ങി നിന്നു . അസുരശരീരം വിഷ്ണുവിന്റെ സുദർശനമേറ്റ്‌ രണ്ടു കഷണമായെങ്കിലും അമൃതിന്റെ പ്രഭാവത്താൽ അവ സജീവങ്ങളായി ശേഷിച്ചു . ഇവയെ വിഷ്ണു നഭസ്സിൽ ഉറപ്പിച്ചു . അവയാണ് കാലക്രമേണ രാഹുവും കേതുവുമായിത്തീർന്നത് . തലഭാഗമാണ് രാഹു . തലയറ്റ ശരീരഭാഗമാണ് കേതു . തലഭാഗത്ത് കണ്ഠത്തിൽ നിന്നും കാലക്രമേണ സർപ്പരൂപം ഉണ്ടായി വന്നു . കബന്ധത്തിന്റെ ശിരസ്സായി എഴുതലയുള്ള നാഗശിരസ്സുമുണ്ടായി . [ ഭാഗവതം അഷ്ടമസ്കന്ധം , കമ്പരാമായണം , മഹാഭാരതം ആദിപർവ്വം അദ്ധ്യായം 65 ]. ആകാശത്തിൽ പ്രതിഷ്ഠിതമായ രാഹു-കേതുക്കൾക്ക് തങ്ങളെ ഒറ്റിക്കൊടുത്ത സൂര്യ-ചന്ദ്രന്മാരോടുള്ള തീരാപ്പക ഇന്നും നിലനിൽക്കുന്നു . അതിനാൽ തങ്ങളുടെ സഞ്ചാരവേളയിൽ അവസരം കിട്ടുമ്പോഴൊക്കെ അവർ സൂര്യ-ചന്ദ്രന്മാരെ വിഴുങ്ങുന്നു . പുരാണപ്രകാരം അതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും . രാഹുവിനെ ഒരു സർപ്പമായാണ് ജ്യോതിഷികൾ കരുതുന്നത് . അത് രാഹുവിന്റെ സർപ്പരൂപം ഓർത്തിട്ടാകാം . കേതുവിനെ നാഗമായിട്ടാണ് കാണുന്നത് . അതിന്റെ അതിന്റെ ശിരസ്സിലുള്ള നാഗഫണം കാരണമാണ് . നാഗത്തിന് "ആന" എന്നും അർത്ഥമുണ്ട് . കേതുവിന്റെ മൃഗം ആനയാണ് . ദേവത ഗണപതിയും.

കരിമുട്ടം ദേവി ക്ഷേത്രം 

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...