ഗവി ജാതൻ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.
പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോൾ ഒരു ദിവസം നായാട്ടിനായി കാട്ടിലേക്ക് പുറപ്പെട്ടു. നായാട്ടിനുശേഷം തളർന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തിൽ ചെന്നു. അപ്പോൾ ധ്യാനനിരതനായിരിക്കുന്ന ശമീകൻ എന്ന മുനി, രാജാവ് എഴുന്നെള്ളിയത് ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോൾ അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു. ആ ചത്ത പാമ്പിനെ തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില് മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇത്രയും ചെയ്തു കഴിഞ്ഞപ്പോൾ രാജാവിന് പശ്ചാത്താപമുണ്ടായി; അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലേക്കു മടങ്ങി പോവുകയും ചെയ്തു. അല്പസമയം കഴിഞ്ഞു കുശൻ എന്ന് പേരായ ഒരു മുനികുമാരൻ ആശ്രമത്തിൽ എത്തിയപ്പോൾ ഇത് കാണുകയും, മുനിയുടെ മകനായ ഗവി ജാതൻ (ശൃംഗി) യോട് ഈ വിവരം പരിഹാസരൂപത്തിൽ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി “ഇന്നേക്ക് ഏഴാം നാൾ തക്ഷകൻ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ” എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസർപ്പത്തെ കഴുത്തിൽ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണർന്നു നോക്കിയപ്പോൾ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകൻ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവൻ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ ഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു.ഗൌരമുഖൻ രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണർത്തിച്ചു. രാജാവാകട്ടെ , “മുന്നമേ മരിച്ചിരിപ്പോരു ഞാൽ ജഗന്നാഥൻ താൻ അനുഗ്രഹത്താൽ ജീവിച്ചേനിത്രനാളും ” എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങൾ നല്കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രത്തിൽ നിന്നും മുന്നമേ മരിക്കാതെ രക്ഷപ്പെട്ടത്)
No comments:
Post a Comment