സോപാന സംഗീതം
നമ്മുടെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി മൂന്ന്, അഞ്ച്, ഒമ്പത്, പത്ത് എന്നീ ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര മതിൽ കെട്ടിനകത്തെ വേദിയിൽ സോപാന സംഗീത സദസ് ഉണ്ടല്ലോ. അതു കൊണ്ടു തന്നെ കുറച്ചു കാര്യങ്ങൾ കൊട്ടിപ്പാടി സേവ അഥവാ സോപാന സംഗീത മെന്നതിനെ കുറിച്ച് ചേർക്കുകയാണ്.
വാദ്യം വായിച്ചും സ്തോത്ര കീര്‍ത്തനങ്ങള്‍ പാടിയും ദേവീദേവന്മാരെ സേവിക്കുന്ന സമ്പ്രദായമാണ് കൊട്ടിപ്പാടി സേവ. ഇതിന് ഇടയ്ക്ക എന്ന വാദ്യമാണ് വായിക്കാറുള്ളത്. അതതു ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാമൂര്‍ത്തികളായ ദുര്‍ഗ, ഭദ്രകാളി, ശിവന്‍, വിഷ്ണു, ശാസ്താവ് മുതലായ ദേവീദേവന്മാരെക്കുറിച്ച് ഭക്തകവികള്‍ നിര്‍മിച്ചിട്ടുള്ള സ്തുതികളും കീര്‍ത്തനങ്ങളുമാണ് പാടുന്നത്. ഇടയ്ക്ക കൊട്ടിപ്പാടിസ്സേവ എന്നു തന്നെ ചില ദിക്കില്‍ പറയാറുണ്ട്.
ചെണ്ട, ഇടയ്ക്ക, ചേങ്ങില, പാണി, ശംഖ് ഇവയാണ് ക്ഷേത്രങ്ങളിലെ പ്രധാന വാദ്യങ്ങള്‍. പൂജക്കൊട്ടിന് ചെണ്ടയോ ഇടയ്ക്കയോ വേണം. ചേങ്ങില താളത്തിനുള്ളതാണ്. പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും ദീപാരാധനയുടെ അവസാനത്തിലും ഇടയ്ക്ക കൊട്ടി പ്രദക്ഷിണത്തിലും അതുപോലുള്ള ചില അപൂര്‍വ സന്ദര്‍ഭങ്ങളിലും ശംഖു വിളിക്കുന്നു. ശ്രീഭൂതബലിക്ക് പാണികൊട്ടുക പ്രധാനമാണ്.
മാരാന്മാരുടെ മുഖ്യവാദ്യം ചെണ്ടയാണെങ്കിലും പൂജക്കൊട്ടില്‍ ഇടയ്ക്കയ്ക്കു പ്രാധാന്യം കൂടും. ഗുരുവായൂര്‍ മുതലായ ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് ഇടയ്ക്ക കൊട്ടിപ്പാടിസ്സേവ കഴിഞ്ഞിട്ടേ മേളം പതിവുള്ളൂ.
കൊട്ടുന്ന ആള്‍തന്നെ പാടുന്നു എന്നുള്ളത് കൊട്ടിപ്പാടിസ്സേവയുടെ പ്രത്യേകതയാണ്. ഒരാള്‍ കൊട്ടുകയും മറ്റൊരാള്‍ ചേങ്ങിലയില്‍ താളം പിടിച്ചു പാടുകയും ചെയ്യുന്ന പതിവും ഉണ്ട്.
താളങ്ങളുടെയും രാഗങ്ങളുടെയും കാര്യത്തില്‍ ചില സമയവ്യവസ്ഥകളും മറ്റുമുണ്ട്. അതിപ്രസിദ്ധങ്ങളായ ചില താളങ്ങളും രാഗങ്ങളും മാത്രമേ കൊട്ടിപ്പാടിസ്സേവയ്ക്ക് ഉപയോഗിക്കാറുള്ളൂ. 'നളത്ത്' എന്ന പഴയൊരു രാഗം കൊട്ടിപ്പാടിസ്സേവയില്‍ നിലനിന്നുകാണുന്നുണ്ട്.
ആദ്യം കൂറു കൊട്ടി ഗണപതിയെയും സരസ്വതിയെയും കുറിച്ചുള്ള മംഗളഗാനങ്ങള്‍ പാടിയതിനു ശേഷം അതതു ക്ഷേത്രത്തിലെ ദേവീദേവന്മാരെക്കുറിച്ചുള്ള സ്തുതികള്‍ പാടുന്നു. അഷ്ടപദി ഗീതങ്ങള്‍ക്ക് കൊട്ടിപ്പാടിസ്സേവയില്‍ വലിയ സ്ഥാനമുണ്ട്. ക്ഷേത്രസോപാനങ്ങളില്‍ നിന്നു പാടുന്നതുകൊണ്ട് ഈ ഗാനരീതിക്ക് സോപാനരീതി എന്നൊരു പേരും ലഭിച്ചിട്ടുണ്ട്.
പണ്ട് ഉദ്ദണ്ഡ ശാസ്ത്രികള്‍ മുക്കോല ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനു ചെന്നപ്പോള്‍ അവിടെ സോപാനത്തില്‍ ഒരു മാരാര്‍ ഇടയ്ക്ക കൊട്ടുന്നുണ്ടായിരുന്നുവെന്നും ആ കൊട്ടിന്റെ താളരാഗങ്ങള്‍ക്കൊപ്പിച്ച്
"സംഭരിതഭൂരികൃപമംബ ശുഭമംഗം ശുംഭതു
ചിരന്തനമിദംതവ മദന്തം
എന്നൊരു ശ്ലോകാര്‍ധമുണ്ടാക്കി ചൊല്ലിയെന്നും അതിനെത്തുടര്‍ന്നു മാരാര്‍
"ജംഭരിപു കുംഭിവര കുംഭരുചി ഡംഭസ്തംഭികുച
കുംഭപരിരംഭപരശംഭു
എന്ന് ഉത്തരാര്‍ധം പൂരിപ്പിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. ആ പദ്യം തികച്ചും ഇടയ്ക്കാവാദ്യത്തിന്റെ അനുകരണമാണ്. കൊട്ടിപ്പാടിസ്സേവ ഘണ്ടാവാദനമെന്നപോലെ പൂജയുടെ മഹത്ത്വം വര്‍ധിപ്പിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏
കരിമുട്ടം ദേവി ക്ഷേത്രം
No comments:
Post a Comment