Thursday, July 25, 2019

ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കേരള ബ്രാഹ്മണരുടെ രക്ഷാപുരുഷ പദവിയിൽ അവരോധിതനായ നമ്പൂതിരിസ്ഥാനികന്‍ ആണ് ആഴ് വാഞ്ചേരി തമ്പ്രാക്കൾ. മലപ്പുറം ജില്ലയിലെ പൊന്നാനിത്താലൂക്കിൽ തിരുനാവായ്‌ക്കടുത്തുള്ള ആതവനാട്‌ എന്ന ഗ്രാമത്തിലാണ്‌ ആഴ്‌വാഞ്ചേരി മന നിലകൊള്ളുന്നത്‌; അവിടത്തെ മൂത്ത ആളാണ്‌ തമ്പ്രാക്കള്‍. കേരളത്തിലെ നമ്പൂതിരിമാർ പ്രായേണ രാജാധികാരത്തിന്‌ വിധേയരായിരുന്നില്ല; രാജാക്കന്മാർക്ക്‌ നമ്പൂതിരിമാരെ ശിക്ഷിക്കുവാന്‍ അധികാരമില്ലായിരുന്നു. തങ്ങളെ ശിക്ഷിക്കുവാനുള്ള അധികാരം കൂടി ഉണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ മാത്രമാണ്‌ നമ്പൂതിരിമാർ ഭയാദരങ്ങളോടെ കരുതിവന്നിരുന്നത്‌. ആഴ്‌വാഞ്ചേരി മനയ്‌ക്കലെ കാരണവർക്ക്‌ തമ്പ്രാക്കള്‍സ്ഥാനം പരശുരാമന്‍ നല്‌കിയതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ട പാക്കനാരാണ്‌ തമ്പ്രാക്കള്‍ സ്ഥാനം നല്‌കിയതെന്ന ഐതിഹ്യവും നിലവിലുണ്ട്‌. "അറുപത്തിനാല്‌ ഗ്രാമത്തിനും കല്‌പിച്ച നിലയ്‌ക്കും നിഷ്‌ഠയ്‌ക്കും തങ്ങളിൽ വിവാദമുണ്ടായാൽ വിവാദം തീർത്തു നടത്തുവാന്‍ ആലത്തൂർഗ്രാമത്തിങ്കൽ ആഴാഞ്ചേരി സാമ്രാജ്യം കഴിപ്പിച്ചു. സമ്രാക്കളെന്ന്‌ പേരുമിട്ടു. ബ്രാഹ്മണർക്ക്‌ വിധികർത്താവെന്നും കല്‌പിച്ചു, എന്ന്‌ ആറ്റൂർ കൃഷ്‌ണപ്പിഷാരടി പ്രസാധനം (1925) ചെയ്‌ത കേരളചരിതം എന്ന പ്രാചീന കൃതിയിൽ കാണുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ തിരുവിതാം രാജവംശത്തിന്റെ ആചാര്യസ്ഥാനീയനാണ്‌. തമ്പ്രാക്കള്‍ ഒരിക്കൽ തിരുവിതാംകൂർ രാജാവിന്റെ ഹിരണ്യഗർഭം കഴിഞ്ഞ്‌ ദാനംകിട്ടിയ സ്വർണപ്പശുവിനെ ഭൃത്യന്മാരെക്കൊണ്ട്‌ ചുമപ്പിച്ച്‌ മനയ്‌ക്കലേക്ക്‌ മടങ്ങുമ്പോള്‍ വഴിക്കുവച്ച്‌ പാക്കനാർ കണ്ടു. "ചത്തപശുവിന്റെ അവകാശികള്‍ പറയരാണ്‌. ഇത്‌ അടിയന്‌ കിട്ടേണ്ടതാണ്‌', എന്ന്‌ പാക്കനാർ പറഞ്ഞപ്പോള്‍, "പശു ജീവനുള്ളതു തന്നെയാണ്‌, പരീക്ഷിച്ചുനോക്കൂ' എന്ന്‌ തമ്പ്രാക്കള്‍ പറഞ്ഞുവത്ര. ഉടനെ പാക്കനാർ ഒരുപിടി പുല്ല്‌ പറിച്ചെടുത്ത്‌ പശുവിനു കൊടുത്തു. പശു പുല്ലുതിന്നുകയും തത്‌ക്ഷണം ചാണകം ഇടുകയും ചെയ്‌തു. ആ അദ്‌ഭുതം കണ്ട പാക്കനാർ പറഞ്ഞുവത്ര: "എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്‌ തമ്പ്രാക്കള്‍'. അന്നുമുതൽക്ക്‌ തമ്പ്രാക്കള്‍സ്ഥാനം ആഴ്‌വാഞ്ചേരി മനയിലെ നമ്പൂതിരിപ്പാടിന്‌ വന്നുചേർന്നു എന്ന്‌ മറ്റൊരു ഐതിഹ്യം പറയുന്നു.
കേരളത്തിലെ ശ്രഷ്‌ഠന്മാരായ അഷ്‌ടഗൃഹത്തിൽ ആഢ്യന്മാരുടെ കൂട്ടത്തിൽ മുഖ്യനാണ്‌ ആഴ്‌വാഞ്ചേരി തമ്പ്രക്കാള്‍. അഷ്‌ടഗൃഹത്തിൽ ആഢ്യന്മാരായ നമ്പൂതിരിമാർക്കെല്ലാം കേരളത്തിലെ ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനമുണ്ട്‌. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ മാത്രം തന്ത്രിസ്ഥാനം സ്വീകരിച്ചിട്ടില്ല. പാരമ്പര്യമായി തമ്പ്രാക്കള്‍ക്കു ലഭിച്ചിട്ടുള്ള നാലു പ്രവൃത്തികള്‍ ഭദ്രാസനം, സർവമാന്യം, ബ്രഹ്മസാമ്രാജ്യം, ബ്രാഹ്മവർച്ചസ്‌ എന്നിവയാണ്‌. ഈ സ്ഥാനങ്ങള്‍ തമ്പ്രാക്കള്‍ നിലനിർത്തിപ്പോരുന്നു. അമ്പലപ്പുഴ രാജ്യം ഭരിച്ചിരുന്ന നമ്പൂതിരിരാജാക്കന്മാർക്ക്‌ "ദേവനാരായണന്‍' എന്ന മാറാപ്പേരുണ്ടാ യിരുന്നതുപോലെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്ക്‌ "നേത്രനാരായണന്‍' എന്ന മാറാപ്പേര്‌ ലഭിച്ചിട്ടുണ്ട്‌.
തലമുറകളായി ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ജ്യോതിഷം, തന്ത്രം, സാഹിത്യം എന്നിവയ്‌ക്ക്‌ രക്ഷാകർത്തൃത്വം വഹിച്ചിട്ടുണ്ട്‌. നേത്രനാരായണന്റെ നിർദേശമനുസരിച്ചാണ്‌ ആര്യഭടീയഭാഷ്യം രചിച്ചതെന്ന്‌ കേളല്ലൂർ നീലകണ്‌ഠ സോമയാജി പറയുന്നുണ്ട്‌. തന്ത്രസംഗ്രഹത്തിന്‌ തൃക്കുടവേലി ശങ്കരവാരിയർ രചിച്ച ലഘുവിവൃതി (1556) എന്ന വ്യാഖ്യാനത്തിൽ "ആഴാഞ്ചേരിക്കു വേണ്ടീട്ടു ചമച്ചു' എന്നും ക്രിയാക്രമം വിവരിക്കുന്ന വേണ്വാരോഹത്തിന്‌ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി രചിച്ച ഭാഷാവ്യാഖ്യാനത്തിൽ "മാധവന്‍ ചമച്ചുള്ള വേണ്വാരോഹത്തിനച്യുതന്‍ ഭാഷാവ്യാഖ്യാന മുണ്ടാക്കി നേത്രനാരായണാജ്ഞയാ' എന്നും രേഖപ്പെടുത്തി യിരിക്കുന്നു. ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിലും "നേത്രനാരായണന്‍ തന്നാജ്ഞയാവിരചിതം' എന്നു കാണുന്നു.
കേരളത്തിൽ മിഷനറിപ്രവർത്തനം നടത്തിയിരുന്ന ആസ്റ്റ്രിയക്കാരനായ പൌലിനോസ്‌ പാതിരി (1748-1806) പ്രകാശിപ്പിച്ച ഒരു ലത്തീന്‍കൃതിയിൽ (Systema Brahmanicum 1791) ഒറ്റമുണ്ടുമാത്രം ഉടുത്ത്‌ ഓലക്കുട പിടിച്ചുനില്‌ക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ചിത്രം കേരള ബ്രാഹ്മണരുടെ പ്രതീകമായി ചേർത്തിട്ടുണ്ട്‌.


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...