ഉദ്ധവർ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.യദുവംശജനായ സത്യകന്റെ പുത്രനും കൃഷ്‌ണന്റെ പ്രിയ സഖാക്കളിൽ ഒരാളുമാണ് ഉദ്ധവർ. ബാല്യകാലത്ത് ഇദ്ദേഹം ശ്രീകൃഷ്‌ണന്റെ വസ്‌ത്രങ്ങള്‍ അണിയുമായിരുന്നു. ആകൃതിയിലും ഏതാണ്ട് കൃഷ്‌ണനോട് തുല്യനായിരുന്നു. ഗോകുലം വിട്ട് മഥുരയിലെത്തിയ ശേഷം നന്ദനെയും യശോദയെയും വ്രജാംഗനമാരെയും ആശ്വസിപ്പിക്കാന്‍ കൃഷ്‌ണന്‍ പറഞ്ഞയച്ചത് ബൃഹസ്‌പതിയിൽ നിന്നു നീതിശാസ്‌ത്രം അഭ്യസിച്ച ഉദ്ധവരെയാണ്. ഇദ്ദേഹം ഗോകുലത്തിലെത്തിച്ചേരുകയും മാസങ്ങളോളം അവിടെ താമസിച്ച് കൃഷ്‌ണവിയോഗാർത്തരായ അവിടത്തെ ആളുകള്‍ക്കു സാന്ത്വനം പകരാന്‍ പരിശ്രമിക്കുകയും ചെയ്‌തു. സാല്വന്‍ ആക്രമിച്ചപ്പോള്‍ ദ്വാരകയെ സംരക്ഷിച്ചത് ഇദ്ദേഹമാണ്. യദുവംശം നശിക്കാന്‍ പോകുന്നതായി ശ്രീകൃഷ്‌ണന്‍ ഉദ്ധവരെ അറിയിക്കുകയും അദ്ദേഹത്തിന് ബ്രഹ്മവിദ്യ ഉപദേശിച്ചിട്ട് ബദരികാശ്രമത്തിൽപ്പോയി തപസ്സുചെയ്യാന്‍ നിർദേശിക്കുകയും ചെയ്‌തു. "ഞാന്‍ ഈ ലോകം വെടിഞ്ഞുകഴിഞ്ഞാൽ എന്റെ ജ്ഞാനം സംരക്ഷിക്കുന്നത് ഉദ്ധവർ തന്നെയായിരിക്കും; എന്തുകൊണ്ടെന്നാൽ ഗുണഗണങ്ങളുടെ കാര്യത്തിൽ അദ്ദേഹം എന്നെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല' എന്ന് കൃഷ്‌ണന്‍ പറഞ്ഞതായി ഭാഗവതത്തിലുണ്ട്.
🙏🙏🙏🙏🙏🙏🙏
കരിമുട്ടം ദേവി ക്ഷേത്രം
No comments:
Post a Comment