ആയില്യം നക്ഷത്രം
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ജ്യൗതിഷ പഞ്ചാംഗമനുസരിച്ച് ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ഒമ്പതാമത്തേതാണ് ആയില്യം. (സംസ്‌കൃതത്തിലെ "ആശ്ലേഷ' ശബ്‌ദത്തിന്റെ രൂപാന്തരമാണിത്). ഖഗോളത്തില്‍ മകം നക്ഷത്രത്തിന് അല്‌പം വടക്കുമാറി കാണുന്ന നാലുതാരകങ്ങളടങ്ങിയതാണ് ആയില്യം. ഈ നാലെണ്ണത്തെയുംകൂടി ഒരുമിച്ച് നോക്കുമ്പോള്‍ കാണുന്നരുപം "അമ്മി ചെരിച്ചിട്ടതുപോലെ' ആണെന്ന് കേരളീയ ജ്യൗതീഷികളുടെ ഇടയില്‍ ഒരു ചൊല്ലുണ്ട്.
സര്‍പ്പങ്ങള്‍ക്കു പ്രാധാന്യമുള്ള നാളാണ് ആയില്യം; തന്മൂലം അഹി, നാഗം, ഭുജങ്‌ഗം തുടങ്ങിയ സര്‍പ്പപര്യായപദങ്ങള്‍ ആയില്യം നക്ഷത്രത്തിന്റെ നാമാന്തരങ്ങളായും ഉപയോഗിച്ചുവരുന്നു ("ഭുജങ്‌ഗര്‍ക്ഷജന്‍' തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണം).
ആയില്യം നക്ഷത്രത്തെ പുരാണേതിഹാസങ്ങളിലെ പല പ്രമുഖ സര്‍പ്പകഥാപാത്രങ്ങളുമായും ബന്ധിപ്പിക്കുന്ന ധാരാളം പ്രാചീന പരാമര്‍ശങ്ങളുണ്ട്. ആദിശേഷനായ അനന്തന്റെ ജന്മനക്ഷത്രം ആയില്യമാണെന്ന് പറയപ്പെടുന്നു; അതുകൊണ്ടായിക്കണം, അനന്താംശുസംഭൂതനും ദശരഥപുത്രനുമായ ലക്ഷ്‌മണന്‍ ആയില്യം നാളില്‍ ഉദയത്തില്‍ കര്‍ക്കടകലഗ്നത്തില്‍ ഭൂജാതനായി എന്ന് വാല്‌മീകി രാമായണത്തില്‍ പറഞ്ഞിട്ടുള്ളത് (ബാലകാണ്ഡം xviii15). ആയില്യന്‍ അല്ലെങ്കില്‍ ഉദസര്‍പ്പം എന്ന ജലനാഗത്തിന്റെ തലയിലെ നക്ഷത്രങ്ങള്‍തന്നെയാണ് ആയില്യം എന്നും പരാമര്‍ശം കാണുന്നുണ്ട്.
പാശ്ചാത്യജ്യോതിഷപദ്ധതികളനുസരിച്ചും ഈ നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്.
ആയില്യം നാളിലാണ് സര്‍പ്പപൂജകളും മറ്റെല്ലാവിധത്തിലുള്ള നാഗാരാധനകളും പുരാതനകാലം മുതല്‌ക്കേ കേരളത്തില്‍ നടത്തിപ്പോരുന്നത്. തൊട്ടുമുമ്പിലുള്ള പൂയം നക്ഷത്രത്തിനും ഈ പ്രാധാന്യം പ്രാദേശികമായി നല്‌കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുഖ്യസര്‍പ്പാരാധനാ കേന്ദ്രങ്ങളായ മണ്ണാറശാല, വെട്ടിക്കോട്ട്, പാമ്പുമ്മേക്കാവ് എന്നിവിടങ്ങളിലെയും തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലെയും മാസവിശേഷങ്ങളും വാര്‍ഷികോത്സവങ്ങളും ആയില്യം നാളിലാണ്. നൂറുംപാലും, പാമ്പുതുള്ളല്‍, സര്‍പ്പംപാട്ട്, സര്‍പ്പബലി എന്നിവയാണ് പ്രധാന നാഗാരാധനാരൂപങ്ങള്‍; ഇവ മിക്കതും ആയില്യം നാളില്‍ തന്നെ നടത്തപ്പെടുന്നു.
ആയില്യമൂട്ട്. പ്രാദേശികമായ ചടങ്ങുകളില്‍ അല്‌പാല്‌പം വ്യത്യാസങ്ങളോടെ ആയില്യം നക്ഷത്രത്തില്‍ സര്‍പ്പപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണ് ആയില്യമൂട്ട് അല്ലെങ്കില്‍ ആശ്ലേഷാബലി. "നൂറും പാലും' എന്നു പറഞ്ഞുവരുന്ന സര്‍പ്പപൂജയ്‌ക്കും ആയില്യമൂട്ടിനും തമ്മില്‍ പറയത്തക്ക വ്യത്യാസം കാണുന്നില്ല. നാഗ പ്രതിഷ്‌ഠയുള്ള സ്ഥലങ്ങളിലും അല്ലാതുള്ള ഇടങ്ങളില്‍ കളംവരച്ചും ബലി നടത്തുകയാണ് ഇതിന്റെ പ്രധാന ചടങ്ങ്. മഞ്ഞള്‍, അരിപ്പൊടി, കരി തുടങ്ങി പല വര്‍ണങ്ങളിലുള്ള പൊടികള്‍കൊണ്ട് അഷ്‌ടദളപങ്ങം വരച്ച് മധ്യത്ത് മൂലബിംബമായി വിഷ്‌ണുവിനെയും ഓരോ ദളത്തിലും അനന്തന്‍, ഗുളികന്‍, വാസുകി, ശംഖന്‍, തക്ഷക്, മഹാപദ്‌മന്‍, പദ്‌മന്‍, കാര്‍ക്കോടകന്‍ എന്നീ അഷ്‌ടനാഗങ്ങളെയും ആവാഹിച്ച് പൂജനടത്തി മലര്‍, നിണം (കുരുതി) എന്നിവ തര്‍പ്പിക്കുന്ന ബലിയാണ് ആയില്യമൂട്ട്. പൂജാപുഷ്‌പങ്ങളുടെ കൂട്ടത്തില്‍ കമുകിന്‍പൂ(പൂക്കുല)വിന് പ്രാധാന്യമുണ്ട്. മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കൂട്ടിച്ചേര്‍ത്ത് കലക്കിയ ദ്രവമാണ് "നിണം'. സര്‍പ്പബലി എന്ന വിപുലമായ ഒരു ചടങ്ങിന്റെ സംക്ഷിപ്‌തരൂപമാണ് ആയില്യമൂട്ട്.
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment