Friday, August 2, 2019

കൊടുങ്ങല്ലൂർ ക്ഷേത്രം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കേരളത്തില്‍ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇതെന്ന് പറയുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില്‍ 'കോടി' ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകള്‍ ഇതിനു വേണ്ടി പ്രയോഗിച്ചശേഷമാണ് കുടിയിരുത്താന്‍ കഴിഞ്ഞതെന്നും പറയുന്നു. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.

പുരാണ കഥാഖ്യാനപ്രകാരം, ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ വേണ്ടി ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ഠാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
ഇന്നത്തെ ദേവിക്ഷേത്രത്തില്‍നിന്നും ഏകദേശം 300 മീറ്റര്‍ തെക്ക് മാറി ദേശീയപാത 17-ന് ചേര്‍ന്ന് റോഡിന്‍ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബമ്മ ക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരന്‍ ചെങ്കുട്ടവന്‍ പത്തിനിക്കടവുള്‍ പ്രതിഷ്ഠ നടത്തിയത്. എന്നാല്‍ പരശുരാമന്‍ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരു ചക്രത്തില്‍ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തില്‍ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ 'തൃച്ചന്ദന ചാര്‍ത്ത്' എന്നും അറിയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധത്തില്‍ ദേവിക്കുണ്ടായ മുറിവുകള്‍ക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാര്‍ത്തല്‍ പൂജയെ സങ്കല്പിക്കുന്നത്. തുടര്‍ന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും പൂര്‍ണ ആരോഗ്യത്തിനുവേണ്ട ചികിത്സാക്രമങ്ങളായിട്ടാണ് സങ്കല്പം.

ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന്‍ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന്‍ കുലശേഖരരാജാവ് രാമവര്‍മകുലശേഖരന്‍ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു.

 *നിര്‍മാണശൈലി*
 ക്ഷേത്രസമുച്ചയത്തിന്റെ മൊത്തം വിസ്തീര്‍ണം 10 ഏക്കര്‍ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവില്‍. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിനു മുന്നില്‍ നിരവധി അരയാലും പേരാലും ഉണ്ട്. ക്ഷേത്ര നിര്‍മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നല്‍കിയിട്ടുള്ളതായി കാണുന്നു. ശിവന്റെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിന്റെ നിര്‍മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തല്‍, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കള്‍ എല്ലാം തന്നെ ശിവക്ഷേത്രത്തിന്‍റെ ശില്പശാസ്ത്രവിധി പ്രകാരമാണ്. ശിവന്‍റെ ശ്രീകോവിലിനു നേര്‍ക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ഡപത്തിന്റെയും ബലിക്കല്‍പ്പുരയുടെയും തട്ട് നവഗ്രഹങ്ങള്‍ കൊത്തിയ ഒറ്റപ്പലകയില്‍ തീര്‍ത്തതും, മണ്ണുത്തരം, ചിറ്റുത്തരം മുതലായവയില്‍ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതുപോലെ കരിങ്കല്‍ത്തൂണുകളില്‍ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയില്‍ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ഈ അറയ്ക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള ഈ കവാടത്തിനുമുന്നില്‍ എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നു പറയുന്നു. ചേരന്‍ ചെങ്കുട്ടുവന്‍ മൂലപ്രതിഷ്ഠയായ കണ്ണകി പ്രതിഷ്ഠ നിര്‍വഹിച്ച ശ്രീമൂലസ്ഥാനം രഹസ്യ അറയാക്കിയിരിക്കുകയാണ്. അതിന്റെ മുഖം ശ്രീകോവിലിലേക്കാണ്. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങള്‍ കരിങ്കല്ലുകൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന്‍ ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാന്‍ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.
ക്ഷേത്രത്തിലെ ശിവന്റെ നടയ്ക്കുള്ള മണ്ഡപത്തിന്റെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിനു ശേഷം പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകള്‍ ഭക്തജനങ്ങള്‍ പള്ളിമാടത്തിനു മുന്നിലാണ് അര്‍പ്പിക്കാറ്.

