Thursday, July 25, 2019

ഇന്ദ്രജിത്ത് 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാമായണകഥാപാത്രങ്ങളായ രാവണന്റെയും മണ്ഡോദരിയുടെയും സീമന്തപുത്രനാണ് ഇന്ദ്രജിത്ത്. മാതാപിതാക്കന്മാര്‍ നല്‌കിയ പേര്‌ മേഘനാദന്‍ എന്നായിരുന്നുവെങ്കിലും, ദേവലോകത്തു പോയി യുദ്ധത്തില്‍ ഇന്ദ്രനെ പരാജയപ്പെടുത്തി ലങ്കയില്‍കൊണ്ടുവന്ന്‌ ബന്ധിച്ചിട്ടിരുന്നതിനാല്‍ ഇന്ദ്രജിത്ത്‌ എന്ന പേരില്‍ ഇദ്ദേഹം പ്രസിദ്ധനായി. ഇന്ദ്രമോചനത്തിന്‌ അഭ്യര്‍ഥിച്ചുവന്ന ബ്രഹ്മാവ്‌ തന്നെയാണ്‌ മേഘനാദനെ ആദ്യമായി "ഇന്ദ്രജിത്ത്‌' എന്നുവിളിച്ച്‌ ബഹുമാനിച്ചത്‌.
മണ്ഡോദരിയുടെ ഗര്‍ഭപാത്രത്തില്‍ ഒരു പൂര്‍വജന്മത്തില്‍ നിക്ഷിപ്‌തമായ ശിവ ബീജമാണ്‌ രാവണനുമായുള്ള വിവാഹത്തിനു ശേഷം മേഘനാദ ശിശുവായി പൂര്‍ണവികാസം പ്രാപിച്ച്‌ പുറത്തുവന്നതെന്ന ഒരു അധ്യാരോപിത കഥ ഉത്തര രാമായണത്തില്‍ കാണാനുണ്ടെങ്കിലും അതിന്‌ പ്രചാരമോ അംഗീകാരമോ ലഭിച്ചിട്ടില്ല. ബാഹുബലപരാക്രമിയായ ഇന്ദ്രജിത്ത്‌ ശുക്രമഹര്‍ഷിയുടെ പൗരോഹിത്യത്തില്‍ അഗ്നിഷ്‌ടോമം, അശ്വമേധം, ബഹുസ്വര്‍ണം, വൈഷ്‌ണവം, മാഹേശ്വരം, രാജസൂയം, ഗോസമം എന്നീ യാഗങ്ങള്‍ നടത്തിയെന്നും ശിവപ്രസാദംമൂലം അന്യര്‍ക്ക്‌ അദൃശ്യനായി എതിരാളിയോടു പടപൊരുതാനുള്ള "സമാധി' എന്ന വരബലം നേടിയെന്നും ചില ഇതിഹാസപരാമര്‍ശങ്ങളുണ്ട്‌. ഈ വരശക്തിമൂലമാണ്‌ ഇന്ദ്രജിത്തിന്‌ ദേവലോകത്തില്‍ചെന്ന്‌ ഇന്ദ്രനെയും ലങ്കാമര്‍ദനവേളയില്‍ ഹനുമാനെയും ബന്ധിക്കാനുള്ള കരുത്തുണ്ടായത്‌. രാമരാവണയുദ്ധവേളയില്‍ തന്റെ അമാനുഷശക്തികൊണ്ട്‌ ഒരു മായാസീതയെ സൃഷ്‌ടിച്ച്‌ നിഗ്രഹിക്കാനും അതുകണ്ടുനിന്ന രാമലക്ഷ്‌മണാദികളെ മോഹിപ്പിക്കാനും ഇന്ദ്രജിത്തിനു സാധിച്ചു. അവധ്യതയും അങ്ങനെ അമര്‍ത്യതയും ലഭിക്കാന്‍വേണ്ടി ഇന്ദ്രജിത്ത്‌ നികുംഭിലയില്‍ ആരംഭിച്ച ഹോമം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിനുമുമ്പ്‌ എതിരാളികളെ നേരിടേണ്ടിവന്നതുകൊണ്ടാണ്‌ ലക്ഷ്‌മണന്റെ കൈയാല്‍ മരണം സംഭവിക്കാനിടയായത്‌. ഇന്ദ്രജിത്തിന്റെ പത്‌നിയുടെ പേര്‌ സുലോചന എന്നാണ്‌.
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം 

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...