ഏകലവ്യൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ദ്രോണരാൽ ചതിക്കപ്പെട്ട ഏകലവ്യൻ പിന്നീട് സ്വന്തം നിലയിൽ അസ്ത്രാഭ്യാസം ചെയ്തു ഒരു ആയോധന വിദഗ്ദ്ധനായി മാറി. അദ്ദേഹം ഭുവനേശ്വരിയായ കാളിയെ ആരാധിക്കുകയും, കാളി അദ്ദേഹത്തിന് ജ്ഞാനം നൽകുകയും, ശ്രീകൃഷ്ണ പ്രസാദം ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഏകലവ്യൻ പിന്നീട് ജരാസന്ധന്റെ സൈന്യാധിപനായി സേവനമനുഷ്ഠിച്ചു. അങ്ങനെയിരിക്കെയാണ്, ശ്രീകൃഷ്ണൻ രുക്മിണിയെ ഹരിക്കുന്നത്. ശ്രീകൃഷ്ണനെ പിന്തുടർന്നു യുദ്ധം ചെയ്ത ഏകലവ്യൻ, കൃഷ്ണന്റെ അമ്പേറ്റു മരിക്കുന്നു. മരണസമയത്ത് കൃഷ്ണൻ അദ്ദേഹത്തെ ഇങ്ങനെ അനുഗ്രഹിച്ചു. "ശ്രേഷ്ഠമായ പാഞ്ചാലത്തിൽ ഉടനെത്തന്നെ നീ അഗ്നിയിൽ നിന്നും ജനിക്കുന്നതാണ്. ഇതേ ബാഹുവീര്യവും പ്രായവും സുന്ദരമായ ശരീരവും നിനക്കുണ്ടാകും. ആ ജന്മത്തിൽ പാണ്ഡവരുടെയും എന്റെയും ഉറ്റ ബന്ധുവാകുന്ന നീ, നിന്നെ ചതിച്ച ദ്രോണരെ ചതിയാൽ വധിക്കും. യുദ്ധാനന്തരം നിനക്കു സ്വർഗ്ഗവും ലഭിക്കും" ഇതനുസരിച്ചാണ് ധൃഷ്ടദ്യുമ്നന്റെ ജനനം. തന്റെ പൂർവ്വജന്മം ഓർമ്മയുണ്ടായിരുന്ന ധൃഷ്ടദ്യുമ്നൻ, ദ്രോണരോട് തീരാത്ത പകയുള്ളവനായി മാറി.
ദ്രോണർ ഈ വിവരമെല്ലാം അറിഞ്ഞു. പൂർവ്വജന്മത്തിൽ താൻ അവനെ നിഷേധിക്കുകയും, അവന്റെ വിദ്യയെ കവർന്നെടുക്കുകയും ചെയ്ത പാപത്തിന്റെ പരിഹാരമായി ഈ ജന്മത്തിൽ അവനെ ആയുധവിദ്യ അഭ്യസിപ്പിക്കുമെന്നു ദ്രോണർ തീരുമാനിച്ചു. അങ്ങനെ, ദ്രോണർ അവനെ വിളിച്ചു വരുത്തി ശിഷ്യത്വം കൊടുക്കുകയായിരുന്നു.എന്നിരിക്കിലും, പൂർവ്വജന്മ പക ധൃഷ്ടദ്യുമ്നനിൽ കിടന്നിരുന്നു. അതനുസരിച്ചാണ് ദ്രോണരെ ധൃഷ്ടദ്യുമ്നൻ യുദ്ധത്തിൽ വച്ചു വധിക്കുന്നത് .
No comments:
Post a Comment