 *പ്രതിഷ്ഠകള്‍*

 ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ളാവില്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൗദ്രഭാവത്തില്‍ ദാരികവധത്തിനുശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപത്തില്‍ സങ്കല്പിക്കുന്നു. വിഗ്രഹത്തില്‍ എട്ട് കൈകള്‍ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയില്‍ കിരീടമുണ്ട്.

 *രഹസ്യ അറ*
ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് ദര്‍ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്‍ണഗോളകകൊണ്ട് പൊതിഞ്ഞതുമായ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കോട്ട് ദര്‍ശനമായി മറ്റൊരു അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പരമാധികാരി വലിയ തമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദര്‍ശനത്തിന്‍ വരുന്ന അവസരത്തിലോ കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഒരു സന്തതിയെ ഒന്നാം പിറന്നാളിന് ദേവിക്ക് മുന്നില്‍ (പടിഞ്ഞാറേ നടയ്ക്കല്‍) അടിമ കിടത്താന്‍ കൊണ്ട് വരുകയോ ചെയ്യുന്ന അവസരത്തിലോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളൂ. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കല്‍ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാല്‍ പടിഞ്ഞാറെ നടയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തില്‍ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകുമാത്രം തുറന്നുകൊടുക്കും. തമ്പുരാന്‍ നമസ്കരിച്ച് എഴുന്നേല്‍ക്കും മുമ്പ് നട അടച്ചു കഴിയും.

 *ശിവന്‍*
ശിവന്റെ ദര്‍ശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകള്‍ വെട്ടുകല്ലുകൊണ്ടും തീര്‍ത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

 *ക്ഷേത്രപാലകന്‍*
വടക്കേനടയില്‍ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലന്‍ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇതാണ് കേരളത്തില്‍ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലക ക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍നിന്നു വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്. പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ് (ശര്‍ക്കരപായസത്തില്‍ തൈര് ചേര്‍ത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലില്‍ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.
ദേവി ക്ഷേത്രത്തി ലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയ്ക്കലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിന്‍ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളില്‍ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാര്‍ത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.

 *തവിടാട്ട് മുത്തി*
ചാമുണ്ഡി രൂപത്തിലുള്ള മൂര്‍ത്തിയാണിത്. മേല്‍ക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടയ്ക്കല്‍ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേര്‍ന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുഭവപ്പെടുന്ന ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃക്കൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങള്‍ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പദ്മശാലീയര്‍ക്കാണ്.

 *വസൂരിമാല*
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. വടക്കോട്ടാണ് ദര്‍ശനം. ഇതിന് മേല്‍ക്കൂരയില്ല. വിഗ്രഹത്തിന് നാല് അടിയോളം ഉയരമുണ്ട്. മഞ്ഞള്‍പ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തില്‍ പ്രത്യേക പീഠത്തില്‍ വസൂരിമാല സങ്കല്പത്തില്‍ നിത്യപൂജയും നിവേദ്യങ്ങളും നടത്തി വരുകയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പദ്മദളം വരച്ച് കുരുമുളക്, മഞ്ഞള്‍ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം വസൂരിമാല. പദ്മദളം സ്ത്രീലിംഗത്തിന്റെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങള്‍ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് 'ഗുരുതി' നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാര്‍ത്തുക.

 *സപ്തമാതൃക്കള്‍*
 ശിവന്റെ ശ്രീകോവിലിന്റെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടര്‍ച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തില്‍ വടക്കോട്ട് ദര്‍ശനമായി മൂന്ന് നടകളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂര്‍ത്തിയായ ഭഗവതിയെയും കൂട്ടിയാല്‍ അഷ്ടമാതൃക്കളാകും.
സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൗമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവീവിഗ്രഹം നിര്‍മിച്ച അതേ വരിക്കപ്ളാവിന്റെ കമ്പുകള്‍ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിര്‍മിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കല്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...